വർഷങ്ങളായി ഒരേ നമ്പറുകൾ ഉപയോഗിച്ച് ലോട്ടറി എടുത്തിരുന്ന മിഷിഗണിലെ ഒരു 69 -കാരിക്ക് ഒടുവിൽ ഭാഗ്യം കനിഞ്ഞു. സമ്മാനമടിച്ചത് 11 കോടി രൂപ. 'ലോട്ടോ 47' എന്ന ലോട്ടറിയിലൂടെയാണ് 69 -കാരിക്ക് ഈ ഭാഗ്യം ലഭിച്ചത്. 

ഒരു ലോട്ടറിയടിച്ചിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. ഏറ്റവും വലിയ ഭാ​ഗ്യങ്ങളിലൊന്നായിട്ടാണ് നാം ലോട്ടറിയെ കാണുന്നത്. വർഷങ്ങളായി ലോട്ടറിയെടുക്കുന്ന അനേകം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതുപോലെ, വർഷങ്ങളായി ഒരേ നമ്പറുകളിൽ ഭാഗ്യം പരീക്ഷിച്ച ഒരു അമേരിക്കൻ വയോധികയെ തേടി ഒടുവിൽ കോടികളുടെ ഭാഗ്യമാണ് എത്തിയത്. മിഷിഗണിൽ നിന്നുള്ള 69 -കാരിക്കാണ് 'ലോട്ടോ 47' ജാക്ക്പോട്ടിലൂടെ 1.2 മില്യൺ ഡോളർ (ഏകദേശം 11.4 കോടി രൂപ) സമ്മാനമായി ലഭിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

താൻ സ്ഥിരമായി ഉപയോഗിക്കാറുള്ള ആറ് നമ്പറുകൾ (02, 16, 18, 19, 26, 42) തന്നെയാണ് അത്തവണയും അവർ തിരഞ്ഞെടുത്തത്. ഒടുവിൽ, മാർച്ച് 11 -ന് നടന്ന നറുക്കെടുപ്പിൽ അവർക്ക് ഈ നമ്പറിൽ 11 കോടി ലോട്ടറി സമ്മാനമടിക്കുകയായിരുന്നു. ഇതുവരെ ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വർഷങ്ങളായി ഒരേ അക്കങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നതിനാൽ ഫലം വന്നപ്പോൾ ലോട്ടറിയടിച്ചത് തനിക്കാണ് എന്ന് മനസിലാക്കാൻ ഒട്ടും സമയം വേണ്ടി വന്നില്ല എന്നാണ് ഇവർ പറയുന്നത്.

'വർഷങ്ങളായി ഒരേ നമ്പറുകൾ തന്നെ ഉപയോഗിക്കുന്നതിനാൽ ഫലം പരിശോധിച്ചപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി. ഉടൻ തന്നെ ഭർത്താവിനെ വിളിച്ചുണർത്തി വിവരം പറഞ്ഞു. ടിക്കറ്റ് ഒന്നുകൂടി പരിശോധിച്ചപ്പോൾ ജയിച്ചു എന്ന് ഞങ്ങൾ ഉറപ്പിച്ചു' എന്നാണ് അവർ പറയുന്നത്.

തനിക്ക് ലഭിച്ച ഈ തുക ഭർത്താവിന്റെ വിശ്രമ ജീവിതത്തിനായി വിനിയോഗിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. 'ഈ സമ്മാനം ലഭിക്കുന്നതോടെ എന്റെ ഭർത്താവിന് ജോലിയിൽ നിന്ന് വിരമിക്കാൻ സാധിക്കും. ഇനി ഞങ്ങൾക്ക് സമാധാനമായി വിശ്രമ ജീവിതം നയിക്കാം' എന്നും അവർ കൂട്ടിച്ചേർത്തു.