Asianet News MalayalamAsianet News Malayalam

വിശന്നുകരയുന്ന കുഞ്ഞുങ്ങളെ ഉറക്കാൻ നൽകുന്നത് ​ഗുളിക, അഫ്‍​ഗാനിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത

'അഫ്​ഗാനിൽ ഇപ്പോൾ‌ നടക്കുന്നത് മാനുഷിക ദുരന്തമാണ്' എന്നാണ് യുഎൻ പറയുന്നത്. ഹെറാത്തിന് ചുറ്റുമുള്ള ആളുകൾ പലപ്പോഴും ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. വർഷങ്ങളായി ഇവർ ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ ഒരു ജീവിതം തന്നെയാണ് നയിക്കുന്നത്. എന്നാൽ, ഇപ്പോൾ പിടിച്ച് നിൽക്കാൻ പോലും പറ്റാത്ത ദുരന്താവസ്ഥയിലേക്കാണ് അവർ നീങ്ങുന്നത്. 

parents giving children drugs to help them sleep in afghan
Author
First Published Nov 24, 2022, 4:02 PM IST

അഫ്​ഗാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോട് കൂടി വലിയ തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ നടക്കുന്നത്. അവിടെ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ബിബിസി പുറത്ത് വിടുന്നത്. വിശന്നു കരയുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ ​ഗതി ഇല്ലാത്തതിനാൽ മാതാപിതാക്കൾ അവർക്ക് ഉറങ്ങാനായി വിവിധ ​ഗുളികകൾ നൽകുകയാണ് എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 

'ഞങ്ങളുടെ കുഞ്ഞുങ്ങൾ കരഞ്ഞു കൊണ്ടേയിരിക്കുകയാണ്. അവർ ഉറങ്ങുന്നില്ല. ഞങ്ങൾക്ക് ഭക്ഷണമില്ല. ഞങ്ങൾ നേരെ ഫാർമസിയിൽ പോകുന്നു. അവിടെ നിന്നും ​ഗുളികകൾ വാങ്ങി കുഞ്ഞുങ്ങൾക്ക് നൽകുന്നു. അത് കഴിച്ച് അവർ ഉറങ്ങുന്നു' എന്ന് അബ്ദുൾ വഹാബ് എന്നൊരു പിതാവ് ബിബിസി -യോട് പറഞ്ഞു. 

ഹെറാത്തിന് പുറത്തായിട്ടാണ് വഹാബ് താമസിക്കുന്നത്. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമാണ് ഹെറാത്ത്. പതിറ്റാണ്ടുകളായി തുടർന്ന് വരുന്ന യുദ്ധത്തിലും പ്രകൃതിദുരന്തത്തിലും കുടിയൊഴിക്കപ്പെട്ടവരും എല്ലാം നഷ്ടപ്പെട്ടവരുമായ മനുഷ്യരാണ് ഇവിടുത്തെ മൺകുടിലുകളിൽ താമസിക്കുന്നത്. അതിൽ ഒരാളാണ് വഹാബും. 

parents giving children drugs to help them sleep in afghan

വഹാബിന് ചുറ്റും കൂടി നിന്ന മറ്റുള്ളവരോടും ബിബിസി, എത്ര പേർ തങ്ങളുടെ കുഞ്ഞുങ്ങൾ ഉറങ്ങുന്നതിന് വേണ്ടി ഇതുപോലെ മരുന്ന് നൽകാറുണ്ട് എന്ന് അന്വേഷിച്ചു. കൂടിനിന്ന ആളുകളിൽ ഏറെക്കുറെ എല്ലാവരും തന്നെ പറഞ്ഞത് തങ്ങളെല്ലാം കുഞ്ഞുങ്ങൾക്ക് ഇതുപോലെ മരുന്ന് നൽകാറുണ്ട് എന്നാണ്.

​ഗുലാം ഹസ്രത്ത് എന്നൊരാൾ തന്റെ പോക്കറ്റിൽ നിന്നും ഒരു ​ഗുളികയുടെ കവർ എടുത്ത് കാണിക്കുക പോലും ചെയ്തു. അത് Alprazolam എന്ന ​ഗുളികയുടെ കവറായിരുന്നു. സാധാരണയായി ആങ്സൈറ്റിക്ക് ചികിത്സ തേടുന്നവർക്ക് നൽകുന്നതാണ് ഈ മരുന്ന്. ഗുലാമിന് ആറ് മക്കളാണ്. ഏറ്റവും ഇളയ ആൾക്ക് ഒരു വയസാണ്. ആ കുഞ്ഞിന് വരെ താൻ ചിലപ്പോൾ ഈ ​ഗുളിക നൽകാറുണ്ട് എന്ന് ​ഗുലാം പറയുന്നു. 

ഒരു കഷ്ണം റൊട്ടിയുടെ വിലയ്ക്ക് അഞ്ച് ​ഗുളികകൾ വരെ ഇവിടെ വാങ്ങാൻ സാധിക്കും എന്ന് ബിബിസി എഴുതുന്നു. തങ്ങൾ സന്ദർശിച്ച മിക്ക വീടുകളിലും ആളുകൾ ഉണങ്ങിയ റൊട്ടിയുടെ കുഞ്ഞ് കഷ്ണങ്ങളാണ് കഴിക്കുന്നത് എന്നും ബിബിസി എഴുതി. 

parents giving children drugs to help them sleep in afghan

'അഫ്​ഗാനിൽ ഇപ്പോൾ‌ നടക്കുന്നത് മാനുഷിക ദുരന്തമാണ്' എന്നാണ് യുഎൻ പറയുന്നത്. ഹെറാത്തിന് ചുറ്റുമുള്ള ആളുകൾ പലപ്പോഴും ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. വർഷങ്ങളായി ഇവർ ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ ഒരു ജീവിതം തന്നെയാണ് നയിക്കുന്നത്. എന്നാൽ, ഇപ്പോൾ പിടിച്ച് നിൽക്കാൻ പോലും പറ്റാത്ത ദുരന്താവസ്ഥയിലേക്കാണ് അവർ നീങ്ങുന്നത്. 

താലിബാൻ ഭരണം ഏറ്റെടുത്തതോടെ ഫണ്ടുകൾ നിലച്ചു. ആളുകൾക്ക് ജോലി ഇല്ലാതെയായി. പലരും ജീവിതം മുന്നോട്ട് നീങ്ങാതെ തങ്ങളുടെ കിഡ്നിയും മറ്റ് അവയവങ്ങളും വിൽക്കുകയാണ്. കുട്ടികളുടെയും തങ്ങളുടെയും പട്ടിണി മാറ്റാൻ സ്വന്തം കുട്ടികളെ വിൽക്കുന്നവരും ഉണ്ട്. ഈ വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നതാണ്. 

parents giving children drugs to help them sleep in afghan

ഗുലാംഹസ്രെത് എന്ന 25 -കാരൻ, 2,45,047.50 രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കേണ്ടി വന്നു (ചിത്രം ​ഗെറ്റി)

താലിബാൻ ഭരണമേൽക്കുന്നതിന് മുമ്പും അവയവങ്ങൾ വിൽക്കുന്നത് ഇവിടെ നടന്നിരുന്നു. എങ്കിലും താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം ഏറെക്കുറെ ആളുകളും കുറച്ച് കാലത്തേക്കെങ്കിലും പട്ടിണി ഇല്ലാതിരിക്കാനായി തങ്ങളുടെ കിഡ്നി അടക്കം വിൽക്കുകയാണ്. ഇങ്ങനെ വിറ്റുകിട്ടുന്ന പണത്തിലേറെയും അവർക്ക് വാങ്ങിയ കടം തിരികെ കൊടുക്കാനേ തികയുന്നുള്ളൂ. 

ബിബിസി കണ്ടുമുട്ടിയ ഒരു സ്ത്രീ പറയുന്നത്, അവർ തന്റെ കിഡ്നി വിറ്റു എന്നാണ്. അന്ന് കിട്ടിയ പണത്തിന് കുറേ കടം വീട്ടി. ഒരു ആടിനെ വാങ്ങി. എന്നാൽ, തുടർന്ന് വന്ന വെള്ളപ്പൊക്കത്തിൽ ആട് ചത്തുപോയി. കിഡ്നി വിറ്റാൽ പോലും ജീവിക്കാൻ സാധിക്കാത്ത അത്രയും കഷ്ടത്തിലാണ് ഇവിടെയുള്ള ആളുകളുടെ ജീവിതം. ഇപ്പോൾ തങ്ങളുടെ രണ്ട് വയസുള്ള മകളെ കൂടി വിൽക്കാനുള്ള സമ്മർദ്ദത്തിലാണ് അവർ എത്തി നിൽക്കുന്നത്. 'തങ്ങൾ കടം വാങ്ങിയ ആളുകൾ നിരന്തരം പണം തിരിച്ച് നൽകാൻ ആവശ്യപ്പെടുകയാണ്. ഇല്ലെങ്കിൽ ഞങ്ങളുടെ മകളെ അവർക്ക് നൽകണം എന്നാണ് പറയുന്നത്' എന്നും അവർ പറയുന്നു. 

ഇതുപോലെ നിരവധിപ്പേരുടെ അവസ്ഥയാണ് ബിബിസിയുടെ അഫ്​​ഗാനിൽ നിന്നുമുള്ള പ്രത്യേക റിപ്പോർട്ടിൽ പറയുന്നത്. താലിബാൻ സർക്കാർ പറയുന്നത് സഹായം കിട്ടാൻ വേണ്ടി ഇതിൽ പലരും കള്ളം പറയുകയാണ് എന്നാണ്. ഒപ്പം തങ്ങൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ആളുകൾക്ക് ജോലി നൽകുമെന്നും താലിബാൻ പറയുന്നു. 

അതേ സമയം ഇവിടുത്തെ ജനങ്ങൾ പറയുന്നത് താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാരും അന്തർദേശീയ സമൂഹവും തങ്ങളെ ഉപേക്ഷിച്ചിരിക്കുകയാണ് എന്നാണ്. 

Follow Us:
Download App:
  • android
  • ios