ചൈനയിൽ രണ്ട് തണുത്ത പാനീയങ്ങൾ തുടർച്ചയായി കുടിച്ചതിനെത്തുടർന്ന് ഏഴുവയസ്സുകാരനെ 'അക്യൂട്ട് വോൾവുലസ്' എന്ന രോഗാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൂടുകാലത്ത് വലിയ അളവിൽ തണുത്ത പാനീയങ്ങൾ കുടിക്കുന്നത് കുട്ടികളിലും പ്രായമായവരിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
രണ്ട് തണുത്ത പാനീയങ്ങൾ (ഐസ്ഡ് ഡ്രിങ്ക്സ്) തുടർച്ചയായി കുടിച്ചതിനെത്തുടർന്ന് ഏഴുവയസ്സുകാരനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം. കടുത്ത വയറുവേദനയും ഛർദ്ദിയുമായി ആശുപത്രിയിലെത്തിച്ച കുട്ടിക്ക് 'അക്യൂട്ട് വോൾവുലസ്' (Acute Volvulus) എന്ന അവസ്ഥയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. കുടൽ സ്വന്തമായി ചുറ്റിപ്പിണഞ്ഞ് ബ്ലോക്കാവുന്ന അപകടകരമായ രോഗാവസ്ഥയാണിത്. അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും കുട്ടിയുടെ കുടലിലെ കോശങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
കനത്ത ചൂടിൽ തണുത്ത പാനീയം അപകടകരം
ചൂടുള്ള കാലാവസ്ഥയിൽ പുറത്തുപോയി കളിച്ചുവന്ന കുട്ടി കടുത്ത ദാഹം കാരണം ആദ്യം തണുത്ത കോളയും, തൊട്ടുപിന്നാലെ തണുത്ത മിൽക്ക് ടീയും കുടിക്കുകയായിരുന്നു. കടുത്ത ചൂടിൽ നിൽക്കുമ്പോൾ പെട്ടെന്ന് വലിയ അളവിൽ മധുരമുള്ള തണുത്ത പാനീയങ്ങൾ ഉള്ളിലെത്തിയതാണ് കുട്ടിയുടെ ആരോഗ്യത്തെ ബാധിച്ചതെന്ന് ഡോക്ടർ ഹുവോ യുഫെങ് പറഞ്ഞതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ചൂടുകാലത്ത് തണുത്ത വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്ന് മെഡിക്കൽ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പെട്ടെന്ന് വലിയ അളവിൽ തണുത്ത വെള്ളം നൽകരുത്. ഇവരുടെ കുടലുകൾ പൂർണ്ണമായി വളർച്ചയെത്തിയിട്ടില്ലാത്തതിനാൽ ഇത് അപകടം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കൂടാതെ പ്രായമായവർ തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ദഹനക്കേടിനും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം.
'ഉഷ്ണം ഉഷ്ണേനഃ ശാന്തി'
ദാഹം തോന്നുമ്പോൾ വെറുംവയറ്റിലോ, കഠിനമായ വ്യായാമം കഴിഞ്ഞയുടനെയോ തണുത്ത വെള്ളം കുടിക്കാൻ പാടില്ലെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. ഭക്ഷണം കഴിഞ്ഞ് 1–2 മണിക്കൂറിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു മുതിർന്ന വ്യക്തി ഒരു ദിവസം പരമാവധി 500 മില്ലിയിൽ കൂടുതൽ തണുത്ത പാനീയങ്ങൾ കുടിക്കാൻ പാടില്ല. കുട്ടികളും പ്രായമായവരും ഇതിന്‍റെ പകുതി അളവ് മാത്രമേ തണുത്ത പദാർത്ഥങ്ങൾ ഉപയോഗിക്കാവൂ എന്നാണ് പഠനങ്ങൾ പറയുന്നത്. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രം അനുസരിച്ച്, കടുത്ത ചൂടുള്ള സമയങ്ങളിൽ ദാഹം മാറ്റാൻ ഏറ്റവും നല്ലത് തണുത്ത വെള്ളമല്ല, മറിച്ച് ചെറുചൂടുവെള്ളമാണ്. ഇത് ശരീരത്തെ കൂടുതൽ വേഗത്തിൽ തണുപ്പിക്കാൻ സഹായിക്കും. ഈ സംഭവം പുറത്തുവന്നതോടെ കുട്ടികൾക്ക് തണുത്ത പാനീയങ്ങൾ വാങ്ങി നൽകുന്നതിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ്.


