ഒപ്പം ഒരു ബോക്സിൽ മാതളനാരങ്ങളയും അവര്‍ നല്‍കി. അവരുടെ സ്റ്റേഷൻ എത്താറായിരുന്നു. ബോക്സ് കയ്യിൽ വച്ചോളൂ എന്നാണ് അവർ പറഞ്ഞത്.
യാത്രയ്‍ക്കിടെ വിശക്കുന്നത് അസാധാരണമായ കാര്യമൊന്നും അല്ല. എന്നാൽ, അതറിഞ്ഞ് നമുക്ക് ഭക്ഷണം തരുന്ന അപരിചിതരായ സഹയാത്രികർ എത്ര കാണും? ഏതായാലും അങ്ങനെയുള്ളവരും ഉണ്ട്. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഹൈദ്രബാദ് മെട്രോയിലാണ് സംഭവം. മെട്രോയിൽ സഞ്ചരിച്ച് കൊണ്ടിരുന്ന ഒരു സ്ത്രീയാണ് സഹയാത്രികയ്ക്ക് ഭക്ഷണം നൽകിയത്. യുവതി തന്റെ സുഹൃത്തിനോട് തനിക്ക് വിശക്കുന്നു എന്ന് പറഞ്ഞത് സ്ത്രീ കേൾക്കാൻ ഇടവരികയായിരുന്നു. പിന്നാലെ അവർ തന്റെ കയ്യിലുണ്ടായിരുന്ന ഭക്ഷണം യുവതിക്ക് കൊടുത്തു എന്നാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റിൽ പറയുന്നത്.
യുവതി തന്നെയാണ് റെഡ്ഡിറ്റിൽ തന്റെ അനുഭവം പങ്ക് വച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ, താൻ മെട്രോയിൽ റായ്ദുർഗിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു. ആ സമയത്ത് തനിക്ക് വല്ലാതെ വിശക്കുന്നുണ്ട് എന്ന് താൻ സുഹൃത്തിനോട് പരാതിപ്പെടുകയും ചെയ്തു. പിന്നാലെ, തങ്ങൾ അതേ കുറിച്ച് തമാശയും പറഞ്ഞു. യാത്രക്കാരിൽ ഒരാളുടെ ബാഗ് ചൂണ്ടിക്കാട്ടി അതിൽ നിന്നും ജ്യൂസ് മോഷ്ടിച്ചാലോ എന്ന് വരെ ചോദിച്ചു.
ആ സമയത്ത് അടുത്തിരുന്ന ഒരു യാത്രക്കാരി തനിക്ക് വിശക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോൾ അവർ ഉച്ചയ്ക്ക് കഴിക്കാനെടുത്ത പുളിഹോര അല്പം ബാക്കിയുണ്ട് എന്നും അത് നല്ല അവസ്ഥയിലാണ് എന്നും പറഞ്ഞു. അത് തങ്ങൾക്ക് നൽകി. ഒപ്പം ഒരു ബോക്സിൽ മാതളനാരങ്ങയും അവര്‍ നല്‍കി. അവരുടെ സ്റ്റേഷൻ എത്താറായിരുന്നു. ബോക്സ് കയ്യിൽ വച്ചോളൂ എന്നാണ് അവർ പറഞ്ഞത്. തനിക്കടക്കം സ്ത്രീകൾക്ക് ബോക്സുകൾ എത്ര പ്രിയപ്പെട്ടതാണ് എന്ന് തനിക്ക് നന്നായി അറിയാം എന്നും യുവതി പോസ്റ്റിൽ പറയുന്നു.
ഏതായാലും പോസ്റ്റ് വൈറലായതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. നിരവധിപ്പേർ ആ സ്ത്രീയെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞപ്പോൾ മറ്റ് ചിലർ പറഞ്ഞത് മെട്രോയിൽ വച്ച് ഭക്ഷണം കഴിക്കുന്നത് നല്ലതല്ല എന്നാണ്.
