സ്വകാര്യജീവിതത്തിലാകട്ടെ തികച്ചും ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സ്വത്തിനോടോ, സ്ഥാനമാനങ്ങളോടോ ഒന്നുംതന്നെ യാതൊരു തരത്തിലുള്ള മോഹങ്ങളും ഇല്ലാതിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം. 

സ്വാതന്ത്ര്യസമരസേനാനികളുടെ, ദൈവങ്ങളുടെ ഒക്കെ രൂപങ്ങള്‍ പ്രതിമകളായി നാം കാണാറുണ്ട്. എന്നാല്‍, ഒരു ഐഎഎസ് ഓഫീസറുടെ പ്രതിമ കണ്ടിട്ടുണ്ടോ? എന്നാല്‍, ഇന്ത്യയില്‍ ഒരു ഐഎഎസ് ഓഫീസറോടുള്ള ആദരവും കടപ്പാടുമായി ഒരു പ്രതിമയുണ്ട്. അദ്ദേഹം അറിയപ്പെടുന്നതു തന്നെ 'ജനങ്ങളുടെ ഐഎഎസ് ഓഫീസര്‍' എന്നാണ്. ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ഇദ്ദേഹത്തിന്‍റേത് മാത്രമായിരിക്കാം ഒരു ഐഎഎസ് ഓഫീസറുടെ പ്രതിമ. എന്തുകൊണ്ടാണ് എസ് ആര്‍ ശങ്കരന്‍ എന്ന മനുഷ്യന്‍ ജനങ്ങളുടെ ഐഎഎസ് ഓഫീസര്‍ എന്ന് അറിയപ്പെട്ടിട്ടുണ്ടാവുക? ആദരവായി അദ്ദേഹത്തിന്‍റെ പ്രതിമ നിര്‍മ്മിച്ചിട്ടുണ്ടാവുക? 

1956 ബാച്ചിലെ ഓഫീസറാണ് ശങ്കരന്‍. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി തന്‍റെ സേവനം ഉഴിഞ്ഞുവെച്ച മനുഷ്യന്‍. 1934 ഒക്ടോബറില്‍ തമിഴ്‍നാട്ടിലെ തഞ്ചാവൂരിലാണ് അദ്ദേഹത്തിന്‍റെ ജനനം. മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. പിന്നീട് അവിടെത്തന്നെ ലക്ചററായിട്ടും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ സമയത്താണ് അദ്ദേഹം ഐഎഎസ് നേടുന്നതും ആന്ധ്രാ കാഡറില്‍ ഓഫീസറാവുന്നതും.

ബോണ്ടഡ് ലേബർ ആക്റ്റ്, ഭൂമി വിതരണ നിയമം എന്നീ നിയമങ്ങളിലെ ഇടപെടലാണ് അദ്ദേഹത്തെ ജനങ്ങളില്‍ അറിയപ്പെട്ടവനാക്കിയത്. പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കിയ വിവിധ പദ്ധതികളും മറ്റും അവരുടെയിടയില്‍ അദ്ദേഹത്തിന് ഒരു പ്രത്യേകസ്ഥാനം നല്‍കി. അതുവരെ അനുഭവിക്കാത്ത അവകാശങ്ങള്‍ അവര്‍ അനുഭവിച്ചതും ശങ്കരന്‍റെ ഇടപെടലോടുകൂടിത്തന്നെയാണ്. എന്നിരുന്നാലും, സമൂഹത്തിന് അദ്ദേഹം നൽകിയ എല്ലാ സംഭാവനകളും നോക്കുമ്പോള്‍, തോട്ടിപ്പണിയില്‍ നിലനിന്നിരുന്ന മനുഷ്യത്വരഹിതമായ സമ്പ്രദായം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമമായിരിക്കണം ആത്മാർത്ഥമായി പ്രശംസിക്കപ്പെടേണ്ടത്. സഫായ് കര്‍മാചാരി ആന്ദോളന്‍ എന്ന എന്‍ജിഒ -യുമായി ചേര്‍ന്നുകൊണ്ട് അദ്ദേഹം തൊഴിലാളികളുടെയും മറ്റും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. 

സ്വകാര്യജീവിതത്തിലാകട്ടെ തികച്ചും ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സ്വത്തിനോടോ, സ്ഥാനമാനങ്ങളോടോ ഒന്നുംതന്നെ യാതൊരു തരത്തിലുള്ള മോഹങ്ങളും ഇല്ലാതിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ലളിതമായ വസ്ത്രധാരണ രീതി പോലും അദ്ദേഹം ഒരു അധ്യാപകനോ മറ്റോ ആണെന്ന് തെറ്റിദ്ധരിക്കും വിധത്തിലുള്ളതായിരുന്നു. ഒരു ഐഎസ് ഓഫീസറാണെന്ന് നടപ്പിലോ സംസാരത്തിലോ പ്രവൃത്തിയിലോ ഒട്ടുമേ തോന്നിപ്പിക്കാത്ത ഒരു മനുഷ്യനായിരുന്നു ശങ്കരന്‍. അതുപോലെ തന്നെ സര്‍വീസിലിരിക്കുമ്പോഴോ ശേഷമോ ആഡംബര വസ്‍തുക്കളോ ഒന്നും തന്നെ അദ്ദേഹം സ്വന്തമാക്കിയിരുന്നില്ല. അദ്ദേഹത്തിന് ആകെയുണ്ടായിരുന്നത് ഒരു സിംഗിള്‍ റൂം അപ്പാര്‍ട്ട്മെന്‍റായിരുന്നു. 

ശങ്കരന്‍റെ പ്രവൃത്തികള്‍ മുകളിലുള്ളവര്‍ക്കോ മന്ത്രിമാര്‍ക്കോ ഒക്കെ പലപ്പോഴും ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹത്തിനോട് ലീവില്‍ പോകാന്‍ ആവശ്യപ്പെട്ട സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, പിന്നീട് വന്ന ത്രിപുര മുഖ്യമന്ത്രി നൃപന്‍ ചക്രബര്‍ത്തി ശങ്കരനോട് സ്റ്റേറ്റ് അഡ്മിനിസ്ട്രേഷനില്‍ ചീഫ് സെക്രട്ടറിയായി ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. അന്ന്, സെക്രട്ടറിയേറ്റിലേക്ക് ഒരു സൈക്കിള്‍ റിക്ഷയിലാണത്രേ തന്‍റെ ലഗേജുമായി ആ മാഹാനായ ഐഎഎസ് ഓഫീസര്‍ ചെന്നത്. അതറിഞ്ഞ ഓഫീസര്‍മാരാണ് അദ്ദേഹത്തിന് കാറയക്കുന്നതും കാറില്‍ വരാന്‍ അപേക്ഷിക്കുന്നതും. 

ഭരണകൂടവും നക്സൽ കലാപകാരികളും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാനുള്ള അശ്രാന്ത പരിശ്രമത്തിനും അദ്ദേഹം പ്രശസ്തനായിരുന്നു. 1987 -ൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി പരിക്കേൽക്കാതെ വിട്ടയച്ച ഏഴ് സിവിൽ സർവീസ് ഓഫീസര്‍മാരില്‍ ഒരാളുമാണ് അദ്ദേഹം. അവിടെപ്പോലും, കലാപകാരികളിൽ അദ്ദേഹം ശാശ്വതമായ ഒരു മതിപ്പ് അവശേഷിപ്പിച്ചിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളുടെ കാരണം അദ്ദേഹത്തെ ചിന്തിപ്പിച്ചിരുന്നുവെന്ന് സാരം. 

സ്വന്തം തീരുമാനത്തിന്‍റെ പുറത്ത് അവിവാഹിതനായി തുടര്‍ന്ന ആളായിരുന്നു ശങ്കരന്‍. പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളിലേക്ക് തന്റെ ശമ്പളത്തിന്റെ വലിയൊരു ഭാഗം നല്‍കി അദ്ദേഹം. തനിക്ക് കഴിയുമ്പോഴെല്ലാം, ശങ്കരൻ ഗോത്ര, ദലിത് ഗ്രാമങ്ങളിൽ താമസിക്കാനും അവരുടെ ദുരിതങ്ങൾ മനസിലാക്കാനും പിന്നീട് അവ ലഘൂകരിക്കാനും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്‍തിരുന്നു.

2005 -ൽ ശങ്കരന് പത്മഭൂഷൺ അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹം അത് സ്വീകരിക്കാൻ വിസമ്മതിച്ചു. താന്‍ ചെയ്‍തതെല്ലാം തന്‍റെ കടമയാണെന്നും അതിന് ഒരു അവാർഡും സ്വീകരിക്കില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു ആ മനുഷ്യസ്നേഹി. ഹൃദയാഘാതത്തെ തുടർന്ന് 2010 -ൽ അദ്ദേഹം അന്തരിച്ചു. 2011 -ല്‍ ആന്ധ്രാ സര്‍ക്കാര്‍ Damodaram Sanjeevaiah Telugu Sankshema Bhavan -ല്‍ ഒരു പ്രതിമ നിര്‍മ്മിച്ചുകൊണ്ട് അദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനിച്ചു. ഒരുപക്ഷേ, ഇനി അദ്ദേഹത്തെ പോലെ ഒരു ഐഎഎസ് ഓഫീസര്‍ ഉണ്ടാകുമോ എന്നതുപോലും സംശയമാണ്.