'ഹിജാബ് വിരുദ്ധ പ്രക്ഷോഭ'ത്തില്‍ പങ്കെടുത്ത രാജ്യത്തെ പ്രശസ്തരുടെ നികുതി വിവരങ്ങള്‍ അന്വേഷിച്ച് വിവരങ്ങള്‍ സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. 


തകാര്യ പോലീസിന്‍റെ അതിക്രൂരമായ പീഢനത്തെ തുടര്‍ന്ന് മഹ്സ അമിനി എന്ന 22 വയസുകാരി 2022 സെപ്തംബര്‍ 16 ന് കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് ശക്തമായ 'ഹിജാബ് വിരുദ്ധ പ്രക്ഷോഭം' അടിച്ചമര്‍ത്താന്‍ ഇറാനിയന്‍ സര്‍ക്കാര്‍ രാജ്യത്തെ പ്രശസ്തരെ ലക്ഷ്യമിട്ടിരുന്നു എന്ന് വിവരം പുറത്ത്. ഇതിനായി ഭരണകൂടം രഹസ്യ മാര്‍ഗ്ഗം തേടിയിരുന്നെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെലിബ്രിറ്റികളെ ഉന്നം വച്ചായിരുന്നു സര്‍ക്കാര്‍‌ നീക്കമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത രാജ്യത്തെ പ്രശസ്തരുടെ നികുതി വിവരങ്ങള്‍ അന്വേഷിച്ച് വിവരങ്ങള്‍ സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. 

കുര്‍ദിഷ് വംശജയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യമെങ്ങും ശക്തമായ, ഹിജാബ് വിരുദ്ധ പ്രക്ഷോഭം നിയന്ത്രിക്കുന്നതില്‍ ഇറാനിയന്‍ ഭരണകൂടം അമ്പേ പരാജയപ്പെട്ടിരുന്നു. മാസങ്ങളോളം പ്രക്ഷോഭകരും മതകാര്യ പോലീസും സൈന്യവും തെരുവുകളില്‍ ഏറ്റുമുട്ടി. കുട്ടികളും സ്ത്രീകളും പോലീസുകാരും അടക്കം ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ മരണക്കണക്കിനും ഏത്രയോ മുകളിലാണ് മരണ സംഖ്യയെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു. രാജ്യത്തെ പരമോന്നത നേതാവായ അയത്തുള്ള ഖൊമേനിയുടെ കുടുംബ വീടിന് പോലും പ്രക്ഷോഭകര്‍ തീയിട്ടിരുന്നു. ഇതിന് പിന്നാലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന പ്രശസ്തരായ വ്യക്തികളുടെ സാമ്പത്തിക വിവരങ്ങളും നികുതി റിട്ടേണും അന്വേഷിക്കാന്‍ ഇറാനിലെ മതഭരണകൂടം ഒരു 'രഹസ്യ കമ്മറ്റി' രൂപീകരിച്ചെന്ന് പുറത്തായ രേഖകള്‍ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

"ഹൃദയത്തിൽ കൂട് കൂട്ടാം"; കുരുവിക്ക് തേന്‍ കൊടുക്കുന്ന കേരളാ പോലീസ്, വൈറലായി ഒരു പോലീസ് വീഡിയോ

കഴിഞ്ഞ വർഷം സെപ്റ്റംബർ 22-ന് ഇതുസംബന്ധിച്ച് അയച്ച കത്തിൽ 141 പ്രശസ്തരായ വ്യക്തികളുടെ പട്ടിക സമിതി, സാമ്പത്തിക മന്ത്രാലയത്തിന് അയച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തില്‍ ഇവരുടെ നികുതി റിട്ടേണുകള്‍ അന്വേഷിക്കാന്‍ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്‍റെ കായിക ഇതിഹാസം അലി ദായിയും മുൻനിര നടി തരാനെ അലിദൂസ്റ്റിയും ഈ പട്ടികയില്‍ ഉൾപ്പെട്ടിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മഹ്സ അമിനിയ്ക്ക് നീതി ലഭിക്കണമെന്നും മതകാര്യ പോലീസിനെ പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം ആരംഭിച്ചത്. മാസങ്ങളോളം നീണ്ടു നിന്ന പ്രക്ഷോഭം അന്താരാഷ്ട്രാ തലത്തില്‍ ശ്രദ്ധനേടുകയും സര്‍ക്കാറിന്‍റെ നയത്തിനെതിരെ രാജ്യാന്തര തലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

എന്നാല്‍, സര്‍ക്കാറിന്‍റെ വസ്ത്രധാരണ നിയമം പിന്‍വലിക്കില്ലെന്നും കര്‍ശനമായി തുടരുമെന്നും തന്നെയാണ് ഇറാന്‍ ഭരണകൂടത്തിന്‍റെ നിലപാട്. പ്രക്ഷോഭങ്ങള്‍ കെട്ടടങ്ങിയതിന് പിന്നാലെ പൊതു ഇടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വസ്ത്രധാരണ രീതി, സ്ത്രീകള്‍ പിന്തുടരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ "സ്മാർട്ട്" സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങുമെന്ന് ഇറാനിയന്‍ പോലീസ് പറഞ്ഞിരുന്നു. നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷം, ഹിജാബ് ധരിക്കാത്ത ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതിന് രണ്ട് പ്രമുഖ നടിമാരായ കതയോൻ റിയാഹി, പന്തേ ബഹ്‌റം എന്നിവര്‍ക്കെതിരെ ഇറാൻ കുറ്റം ചുമത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെറുവില്‍ ജീവിച്ചിരുന്ന കൗമാരക്കാരന്‍റെ മമ്മി കണ്ടെത്തി