വിദേശസഹായം പറ്റി സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്ന ആളുകളാണ് വിദേശചാരന്‍മാര്‍ എന്നാണ് റഷ്യന്‍ നീതിന്യായ മന്ത്രാലയം നിര്‍വചിക്കുന്നത്. ഇങ്ങനെ മുദ്രകുത്തപ്പെടുന്നവര്‍ പ്രത്യേകമായി തങ്ങളുടെ വിശദാംശങ്ങള്‍ സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യണം. ആറു മാസം കൂടുംതോറും തങ്ങളുടെ വരുമാനവും മറ്റു വിവരങ്ങളും ഇവര്‍ സര്‍ക്കാറിനെ അറിയിക്കണം.
അപ്രതീക്ഷിത പ്രതിഷേധ സംഗീത പരിപാടികളിലൂടെ ഭരണകൂടത്തിന് തലവേദനയുണ്ടാക്കുന്ന പുസി റയറ്റ് റോക്ക് ബാന്‍ഡിലെ രണ്ടു പ്രമുഖ ഗായികമാരെ റഷ്യ വിദേശ ചാരന്‍മാരുടെ പട്ടികയില്‍ പെടുത്തി. ഇവരടക്കം നിരവധി മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും റഷ്യന്‍ നീതിന്യായ മന്ത്രാലയം വിദേശചാരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്കെതിരായ നീക്കത്തിന് എതിരെ കോടതിയെ സമീപിക്കുമെന്ന് പുസി റയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
മോസ്‌കോ കത്തീഡ്രലില്‍ 2012-ല്‍ നടത്തിയ പ്രതിഷേധ ഗാനപരിപാടിയെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ച നദേസ്ദ തോലോകോനികോവ, നിക നിലുഷ്‌കിന എന്നിവരെയാണ് ഇപ്പോള്‍ പുറത്തിറക്കിയ പരിഷ്‌കരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടത്. ബിബിസിക്ക് വേണ്ടി റഷ്യയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ആന്ദ്രെ സഖറോവ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍, ഒരു സറ്റയര്‍ പരിപാടിയുടെ അവതാരകന്‍, ഒരു കലാപ്രദര്‍ശന ക്യൂറേറ്റര്‍ എന്നിവരും പുതുതായി ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന 'മെമോറിയല്‍' എന്ന സന്നദ്ധ സംഘടനയെയും ഇപ്പോള്‍ ഈ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. നിയമപ്രകാരമുള്ള വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് പറഞ്ഞ് ഈ സംഘടന ഈയടുത്ത് സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു.
ആരാണ് റഷ്യയിലെ വിദേശചാരന്‍മാര്‍?
തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തവരെ വിദേശ ചാരന്‍മായി മുദ്രകുത്തുന്നത് സോവിയറ്റ് കാലത്തെ രീതിയായിരുന്നു. സോവിയറ്റ് ഭരണകൂടം തകരുകയും പുതിയ സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്ത ശേഷം, വീണ്ടും സര്‍ക്കാര്‍ പഴയ രീതികള്‍ തുടരുകയാണെന്നാണ് വിമര്‍ശനം. 2012-ലാണ് വിദേശചാരന്‍മാരെക്കുറിച്ചുള്ള നിയമം റഷ്യയില്‍ നിലവില്‍ വന്നത്. വിദേശസഹായം പറ്റുന്ന സന്നദ്ധ സംഘടനകളായിരുന്നു ആദ്യം പട്ടികയിലുണ്ടായിരുന്നത്. പിന്നീട് സര്‍ക്കാറിനെ എതിര്‍ക്കുന്ന സ്വതന്ത്ര മാധ്യമസ്ഥാപനങ്ങള്‍ അടക്കമുള്ളവയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഈ പട്ടികയിലേക്കാണ്, റഷ്യന്‍ സര്‍ക്കാറിന്റെ ഏകാധിപത്യ രീതികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്ന പുസി റയറ്റിനെ ഇപ്പോള്‍ ഉള്‍പ്പെടുത്തിയത്.
വിദേശസഹായം പറ്റി സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്ന ആളുകളാണ് വിദേശചാരന്‍മാര്‍ എന്നാണ് റഷ്യന്‍ നീതിന്യായ മന്ത്രാലയം നിര്‍വചിക്കുന്നത്. ഇങ്ങനെ മുദ്രകുത്തപ്പെടുന്നവര്‍ പ്രത്യേകമായി തങ്ങളുടെ വിശദാംശങ്ങള്‍ സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യണം. ആറു മാസം കൂടുംതോറും തങ്ങളുടെ വരുമാനവും മറ്റു വിവരങ്ങളും ഇവര്‍ സര്‍ക്കാറിനെ അറിയിക്കണം. ഇവരുടെ സോഷ്യല്‍ മീഡിയാ മെസേജുകള്‍ക്കൊപ്പം ഇവര്‍ വിദേശചാരന്‍മാരാണ് എന്ന് വ്യക്തമാക്കുന്ന ഒരു നീണ്ട ഖണ്ഡിക കൂടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തും.
ആരാണ് പുസി റയറ്റ്?
റഷ്യയിലെ സര്‍ക്കാര്‍ വിരുദ്ധ സ്ത്രീപക്ഷ ബാന്‍ഡായ 'പുസി റയറ്റ്' 2011 -ലാണ് രൂപീകരിയ്ക്കപ്പെടുന്നത്. 1990 -കളില്‍ അമേരിക്കയില്‍ കൊടുങ്കാറ്റഴിച്ചുവിട്ട അണ്ടര്‍ഗ്രൌണ്ട് ഫെമിനിസ്‌റ് റോക് മൂവ്‌മെന്റ് 'Riot Grrrl' ന്റെയും അമേരിക്കന്‍ പങ്ക് റോക്ക് ബാന്‍ഡ് ആയ 'ബിക്കിനി കില്‍' (bikini kill)-ന്റെയും സ്വാധീനഫലമാണ് പുസി റയറ്റ് എന്ന കൂട്ടായ്മ ഉണ്ടായത്. ലൈംഗിക ന്യൂനപക്ഷ അവകാശങ്ങള്‍ക്കും സ്ത്രീ അനുകൂല രാഷ്ട്രീയ നിലപാടുകള്‍ക്കും വേണ്ടിയാണ് ഇവരുടെ പ്രവര്‍ത്തനം.
തെളിഞ്ഞതും കടുംനിറത്തിലുമുള്ളതുമായ വസ്ത്രങ്ങളോടെ പൊതുസ്ഥലങ്ങളില്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഇവര്‍, അപ്പോള്‍ തന്നെ സംഗീതപരിപാടികള്‍ അവതരിപ്പിയ്ക്കുകയും, അത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിയ്ക്കുകയും ചെയ്യാറാണ് പതിവ്. അതാണ് അവരുടെ പ്രതിഷേധ രീതി. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകരാണിവര്‍. ഇവര്‍ പുടിനെ 'സ്വേച്ഛാധിപതി' എന്നാണ് വിശേഷിപ്പിക്കുന്നത്. പുടിന്റെ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള ബന്ധങ്ങളെയും ഇവര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.
മുഖംമൂടി ധരിച്ചുകൊണ്ട് തെരുവോരങ്ങളും റയില്‍വേ സ്റ്റേഷനുകളും, മറ്റ് പൊതുഇടങ്ങളും ഇവര്‍ പ്രതിരോധസംഗീതത്തിന്റെ ശക്തമായ അവതരണങ്ങളിലൂടെ കയ്യടക്കുകയായിരുന്നു. മുഖംമൂടികള്‍ ധരിച്ചാണ് ബാന്‍ഡിന്റെ അവതരണം. അറസ്റ്റിനുമുമ്പ് നടത്തിയ അഭിമുഖങ്ങളിലും ഇവരുടെ മുഖത്ത് മുഖംമൂടിയുണ്ടായിരുന്നു.
പുസി റയറ്റിന് ജനപിന്തുണയുണ്ടോ?
2012- ഫെബ്രുവരി 21 ന് മോസ്‌കോയിലെ സോലിയാസ് കത്തീഡ്രല്‍ അങ്കണത്തില്‍ ഈ സംഘത്തിലെ അഞ്ചുപേര്‍ അപ്രതീക്ഷിതമായി നടത്തിയ പരിപാടി ഏറെ വിവാദമായിരുന്നു. റഷ്യന്‍ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടും, കഴിയും വിധം പ്രകോപിപ്പിച്ചുകൊണ്ടും തന്നെയാണ് അവരുടെ പ്രകടനങ്ങള്‍ അതിനു മുമ്പും അവതരിപ്പിക്കപ്പെട്ടത്. പക്ഷെ, 'കത്രീഡല്‍, ഓഫ് ദ ക്രൈസ്റ്റ് സേവിയര്‍' എന്ന പ്രകടനം മതവിശ്വാസികളെ പ്രകോപിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ പിറകെ കൂടി. അതോടെ 'പുസ്സി റയറ്റ്' ചര്‍ച്ചയായി. ഇതിലെ അംഗങ്ങള്‍ അറസ്റ്റിലാകുകയും ചെയ്തു. ഈ പ്രകടനം 'Punk Prayer- Mother of God, Chase Putin Away!' എന്ന മുദ്രാവാക്യത്തോടെയാണ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്. 2012 ആഗസ്റ്റ് 17 ന് -മതനിന്ദയും, പള്ളിഅങ്കണത്തിലെ അതിക്രമങ്ങളും ആരോപിച്ച് ഇതിലെ മൂന്ന് അംഗങ്ങളെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു. എന്നാല്‍ സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കിയത്പ്രകാരം രണ്ടു പേരെ ജയിലില്‍ നിന്ന് 2013 ഡിസംബര്‍ 23 ന് മോചിപ്പിച്ചു.
കലയെ പ്രതിരോധത്തിനും പ്രതിഷേധത്തിനുമുള്ള മാര്‍ഗമാക്കി ഈ പെണ്‍കുട്ടികള്‍ നടത്തിയ ചെറുത്തുനില്‍പ്പിന് വലിയ ജനപിന്തുണയുണ്ട്. എഴുത്തുകാരും, കലാകാരന്‍മാരും, വിവിധ ആക്റ്റിവിസ്റ്റുകളും, വിദ്യാര്‍ത്ഥികളും, അധ്യാപകരും, പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം ഒന്നിച്ചുനിന്നു. ചെസ് ഇതിഹാസം ഗാരി കാസ്പറോവ് അടക്കമുള്ള പ്രമുഖര്‍ ഈ പെണ്‍കുട്ടികള്‍ക്കായി തെരുവിലിറങ്ങി അറസ്റ്റ് വരിച്ചു. പെണ്‍കുട്ടികളെ മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രി ദ്മിത്രി മെദ്വദേവ് തന്നെ അന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമടക്കം ഇതേ ആവശ്യം ഉന്നയിച്ച് അവര്‍ക്കൊപ്പം നിന്നു.
പോപ് താരം മഡോണ ആ വര്‍ഷം ആഗസ്‌ററ് 21-ന് ഒളിമ്പസ് സ്‌കൈ സ്റ്റേഡിയത്തില്‍ നടത്തിയ മ്യൂസിക് ഷോയ്ക്കു ശേഷം ജാക്കറ്റഴിച്ചപ്പോള്‍ ശരീരത്തില്‍'പുസ്സി റയറ്റ്' എന്ന് എഴുതിയത് വ്യക്തമായി കണ്ടു. ഷോയിലുടനീളം അവര്‍ പുസ്സി റയറ്റിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് മാസ്‌ക് ധരിക്കുകയും ചെയ്തു.
