അത്തം മുതൽ പത്ത് ദിവസം കേരളത്തിലെ വീട്ട് മുറ്റങ്ങളില്‍ പൂക്കളങ്ങളിൽ നിറഞ്ഞ് നിന്നത് ദശപുഷ്പങ്ങളായിരുന്നു. ഇന്ന് കാണാമറയത്തുള്ള ആ പൂക്കളെ കുറിച്ച് ഫൈസൽ അലിമുത്ത് എഴുതുന്നു.
വസന്തം വരവറിയിക്കുന്നത് വേലിപ്പൂക്കളിലാണ്. ശ്രദ്ധിച്ച് നോക്കിയാലറിയാം. ഇപ്പോൾ, നാട്ടുവഴികളിലെ ഓരോ പച്ചിലപ്പടർപ്പിലും പുൽനാമ്പിൻ തലപ്പിലും ഒരു കുഞ്ഞുപൂവെങ്കിലും വിടർന്ന് നിൽക്കുന്നുണ്ടാവും. പല വർണ്ണങ്ങളിലുള്ള പേരറിയാ പൂക്കൾ. ചിങ്ങ വെയിലിനെ തൊട്ടുനിൽക്കുന്ന ഈ ചെറു പൂക്കളായിരുന്നു ഒരു കാലത്ത് ഓണത്തിന്‍റെ ചന്തം. പ്രകൃതിയുടെ പൂക്കൂടയിൽ നിന്ന് പൂവിളിയുടെ പൊലിമയുമായി കുട്ടികൾ പറിച്ചെടുത്തിരുന്ന ഈ പൂക്കൾ അത്തം മുതൽ കളം നിറഞ്ഞു. സമൃദ്ധമായ ഒരു ഓണക്കാലത്തിന്‍റെ ഓർമ്മകളിൽ നിന്ന് ഈ നാട്ടുപൂക്കളെ ഒഴിച്ചു നിർത്തുകയെളുപ്പമല്ല. പുതിയ തലമുറയ്ക്ക് ഇവ പേരറിയാ പൂക്കളാണെങ്കിലും ഇവയോരോന്നിന്‍റെയും പേരുകൾ നാട്ടിൻ പുറത്തെ പഴയ തലമുറയുടെ ഓർമകളിൽ ഇപ്പോഴും വിടർന്ന് നിൽക്കുന്നുണ്ട്.
ഇന്ന്, എല്ലാ പൂക്കളങ്ങൾക്കും ഒരേ നിറമാണ്. ചെണ്ടുമല്ലിയുടെയും ജമന്തിയുടെയും നിറങ്ങൾ. കർണ്ണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഓണ വിപണിയിലെത്തുന്ന പൂക്കളാണ് ഇന്ന് അത്തം മുതൽ പത്ത് ദിവസവും മുറ്റങ്ങളെ അലങ്കരിക്കുന്നത്. നാട്ടുവേലികളിൽ നിന്നും പൊന്തപടർപ്പുകളിൽ നിന്നും പറിക്കുന്ന വ്യത്യസ്തങ്ങളായ പൂക്കൾ കൊണ്ട് ഭംഗിയുള്ള ഒരു പൂക്കളം നിർമ്മിക്കുക എന്നതൊരു സർഗ്ഗ വൈഭവം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന ചൊല്ല് അന്വർത്ഥമാക്കും വിധം ഓരോ പൂക്കളങ്ങളും നിറ വൈവിധ്യങ്ങളാൽ സമൃദ്ധവുമായിരുന്നു.

(അരിപ്പൂവും തുമ്പയും)
ദശപുഷ്പങ്ങൾ ഉപയോഗിച്ച് പൂക്കളമിടുന്നതായിരുന്നു പഴയ നാട്ടുനടപ്പ്. കറുക, മുക്കുറ്റി, തിരുതാളി, നിലപ്പന, കയ്യോന്നി, ചെറുള, വിഷ്ണുക്രാന്തി, പൂവാംകുറുന്തൽ, മുയൽച്ചെവിയൻ, ഉഴിഞ്ഞ എന്നിവയാണ് ആ പത്ത് പൂക്കൾ. കർക്കിടക കാർമേഘം മാറി ചിങ്ങം ചിരിച്ചു തുടങ്ങുമ്പോൾ തന്നെ ഇവയും നാട്ടുവഴികളിൽ നിന്ന് തലയാട്ടി തുടങ്ങിയിട്ടുണ്ടാവും. ഓണപ്പൂക്കളത്തിൽ നിന്ന് മാത്രമല്ല ഒരു നാടിന്‍റെ വൈദ്യത്തിൽ നിന്നും ഇവയെ പറിച്ച് മാറ്റാൻ കഴിഞ്ഞിരുന്നില്ല. അത്രയ്ക്കും ഔഷധ ഗുണങ്ങളുള്ളവ കൂടിയായിരുന്നു ഈ നാട്ടുചെടികൾ
തുമ്പയും തുളസിയും ചെമ്പരത്തിയും ഒന്നും ഈ ലിസ്റ്റിൽ പെടുന്നില്ലെങ്കിലും. ഇവയില്ലാത്ത ഒരാഘോഷവും ഉണ്ടായിരുന്നില്ല. ചെത്തി, മന്ദാരം, ശംഖുപുഷ്പം, കാക്കപ്പൂ, കമ്മൽപ്പൂ കോളാമ്പിപ്പൂ, അരിപ്പൂ, കണ്ണാന്തളി, തൊട്ടാവാടി, വട്ടപരുത്തി, നന്ത്യാർവട്ടം തുടങ്ങി പിന്നെയും അനേകം നാട്ടുപൂക്കൾ വേറെയുമുണ്ട്. ഇവയെ ഓണപ്പൂക്കളങ്ങൾ കൈയൊഴിഞ്ഞെങ്കിലും ഓണക്കാലത്ത് നാട്ടിൻ പുറങ്ങളിലെ പച്ചപ്പടർപ്പുകളിൽ അപൂർവ്വമായെങ്കിലും ഇവ ഇപ്പോഴും പൂവിടുന്നു. കേരളത്തിലെ നാട്ടുമ്പുറങ്ങളിലെ ജൈവ സ്വഭാവങ്ങൾക്കനുസരിച്ച് വിരിയുന്ന ഓണപ്പൂക്കളുണ്ട്. കാശിത്തുമ്പ വർഗത്തിൽ തന്നെ വ്യത്യസ്തങ്ങളായ പൂക്കളുണ്ട്. ഇവയിൽ ചിലത് മഴക്കാലത്ത് മാത്രം കാണുന്നവയാണ്. മാവേലിയെപ്പോലെ ഓണക്കാലത്ത് മാത്രം വരുന്നവ. ചിലയിടങ്ങളിലെങ്കിലും മഞ്ഞക്കടൽ പോലെ വിരിഞ്ഞു നിൽക്കുന്ന കമ്മൽ പൂക്കളെ കാണാതെ ഓണത്തിന് കടന്നുപോകാൻ കഴിയില്ല. അതുപോലെ പുൽമേടുകളെ അലങ്കരിക്കുന്ന ഒരു നാട്ടുപൂവാണ് കണ്ണാന്തളി.

(നീല ശഖുപുഷ്പവും തൊട്ടാവാടിയും)
ഓണക്കാലത്ത് സമൃദ്ധമാകുന്ന കുറച്ചുകൂടി ചിരപരിചിതരായവയാണ് ചെത്തി, തുമ്പ, ചെമ്പരത്തി തുടങ്ങിയ നാടൻ പൂക്കൾ. എന്നും പൂക്കളത്തിലെ താരമായിരുന്നത് ശുഭ്ര വസ്ത്രധാരിയായ തുമ്പ തന്നെയായിരുന്നു. പൂക്കളങ്ങളിലെ മറ്റു പൂക്കളുടെ മാറ്റ് കൂട്ടിയിരുന്ന കുഞ്ഞൻ പൂക്കൾ. ഇതിൽത്തന്നെ കരിംതുമ്പയും പെരുംതുമ്പയുമുണ്ട്. പൂക്കളങ്ങൾക്ക് നീലരാശി നൽകിയിരുന്നത് കാക്കപ്പൂക്കളായിരുന്നു. നെല്ലിപ്പൂവ് എന്നും ഇവ അറിയപ്പെടുന്നു. എത്ര ശേഖരിച്ചാലും കളം നിറയ്ക്കാൻ തികയാതെ പോവുന്ന ഒരാളാണ് മുക്കുറ്റിപ്പൂവ്. പലനിറങ്ങളിൽ കാണുമെങ്കിലും പൂക്കളങ്ങളിൽ മഞ്ഞയുടെ മാസ്മരികത നിറയ്ക്കാൻ കോളാമ്പിപ്പൂക്കൾ തന്നെ വേണം. അരിപ്പൂക്കൾ വിതറാതെ പൂക്കളങ്ങൾ പൂർണ്ണമാകാറില്ല. വേലിപ്പരുത്തിയെന്നാണ് വിളിപ്പേര്. ശംഖുപുഷ്പം കണ്ണെഴുതാത്ത ഓണപ്പൂക്കളത്തിന് ഒരിത്തിരി ചന്തക്കുറവ് തോന്നാറുണ്ട്. വള്ളികളിൽ തൂങ്ങിയാടുന്ന ഇവ നീല, വെള്ള നിറങ്ങളിലാണ് കാണുക. അതിസുന്ദരിയാണ് 'അതിരാണി'. നീലയും വയലറ്റും പിങ്കും ഇടകലർന്ന ഒരു നാട്ടുകാരി. പെട്ടെന്ന് പിണങ്ങിപ്പോകുമെങ്കിലും ഒരിരിപ്പിടം തൊട്ടാവാടി പൂക്കൾക്കുമുണ്ടായിരുന്നു.
ഇവിടെ തീരുന്നില്ല ഈ നാട്ടുപൂക്കളുടെ വിശേഷങ്ങൾ. ഇക്കാലത്തിന്‍റെ ഓണപ്പൂക്കളങ്ങളിൽ ഇവ പുറത്ത് തന്നെ നിൽക്കുമെങ്കിലും നമ്മുടെ പരിസ്ഥിതിയിൽ നിന്നും ഇവയെ പുറത്താകാതെ നോക്കേണ്ടതുണ്ട്. ആർക്കും ഒരു ദോഷവും ഉണ്ടാക്കാതെ നിൽക്കുന്ന പച്ചിലപ്പടർപ്പുകൾ 'ക്ളീൻ' ആക്കുമ്പോൾ നമ്മുടെ ആവാസവ്യവസ്ഥയിൽ നിന്ന് തന്നെ ക്ളീൻ ആയി പോകുന്നത് ഈ കുഞ്ഞു ചെടികളും പൂക്കളുമാണ്. പരിസ്ഥിതി സംരക്ഷണം വൃക്ഷതൈകൾ മാത്രം വച്ച് പിടിപ്പിക്കുന്നതാവരുത്. ആരും വച്ചു പിടിപ്പിക്കാതെയും പരിചരിക്കാതെയും ഋതുഭേദങ്ങൾക്ക് അനുസരിച്ച് വന്നുപോകുന്ന ഈ പച്ചിലപ്പടർപ്പുകളെ പറിച്ചെറിയാതിരിക്കുന്നത് കൂടിയാവണം അത്. പഞ്ചായത്തുകളുടെ പച്ചത്തുരുത്ത് പദ്ധതികളിൽ ഈ പച്ചില പടർപ്പുകൾക്ക് കൂടി അതിജീവനത്തിനായി ഇടം നൽകേണ്ടതുണ്ട്.


