"എല്ലാ വലിയ രാഷ്ട്രീയക്കാരെയും മാറ്റിസ്ഥാപിക്കാൻ" താൻ വന്നിരിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് റെഹം ഖാന്‍ തന്‍റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
പത്രപ്രവർത്തകയും പിടിഐ (പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ്) സ്ഥാപകൻ ഇമ്രാൻ ഖാന്‍റെ മുൻ ഭാര്യയുമായ റെഹം ഖാൻ, പാകിസ്ഥാനില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'പാകിസ്ഥാൻ റിപ്പബ്ലിക് പാർട്ടി' എന്നാണ് റെഹം ഖാന്‍റെ പുതിയ പാര്‍ട്ടിയുടെ പേര്. ഭരണഘടനാ മൂല്യങ്ങളിൽ വേരൂന്നിയ തന്‍റെ പാർട്ടിയുടെ പ്രകടന പത്രിക ഉടൻ പുറത്തിറക്കുമെന്നും മുന്‍ പത്രപ്രവർത്തക കൂടിയായ റെഹം ഖാന്‍ പ്രഖ്യാപിച്ചു. "എല്ലാ വലിയ രാഷ്ട്രീയക്കാരെയും മാറ്റിസ്ഥാപിക്കാൻ" താൻ വന്നിരിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് റെഹം ഖാന്‍ തന്‍റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
മുമ്പ് ഒരിക്കലും രാഷ്ട്രീയ സ്ഥാനങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും എന്നാല്‍ ഒരിക്കൽ ഒരാൾക്ക് വേണ്ടി മാത്രം താനൊരു പാര്‍ട്ടിയിൽ ചേര്‍ന്നിരുന്നെന്നും ഇമ്രാന്‍ ഖാന്‍റെ പേരെടുത്ത് പറയാതെ, മുന്‍ ബിബിസി ജേർണലിസ്റ്റ് കൂടിയായ റെഹം ഖാന്‍ പറഞ്ഞു. 'ഇന്ന് ഞാന്‍ എന്‍റെ സ്വന്തം നിബന്ധനകളില്‍ ഉറച്ച് നില്‍ക്കുകയാണ് റെഹം ഖാന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപന വേളയില്‍ പറഞ്ഞു. ഭരണ വര്‍ഗത്തെ ഉത്തരവാദിത്വമുള്ളവരാക്കി തീര്‍ക്കുമെന്നും ജനങ്ങളുടെ ശബ്ദമായി പാകിസ്ഥാൻ റിപ്പബ്ലിക് പാർട്ടി മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം പാകിസ്ഥാനില്‍ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ജനങ്ങൾക്കിടയില്‍ ഉയര്‍ന്നുവരുന്ന അതൃപ്തിയോടുള്ള പ്രതികരണമാണ് തന്‍റെ പുതിയ പാര്‍ട്ടിയെന്നും അവര്‍ അവകാശപ്പെട്ടു.
'ഇത് വെറുമൊരു പാർട്ടിയല്ല, രാഷ്ട്രീയത്തെ സേവനമാക്കി മാറ്റാനുള്ള ഒരു പ്രസ്ഥാനമാണ്' കറാച്ചി പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ റെഹം ഖാന്‍ പറഞ്ഞു. '2012 മുതൽ 2025 വരെ, ഞാൻ കണ്ട പാകിസ്ഥാനിൽ ഇപ്പോഴും ശുദ്ധമായ കുടിവെള്ളമോ അടിസ്ഥാന ആരോഗ്യ സംരക്ഷണമോ ഇല്ല. അത് ഇനി സ്വീകാര്യമല്ല," അവർ കൂട്ടിച്ചേർത്തു. പുറത്ത് നിന്നുള്ള അനുഗ്രഹങ്ങളില്ലാതെയാണ് താന്‍ പുതിയ പാര്‍ട്ടി സ്ഥാപിച്ചതെന്ന് സൂചിപ്പിച്ച റെഹാ ഖാന്‍ പാകിസ്ഥാനിലെ കുടുംബവാഴ്ചാ രാഷ്ട്രീയത്തിനെതിരെയും വിമര്‍ശനം ഉന്നയിച്ചു. പാകിസ്ഥാനിലെ അസംബ്ലികള്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നുള്ള അംഗങ്ങളാണെന്നും ചൂണ്ടിക്കാട്ടിയ റെഹാ ഖാന്‍ തങ്ങൾ രാഷ്ട്രീയ കളികൾക്ക് ഇല്ലെന്നും തന്‍റെ പാര്‍ട്ടിയില്‍ നിന്ന് ഒരാൾക്ക് ഒരു മണ്ഡലത്തില്‍ നിന്ന് മാത്രമേ മത്സരിക്കാന്‍ സാധിക്കൂവെന്നും വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങളില്‍ വേരൂന്നിയ തന്‍റെ പാര്‍ട്ടി എല്ലാ വലിയ രാഷ്ട്രീയക്കാരെയും മാറ്റി സ്ഥാപിക്കാനാണ് രൂപം കൊണ്ടതെന്ന് പറഞ്ഞ് കൊണ്ടാണ് റെഹാ ഖാന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം അവസാനിപ്പിച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


