അനക്കോണ്ട കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന മൃഗശാല ജീവനക്കാരൻ; വീഡിയോ വൈറലാകുന്നു
തനിക്കു മുൻപിൽ തുറന്നു വെച്ചിരിക്കുന്ന ഒരു പെട്ടി നിറയെ അനക്കോണ്ട കുഞ്ഞുങ്ങളുമായി അവയുടെ പ്രത്യേകതകളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നതാണ് വീഡിയോ. ഇതിനിടയിൽ ചിലത് പെട്ടിക്ക് പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതും അപ്പോൾ അദ്ദേഹം പിടിച്ച് അകത്തേക്ക് ഇടുന്നതും കാണാം.

പാമ്പ് നമുക്ക് ഒരു ഭീകരജീവി തന്നെയാണ്. അത് എത്ര ചെറുതായാലും വലുതായാലും. അല്പം ഭയത്തോടെയല്ലാതെ പാമ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലും പലപ്പോഴും നമുക്ക് കേട്ടിരിക്കാൻ ആവില്ല. സാമൂഹിക മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ജെയ് ബ്രൂവർ എന്ന മൃഗശാല സൂക്ഷിപ്പുകാരൻ കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആരെയും ഒന്ന് ഭയപ്പെടുത്തും. ഒരു പെട്ടി നിറയെ അനക്കോണ്ട പാമ്പിൻ കുഞ്ഞുങ്ങളുമായി കളിക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള അദ്ദേഹത്തിൻറെ ഈ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ കണ്ടത് 2 ലക്ഷത്തിലധികം ആളുകളാണ്. തെക്കേ അമേരിക്കയിലെ ഒരു മൃഗശാലയിൽ ജനിച്ച അനക്കോണ്ടയുടെ കുഞ്ഞുങ്ങൾ ആണ് ഇവ. മഞ്ഞ അനക്കോണ്ട വിഭാഗത്തിൽ പെട്ടതാണെന്നും അതുകൊണ്ടുതന്നെ പച്ച അനക്കോണ്ട പോലെ ഭീകരൻ ആയിരിക്കില്ലെന്നും അദ്ദേഹം വീഡിയോയോട് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ പറയുന്നുണ്ട്. പച്ച അനക്കോണ്ടകൾക്ക് 25 അടി വരെ നീളമുണ്ടായിരിക്കുമെന്നും എന്നാൽ മഞ്ഞ അനക്കോണ്ടകൾ 10 മുതൽ 12 അടി വരെ മാത്രമേ വളരുകയുള്ളൂ എന്നും ഇദ്ദേഹം പറയുന്നു. കൂടാതെ ഇവയ്ക്ക് ഒറ്റപ്രസവത്തിൽ 60 കുഞ്ഞുങ്ങൾ വരെ ഉണ്ടാവും.
തനിക്കു മുൻപിൽ തുറന്നു വെച്ചിരിക്കുന്ന ഒരു പെട്ടി നിറയെ അനക്കോണ്ട കുഞ്ഞുങ്ങളുമായി അവയുടെ പ്രത്യേകതകളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നതാണ് വീഡിയോ. ഇതിനിടയിൽ ചിലത് പെട്ടിക്ക് പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതും അപ്പോൾ അദ്ദേഹം പിടിച്ച് അകത്തേക്ക് ഇടുന്നതും കാണാം. കൂടാതെ അദ്ദേഹം കയ്യിലെടുക്കാനായി ശ്രമിക്കുമ്പോൾ കയ്യിൽ കൊത്താൻ ആയി മുകളിലേക്ക് ഉയർന്നു ചാടുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇവയൊന്നും അദ്ദേഹത്തെ തെല്ലും ഭയപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല വളരെ നിഷ്പ്രയാസം അദ്ദേഹം അവയെ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
ഇതിനുമുൻപും അദ്ദേഹം മൃഗങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ വലിയ ചീങ്കണ്ണിയെയും പാമ്പിനെയും തോളിൽ കയറ്റുന്നത് മുതൽ ഉറുമ്പുകൾക്ക് ഭക്ഷണം കൊടുക്കുന്നത് വരെ ഉൾപ്പെടുന്നു. ഏതായാലും വലിയ സ്വീകാര്യതയാണ് ജെയ് ബ്രൂവറിന്റെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.