കഠിനമായ ജോലിഭാരം മൂലം തളർന്ന യുവാക്കൾക്കായി 'റിട്ടയർമെന്‍റ് ഹോം'. ചൈനയിലെ 'ലയിംഗ് ഫ്ലാറ്റ്' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ കേന്ദ്രം യുവാക്കൾക്ക് തിരക്കിട്ട ജീവിതത്തിൽ നിന്ന് ഒരു ഇടവേളയൊരുക്കി മാനസികാരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു.
സാധാരണയായി ജോലിയിൽ നിന്നും വിരമിച്ച പ്രായമായവർക്കാണല്ലോ 'റിട്ടയർമെന്‍റ് ഹോമുകൾ' ഉള്ളത്. എന്നാൽ മലേഷ്യയിൽ ഇപ്പോൾ യുവാക്കൾക്കായി ഒരു റിട്ടയർമെന്‍റ് ഹോം ആരംഭിച്ചിരിക്കുകയാണ്. കഠിനമായ ജോലിഭാരവും മത്സരബുദ്ധിയുള്ള തൊഴിൽ സംസ്കാരവും കാരണം 25-ാം വയസ്സിൽ തന്നെ ജീവിതം മടുത്തുവെന്ന് പറയുന്ന യുവാക്കൾക്കായാണ് ഈ വിശ്രമകേന്ദ്രം തുറന്നിരിക്കുന്നത്.
ബ്രേക് ഫ്രം ജോബ്
മലേഷ്യയിലെ പേരാക്പ്രവിശ്യയിലെ ഗോപെങ്ങിലാണ് യുവാക്കൾക്കായുള്ള ഈ റിട്ടയർമെന്‍റ് ഹോം സ്ഥിതി ചെയ്യുന്നത്. എട്ട് ഏക്കറോളം വരുന്ന പ്രകൃതിരമണീയമായ സ്ഥലത്താണ് ഇത് ഒരുക്കിയിരിക്കുന്നത്. ആധുനീക കാലത്തെ ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും കാരണം തളർന്നുപോയ യുവാക്കൾക്ക് ഒരു 'ബ്രേക്ക്' നൽകുക എന്നതാണ് ഇത്തരം റിട്ടയർമെന്‍റ് ഹോമുകളുടെ ലക്ഷ്യം. ചൈനയിൽ പ്രചാരത്തിലുള്ള 'ലയിംഗ് ഫ്ലാറ്റ്' എന്ന ആശയത്തിൽ നിന്നുമാണ് ഇത് രൂപമെടുത്തത്. അതായത്, ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾ നിർത്തിവെച്ച് കുറച്ചുനാൾ ഒന്നും ചെയ്യാതെ വിശ്രമിക്കുക.
ഒരു മാസം താമസിക്കുന്നതിന് ഏകദേശം 2,000 മലേഷ്യൻ റിംഗിറ്റ് (ഏകദേശം 38,000 - 40,000 ഇന്ത്യൻ രൂപ) ആണ് ചിലവ്. താമസവും ഭക്ഷണവും ഇതിൽ ഉൾപ്പെടും. ഇവിടെ കൃത്യമായ സമയക്രമങ്ങളോ, ടാർഗറ്റുകളോ, മീറ്റിംഗുകളോ ഒന്നുമില്ല. എപ്പോൾ വേണമെങ്കിലും ഉറങ്ങാം, ഉണരാം. പച്ചക്കറി കൃഷി ചെയ്യാനോ, അവിടുത്തെ താറാവുകളെ നോക്കി ഇരിക്കാനോ അല്ലെങ്കിൽ വെറുതെ പകൽക്കിനാവ് കണ്ടിരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്.
ഫുൾ ബുക്കിംഗ്
ഈ റിട്ടയർമെന്‍റ് ഹോം തുറന്ന ഉടൻ തന്നെ അടുത്ത മാസങ്ങളിലേക്കുള്ള ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞു. യുവാക്കൾക്കിടയിൽ ജോലി സംബന്ധമായ മാനസിക സമ്മർദ്ദം എത്രത്തോളം രൂക്ഷമാണെന്ന് ഇത് തെളിയിക്കുന്നു. ഈ വ്യത്യസ്തമായ ആശയത്തിന് പിന്നിൽ പ്രായമായവർക്കായുള്ള നഴ്സിംഗ് ഹോം നടത്തുന്ന ഒരു കുടുംബമാണ്. ആളുകൾ എന്തിനാണ് വിശ്രമിക്കാൻ വാർദ്ധക്യം വരെ കാത്തിരിക്കുന്നതെന്ന ചിന്തയാണ് യുവാക്കൾക്കായി ഇത്തരമൊരു ഇടം ഒരുക്കാൻ പ്രചോദനമായത്. യുവാക്കൾക്ക് തങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കാനും ജീവിതത്തെ പുതിയ കാഴ്ചപ്പാടോടെ കാണാനും ഈ വിശ്രമകേന്ദ്രം സഹായിക്കുമെന്നാണ് കരുതുന്നത്.


