'നിങ്ങൾക്ക് തീരെ ഇഷ്ടമില്ലാത്ത ഒരേയൊരു മകൻ നിങ്ങളുടെ അടുത്ത് കിടക്കാൻ വരുമ്പോൾ' എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവെച്ചതുമാണ് വിവാദങ്ങൾക്ക് കാരണമായത്. മാതൃത്വത്തെ നർമ്മരൂപേണ ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നാണ് ഇവരുടെ ന്യായീകരണം.
സാമൂഹിക മാധ്യമങ്ങളിലെ തമാശരൂപേണയുള്ള വീഡിയോകൾ അതിരുവിടുന്നതിനെതിരെ ആഗോളതലത്തിൽ വലിയ വിമർശനം. ജനപ്രിയ ടിക് ടോക് ക്രിയേറ്ററും അഞ്ച് കുട്ടികളുടെ അമ്മയുമായ സമന്ത ഹെഡ് (സാമി ഹെഡ്) പങ്കുവെച്ച പുതിയ വീഡിയോയാണ് നിലവിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. തൻ്റെ പിഞ്ചുകുഞ്ഞ് അടുത്ത് കിടക്കാൻ വരുമ്പോൾ അറപ്പോടെ മുഖം തിരിച്ചു മാറ്റുന്നതും, 'നിങ്ങൾക്ക് തീരെ ഇഷ്ടമില്ലാത്ത ഒരേയൊരു മകൻ നിങ്ങളുടെ അടുത്ത് കിടക്കാൻ വരുമ്പോൾ' എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവെച്ചതുമാണ് വിവാദങ്ങൾക്ക് കാരണമായത്. മാതൃത്വത്തെ നർമ്മരൂപേണ ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നാണ് ഇവരുടെ ന്യായീകരണം. എന്നാൽ, കുട്ടികളുടെ സുരക്ഷയെക്കുറിച്ചും ഇത്തരം കണ്ടന്റുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും വലിയ ആശങ്കകളാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ കടുത്ത അമർഷം
വീഡിയോ പ്രചരിച്ചതോടെ എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. 'ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരിൽ നിന്ന് കുട്ടിയുടെ പൂർണ്ണ സംരക്ഷണച്ചുമതല ഉടൻ തന്നെ പിതാവിന് കൈമാറണം' എന്ന് പലരും ആവശ്യപ്പെട്ടു. വീഡിയോ ചിത്രീകരണത്തിനായി സ്വന്തം കുഞ്ഞിനോട് അറപ്പ് പ്രകടിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കുട്ടിയുടെ ഭാവി അപകടത്തിലാണെന്നും നിരവധി പേർ കുറിച്ചു.
സംഭവം വിവാദമായതോടെ, ഇത് ഒരു എന്റർടെയിൻമെന്റിനായി ചെയ്ത വീഡിയോ മാത്രമാണെന്നും അമ്മ യഥാർത്ഥത്തിൽ കുട്ടിയെ ഉപേക്ഷിക്കുന്നതല്ലെന്നും വ്യക്തമാക്കി എക്‌സ് പ്ലാറ്റ്‌ഫോം ഈ വീഡിയോയ്ക്ക് പ്രത്യേക 'കമ്മ്യൂണിറ്റി നോട്ട്' നൽകി. അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സ്വന്തം മക്കളെ വധിച്ച ലിൻഡ്സി ക്ലാൻസിയുടെ കൊലപാതകക്കേസിന്റെ വിചാരണ നടക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം വീഡിയോകൾ ചിത്രീകരിച്ചതാണ് ജനങ്ങളെ കൂടുതൽ ചൊടിപ്പിച്ചത്.
അടുത്തിടെയായി കുഞ്ഞുങ്ങളെ മുൻനിർത്തിയുള്ള ഇത്തരം ട്രെൻഡുകൾ സോഷ്യൽ മീഡിയയിൽ വർധിച്ചു വരികയാണ്. മുൻപ് ലിൻഡ്സി ക്ലാൻസിയുടെ വിഷാദരോഗ കുറിപ്പുകൾ പശ്ചാത്തലമാക്കി കുഞ്ഞുങ്ങളെ കയ്യിലെടുത്ത് കരയുന്ന വീഡിയോകളും, മടിയിലിരിക്കുന്ന കുട്ടികളുടെ മുഖത്തേക്ക് വെള്ളമൊഴിക്കുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം ക്രൂരവും ദാരുണവുമായ സംഭവങ്ങളെ കേവലം ലൈക്ക് കൂട്ടാനുള്ള 'കണ്ടൻ്റ്' ആയി ഉപയോഗിക്കുന്നതും കൊലപാതകങ്ങളെ മഹത്വവത്കരിക്കുന്നതും അപകടകരമായ പ്രവണതയാണെന്ന് സൈക്കോളജിസ്റ്റുകളും സാമൂഹിക പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു. കുട്ടികളെ ചൂഷണം ചെയ്തുകൊണ്ടുള്ള ഇത്തരം വീഡിയോ ചിത്രീകരണങ്ങൾക്ക് ഉടൻ തടയിടണമെന്ന ആവശ്യവും ശക്തമാണ്.
