ശശി തരൂരിന്‍റെ മടിയിൽ ഇരുന്ന് പഴം കഴിച്ച ശേഷം ഉറങ്ങുന്ന കുരങ്ങൻ; ഇതുപോലൊന്ന് കണ്ടിട്ടില്ലെന്ന് സോഷ്യൽ മീഡിയ
ശശി തരൂര്‍ എംപിയുടെ മടിയില്‍ കയറി ഇരുന്ന് പഴം കഴിച്ച ശേഷം ഇരുന്നുറങ്ങുന്ന കുരങ്ങന്‍റെ ചിത്രം സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. അഞ്ച് മണിക്കൂര്‍ കൊണ്ട് ചിത്രം അഞ്ച് ലക്ഷത്തിന് മേലെ ആളുകളാണ് കണ്ടത്.
![Pictures of a monkey sleeping after eating fruit on Shashi Tharoor MPs lap have gone viral on social media Pictures of a monkey sleeping after eating fruit on Shashi Tharoor MPs lap have gone viral on social media](https://static-gi.asianetnews.com/images/01je8ztaazb35ztrxagz1kf0sa/shashi-tharoor-mp-and-monkey_363x203xt.jpg)
ശശി തരൂര്‍ എം പിയും ഒരു കുരങ്ങനും തമ്മിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ശശി തരൂര്‍ തന്നെ തന്‍റെ എക്സ് അക്കൌണ്ടില്‍ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തിരിക്കുന്നത്. നാല് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഇതില്‍ അദ്ദേഹത്തിന്‍റെ മടിയില്‍ കയറി ഇരിന്ന് പിന്നിലേക്ക് നോക്കുന്നതാണ് ഒരു ചിത്രം രണ്ടാമത്തേതില്‍ കുരങ്ങന്‍ ഒരു പഴം കഴിക്കുന്നു. മൂന്നാമത്തെ ചിത്രത്തില്‍ പഴത്തിന്‍റെ തൊലി അദ്ദേഹത്തിന്‍റെ മടിയില്‍ തന്നെ ഉപേക്ഷിച്ച് കുരങ്ങന്‍ ജാക്കറ്റ് പരിശോധിക്കുന്നത് കാണാം. നാലാമത്തെ ചിത്രത്തില്‍ കുരങ്ങന്‍ ശശി തരൂരിന്‍റെ മടിയില്‍ കിടന്ന് സുഖമായി ഉറങ്ങുന്നതും കാണാം.
ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ശശി തരൂർ എം പി ഇങ്ങനെ കുറിച്ചു' അസാധാരണമായ ഒരു അനുഭവമാണ് ഇന്നുണ്ടായത്. ഞാൻ പൂന്തോട്ടത്തിൽ ഇരുന്ന് രാവിലെത്തെ പത്രങ്ങൾ വായിക്കുമ്പോൾ, ഒരു കുരങ്ങൻ അലഞ്ഞുതിരിഞ്ഞ് നേരെ എന്‍റെ അടുത്തേക്ക് വന്ന് എന്‍റെ മടിയിൽ കയറി ഇരുന്നു. ഞങ്ങൾ കൊടുത്ത രണ്ട് പഴങ്ങൾ അവൻ കഴിഞ്ഞു. പിന്നെ എന്നെ കെട്ടിപ്പിടിച്ച് എന്‍റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു. ഞാൻ പതുക്കെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോള്‍, അവൻ ചാടി എഴുന്നേറ്റു.'
മറ്റൊരു കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. 'വന്യജീവികളോടുള്ള ബഹുമാനം ഞങ്ങളിൽ വേരൂന്നിയതാണ്. അതിനാൽ കുരങ്ങുകടിയുടെ അപകടസാധ്യതയെക്കുറിച്ച് എനിക്ക് അൽപ്പം ആശങ്കയുണ്ടായിരുന്നു. എങ്കിലും (ഇതിന് പേവിഷബാധ ആവശ്യമായി വന്നേക്കാം), ഞാൻ ശാന്തനായിരുന്നു, അവന്‍റെ സാന്നിധ്യം ഭീഷണിയല്ലെന്ന് തിരിച്ചറിഞ്ഞു. എന്‍റെ വിശ്വാസം ശരിയായതിലും ഞങ്ങളുടെ കണ്ടുമുട്ടൽ തികച്ചും സമാധാനപരവും സൗമ്യവുമായിരുന്നതിനാലും ഞാൻ സംതൃപ്തനാണ്.
1.5 ദശലക്ഷം വർഷം മുമ്പ് ആദ്യകാല മനുഷ്യവർഗ്ഗങ്ങള്‍ ഒരുമിച്ച് ജീവിച്ചിരുന്നെന്ന് ഗവേഷകര്‍
അഞ്ച് മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ ആളുകളാണ് ചിത്രങ്ങള്‍ കണ്ടത്. നിരവധി പേര്‍ തങ്ങളുടെ സന്തോഷം പങ്കിടാനായി ചിത്രങ്ങള്‍ക്ക് താഴെ കുറിപ്പുകളെഴുതി. 'ഇത് വളരെ മധുരതരമാണ്. നഗരത്തിലെ കുരങ്ങുകളുമായുള്ള കൂടുതൽ പ്രശ്നകരമായ ഏറ്റുമുട്ടലുകളെക്കുറിച്ച് സാധാരണയായി കേൾക്കുന്നു' ഒരു കാഴ്ചക്കാരന്‍ മുന്നറിയപ്പെന്നവണ്ണം പറഞ്ഞു. 'ഇത് അതിശയകരമായ ഒരു ചിത്രമാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.