Asianet News MalayalamAsianet News Malayalam

പിസ കഴിക്കാം, പണം മരണശേഷം മതി; ന്യൂജെൻ മാർക്കറ്റിം​ഗ് തന്ത്രം?

ന്യൂസിലൻഡിൽ നിന്നുള്ള  666 ഉപഭോക്താക്കളെയും ഓസ്‌ട്രേലിയയിൽ നിന്നുള്ള 666 ഉപഭോക്താക്കളെയും ആണ് ആഫ്റ്റർലൈഫ് പേ പ്രോഗ്രാമിനായി തിരഞ്ഞെടുക്കുന്നത് എന്ന് ഹെൽ പിസ്സ കമ്പനി അധികൃതർ അറിയിച്ചു.

pizza buy now pay after you die says pizza chain rlp
Author
First Published May 29, 2023, 1:04 PM IST

ഉപഭോക്താക്കളെ വലയിലാക്കാൻ പലതരത്തിലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ പ്രയോഗിക്കുന്നത് കച്ചവടത്തിൽ സാധാരണമാണ്. എന്നാൽ, ലോകത്തിൽ തന്നെ ഇത് ആദ്യമായിരിക്കും ഇത്തരത്തിൽ ഒരു കച്ചവട തന്ത്രം. തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്തുന്നതിന് ഭാഗമായി ന്യൂസിലാൻഡ് ആസ്ഥാനമായുള്ള ഒരു പിസ ശൃംഖല ഉപഭോക്താക്കൾക്ക് അസാധാരണമായ ഓഫർ നൽകിയിരിക്കുകയാണ്. 

എന്താണെന്നല്ലേ? പിസ കഴിക്കാൻ ആഗ്രഹിക്കുന്നവർ കയ്യിൽ പണമില്ല എന്നു കരുതി ആ ആഗ്രഹം വേണ്ടെന്നു വയ്ക്കേണ്ട. കാരണം പിസ ഇപ്പോൾ കഴിച്ചാലും പണം മരണശേഷം തന്നാൽ മതി എന്നതാണ് കമ്പനിയുടെ വാഗ്ദാനം. കേൾക്കുമ്പോൾ ഏറെ വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. ന്യൂസിലാൻഡിലെ ഹെൽ പിസ ശൃംഖലയാണ് ഇത്തരത്തിൽ ഒരു വേറിട്ട വാഗ്ദാനം ഉപഭോക്താക്കൾക്കായി നൽകിയിരിക്കുന്നത്.

ആവശ്യമുള്ള സാധനങ്ങൾ ഇപ്പോൾ വാങ്ങി പണം പിന്നീട് ഈടാക്കുന്ന രീതിയിലുള്ള കച്ചവടങ്ങൾ ഇന്ന് ന്യൂസിലാൻഡിലെ വിവിധ കച്ചവട സ്ഥാപനങ്ങളിൽ സജീവമാണെങ്കിലും മരണശേഷം പണം മതി എന്ന ഒരു വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത് ഇത് ആദ്യമാണ്. ന്യൂസിലാൻഡിൽ ഇപ്പോൾ സജീവമായുള്ള "ഇപ്പോൾ വാങ്ങൂ, പിന്നീട് പണം നൽകൂ" എന്ന് പദ്ധതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആഫ്റ്റർ ലൈഫ് പേ എന്ന പേരിൽ ഒരു പദ്ധതി ഹെൽ പിസ ആവിഷ്കരിച്ചിരിക്കുന്നത്. 

ന്യൂസിലൻഡിൽ നിന്നുള്ള  666 ഉപഭോക്താക്കളെയും ഓസ്‌ട്രേലിയയിൽ നിന്നുള്ള 666 ഉപഭോക്താക്കളെയും ആണ് ആഫ്റ്റർലൈഫ് പേ പ്രോഗ്രാമിനായി തിരഞ്ഞെടുക്കുന്നത് എന്ന് ഹെൽ പിസ്സ കമ്പനി അധികൃതർ അറിയിച്ചു. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആളുകൾ കമ്പനിയുമായി നിയമസാധ്യതയുള്ള ഒരു കരാറിൽ ഏർപ്പെടണം. മരണശേഷം ഇവർ കഴിച്ച പിസയുടെ പണം ഈടാക്കാൻ കമ്പനിക്ക് അധികാരം നൽകി കൊണ്ടുള്ളതാണ് ഈ കരാർ. ഇതുമായി ബന്ധപ്പെട്ട് മറ്റു ഒരുതരത്തിലുള്ള അധിക ചാർജ്ജുകളും ഈടാക്കില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios