Asianet News MalayalamAsianet News Malayalam

ഇന്ത്യക്കു നടുവിൽ മുസ്ലിങ്ങളില്ലാത്ത ഒരു 'പാകിസ്ഥാൻ', പേര് ശാപമെന്ന് ആ നാട്ടുകാർ

സ്വാതന്ത്ര്യാനന്തരം കിഴക്കൻ പാകിസ്ഥാനിലേക്ക് കുടിയേറാൻ ആഗ്രഹിച്ച മുസ്ലിങ്ങൾ,  ഗ്രാമത്തിലെ തങ്ങളുടെ ഭൂമി പരിസരവാസികളായ സാന്താൾ ഗോത്രവംശജർക്ക് ദാനമായി നൽകി.  നന്ദി സൂചകമായി അവർ ഗ്രാമത്തിന് 'പാകിസ്ഥാൻ ടോല' എന്ന് പേരിട്ടു. 

Pakistan in Bihar India withour as single muslim
Author
Purnia, First Published Oct 21, 2019, 6:24 PM IST

ഇത് പാകിസ്ഥാൻ ടോല എന്ന ചെറുഗ്രാമം. പഞ്ചായത്ത് സിംഘിയ. ബ്ലോക്ക് ശ്രീനഗർ. ജില്ല പൂർണിയ. സംസ്ഥാനം ബിഹാർ. 1947-ന്  മുമ്പ് മുസ്ലിം കുടുംബങ്ങൾ ഇവിടെ പാർത്തുപോന്നിരുന്നു. സ്വാതന്ത്ര്യാനന്തരം കിഴക്കൻ പാകിസ്ഥാനിലേക്ക് കുടിയേറാൻ ആഗ്രഹിച്ച മുസ്ലിങ്ങൾ, ഇവിടം വിട്ടുപോയപ്പോൾ ഗ്രാമത്തിലെ തങ്ങളുടെ ഭൂമി പരിസരവാസികളായ സാന്താൾ ഗോത്രവംശജർക്ക് ദാനമായി നൽകി. തങ്ങൾക്ക് അധിവസിക്കാനും കൃഷിചെയ്യാനും ഭൂമി വെറുതെ നൽകിയ മനുഷ്യരോടുള്ള നന്ദി സൂചകമായി അവർ ഗ്രാമത്തിന് പാകിസ്ഥാൻ ടോല എന്ന് പേരിട്ടു. 

Pakistan in Bihar India withour as single muslim

പൂർണിയ ജില്ല ആസ്ഥാനത്തുനിന്ന് 30  കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. വറ്റിത്തുടങ്ങിയ ഒരു നദിയാൽ പുറംലോകത്തിൽ നിന്ന് വേർപിരിക്കപ്പെട്ടിരിക്കുന്നു ഈ ഗ്രാമം. നദിക്ക് മുകളിലൂടെയുള്ള പാലമാണ് അവിടേക്കുള്ള ഗ്രാമീണരുടെ ഒരേയൊരു കണക്ഷൻ. ഗ്രാമത്തിൽ യാതൊരു വിധത്തിലുള്ള ആധുനിക സൗകര്യങ്ങളുമില്ല. ആകെയുള്ള സ്‌കൂൾ കിലോമീറ്ററുകൾ അകലെ പട്ടണത്തിലാണ്. പേര് പാകിസ്ഥാൻ എന്നായതുകൊണ്ടാണോ എന്നറിയില്ല, വികസനം ഈ ഗ്രാമത്തിലേക്ക് എത്തിനോക്കിയിട്ടില്ല ഇതുവരെ. ഏഴാം ക്‌ളാസ്സുവരെ കഷ്ടിച്ച് പഠിക്കുന്നതോടെ പെൺകുട്ടികളുടെ പഠിത്തം അവസാനിക്കുകയായി. നല്ലൊരു ആശുപത്രിയില്ല, ബസ് സർവീസില്ല. ഉജ്വല സ്‌കീം, ഹർ ഘർ ശൗചാലയ് സ്‌കീം തുടങ്ങിയ  സർക്കാർ സ്കീമുകളെല്ലാം കടലാസിൽ മാത്രമൊതുങ്ങുന്നു. അഞ്ചുവർഷം കൂടുമ്പോൾ വാഗ്ദാനങ്ങൾ നൽകി വോട്ടുനേടിയെടുക്കാൻ മാത്രമേ രാഷ്ട്രീയക്കാരും വരാറുള്ളൂ എന്ന് ഗ്രാമീണർ പറയുന്നു. 

ഇരുപത്തഞ്ചോളം സാന്താൾ കുടുംബങ്ങളിലായി ആകെ ആയിരത്തിൽ പരം ജനങ്ങൾ ഇവിടെ പാർക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുമ്പോൾ നെഞ്ചിൽ പെരുമ്പറയടിക്കുന്നത് ഈ ഗ്രാമക്കാർക്കാണ്. അയൽ ഗ്രാമങ്ങൾ എന്നും പരിഹാസത്തോടെ മാത്രം പറയുന്ന പേരാണ് പാകിസ്ഥാൻ ടോല എന്ന ഗ്രാമത്തിന്റേത്. അവിടേക്ക് ആർക്കും മക്കളെ വിവാഹം ചെയ്തയക്കാൻ താല്പര്യമില്ല. തിരിച്ച് കൊണ്ടുവരാനും. 

Pakistan in Bihar India withour as single muslim

തങ്ങളുടെ ഗ്രാമത്തിന്മേൽ അനാവശ്യമായി ഏച്ചുകൂട്ടപ്പെട്ട പാകിസ്ഥാൻ എന്ന പേര് ഒന്ന് മായ്ച്ചുകിട്ടാൻ വേണ്ടിയുള്ള ഗ്രാമീണരുടെ പ്രയത്നങ്ങൾ ഏറെക്കാലമായി നടക്കുന്നു. പേര് പാകിസ്താനെന്നാണെങ്കിലും, ഇവിടെ കഴിഞ്ഞുപോന്നിരുന്ന സാന്താൾ ഗോത്രജർ തികഞ്ഞ ഹിന്ദുമത വിശ്വാസികളാണ്. ഒരൊറ്റ മുസ്ലിങ്ങളും ഇന്നിവിടെ താമസമില്ല. പേരിനൊരു പള്ളി പോലും ഇന്നിവിടെയില്ല. എന്നിട്ടും ഈ പ്രദേശം ഇന്നലെ വരെയും അറിയപ്പെട്ടിരുന്നത് പാകിസ്ഥാൻ എന്നായിരുന്നു. പണ്ടേക്കുപണ്ടേ ആ ഗ്രാമത്തിനുമേൽ നിന്നുള്ളവരുടെ പൂർവികർ, തങ്ങൾക്ക് സ്ഥലം ദാനമായി നൽകി ഈസ്റ്റ് പാകിസ്ഥാൻ എന്ന ഇന്നത്തെ ബംഗ്ളാദേശിലേക്ക് കുടിയേറിയ തങ്ങളുടെ മുസ്ലിം സ്നേഹിതരോടുള്ള നന്ദിസൂചകമായി ഇട്ടതാണ് 'പാകിസ്ഥാൻ ടോലാ'  എന്ന ഈ സ്ഥലപ്പേര്. എന്നാൽ, ഇന്ന് അവരുടെ പുതുതലമുറയ്ക്ക് ആ പേര് ഒരു ബാധ്യതയാണ്. 

Pakistan in Bihar India withour as single muslim

ഇന്ത്യൻ സൈനികരെ വധിക്കുന്ന, ഭീകരർക്ക് അഭയവും പരിശീലനവും ഫണ്ടും നൽകുന്ന, ഇടയ്ക്കിടെ ഭീകരരെ അയച്ച് ഇന്ത്യൻ മണ്ണിൽ ആക്രമണങ്ങൾ സംഘടിപ്പിക്കുന്ന  ആ തീവ്രവാദിയായ അയൽരാജ്യത്തിന്റെ പേരുപേറുന്ന ഗ്രാമവുമായിപ്പോലും ഒരു ബന്ധവും ആരും ഇഷ്ടപ്പെടുന്നില്ലത്രേ. ഗ്രാമവാസികളുമതേ, തങ്ങൾ പാകിസ്ഥാനികളാണ് എന്ന് പുറത്താരോടും വെളിപ്പെടുത്താനും ഇഷ്ടപ്പെടുന്നവരല്ല. 

Follow Us:
Download App:
  • android
  • ios