ജോലിയിലെ വിരസത കാരണം രാജി വെക്കാനൊരുങ്ങിയ ജീവനക്കാരനെ ഒരൊറ്റ ചോദ്യത്തിലൂടെ സ്ഥാപനത്തിൽ തന്നെ നിർത്തിയ ഒരു സഹസ്ഥാപകയുടെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. 

സ്ഥാപനത്തിൽ നന്നായി ജോലി ചെയ്യുന്ന, എല്ലാത്തിലും മികച്ചുനിൽക്കുന്ന ജീവനക്കാർ അപ്രതീക്ഷിതമായി രാജി സമർപ്പിച്ചാൽ പല സ്ഥാപനങ്ങളും അത് ​ഗൗരവമായി നോക്കിക്കാണും. എന്നാൽ, മേധാവിയുടെ മിടുക്കാണ് അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 'ഡിജിറ്റൽ ക്രിയേറ്റീവ്‌സ്' കോ-ഫൗണ്ടർ പ്രീതി മാലിക് ആണ് പോസ്റ്റ് ലിങ്ക്ഡ് ഇന്നിൽ ഷെയർ ചെയ്തിരിക്കുന്നത്. താൻ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ആ ജീവനക്കാരൻ രാജിയെ കുറിച്ച് സൂചിപ്പിച്ചത് എന്ന് പ്രീതി പറയുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നയാളായിരുന്നു അദ്ദേഹം. പ്രകടനത്തിലെ ചില പോരായ്മകളെക്കുറിച്ച് സംസാരിക്കാൻ വിളിച്ച മീറ്റിംഗിൽ താൻ ജോലിയിൽ തുടരുന്നില്ലെന്ന് അദ്ദേഹം പറയുകയായിരുന്നു. എന്നാൽ, പ്രീതി അയാളോട് തിരികെ ഒരു ചോദ്യം ചോദിച്ചു. 'നിങ്ങളുടെ റോൾ നിങ്ങൾ തന്നെ ഡിസൈൻ ചെയ്യുകയാണെങ്കിൽ അത് എങ്ങനെ ആയിരിക്കും' എന്നായിരുന്നു പ്രീതിയുടെ ചോദ്യം.

Add Asianetnews as a Preferred SourcegooglePreferred

ഈ ചോദ്യം കാര്യങ്ങളെയാകെ മാറ്റിമറിച്ചു. ശമ്പളം കൂട്ടിക്കിട്ടാനോ അല്ലെങ്കിൽ മറ്റ് ആനുകൂല്യങ്ങൾ നേടിയെടുക്കാനോ വേണ്ടിയല്ല, മറിച്ച് നിലവിലെ ഈ ജോലിയിലുണ്ടായ വിരസത കാരണമാണ് ആ ജീവനക്കാരൻ ജോലി വിടാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് മറുപടിയിൽ നിന്നും പ്രീതിക്ക് മനസിലായി. ഓട്ടോമേഷൻ ജോലികൾ ചെയ്യാൻ താൽപ്പര്യമുള്ള അദ്ദേഹത്തിന് വിരസമായ മറ്റുപല ചുമതലകളും ഏറ്റെടുക്കേണ്ടി വരികയായിരുന്നു. ഇത് ജോലിയോടുള്ള താൽപ്പര്യം കുറയാൻ കാരണമായി. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ കൂടി താൽപ്പര്യങ്ങൾ പരിഗണിച്ചുകൊണ്ട് ജോലികൾ മാറ്റാൻ പ്രീതി തയ്യാറായി. അങ്ങനെ ജീവനക്കാരൻ ജോലിയിൽ തുടരാനും തീരുമാനിച്ചു.

ജീവനക്കാരെ നിലനിർത്തുക എന്നത് ശമ്പളവർധനവോ ആനുകൂല്ല്യങ്ങളോ നൽകുന്നതിലൂടെ മാത്രം സാധ്യമാകുന്നതല്ല എന്നാണ് പ്രീതി തന്റെ പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നത്. തങ്ങൾ ചെയ്യുന്ന ജോലി സ്വന്തം വളർച്ചയ്ക്ക് സഹായിക്കുന്നതാണെന്ന ബോധ്യം ജീവനക്കാരിൽ ഉണ്ടാവേണ്ടതുണ്ട്. ശരിയായ ചോദ്യം ശരിയായ സമയത്ത് ചോദിച്ചത് കൊണ്ടാണ് തനിക്ക് മികച്ചൊരു ജീവനക്കാരനെ നഷ്ടപ്പെടാതിരുന്നതെന്നും പ്രീതി പറയുന്നു.