ബീഹാറിൽ ഒരു മിസ്ഡ് കോളിലൂടെ പ്രണയത്തിലായ 60-കാരിയും 35-കാരനും വിവാഹിതരായി. എന്നാൽ, സ്ത്രീയുടെ ഭർത്താവും മകനും ചേർന്ന് ഇരുവരെയും ബസ് സ്റ്റാൻഡിൽ വെച്ച് പിടികൂടിയതോടെ സംഭവം സംഘർഷത്തിൽ കലാശിച്ചു. പോലീസ് ഇടപെട്ട് ഇരുവരെയും കസ്റ്റഡിയിലെടുത്തു.

ബീഹാറിൽ നിന്നുള്ള ഒരു പ്രണയ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ സജീവ വിഷയം. ഒരു മിസ്ഡ് കോളിൽ ആരംഭിച്ച 60 -കാരിയുടെയും 35 -കാരനായ യുവാവിന്‍റെയും പ്രണയം ഒടുവിൽ ഭർത്താവും മക്കളും കണ്ടെത്തി. പ്രണയത്തിന് പ്രായമൊരു തടസമല്ലെന്ന വാദം വീണ്ടും ഊട്ടിയുറപ്പിക്കുന്നായി ഇരുവരുടെയും പ്രണയം. പ്രായത്തെയും സാമൂഹിക മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തിയുള്ള ഈ പ്രണയ കഥ സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധ പിടിച്ച് പറ്റി.

ഭർത്താവ്, തങ്ങൾ വിവാഹിതർ

ജനുവരി 11 -ാം തിയതി ബീഹാറിലെ അമർപൂർ ബസ് സ്റ്റാൻഡിൽ വെച്ച് സ്ത്രീയുടെ ഭർത്താവും മകനും പ്രണയിനികളെ കൈയ്യോടെ പിടികൂടിയപ്പോഴാണ് അസാധാരണമായ ഈ പ്രണയ ബന്ധം വെളിച്ചത്തുവന്നതെന്ന് എൻഡിടിവി ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 60 വയസ്സുള്ള സ്ത്രീ 35 വയസ്സുള്ള വക്കീൽ മിശ്ര എന്ന യുവാവുമായി പ്രണയത്തിലായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇരുവരെയും ഒന്നിച്ച് കണ്ട സ്ത്രീയുടെ ഭർത്താവും മകനും ചേർന്ന്, ബസ് സ്റ്റാന്‍ഡിൽ വച്ച് വക്കീൽ മിശ്രയെ അക്രമിച്ചു. ഇരുവരുടെയും പ്രണയം അംഗീകരിക്കാൻ ഭ‍ർത്താവോ മകനോ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പൊതുവിടത്ത് വച്ച് നടന്ന സംഘർഷം പെട്ടെന്ന് തന്നെ പൊതുജനശ്രദ്ധ നേടി. പിന്നാലെ ആള് കൂടി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ സ്ത്രീ, തന്‍റെ കാമുകനായ യുവാവിനെ കെട്ടിപ്പിടിച്ച് കരയുന്നത് കാണാം. 'ഇത് എന്‍റെ ഭർത്താവാണ്. ഞാൻ അദ്ദേഹത്തെ മനസ്സോടെയും സന്തോഷത്തോടെയും വിവാഹം കഴിച്ചു' എന്ന് അവർ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഭർത്താവിന്‍റെയും മകന്‍റെയും അക്രമണം തടയാൻ ഒടുവിൽ മറ്റുള്ളവർ ഇടപെട്ടു. പിന്നാലെ എല്ലാവരെയും അമർപൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

Scroll to load tweet…

ഹലോ, റോംഗ് നമ്പർ

ഏകദേശം നാല് മാസം മുമ്പ് ഒരു 'റോംഗ് നമ്പർ' ഫോൺ കോളിൽ നിന്നാണ് ഇരുവരുടെയും അസാധാരണമായ ബന്ധം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ആ ഫോണ്‍ കോളിന് പിന്നാലെ വക്കീൽ മിശ്രയുമായുള്ള സ്ത്രീയുടെ ആദ്യ സംഭാഷണം ആരംഭിച്ചു. പിന്നാലെയുള്ള വിളികൾ ഇരുവരെയും പ്രണയത്തിലേക്ക് നയിച്ചു. ഒടുവിൽ അവർ ഭഗൽപൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടാൻ തീരുമാനിച്ചു. അവിടെ നിന്നും ഇരുവരും ലുധിയാനയിലേക്ക് പോയി, അവിടെ വച്ച് പരസ്പര സമ്മതത്തോടെ ഇരുവരും വിവാഹിതരായി. പിന്നാലെ ഒരുമിച്ച് താമസവും തുടങ്ങിയെന്ന് സ്ത്രീ പോലീസുകാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. കേസിന്‍റെ നിയമവശങ്ങൾ പരിശോധിക്കുകയാണെന്ന് പോലീസ് പിന്നീട് അറിയിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.