ഇരുമ്പ് പഴകുംതോറും തുരുമ്പെടുത്ത് നശിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍  നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിട്ടും ഈ സ്തംഭത്തിന്റെ ഒരു ഭാഗം പോലും ഇതുവരെ തുരുമ്പെടുത്തിട്ടില്ല.

കുത്തബ് മിനാറിലെ ഇരുമ്പ് സ്തംഭം എന്ന് വിളിക്കപ്പെടുന്ന ഒരു തൂണുണ്ട് 1,600 വര്‍ഷത്തെ പഴക്കമുള്ള അതിനൊരു സവിശേഷതയുണ്ട്. തുരുമ്പു പിടിക്കില്ല. ഏറെക്കാലം ദുരൂഹമായി കിടന്ന ഈ പ്രതിഭാസത്തിന്റെ കാരണം ഈയടുത്താണ് പുറത്തുവന്നത്.

നമുക്കറിയാം, ഇരുമ്പ് പഴകുംതോറും തുരുമ്പെടുത്ത് നശിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിട്ടും ഈ സ്തംഭത്തിന്റെ ഒരു ഭാഗം പോലും ഇതുവരെ തുരുമ്പെടുത്തിട്ടില്ല.

ഈ പുരാതന സ്മാരകത്തിന് 7.21 മീറ്റര്‍ ഉയരവും 41 സെന്റീമീറ്റര്‍ വ്യാസവും 6 ടണ്‍ ഭാരവുമുണ്ട്. ഒന്നര സഹസ്രാബ്ദത്തിലേറെ പഴക്കമുണ്ട് ഇതിന്. ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ചക്രവര്‍ത്തിമാരില്‍ ഒരാളായ ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ഭരണകാലത്താണ് ഇത് സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കുന്നു. സ്ഥാപിച്ച കാലം മുതല്‍ വെയിലും, മഴയും, മഞ്ഞും കൊണ്ട് തുറസ്സായ സ്ഥലത്ത് ഇത് നില്‍ക്കുകയാണ്. എന്നിട്ടും അല്പം പോലും തുരുമ്പ് അതിലില്ല എന്നതാണ് അത്ഭുതം. 

ഇരുമ്പ് അന്തരീക്ഷത്തിലെ ഈര്‍പ്പവുമായി പ്രതിപ്രവര്‍ത്തിച്ച് അയണ്‍ ഓക്‌സൈഡ് ഉത്പാദിപ്പിക്കുന്നു. ഇത് തന്നെയാണ് തുരുമ്പ്. ഈ തുരുമ്പ് പതുക്കെ ഇരുമ്പിന്റെ ഘടനയെ കാര്‍ന്ന് തിന്ന് ഒടുവില്‍ അതിനെ അപ്പാടെ തകര്‍ക്കുന്നു. എന്നാല്‍ എത്ര മഴ കൊണ്ടിട്ടും, തണുപ്പടിച്ചിട്ടും ഈ സ്തംഭം മാത്രം എങ്ങനെയാണ് തുരുമ്പെടുക്കാത്തത്? ഇതിന്റെ പിന്നിലെ രഹസ്യം കണ്ട് പിടിക്കാന്‍ പലരും പല നൂറ്റാണ്ടുകളായി ശ്രമിച്ചു കൊണ്ടിരിക്കയായിരുന്നു. ശാസ്ത്രജ്ഞര്‍ എത്ര തലപുകച്ചിട്ടും ആ നിഗൂഢത കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ 2003 -ഓടെ അതിന്റെ രഹസ്യം പുറത്തായി.

സ്തംഭം നിഗൂഢമായ ഏതോ ലോഹം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നായിരുന്നു അതുവരെ പലരും വിശ്വസിച്ചിരുന്നത്. കാണ്‍പൂര്‍ ഐഐടിയിലെ മെറ്റലര്‍ജിസ്റ്റുകള്‍ 'കറന്റ് സയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ എന്നാല്‍ കുറച്ച് കൂടി വിശ്വസനീയമായ മറ്റൊരു സിദ്ധാന്തമാണ് മുന്നോട്ട് വയ്ക്കുന്നത്.

പഠനം നടത്തിയ സംഘത്തിലുള്ള ആര്‍ ബാലസുബ്രഹ്മണ്യന്റെ അഭിപ്രായത്തില്‍, ഈ ഇരുമ്പ് ഘടനയില്‍ മിസാവൈറ്റ് എന്ന ഒരു സംരക്ഷിത പാളി ഉപയോഗിച്ചിട്ടുണ്ട്. ലോഹത്തിന്റെയും തുരുമ്പിന്റെയും ഇടയില്‍ ഒരു തടസ്സം സൃഷ്ടിക്കുന്ന രൂപരഹിതമായ ഇരുമ്പ് ഓക്‌സിഹൈഡ്രോക്‌സൈഡാണ് അത്. ഇരുമ്പില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ഫോസ്ഫറസാണ് മിസാവൈറ്റ് രൂപപ്പെടാന്‍ സഹായകമാവുന്നത്.

ഇന്നത്തെ കാലത്ത് ഇരുമ്പില്‍ വെറും 0.05 ശതമാനത്തില്‍ താഴെ മാത്രമാണ് ഫോസ്ഫറസ് അടങ്ങിയിട്ടുള്ളതെങ്കില്‍, കുത്തബ് മിനാര്‍ സ്തംഭത്തിലെ ഇരുമ്പില്‍ ഒരു ശതമാനത്തോളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് ലോഹം പൊട്ടുന്നത് തടയാന്‍ തൊഴിലാളികള്‍ ഇരുമ്പില്‍ നിന്ന് ഫോസ്ഫറസ് നീക്കം ചെയ്യുന്നു. എന്നാല്‍ അന്ന് ഇരുമ്പില്‍ ഫോസ്ഫറസും കൂടി ഉള്‍ക്കൊള്ളിച്ചാണ് പണിക്കാര്‍ തൂണ്‍ നിര്‍മിച്ചത്. മാത്രവുമല്ല സ്തംഭത്തില്‍ ചുറ്റിക കൊണ്ട് അടിക്കുക വഴി ഉപരിതലത്തിലേക്ക് ഫോസ്ഫറസിനെ കൊണ്ടുവരാനും അവര്‍ക്ക് സാധിച്ചു. ഇരുമ്പ് കൂടുതല്‍ കാലം ശക്തമായി നിലനില്‍ക്കാനും, മിസാവൈറ്റ് രൂപപ്പെടുന്നതിനും ഇത് കാരണമായി. ഇരുമ്പിനെ തുരുമ്പില്‍ നിന്ന് സംരക്ഷിക്കാന്‍ ഇത് വളരെ സഹായകമായി തീര്‍ന്നുവെന്നും ഗവേഷകര്‍ പറയുന്നു. ഇത് തന്നെയാണ് സ്തംഭം തുരുമ്പെടുക്കാതിരുന്നതിന്റെ രഹസ്യവും. പുരാതന ഇന്ത്യയിലെ ലോഹതൊഴിലാളികളുടെ നൈപുണ്യത്തിന്റെ ജീവനുള്ള സാക്ഷ്യമാണ് ഈ സ്തംഭമെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു.