ലോക്ഡൗണ്‍ കാലത്ത് എപ്പോഴെങ്കിലും നിങ്ങളുടെ തൊഴില്‍ നിര്‍ത്തിവയ്ക്കണം എന്ന് നിങ്ങള്‍ തീരുമാനിച്ചിരുന്നോ എന്ന എന്റെ ചോദ്യത്തിന് ഇത്തിരി ഗൗരവത്തിലാണ് ഒരു ചെറുപ്പക്കാരി മറുപടി പറഞ്ഞത്. ''അതെങ്ങനെ പറയാന്‍ കഴിയും , ഞങ്ങള്‍ക്കും ജീവിക്കണ്ടേ. സ്വന്തം വരുമാനമാര്‍ഗം വേണ്ടെന്ന് വയ്ക്കുമോ ആരെങ്കിലും...എനിക്ക് നാട്ടില്‍ മൂന്നു മക്കളും പ്രായമായ അച്ഛനും അമ്മയും ഉണ്ട് . എല്ലാ മാസവും അവര്‍ക്ക് ചിലവിനുള്ളത് അയച്ചുകൊടുക്കണം..... ലോക് ഡൗണ്‍ തുടങ്ങിയപ്പോള്‍ ദിവസവും ഒരു കസ്റ്റമറെ പോലും കിട്ടാതെ ഞാന്‍ കഷ്ടപ്പെട്ടിരുന്നു. ഇപ്പോ പതിയെ ആളുകള്‍ വന്നു തുടങ്ങുന്നുണ്ട്...''

 

 

കോവിഡ് 19 രാജ്യത്താകമാനം വ്യാപിക്കുകയും ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ മനസ്സില്‍ ആദ്യം വന്ന ചിന്തകളില്‍ ഒന്ന്  സോനാഗച്ചിയിലെ സ്ത്രീകള്‍ എങ്ങനെയാണ് ലോക്ഡൗണിനെ അതിജീവിക്കുക എന്നാണ്. സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് പങ്കുവച്ച് വരുമാനം കണ്ടെത്തുന്നവര്‍ക്ക് എങ്ങനെയാണ് മാസ്‌ക് ധരിക്കാനോ സോഷ്യല്‍ സിസ്റ്റന്‍സിംഗ് പാലിക്കാനോ കഴിയുക ? 

കൊല്‍ക്കത്ത നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സോനാഗച്ചി എന്ന പ്രദേശം ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളില്‍ ഒന്നാണ്. വിവിധ ഏജന്‍സികള്‍ നല്‍കുന്ന കണക്ക് പ്രകാരം പന്ത്രണ്ടായിരത്തിനും പതിനയ്യായിരത്തിനും ഇടയിലാണ് ഇവിടത്തെ ലൈംഗിക തൊഴിലാളികളുടെ കണക്ക്. ഇരുപത്തിഅയ്യായിരത്തിനും നാല്‍പതിനായിരത്തിനും ഇടയില്‍ ആളുകളാണ് പ്രതിദിനം ഇവിടെ സന്ദര്‍ശിക്കുന്നത്.

സോനാഗച്ചിയാണ് ഏറ്റവും പ്രധാനമെങ്കിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളായ കാളിഘട്ട് , ഉള്‍ട്ടാടാംഗ, ബറയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം ലൈംഗിക തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്.

സൊനാഉല്ലാ ഗാസി എന്ന വിശുദ്ധന്റെ പേരില്‍ നിന്നാണ് സോനാഗച്ചി എന്ന പേര് ഉണ്ടായത് എന്നാണ് പൊതുവെ പറയാറുള്ളത്. അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി കഥകളുണ്ട്. ഏതായാലും ബ്രിട്ടീഷ് കാലം തൊട്ടേ സോനാഗച്ചിയില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന ആളുകള്‍ കൂട്ടമായി താമസിച്ചിരുന്നു.
സ്ത്രീകള്‍ കൂടാതെ ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്റര്‍ ആളുകളും ഹിജഡകളും ഈ സമൂഹത്തില്‍ ഉണ്ട്.

 

പുതിയതായി എത്തിയ പെണ്‍കുട്ടികളെ ഇന്റര്‍വ്യൂ ചെയ്യുന്നു.


സോനാഗച്ചിയിലെ ഒരമ്മ

ഒരു പതിറ്റാണ്ട് മുന്‍പാണ് ഞാന്‍ ആദ്യമായി സോനാഗച്ചിയില്‍ എത്തുന്നത്. പിന്നീട് പല തവണ സോനാഗച്ചി സന്ദര്‍ശിക്കുകയും പലയിടങ്ങളിലായി എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്.

ലോക്ഡൗണ്‍ തുടങ്ങിയ സമയത്തു തന്നെ അവിടം സന്ദര്‍ശിക്കണം എന്ന് കരുതിയിരുന്നെങ്കിലും യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞയാഴ്ച നല്ല മഴയുള്ള ഒരു പ്രഭാതത്തിലാണ് ഞാന്‍ സോനാഗച്ചിയില്‍ എത്തുന്നത്. എനിക്ക് വേണ്ടി കുറച്ചു സമയം ചിലവഴിക്കണം എന്ന് ലൈംഗിക തൊഴിലാളികളുടെ സംഘടനയായ 'ദര്‍ബാറി' ലെ കൗണ്‍സലറും സുഹൃത്തുമായ  രാഹുലിനോട്  ഞാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു. 

ഞാന്‍ ആദ്യമായി കാണുമ്പോള്‍ പ്ലസ് ടുവിന് പഠിക്കുകയായിരുന്നു രാഹുല്‍. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മ ഒരു ലൈംഗിക തൊഴിലാളിയായിരുന്നു. സോനാഗച്ചിയിലെ വീട്ടില്‍ രാഹുലിനോടൊപ്പം ഞാന്‍ ചെല്ലുമ്പോഴെല്ലാം ക്ലയന്റസ് ഇല്ലാത്ത സമയമാണെങ്കില്‍ ആ അമ്മ ചായയുണ്ടാക്കി തരികയും വിശേഷങ്ങള്‍ പറയുകയും ചെയ്തിതിരുന്നു. ക്ലയന്റസ് ഉണ്ടെങ്കില്‍ അവര്‍ പോകും വരെ ഞങ്ങള്‍ കാത്തിരുന്നു. ആ അമ്മ എതാനും വര്‍ഷം മുന്‍പ് മരണപ്പെട്ടു. രാഹുല്‍ പിന്നീട് ബിരുദാനന്തര ബിരുദം നേടുകയും ദര്‍ബാറിലെ കൗണ്‍സലറാവുകയും ചെയ്തു.

 

ദര്‍ബാറിന്റ സോനാഗച്ചിയിലെ ഓഫീസ്


അവരുടെ ജീവിതം 

സോനാഗച്ചിയില്‍ ഉള്ള ദര്‍ബാറിന്റെ ക്ലിനിക്കിലായിരുന്നു രാഹുല്‍. ലൈംഗിക തൊഴിലാളികള്‍ക്കുള്ള പ്രാഥമിക ചികിത്സാ, എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കോണ്ടം വിതരണം എല്ലാം അവിടെ നടക്കുന്നുണ്ട്.

ഞാന്‍ അവിടേക്ക് ചെന്നു. രാഹുല്‍ പരിചയപ്പെടുത്തിയതിനാല്‍ അവിടെയുള്ള ധാരാളം ലൈംഗിക തൊഴിലാളികള്‍ അവരുടെ  ലോക് ഡൗണ്‍ ജീവിതം പങ്കുവച്ചു.

സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികളെ സാധാരണ മൂന്ന് തരമായിട്ടാണ് തരംതിരിക്കുക. ഏറ്റവും ഉയര്‍ന്ന 'എ'  കാറ്റഗറിയില്‍ പ്പെട്ടവര്‍ അവരുടെ റൂമുകളില്‍ ഇരിക്കുകയാണ് ചെയ്യുക.  പുറത്തേക്ക് ഇറങ്ങി വന്ന് ക്ലയന്റ്‌സിനെ കണ്ടെത്തുകയില്ല. ദല്ലാളുമാരോ നടത്തിപ്പുകാരോ ഉള്ള ഇത്തരം കേന്ദ്രങ്ങളില്‍ അവരാണ് ക്ലയന്റ്‌സിനെ കണ്ടെത്തുന്നത്. ഇവരാണ് ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന കൂട്ടര്‍.

'ബി' കാറ്റഗറിയില്‍ പെട്ടവര്‍ നിരത്തുകളില്‍ ഇറങ്ങി ക്ലയന്റ്‌സിനെ കണ്ടെത്തുന്നവരാണ്. ക്ലയന്റിനെ ഇഷ്ടപ്പെടുകയും റേറ്റിന്റെ കാര്യത്തില്‍ തീരുമാനം ആവുകയും ചെയ്താല്‍ അവരുടെ മുറികളിലേക്ക് ക്ലയന്റുമായി അവര്‍ പോകും. 

തെരുവില്‍ ഇറങ്ങി നിന്ന് ക്ലയന്റ്‌സിനെ കണ്ടെത്തി അവര്‍ പറയുന്നിടത്തേക്ക് കൂടെ പോകുന്നവരാണ് 'സി 'വിഭാഗം. ഫ്‌ളോട്ടിംഗ് ഗ്രൂപ്പ് എന്നാണ് പൊതുവെ ഇവരെ പറയുക. ഇവരില്‍ തന്നെ സ്ഥിരമായി സോനാഗച്ചിയില്‍ താമസിക്കുന്നവരും ദിവസവും വന്ന് പോയി തൊഴിലെടുക്കുന്നവരും ഉണ്ട്.

ഇടനിലക്കാരോ കൂട്ടിക്കൊടുപ്പുകാരോ വഴി തൊഴില്‍ ചെയ്യുന്നവര്‍ അവര്‍ക്ക് കമ്മീഷന്‍ കൊടുക്കേണ്ടി വരും. എന്നാല്‍, ഇതിന് റിസ്‌ക് സാദ്ധ്യത കുറവാണ്. സുരക്ഷിതത്വം ഉണ്ടാവും. നേരിട്ട് ക്ലയന്റിനെ സ്വീകരിക്കുന്നവര്‍ക്ക്  തുക മുഴുവനായി ലഭിക്കുമെങ്കിലും  പറ്റിക്കപ്പെടാനോ മറ്റ് ഉപദ്രവം ഏല്‍ക്കാനോ ഉള്ള സാധ്യത കൂടുതലാണ്.

സോനാഗച്ചിയില്‍ എത്തുന്ന ഒരാള്‍ക്ക് ഒരു 'ഷോട്ടി' ന് (ഒരു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് സാധാരണ പറയുന്ന പേരാണ് 'ഷോട്ട്' എന്ന് ) എറ്റവും കുറഞ്ഞത് 250 രൂപ മുടക്കണം. കസ്റ്റമര്‍ തീരെ കുറവുള്ള സമയങ്ങളില്‍ ചിലപ്പോള്‍ റേറ്റില്‍ ഇതിലും കുറവ് വന്നേക്കാം.

പ്രായം കുറഞ്ഞ പെണ്‍കുട്ടികള്‍ ആണെങ്കില്‍ തുക കൂടും. കൂടാതെ നൃത്തമറിയുന്നവര്‍, പാട്ടു പാടുന്നവര്‍ ഇവര്‍ക്കെല്ലാം തുക കൂടുതലാണ്. മണിക്കൂറിന് പതിനായിരവും ഇരുപതിനായിരവും വാങ്ങുന്ന സ്ഥലങ്ങളും സോനാഗച്ചിയില്‍ ഉണ്ട്. മദ്യമോ മറ്റ് ലഹരികളോ ആവശ്യമുള്ളവര്‍ക്ക് പണം ചിലവഴിച്ചാല്‍ ഇവിടെ അതും ലഭ്യമാണ്.

 


 

ലോക്ക്ഡൗണ്‍ രാപ്പകലുകള്‍

ലോക് ഡൗണ്‍  തുടങ്ങിയ ദിവസങ്ങളില്‍ സോനാഗച്ചിയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിടുകയായിരുന്നു. നിത്യ വരുമാനം മുടങ്ങിയതോടെ ധാരാളം പേര്‍ സോനാഗച്ചിയില്‍ നിന്ന് സ്വദേശങ്ങളിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ പോയി. ദിവസവും സ്വന്തം വീടുകളില്‍ നിന്ന് വന്ന് ലൈംഗിക തൊഴില്‍ ചെയ്തിരുന്നവര്‍ക്ക് യാത്രാ സൗകര്യം ഇല്ലാതായത് പ്രയാസങ്ങള്‍ ഉണ്ടാക്കി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് ആറുമാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിച്ചു. സോനാഗച്ചിയിലുള്ള ദര്‍ബാറിന്റെ ഓഫീസില്‍ സംസാരിച്ചിരിക്കുമ്പോള്‍ ധാരാളം പേര്‍ റേഷന്‍ വാങ്ങാനുള്ള കൂപ്പണ്‍ ലഭിക്കുന്നതിനായി അവിടെ എത്തുന്നുണ്ടായിരുന്നു.

അത് കൂടാതെ പോലീസ്, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവ വഴിയും ഭക്ഷണ സാധനങ്ങളും മറ്റും സോനാഗച്ചിയില്‍ വിതരണം ചെയ്തിരുന്നു.

ലോക്ഡൗണ്‍ കാലത്ത് എപ്പോഴെങ്കിലും നിങ്ങളുടെ തൊഴില്‍ നിര്‍ത്തിവയ്ക്കണം എന്ന് നിങ്ങള്‍ തീരുമാനിച്ചിരുന്നോ എന്ന എന്റെ ചോദ്യത്തിന് ഇത്തിരി ഗൗരവത്തിലാണ് ഒരു ചെറുപ്പക്കാരി മറുപടി പറഞ്ഞത്.

''അതെങ്ങനെ പറയാന്‍ കഴിയും , ഞങ്ങള്‍ക്കും ജീവിക്കണ്ടേ. സ്വന്തം വരുമാനമാര്‍ഗം വേണ്ടെന്ന് വയ്ക്കുമോ ആരെങ്കിലും...എനിക്ക് നാട്ടില്‍ മൂന്നു മക്കളും പ്രായമായ അച്ഛനും അമ്മയും ഉണ്ട് . എല്ലാ മാസവും അവര്‍ക്ക് ചിലവിനുള്ളത് അയച്ചുകൊടുക്കണം..... ലോക് ഡൗണ്‍ തുടങ്ങിയപ്പോള്‍ ദിവസവും ഒരു കസ്റ്റമറെ പോലും കിട്ടാതെ ഞാന്‍ കഷ്ടപ്പെട്ടിരുന്നു. ഇപ്പോ പതിയെ ആളുകള്‍ വന്നു തുടങ്ങുന്നുണ്ട്...''

കൊറോണ പ്രതിരോധത്തിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തി  എന്ന് ചോദിച്ചപ്പോള്‍ ഒരു മുതിര്‍ന്ന സ്ത്രീ പറഞ്ഞത് ഞങ്ങള്‍ എല്ലാവരോടും മാസ്‌ക് ധരിക്കാനും സാനിറ്റൈസര്‍ ഉപയോഗിക്കാനും പറയുകയും അവ വിതരണം ചെയ്യുകയും ചെയ്തു എന്നാണ്. 

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് എത്രമാത്രം പ്രായോഗികമാണ് എന്ന് ചോദ്യം ഉള്ളില്‍ വന്നെങ്കിലും ഞാന്‍ ചോദിച്ചില്ല. എന്തായാലും ദര്‍ബാറിന്റെ ഓഫീസില്‍ എത്തുന്നവര്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.

പല തരത്തിലുള്ള മേക്കപ്പ് ചെയ്ത് ശരീരവടിവുകള്‍ കൃത്യമായി കാണുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് സോനാഗച്ചിയിലെ തെരുവുകളില്‍ നില്‍ക്കുന്ന പെണ്ണുങ്ങള്‍ ഒന്നും മാസ്‌ക് ധരിച്ചിരുന്നില്ല. എന്തായാലും  നഗരത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സോനാഗച്ചിയില്‍ പോസിറ്റീവ് കേസുകള്‍ കുറവാണ്.

സോനാഗച്ചിയിലെ പ്രധാന തെരുവിലെ ഒരു കടയില്‍ ചായ കുടിച്ചിരിക്കുമ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കടക്കാരും കച്ചവടക്കാരും എല്ലാം കുറഞ്ഞിരിക്കുന്നു. പൊതുവെ തിരക്ക് കുറഞ്ഞ പ്രഭാതങ്ങളാണ് സോനാഗച്ചിയിലേത്. ഉച്ചകഴിയുന്നതോടെ  പലതരം കച്ചവടക്കാരും പെണ്ണുങ്ങളും അവരെ തേടി വരുന്നവരും എല്ലാം സജീവമാകാന്‍ തുടങ്ങും. ആ തിരക്ക് പതിയെ കൂടി കൂടി പാതിരാവും കഴിഞ്ഞ് പുലര്‍ച്ചയോടെ ആണ് അവസാനിക്കുക. രാത്രികളില്‍ ഉത്സവപ്പറമ്പുപോലെ ആകും സോനാഗച്ചി.

ഏതാനും മാസങ്ങളുടെ പ്രതിസന്ധിക്ക് ശേഷം സോനാഗച്ചിയും പഴയ തിരക്കുകളിലേക്ക് വന്നു തുടങ്ങി എന്നാണ് പലരുടേയും സംസാരത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്.

 

സോനാഗച്ചിയില്‍ എത്തുന്ന കസ്റ്റമേഴ്‌സിനെ സ്വീകരിക്കാനുള്ള കസ്റ്റമര്‍ സര്‍വ്വീസ് കേന്ദ്രം.


ഇവിടെ ഇനിയെന്താവും? 

വൈകുന്നേരത്തോടെ രാഹുലിനോട് യാത്ര പറയാനായി ദര്‍ബാറിന്റെ ഓഫീസില്‍ എത്തിയപ്പോള്‍, അവിടെ പുതിയതായി എത്തിയ രണ്ട് പെണ്‍കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവന്‍. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഏതെങ്കിലും ട്രാപ്പില്‍പ്പെട്ട് അവിടെ എത്തുന്നവരേയോ പതിനെട്ട് വയസില്‍ താഴെയുള്ളവരേയോ സോനാഗച്ചിയില്‍ തുടരാന്‍ ദര്‍ബാര്‍ അനുവദിക്കാറില്ല. അങ്ങനെയുള്ളവര്‍ക്ക് വേണ്ട പരിരക്ഷയും സംഘടന നല്‍കാറുണ്ട്.

അവരുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് കസ്റ്റമര്‍ സര്‍വ്വീസ് സെന്റര്‍ എന്നെഴുതിയ ഒരു ചെറിയ ക്യാബിന്‍ ശ്രദ്ധയില്‍പ്പെട്ടത്. സോനാഗച്ചിയില്‍ എത്തുന്ന കസ്റ്റമേഴ്‌സിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മറ്റും നല്‍കാന്‍  പുതിയതായി തുടങ്ങിയതാണ് ഈ കസ്റ്റമര്‍ സെന്റര്‍ .  ലോക്ഡൗണ്‍ കാരണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

ലൈംഗിക തൊഴില്‍ ഇല്ലാതാവില്ല. എങ്കിലും എല്ലാം ഓണ്‍ലൈന്‍ ആയിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ചുവന്ന തെരുവുകള്‍ പതിയെ ഇല്ലാതാകാനോ അതിന്റെ പ്രാധാന്യം കുറയാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്.  വേറൊന്ന് , ലൈംഗിക തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നിലനില്‍പ്പാണ്. അവയ്ക്ക് ലഭിക്കുന്ന പ്രധാന ഫണ്ടുകളില്‍ ഒന്ന് എയ്ഡ്‌സ് പ്രതിരോധവും ആയി ബന്ധപ്പെട്ടതാണ്. നമ്മുടെ ആരോഗ്യ രംഗത്ത് എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ കാലമായി നടന്നുവരുന്നതാണ്. ഭാവിയില്‍ അതിനുള്ള ഫണ്ടിങ്ങ് കുറയുമ്പോള്‍, ഇത്തരം സംഘടനകളുടെ നിലനില്‍പ്പേ ഇല്ലാതാവും.