ഒരു ദശാബ്ദമായി കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ അമർനാഥ് പുരി, രാജ്യത്തെ മാറിയ ജീവിത സാഹചര്യങ്ങളെക്കുറിച്ച് പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുന്നു. വർധിച്ച ജീവിതച്ചെലവും സാമ്പത്തിക സമ്മർദവും കാരണം ജീവിതം പഴയതുപോലെ ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഈ അഭിപ്രായത്തിന് സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ഒരു ദശാബ്ദത്തോളമായി കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ അമർനാഥ് പുരി പങ്കുവെച്ച ജീവിതാനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടി. കാനഡയിലെത്തിയ കാലത്തുണ്ടായിരുന്ന ജീവിതമല്ല ഇപ്പോഴത്തേതെന്നും ജീവിതച്ചെലവ്, സാമ്പത്തിക സമ്മർദം, ജോലി ഭാരം തുടങ്ങിയ കാര്യങ്ങളിൽ വലിയ മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം അവകാശപ്പെടുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കാനഡയിലെ കഴിഞ്ഞ വർഷങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് അമർനാഥ് പുരി വിശദീകരിച്ചത്.
കാനഡ പഴയ കാനഡയല്ല
താൻ കാണുന്ന ഇന്നത്തെ കാനഡ, ആദ്യമായി എത്തിയ സമയത്തുണ്ടായിരുന്ന കാനഡയിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ. നിത്യച്ചെലവുകൾ വർധിച്ചതിനൊപ്പം സാമ്പത്തിക സമ്മർദവും കൂടിയെന്നും പലരും കൂടുതൽ സമയം ജോലി ചെയ്തിട്ടും ജീവിതം ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു. പുരിയുടെ അഭിപ്രായത്തിൽ, നിരവധി ആളുകളുടെ ദൈനംദിന ജീവിതം ഇപ്പോൾ ജോലി, ബില്ലുകൾ, വാടക അല്ലെങ്കിൽ ഭവനവായ്പ, കുടുംബ ഉത്തരവാദിത്തങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ചുറ്റിക്കറങ്ങുകയാണ്. ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ ആസ്വദിക്കുന്നതിനേക്കാൾ ഇന്ന് ഓരോ ദിവസവും ഏങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന ആശങ്കയിലും അതിനായുള്ള ശ്രമത്തിലുമാണ് പലരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അനുകൂലിച്ച് നെറ്റിസെൺസ്
അമർനാഥ് പുരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ സമ്മിശ്രമായ പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. വർഷങ്ങളായി കാനഡയിൽ താമസിക്കുന്ന ചിലരും ജീവിത നിലവാരം താഴ്ന്നതായി തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ടു. 15 വർഷത്തിലേറെയായി കാനഡയിൽ കഴിയുന്ന ഒരാൾ രാജ്യത്തിന്‍റെ ജീവിത നിലവാരത്തിൽ മാറ്റം വന്നതായി കുറിച്ചു. അതേസമയം, ഇത്തരം പ്രശ്നങ്ങൾ കാനഡയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും സമാനമായ സാഹചര്യമുണ്ടെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയായി കാനഡയെ കാണുന്നവർക്കിടയിൽ ജീവിതച്ചെലവും ഭവനച്ചെലവും സാമ്പത്തിക സമ്മർദവും സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് ഈ അനുഭവക്കുറിപ്പും ശ്രദ്ധ നേടുന്നത്.


