Asianet News MalayalamAsianet News Malayalam

വനത്തിൽ മൂന്നിൽ ഒരു വൃക്ഷവും വംശനാശ ഭീഷണിയിൽ, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ, കാരണമെന്ത്?

കാലാവസ്ഥാ വ്യതിയാനവും തീവ്രമായ കാലാവസ്ഥയും സമുദ്രനിരപ്പ് ഉയരുന്നതും മരങ്ങൾക്ക് ഭീഷണി ഉയർത്തുന്നു. പക്ഷേ, സംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നത് സംരക്ഷണ പ്രവർത്തനത്തിലൂടെ ഇവയെ നമുക്ക് രക്ഷിച്ചെടുക്കാമെന്ന് പ്രതീക്ഷിക്കാമെന്നാണ്.

One in three trees in the wild face extinction
Author
London, First Published Sep 1, 2021, 3:21 PM IST

ഒരു പുതിയ കണ്ടെത്തൽ അനുസരിച്ച്, ലോകത്തിലെ 30% വൃക്ഷയിനങ്ങളും കാട്ടിൽ വംശനാശം നേരിടുകയാണത്രെ. 
ഇങ്ങനെ വംശനാശം സംഭവിക്കുന്നവയില്‍ ഓക്കുമരങ്ങള്‍ മുതൽ വേങ്ങമരം വരെയും, ഉഷ്ണമേഖലാ തടിമരങ്ങൾ വരെയും പെടുന്നു. 17,500 വൃക്ഷ ഇനങ്ങൾ ഇങ്ങനെ അപകടത്തിലാണെന്ന് വിദഗ്ദ്ധർ പറയുന്നു. നിലനിൽപ്പിന്റെ കാര്യത്തിൽ ഭീഷണി നേരിടുന്ന സസ്തനികൾ, പക്ഷികൾ, ഉഭയജീവികൾ, ഉരഗങ്ങൾ എന്നിവയുടെ ഇരട്ടിയാണിത്. 

വനനശീകരണം, മരംവെട്ടൽ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഭീഷണികൾക്കിടയിൽ ഈ മരങ്ങളെ സംരക്ഷിക്കണമെന്ന് സംരക്ഷണ ഗ്രൂപ്പുകൾ ആഹ്വാനം ചെയ്യുന്നു. "നമുക്ക് ഈ ഗ്രഹത്തിൽ ഏതാണ്ട് 60,000 വൃക്ഷ ഇനങ്ങൾ ഉണ്ട്. ഇവയില്‍ ഏതാണ് സംരക്ഷണ പ്രവർത്തനത്തിന്റെ ആവശ്യകതയുള്ളവ, അവയ്ക്കുള്ള ഏറ്റവും വലിയ ഭീഷണികൾ എന്താണെന്നും അവ എവിടെയാണെന്നും ഞങ്ങൾക്കറിയാം" എന്ന് ലണ്ടനിലെ ക്യൂവിലെ ചാരിറ്റി ബൊട്ടാണിക് ഗാർഡൻസ് കൺസർവേഷൻ ഇന്റർനാഷണലിലെ ഡോ. മാലിൻ റിവേഴ്സ് പറഞ്ഞു. 

ആരോഗ്യമുള്ള ഒരു ലോകത്തിന്, നമുക്ക് വൃക്ഷ ഇനങ്ങളുടെ വൈവിധ്യം ആവശ്യമാണ് എന്ന് പ്രകൃതി സംരക്ഷണത്തിനായുള്ള ഇന്റർനാഷണൽ യൂണിയന്റെ ഗ്ലോബൽ ട്രീ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ കോ-ചെയർ സാറ ഓൾഡ്ഫീൽഡ് കൂട്ടിച്ചേർത്തു. "ഓരോ വൃക്ഷ ഇനത്തിനും നമ്മുടെ പരിസ്ഥിതിയില്‍ സവിശേഷമായ പങ്കുണ്ട്. ലോകത്തിലെ 30% വൃക്ഷ ഇനങ്ങളും വംശനാശ ഭീഷണി നേരിടുന്നതിനാൽ, നാം അടിയന്തരമായി സംരക്ഷണ പ്രവർത്തനം നടത്തേണ്ടതുണ്ട്" എന്നും ഓൾഡ്ഫീൽഡ് പറയുന്നു.

One in three trees in the wild face extinction

അറിയപ്പെടുന്ന 60,000 വൃക്ഷ ഇനങ്ങളിൽ 30% എങ്കിലും വംശനാശം നേരിടുന്നതായി 'സ്റ്റേറ്റ് ഓഫ് ദി വേൾഡ്സ് ട്രീസി'ന്റെ റിപ്പോർട്ട് കണ്ടെത്തി. ഏകദേശം 142 ഇനം ഇതിനകം തന്നെ കാട്ടിൽ നിന്ന് അപ്രത്യക്ഷമായി, 442 എണ്ണം വംശനാശത്തിന്റെ വക്കിലാണ്, 50 -ൽ താഴെ മരങ്ങൾ അവശേഷിക്കുന്നു.

ആഗോളതലത്തിൽ മരങ്ങൾക്കുള്ള ഏറ്റവും വലിയ ഭീഷണി വിളകൾക്കുള്ള വനം ക്ലിയറൻസാണ്. ഇത് 29% സ്പീഷീസുകളെ ബാധിക്കുന്നു. 27% വൃക്ഷങ്ങള്‍ മുറിച്ചു മാറ്റപ്പെടുന്നു. കന്നുകാലികളെ മേയ്ക്കാനോ അല്ലെങ്കിൽ കൃഷിക്ക് വേണ്ടിയോ 14% ആണ് നശിപ്പിക്കുന്നത്. വികസനത്തിനുള്ള ക്ലിയറൻസ് 13% ആണ്. തീകാരണം 13% ഇല്ലാതെയാവുന്നു എന്നും കണക്കുകള്‍ പറയുന്നു. 

കാലാവസ്ഥാ വ്യതിയാനവും തീവ്രമായ കാലാവസ്ഥയും സമുദ്രനിരപ്പ് ഉയരുന്നതും മരങ്ങൾക്ക് ഭീഷണി ഉയർത്തുന്നു. പക്ഷേ, സംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നത് സംരക്ഷണ പ്രവർത്തനത്തിലൂടെ ഇവയെ നമുക്ക് രക്ഷിച്ചെടുക്കാമെന്ന് പ്രതീക്ഷിക്കാമെന്നാണ്. "വൃക്ഷസംരക്ഷണം സംരക്ഷണ അജണ്ടയിൽ മുൻപന്തിയിലാണെന്ന് ഉറപ്പുവരുത്തുന്നതിനായി സംരക്ഷണ സമൂഹത്തെയും മറ്റ് പ്രധാനപ്പെട്ടവരെയും അണിനിരത്തുന്നതിനുള്ള പ്രാധാന്യം ഈ റിപ്പോര്‍ട്ട് വിളിച്ചോതുന്നു" എന്ന് ഡോ. റിവേഴ്സ് പറഞ്ഞു. 

വനസംരക്ഷണത്തിന് ഇനിപ്പറയുന്നവ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്കായി വിദഗ്ദ്ധർ ആവശ്യപ്പെടുന്നു: 

  • നിലവിലുള്ള വനങ്ങൾ സംരക്ഷിക്കുകയും സംരക്ഷിത പ്രദേശങ്ങൾ വികസിപ്പിക്കുകയും ചെയ്യുക. 
  • ഭീഷണി നേരിടുന്ന മരങ്ങളെ ഒരു ദിവസം കാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിൽ ബൊട്ടാണിക്കൽ ഗാർഡനുകളിലോ വിത്ത് ബാങ്കുകളിലോ സൂക്ഷിക്കുക (നിലവിൽ ഏകദേശം 30% മരങ്ങളിങ്ങനെ സൂക്ഷിച്ചിട്ടുണ്ട്).
  • വനനശീകരണം തടയാനും വൃക്ഷത്തൈ നടീൽ പദ്ധതികളും ഉറപ്പുവരുത്തുന്നതിനുള്ള വിദ്യാഭ്യാസം നൽകുന്നത് ശാസ്ത്രീയമായിട്ടാണ് എന്ന് ഉറപ്പ് വരുത്തുക. 
  • സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് വകയിരുത്തുക. 

ഒരു മില്ല്യണ്‍ മൃഗങ്ങളും സസ്യജാലങ്ങളും വംശനാശ ഭീഷണിയിലാണെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. കഴിഞ്ഞ 300 വർഷത്തിനിടയിൽ, ആഗോള വനപ്രദേശം 40% കുറയുകയും 29 രാജ്യങ്ങൾക്ക് 90% വനമേഖല നഷ്ടപ്പെടുകയും ചെയ്തുവെന്നും കണക്കാക്കുന്നു. 

Follow Us:
Download App:
  • android
  • ios