സുരേഷ് മഗാരെ, ഗൗരവ് പാട്ടീൽ, സാഗർ പാട്ടീൽ -  മൂന്നുപേരാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ജൽഗാവ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ഇതിൽ സുരേഷ് മഗാരെ മുമ്പ് മഹാരാഷ്ട്ര പൊലീസിൽ സർവീസിലുണ്ടായിരുന്ന ആളാണ്. ക്രിമിനൽ കുറ്റത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട ആളാണ് മഗാരെ. അയാളും സഹതടവുകാരായ രണ്ടു പാട്ടീൽമാരും ചേർന്നുകൊണ്ട്, തോക്കു ചൂണ്ടി ഗാർഡിന്റെ പക്കൽ നിന്ന് ജയിൽ കവാടത്തിന്റെ പൂട്ടിന്റെ താക്കോൽ കരസ്ഥമാക്കിയാണ് ശനിയാഴ്ച പുലർച്ചെ തടവുചാടി കടന്നു കളഞ്ഞത്. 

ജൽഗാവ് ജില്ലയിലെ പൊലീസ് സേനയിൽ ഒരുകാലത്ത് കോൺസ്റ്റബിൾ ആയി ജോലി ചെയ്തിട്ടുണ്ട് സുരേഷ് മഗാരെ. കഴിഞ്ഞ വർഷം ബറോഡയിൽ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ചെടുത്ത് പുണെയിലെത്തി, അവിടെ ഒരു ജ്വല്ലറിയിൽ കൊള്ള നടത്തിയതിന്റെ പേരിലായിരുന്നു മഗാരെയെ പൊലീസ് സേനയിൽ നിന്ന് പുറത്താക്കിയത്. ഗൗരവും സാഗറും 2019 നവംബർ തൊട്ടുതന്നെ ജൽഗാവ് ജയിലിൽ കഴിയുന്ന സ്ഥിരം ക്രിമിനലുകളാണ്. അവരുടെ മേൽ ചാർജ്ജ് ചെയ്യപ്പെട്ടിട്ടുള്ളതും കൊള്ള, വധശ്രമം പോലുള്ള കേസുകളാണ്.

ഗൗരവിനെയും സാഗറിനെയും ശനിയാഴ്ച അതിരാവിലെ അവരുടെ ബാരക്കിൽ നിന്ന് ജയിൽ ഓഫീസ് വൃത്തിയാക്കാൻ വേണ്ടി പുറത്തിറക്കിയിരുന്നു. അവർ ആ ജോലി ചെയ്തുകൊണ്ടിരിക്കെ, മഗാരെ അവർക്കരികിൽ എത്തി. അവർ മൂന്നുപേരും ചേർന്ന് മുൻവാതിലിനരികിലെത്തി അവിടെ പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗാർഡിനെ സമീപിച്ചു. മഗാരെയാണ് തന്റെ കയ്യിലുണ്ടായിരുന്ന പിസ്റ്റൾ ചൂണ്ടി ഗാർഡിനെ ഭീഷണിപ്പെടുത്തി വാതിൽ തുറപ്പിച്ചത്. നാലാമതൊരാൾ, ഇവർ പുറത്തുവരുന്നതും കാത്ത് ജയിലിനു വെളിയിൽ മോട്ടോർ ബൈക്കും സ്റ്റാർട്ട് ചെയ്ത് കാത്തുനിൽപ്പുണ്ടായിരുന്നു. തടവുചാടിയ പുള്ളികൾ മൂന്നും ആ ബൈക്കിന്റെ പിന്നിൽ കയറി നിമിഷനേരം കൊണ്ട് സ്ഥലം വിട്ടു. ജയിൽ അധികൃതർ വിളിച്ചുപറഞ്ഞതിൻപ്രകാരം പൊലീസ് ഉടനടി സ്ഥലത്തെത്തി പരിശോധനകൾ നടത്തി എങ്കിലും അപ്പോഴേക്കും പുള്ളികൾ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. 

തടവുപുള്ളികൾ രക്ഷപ്പെട്ട വിവരം അറിയിച്ചു കൊണ്ട് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ച ജൽഗാവ് അഡിഷണൽ എസ്പി ഭാഗ്യശ്രീ നവ്ടക്കെ പറഞ്ഞത് ഇങ്ങനെ,"ഞങ്ങൾ പല ടീമുകളായി തിരിഞ്ഞ് ജൽഗാവും സമീപസ്ഥ ജില്ലകളും അരിച്ചു പെറുക്കിക്കൊണ്ടിരിക്കുകയാണ് നാലുപേരെയും. ഏത് നിമിഷം വേണമെങ്കിലും അവർ പിടിയിലാകാം. "  എന്തായാലും, തടവുചാടിയ ജയിൽ പുലികളുടെ കയ്യിൽ, ഗാർഡിനെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച പിസ്റ്റൾ എങ്ങനെ എത്തി എന്നതടക്കം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ഗതികേടിലാണ് ബെൽഗാവ് ജയിൽ അധികൃതർ ഇപ്പോൾ. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ കണ്ടെത്താനായി ഒരു ഡിപ്പാർട്ട്മെന്റ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.