ഒക്കെ തകർന്നടിഞ്ഞത് ഒരൊറ്റ ദിവസം കൊണ്ടാണ്. ഞങ്ങളുടെ ബന്ധം തുടങ്ങിയിട്ട് അന്നേക്ക് ആറുമാസം തികഞ്ഞിരുന്നു.  അജ്ഞാതമായ ഏതോ ഒരു നമ്പറിൽ നിന്നും എനിക്കൊരു മെസേജ് വന്നു. " സിദ്ധു ഒരു സൈക്കോ ആണ്.. കുട്ടി സൂക്ഷിക്കണം. ഈ മെസേജ് അവനെ കാണരുത്. എന്നെയവൻ കൊല്ലും.. "  എന്റെ തൊണ്ടക്കുഴിയിലൂടെ ഒരു ഐസുകട്ട താഴേക്കിറങ്ങിപ്പോയ പോലെ തോന്നി. 

പ്രണയം എങ്ങനെയാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത്? പ്രണയം നിരസിക്കുന്നവരെ എങ്ങനെയാണ് പച്ചയ്ക്ക് പെട്രോളൊഴിച്ച് കത്തിക്കാനാവുന്നത്? ബ്ലാക്ക് മെയില്‍ ചെയ്യാനും ജീവിതം തകര്‍ക്കാനും കഴിയുന്നത്? പ്രണയിക്കുന്നവരൊരിക്കലും നമ്മുടെ സ്വത്തല്ല, നമ്മെ പോലെ തിരഞ്ഞെടുപ്പുകളും, ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളും, അവകാശങ്ങളുമുള്ള തികച്ചും സ്വതന്ത്രയായ ഒരു ജീവിയാണ്. അത് മനസിലാക്കാാത്തതാകാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍.. ചിലര്‍ക്ക് മാനസികമായ പ്രശ്നങ്ങളാകാം.. അത് തിരിച്ചറിയേണ്ടതുണ്ട്.. നമ്മെ മാത്രമല്ല, അവരെയും രക്ഷിക്കുന്നതിന്.. (ഒരു സൈക്കോളജിസ്റ്റിന്‍റെ മുന്നിലെത്തിയ ഒരു പെണ്‍കുട്ടിയുടെ അനുഭവം.. )

സ്‌കൂളിൽ പഠിക്കുന്ന കാലത്തൊന്നും എനിക്കൊരു ബോയ് ഫ്രണ്ടുണ്ടായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകൾക്കൊത്ത് പഠിപ്പിൽ മുഴുകിക്കഴിഞ്ഞിരുന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാൻ. എങ്ങനെയും മെഡിക്കൽ കോളേജിൽ പ്രവേശനം നേടണം എന്നതായിരുന്നു എന്റെ ലക്‌ഷ്യം. എന്നെ ഒരു ഡോക്ടറാക്കണം എന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. ഞാൻ പഠിച്ചുതന്നെ അത് നടക്കണം എന്നുള്ള ഒരു വാശി തന്നെയായിരുന്നു എന്റെയുള്ളിലും. പിന്നെ, ഞാൻ പഠിച്ചിരുന്ന കോൺവെന്റ് ഗേൾസ് ഹൈസ്‌കൂളിൽ ഒരു കൗമാരപ്രണയം ഉടലെടുക്കാനുള്ള സാദ്ധ്യതകൾ വളരെ കുറവുമായിരുന്നു. ആൺകുട്ടികളുമായി ആകെ കണ്ടുമുട്ടുന്നത് വൈകുന്നേരത്തെ എൻട്രൻസ് കോച്ചിങ്ങ് ക്‌ളാസിൽവെച്ച് മാത്രമായിരുന്നു. അവിടെയും പഠിപ്പിസ്റ്റുകൾ തന്നെയായിരുന്നു അധികവും ഉണ്ടായിരുന്നത്. 

എന്റെ കൂടെപ്പഠിച്ചിരുന്ന കുട്ടികളൊക്കെയും ലിപ് ഗ്ലോസും നെയിൽ പോളീഷും ഒക്കെയണിഞ്ഞ് മുടിയിൽ പരീക്ഷണങ്ങളൊക്കെ ചെയ്ത് നടന്നപ്പോഴും, ഞാൻ എന്റെ മുടി രണ്ടായി പകുത്തുകെട്ടി മാത്രം നടന്നു. എന്റെ ഡ്രസ്സ് കോഡ് എന്നും കോൺവെന്റിലെ മദർ സുപ്പീരിയർ പറഞ്ഞപടി പാവാട മുട്ടിനു താഴെ നിർത്തി, ഷർട്ട് മുഴുവൻ കുടുക്കുകളുമിട്ട്, ടൈയും കെട്ടി, ഹാഫ് കോട്ടുമിട്ട് കിറുകൃത്യമായിരുന്നു.

അപ്പോൾ നിങ്ങൾ വിചാരിക്കും ഞാനൊരു വളരെ ബോറത്തി ആയിരിക്കുമെന്ന്. എന്റെയുള്ളിൽ ഞാൻ ഇതിൽ നിന്നൊക്കെ വ്യത്യസ്തയായിരുന്നു. എനിക്ക് തോന്നുംപടി നടക്കാൻ പറ്റിയിരുന്ന പെൺകുട്ടികളോട് എന്നും അസൂയയായിരുന്നു. സ്‌കൂൾ വിട്ടുവരുന്ന വഴി മറ്റു സ്‌കൂളുകളിലെ ആങ്കുട്ടികളോട് മിണ്ടുകയും അവരോട് പ്രേമത്തിലാവുകയും സിനിമാ കൊട്ടകയിലെ ഇരുട്ടിൽ കൈകോർത്തുപിടിച്ച് ഇരുന്നതിന്റെ കഥകൾ വന്നു പറഞ്ഞ് എന്നെ കൊതിപ്പിക്കുകയും ചെയ്തിരുന്ന എന്റെ കൂട്ടുകാരികളോട് ഉള്ളിൽ ഈർഷ്യ തോന്നിയിരുന്നു. അവരിൽ പലരും വാലന്റൈൻസ് ഡേക്ക് ചുവന്ന റോസാപ്പൂക്കളും ചോക്കലേറ്റും ഒക്കെ വാങ്ങിവരുമ്പോൾ എനിക്ക് കരച്ചിൽ വന്നിരുന്നു. അവരെപ്പോലെ അങ്ങനൊന്നും പ്രവർത്തിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എന്നോടാണെങ്കിൽ, ഇങ്ങോട്ടുവന്ന് ഒരൊറ്റ ചെക്കനും ഇഷ്ടമാണെന്നു പറഞ്ഞുമില്ല അന്നോളം. 

അങ്ങനെ വിപ്ലവരഹിതമായ എന്റെ കൗമാരജീവിതം, ഭാഗ്യവശാൽ എൻട്രൻസ് എന്ന കടമ്പയും കടന്നുകൂടിയാണ്, ഞാൻ മെഡിക്കൽ കോളേജിൽ എത്തിപ്പെടുന്നത്. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായി. അവിടെയും ഞാനെന്റെ പതിവ് മിണ്ടാപ്പൂച്ച ലൈനിൽ തുടരവെയാണ്, കോളേജിന്റെ ഇടനാഴിയിൽ വെച്ച്, സിദ്ധാര്‍ത്ഥ് എന്ന സീനിയർ സ്റ്റുഡന്റ്, വളരെ സ്വാഭാവികതയോടെ ഒരു തുണ്ട് കടലാസ് എന്റെ കയ്യിൽ പിടിപ്പിച്ച് കടന്നുകളയുന്നത്. കോളേജിൽ വന്നിട്ട് ഒരു മാസം തികഞ്ഞിരുന്നില്ല. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒന്നാമത്, എന്നെപ്പോലെ ഏതാണ്ട് അദൃശ്യയായി നടക്കുന്ന ഒരു പെണ്ണിനോട് ഒരു പയ്യന് ആകർഷണം തോന്നിയിരിക്കുന്നു. രണ്ടാമത്, കോളേജ് രാഷ്ട്രീയത്തിലൂടെയും, യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലൂടെയും ഒക്കെ കോളേജിലെ പെൺകുട്ടികളുടെയെല്ലാം ഹരമായിരുന്ന 'സിദ്ധു ' എന്നറിയപ്പെടുന്ന സിദ്ധാർത്ഥിന് എന്നോട് പ്രണയമാണ് പോലും..! ആദ്യമായി ഒരാൾ എന്നെ സമീപിച്ചതുകൊണ്ടാവും, എന്തോ എനിക്ക് തിരിച്ചും എന്തോ ഒരു ഇഷ്ടമൊക്കെ തോന്നി അവനോട്. 

അങ്ങനെ ഞങ്ങൾ പ്രണയബദ്ധരായി. എന്നിൽ, ഏതോ ഒരു ഗന്ധർവ്വൻ പ്രവേശിച്ച ഫീലാണ് എനിക്ക് തോന്നിയത്. ഇത്രയും കാലം പുരുഷഗന്ധമേൽക്കാതെ കഴിച്ചുകൂട്ടിയ വർഷങ്ങളുടെ കടം ഒറ്റയടിക്ക് വീടുന്ന പോലെ. ഞാൻ ഒരു ജീവിത പങ്കാളിയിൽ നിന്നും എന്തൊക്കെ പ്രതീക്ഷിച്ചിരുന്നുവോ അതൊക്കെ ആയിരുന്നു സിദ്ധു. ഞങ്ങൾക്ക് ഒരുപോലുള്ള ഇഷ്ടങ്ങളായിരുന്നു. ഹിന്ദിപ്പാട്ടുകളെ ഇഷ്ടപ്പെട്ടിരുന്ന, ഗസലുകൾ കേട്ടാൽ രോമാഞ്ചം വന്നിരുന്ന എനിക്കുമുന്നിൽ അവൻ തുറന്നുതന്നത് മെഹ്ദി ഹസ്സന്റെയും, ഗുലാം അലിയുടെയും, ഹരിഹരന്റെയും ഒക്കെ മായിക ലോകമായിരുന്നു. ഞങ്ങൾ ഒരുപോലുള്ള സിനിമകളെ ഇഷ്ടപ്പെട്ടു. ഒരുപോലുള്ള ഭക്ഷണം ഒന്നിച്ചു പങ്കിട്ടു. ഒന്നിച്ച് എത്രയോ സായാഹ്നങ്ങൾ ചെലവിട്ടു. ഞാൻ ഏറെ സുന്ദരിയാണ് എന്ന് അവന്റെ സാമീപ്യം എന്നെ തോന്നിച്ചു. ആനന്ദലബ്ധിക്ക് ഇനിയെന്താണ് വേണ്ടത് അല്ലേ..? 

ഒക്കെ തകർന്നടിഞ്ഞത് ഒരൊറ്റ ദിവസം കൊണ്ടാണ്. ഞങ്ങളുടെ ബന്ധം തുടങ്ങിയിട്ട് അന്നേക്ക് ആറുമാസം തികഞ്ഞിരുന്നു. അജ്ഞാതമായ ഏതോ ഒരു നമ്പറിൽ നിന്നും എനിക്കൊരു മെസേജ് വന്നു. " സിദ്ധു ഒരു സൈക്കോ ആണ്.. കുട്ടി സൂക്ഷിക്കണം. ഈ മെസേജ് അവനെ കാണരുത്. എന്നെയവൻ കൊല്ലും.. " എന്റെ തൊണ്ടക്കുഴിയിലൂടെ ഒരു ഐസുകട്ട താഴേക്കിറങ്ങിപ്പോയ പോലെ തോന്നി. ആരാണിത്.. ? നമ്പർ മനസ്സിലാക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. കിട്ടിയില്ല.. ഇതാരെങ്കിലും എന്നെ കളിപ്പിക്കാൻ പറയുന്നതാവും. ഞാനറിയുന്ന സിദ്ധു എന്തായാലും ഒരു സൈക്കോ ഒന്നുമല്ല. ഇത് ഞങ്ങളുടെ ബന്ധത്തിൽ അസൂയയുള്ള ആരെങ്കിലും ചെയ്തതാവും. അല്ലെങ്കിൽ, അവൻ പറഞ്ഞിട്ടുള്ള അവന്റെ പഴയ കാമുകിമാരിൽ ആരെങ്കിലും കുശുമ്പ് മൂത്ത്.. ഞാൻ ആശ്വസിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 

അതേപ്പറ്റി മറക്കാൻ തന്നെ ഞാൻ ശ്രമിച്ചു. നടന്നില്ല.. ഉള്ളിൽ നിന്നും ഒരു ശബ്ദം എന്നെ വീണ്ടും വീണ്ടും അതേപ്പറ്റി ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. അവനോട് ഒരു ഘട്ടത്തിൽ അതേപ്പറ്റി നേരിട്ട് ചോദിയ്ക്കാൻ വരെ ഞാനാഞ്ഞതാണ്. പിന്നെ അവസാന നിമിഷം അതിൽ നിന്നും പിന്മാറി. 

എന്തോ, ആ മെസ്സേജ് അവഗണിക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ ഒരു മറുപടി അയച്ചു, " ആരാണിത്, നിങ്ങൾക്കെന്തുവേണം...? " മെസേജയച്ചതുമുതൽ എനിക്ക് സ്വസ്ഥതയുണ്ടായിരുന്നില്ല. ക്‌ളാസിൽ ശ്രദ്ധിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഒരുവക കഴിക്കാനും. എന്റെ ഫോൺ റിങ്ങ് ചെയ്യുന്നതും കാത്തുകാത്ത് ഞാനിരുന്നു. 

"എന്ത് പറ്റിയെടീ..? നീ ആകെ മൂഡൗട്ട് ആണല്ലോ.. " കാന്റീനിൽ എന്റെ വിരലുകളിൽ പിടിച്ചിരുന്നുകൊണ്ട് സിദ്ധു ചോദിച്ചു. അവനെ എനിക്ക് ഫെയ്‌സ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ധൈര്യം സംഭരിച്ച് ഞാൻ അവനെ നോക്കി. അതുവരെ പെർഫെക്റ്റ് ആയിരുന്ന അവന്റെ ഭാവഹാവങ്ങളിൽ അപ്പോൾ മുതൽ എനിക്ക് എന്തൊക്കെയോ അപകടങ്ങൾ മണത്തുതുടങ്ങി. അന്ധമായ പ്രേമത്തിന്റെ ആദ്യത്തെ തള്ളിക്കയറ്റത്തിൽ ഞാൻ അവഗണിച്ച പലതും അപ്പോൾ മുതൽ എന്റെ കണ്ണുകൾ പിടിച്ചെടുക്കാൻ തുടങ്ങി. എന്തോ പ്രശ്നമുണ്ട് എന്നെന്റെ മനസ്സ് വീണ്ടും വീണ്ടും എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ഞാൻ കൈ വിടുവിച്ച് ടോയ്‌ലറ്റിലേക്ക് പോയി. 

മുഖം കഴുകി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ, " ബീപ്പ്.. ബീപ്പ്.. " എന്റെ ഫോണിൽ വീണ്ടും ഒരു മെസേജ് കൂടി വന്നു. "കാൾ മി @ 5 pm. ഞാൻ പറഞ്ഞിട്ട് നിനക്ക് ബോധ്യം വരുന്നില്ലെങ്കിൽ, പിന്നെ ഞാനൊരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരില്ല.." അഞ്ചാകാൻ ഇനിയും അരമണിക്കൂർ കൂടിയുണ്ട്. നല്ല തലവേദന എന്ന് സിദ്ധുവിനോട് കള്ളം പറഞ്ഞ് ഞാൻ എന്റെ ഹോസ്റ്റലിലേക്ക് നടന്നു. റൂമിൽ ചെന്നിരുന്ന് അഞ്ചുമണിയടിച്ചതും ഫോണെടുത്ത് ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു. പേടിച്ചരണ്ട ഒരു ശബ്ദം അപ്പുറത്ത് ഫോണെടുത്തു. "ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. ഇനി പറയുന്നതിൽ വാസ്തവമുണ്ടെങ്കിൽ പറയൂ. സിദ്ധു നിന്നോട് നിന്നെ കണ്ടപ്പോഴേ നീ അവന്റെ സോൾമേറ്റ് ആണെന്ന് തോന്നി എന്ന് പറഞ്ഞുവോ..? നീ ചെയ്യുന്നതിനോടൊക്കെ വല്ലാത്തൊരിഷ്ടം തോന്നിയെന്നും. നിന്റെ ഇഷ്ടങ്ങൾ അവന്റെ ഇഷ്ടങ്ങളുടെ നേർപകർപ്പാണെന്നും അവൻ പറഞ്ഞോ..? അവന്റെ കുട്ടിക്കാലമൊക്കെ പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു, അച്ഛനും അമ്മയും എന്നും വഴക്കായിരുന്നു, ഒറ്റപ്പെട്ട ബാല്യമായിരുന്നു എന്നൊക്കെ..? വല്ലാത്ത കൺട്രോൾ ഫ്രീക്ക് ആയ അമ്മയെപ്പറ്റി..? വളരെ പോസെസ്സിവ് ആയിരുന്ന പഴയൊരു ഗേൾഫ്രണ്ടിനെപ്പറ്റി..? അവന് ഇടയ്ക്കിടെ അസുഖം വരാറുണ്ടോ..? അല്ലെങ്കിൽ അവന് കുറച്ചു കൊല്ലം മുന്നേ മാരകമായ ഒരു അസുഖം വന്ന് ഭാഗ്യവശാൽ സുഖപ്പെട്ടതാണോ..? നല്ലപോലെ ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി.. "

നിമിഷനേരം കൊണ്ട് എന്റെ കാലിനടിയിലെ മണ്ണെല്ലാം ഒലിച്ചുപോയ പോലെ തോന്നി എനിക്ക്. എന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ ആറുമാസങ്ങളെക്കുറിച്ച് ഇത്രമേൽ അച്ചട്ടായി അവൾ എങ്ങനെ അറിഞ്ഞുവെച്ചിരിക്കുന്നു..? ആകെ വീർപ്പുമുട്ടാൻ തുടങ്ങി എനിക്കാ ഹോസ്റ്റൽ മുറിയ്ക്കകത്തിരുന്ന്. "നിങ്ങൾക്കിതൊക്കെ.. എങ്ങനെ.. ആരുപറഞ്ഞു.. " എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. തൊണ്ടക്കുഴിയിൽ ഒരു കരച്ചിൽ വന്ന് കാത്തുനിന്നു. 

എന്റെ ഗതികേട് മനസ്സിലാക്കിയിട്ടാവും അവൾ നേരെ കാര്യത്തിലേക്ക് കടന്നു, "നോക്കൂ കുട്ടി.. എന്റെ ജീവിതം തുലച്ചത് അവനാണ്.. അതുകൊണ്ടാണ്, അവൻ നീയുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഞാൻ ഒരു മുന്നറിയിപ്പ് തരാം എന്ന് കരുതിയത്. എന്നെപ്പോലെ മറ്റൊരാളും അതൊന്നും അനുഭവിക്കേണ്ടി വരരുത് എന്നെനിക്ക് നിർബന്ധമുണ്ട്. എനിക്ക് മുമ്പും അവൻ ഇതുപോലെ എത്രയോ പെൺകുട്ടികളുടെ ജീവിതം തുലച്ചിട്ടുണ്ട്. പക്ഷേ, നിന്നോട് അവനത് ചെയ്യരുത് എന്ന് എനിക്കാഗ്രഹമുണ്ട്. വൈകിയിട്ടില്ലെങ്കിൽ അവനിൽ നിന്നും എത്ര ദൂരേക്ക് പോകാമോ അത്രയും ദൂരേക്ക് നീ പോകൂ കുട്ടീ.. ഞാൻ നിന്നോട് ഇങ്ങനെയെല്ലാം പറഞ്ഞു എന്ന് ഒരുകാരണവശാലും അവനറിയരുത്.. നിനക്കവനെ ഇനിയും വേണ്ടപോലെ അറിയില്ല. ഇതറിഞ്ഞാൽ എന്നെ കൊല്ലാനും മടിക്കില്ല അവൻ.. " അവിചാരിതമായി ആ കോൾ കട്ടായി. 

അകത്തിരുന്ന് വിമ്മിട്ടം ഏറിയപ്പോൾ ഒരു ചായകുടിച്ച്, ഇത്തിരി ശുദ്ധവായു ശ്വസിച്ചിട്ടുവരാം എന്ന് കരുതി ഞാൻ ഹോസ്റ്റലിന്റെ ഗേറ്റുകടന്ന് വെളിയിൽ വന്നു. പെട്ടെന്ന് ആരോ ഒരാൾ എന്റെ കയ്യിൽ കേറിപ്പിടിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ അത് സിദ്ധുവായിരുന്നു. "ആരോടായിരുന്നു നീ ഇത്രേം നേരം കൊഞ്ചിക്കൊണ്ടിരുന്നത്..? എത്ര വട്ടം വിളിച്ചു ഞാൻ.. കാൾ വെയ്റ്റിങ്ങ് ആയിട്ടും എടുക്കാഞ്ഞതെന്താ എന്റെ കോൾ..?" ഒറ്റവീർപ്പിന് അവൻ ഒരുപിടി ചോദ്യങ്ങൾ ചോദിച്ചുകഴിഞ്ഞു. അതുവരെ ഞാൻ കണ്ട സിദ്ധുവിനെ മുഖമല്ലായിരുന്നു അത്. രക്തം ഇരച്ചു കേറി അവന്റെ വെളുത്ത മുഖം ചുവന്നുതുടുത്തിരുന്നു. ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു അവൻ. 

"കൈ വിട് സിദ്ധു.. വേദനിക്കുന്നു എനിക്ക്.. " ഞാൻ പറഞ്ഞു. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ കുടുകുടാ ഒഴുകി. എന്റെ കയ്യിലേക്ക് ആറുമാസം മുമ്പൊരു തുണ്ടുകടലാസിൽ ഇഷ്ടമാണ് എന്നെഴുതിപ്പിടിപ്പിച്ച ആ പയ്യനല്ല ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത്. 

എന്റെ കരച്ചിൽ കണ്ടപ്പോൾ അവൻ ഒന്ന് മയപ്പെട്ടു.. " സോറി.. സോറി.. സോറി.. പറയൂ.. നീ എന്താ ഫോണെടുക്കാഞ്ഞത്... ആരായിരുന്നു ഫോണിൽ..? " അവൻ ഒന്ന് സോഫ്റ്റായെങ്കിലും, അവന്റെ കണ്ണുകളിലെ ക്രൗര്യം അടങ്ങിയിട്ടില്ലായിരുന്നു. 

"വിടെന്നെ.. " എന്നും പറഞ്ഞ് ഞാൻ തിരികെ ഹോസ്റ്റലിന്റെ അകത്തേക്കുതന്നെ പോയി. 

അന്ന് രാത്രിയിൽ മാത്രം അവന്റെ ഫോണിൽ നിന്നും എനിക്ക് വന്നത് 245 മിസ്സ്ഡ് കോളുകളായിരുന്നു. ഞാൻ എടുത്തില്ല. ഭീഷണിപ്പെടുത്തലിൽ തുടങ്ങി അപേക്ഷയിലും കരച്ചിലിലും മുങ്ങി, വീണ്ടും ഭീഷണിയുടെ സ്വരമാർജ്ജിച്ച പത്തുനൂറ് വാട്ട്സ്ആപ്പ് സന്ദേശങ്ങളും വന്നു പിന്നാലെ. അവന്റെ എല്ലാ ഇൻസെക്യൂരിറ്റീസും കൂടി ഒരൊറ്റ വൈകുന്നേരം കൊണ്ട് അടർന്നുവീണു എന്റെ മുന്നിൽ. 

എന്നോട് അവനെപ്പറ്റി ആരോ വന്നു എന്തൊക്കെയോ വെളിപ്പെടുത്തിയിട്ടുണ്ട് എന്നവന് മനസിലായതോടെ അവൻ ആകെ പകച്ചു. പിന്നെ ഡാമേജ് കൺട്രോൾ മോഡിലേക്ക് അവന്‍ മാറി.. ആകെ പരിഭ്രാന്തനായി എന്നെ സ്വാധീനിക്കാനായി അവൻ പലതും ചെയ്തുകൂട്ടി. ഞാനും ആകെ പകച്ചുപോയി. എനിക്ക് എന്റെ ജീവനിൽ ചെറുതല്ലാത്ത കൊതിയുണ്ടായിരുന്നു. അവനെ ഞാൻ എന്റെ ജീവിതത്തിലെ ഒരു വിധം എല്ലാ വഴികളിൽ നിന്നും ബ്ലോക്കുചെയ്തു. ആ കൊല്ലത്തെ പരീക്ഷകഴിഞ്ഞ് അടുത്ത കൊല്ലം ഞാൻ കോളേജ് തന്നെ മാറി. 

രണ്ടുവർഷങ്ങൾക്കിപ്പുറം, ഇന്ന് പേപ്പറിൽ വായിച്ച ഒരു തലക്കെട്ട് എന്റെയുള്ളിൽ ഞാൻ ബോധപൂർവം കുഴിച്ചുമൂടിയ ആ ഭൂതകാലത്തിന്റെ ചാമ്പലുകളെല്ലാം മാറ്റി കനൽക്കട്ടകൾ വെളിപ്പെടുത്തി. " പ്രണയം നിരസിച്ചതിന് യുവാവ് യുവതിയെ കത്തി കൊണ്ട് കുത്തിയ ശേഷം, പെട്രോളൊഴിച്ച് തീ കൊളുത്തി.. "

അന്നെന്നെ രക്ഷിച്ച ആ അജ്ഞാത യുവതിയോട് ഞാൻ മനസ്സിൽ വീണ്ടും വീണ്ടും നന്ദിപറഞ്ഞു. പ്രേമം പലപ്പോഴും അന്ധമാണെന്നു പറയാറുണ്ട്. ഇതുവായിക്കുന്ന എല്ലാ പെൺകുട്ടികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ. കൈവെള്ളയിലെ രേഖകൾ പോലെ അറിഞ്ഞ ശേഷം മാത്രമേ നിങ്ങൾ ഒരാളെ പ്രേമിക്കാവൂ.. ജീവിതം പലപ്പോഴും രണ്ടാമത് ഒരു അവസരം തന്നെന്നു വരില്ല. ഒരാളെയും നിങ്ങളുടെ ജീവിതത്തിനു വിധിയെഴുതാൻ നിങ്ങൾ അനുവദിക്കരുത്. തിരിച്ചു നടക്കാനാവാത്ത ഒരു ദൂരവും നിങ്ങൾ താണ്ടരുത്.