Asianet News MalayalamAsianet News Malayalam

Walking Pink Fish : 'നടക്കാന്‍' കഴിയുന്ന അപൂര്‍വ്വമല്‍സ്യത്തെ 22 വര്‍ഷത്തിനു ശേഷം കണ്ടെത്തി

ഈ മത്സ്യത്തിന്റെ പ്രത്യേകത അതിന് കൈകള്‍ പോലുള്ള ചിറകുകളുണ്ട് എന്നതാണ്. ഇത് അതിനെ നീന്തുന്നതിനൊപ്പം, നടക്കാനും സഹായിക്കുന്നു.  
 

Rare walking pink fish spotted after 22 years
Author
Australia, First Published Dec 25, 2021, 6:35 PM IST

ഓസ്ട്രേലിയയിലെ ടാസ്മാനിയന്‍ തീരത്ത് നടക്കാന്‍ കഴിയുന്ന ഒരു ഇനം അപൂര്‍വ മത്സ്യത്തെ 22 വര്‍ഷത്തിന് ശേഷം വീണ്ടും കണ്ടെത്തി.  ഓസ്ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന ഈ പിങ്ക് ഹാന്‍ഡ് ഫിഷിനെ മുന്‍പ് നാല് തവണ മാത്രമേ കാണാന്‍ സാധിച്ചിട്ടുള്ളൂ. അതും അവസാനമായി കാണുന്നത് 1999-ലാണ്. പിങ്ക് ഹാന്‍ഡ്ഫിഷ് എന്നറിയപ്പെടുന്ന ഈ മല്‍സ്യത്തെ ഒരു മുങ്ങല്‍ വിദഗ്ധനാണ് ടാസ്മാനിയ തീരത്ത് അവസാനമായി കണ്ടത്. ഈ മത്സ്യത്തിന്റെ പ്രത്യേകത അതിന് കൈകള്‍ പോലുള്ള ചിറകുകളുണ്ട് എന്നതാണ്. ഇത് അതിനെ നീന്തുന്നതിനൊപ്പം, നടക്കാനും സഹായിക്കുന്നു.  

കുറേകാലം കാണാതായപ്പോള്‍, ഉദ്യോഗസ്ഥര്‍ മത്സ്യത്തെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം ഒരു മറൈന്‍ പാര്‍ക്കില്‍ സ്ഥാപിച്ച ആഴക്കടല്‍ ക്യാമറയിലൂടെയാണ് അവയെ വീണ്ടും ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തിയത്. ആംഗ്ലര്‍ഫിഷ് കുടുംബത്തിലെ അംഗമാണ് പിങ്ക് ഹാന്‍ഡ്ഫിഷ്.  ഈ മത്സ്യത്തെ കുറിച്ച് വളരെ കുറിച്ച് മാത്രമേ ഇപ്പോള്‍ അറിയൂ. ആഴം കുറഞ്ഞ വെള്ളത്തിലാണ് ഇത് ജീവിക്കുന്നതെന്നായിരുന്നു ഗവേഷകര്‍ ഇതുവരെ കരുതിയിരുന്നത്.  എന്നാല്‍ അവയെ ഇപ്പോള്‍ കണ്ടെത്തിയത് അതിലും ആഴമേറിയ സമുദ്ര അടിത്തട്ടിലാണ്.  അതായത്, ടാസ്മാനിയയുടെ വന്യമായ തെക്കന്‍ തീരത്ത് നിന്ന് 150 മീറ്റര്‍ താഴ്ചയിലാണ് ഇതിനെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓസ്ട്രേലിയന്‍ സമുദ്ര ഗവേഷകര്‍ ടാസ്മാന്‍ ഫ്രാക്ചര്‍ മറൈന്‍ പാര്‍ക്കിന്റെ കടലിനടിയില്‍ ഒരു അണ്ടര്‍വാട്ടര്‍ ക്യാമറ സ്ഥാപിച്ചത്. ഈ വര്‍ഷാവസാനം അവര്‍ അതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്, പിങ്ക് നിറത്തിലുള്ള ഹാന്‍ഡ് ഫിഷിന്റെ ദൃശ്യങ്ങള്‍ കണ്ടത്. ഈ പാര്‍ക്ക് 4,000 മീറ്റര്‍ ആഴത്തില്‍ വസിക്കുന്ന സമുദ്രജീവികളെ വരെ പര്യവേക്ഷണം ചെയ്യാന്‍ ശാസ്ത്രജ്ഞരെ അനുവദിക്കുന്നു. പ്രധാന ഗവേഷകനും മറൈന്‍ ബയോളജിസ്റ്റുമായ നെവില്‍ ബാരറ്റ് ഈ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിന് പ്രതീക്ഷ നല്‍കുന്ന ഒന്നാണ് ഈ കണ്ടെത്തല്‍ എന്ന് അവകാശപ്പെടുന്നു. ടാസ്മാനിയയ്ക്ക് ചുറ്റും കാണപ്പെടുന്ന 14 ഇനം കൈകളുള്ള മത്സ്യ വര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഈ ഹാന്‍ഡ്ഫിഷ്. പിങ്ക് നിറത്തിലുള്ള അവ വളരെ ചെറുതും കണ്ടുപിടിക്കാന്‍ പ്രയാസവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവയ്ക്ക് ഏകദേശം 15 സെന്റീമീറ്റര്‍ വലിപ്പമുണ്ട്.


 

Follow Us:
Download App:
  • android
  • ios