വായു മലിനീകരണം നിയന്തിക്കുന്നതിന്‍റെ ഭാഗമായി ഈ മാസം ഒന്ന് മുതല്‍ പഴക്കം ചെന്ന വാഹനങ്ങൾക്ക് ദില്ലിയിലെ പെട്രോൾ പമ്പുകൾ ഇനി മുതല്‍ പെട്രോൾ നല്‍കില്ല.

ലസ്ഥാന നഗരിയിലെ വർദ്ധിച്ചു വരുന്ന മലിനീകരണത്തോത് നിയന്ത്രിക്കുന്നതിനായി പഴയ വാഹനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ചിരിക്കുന്ന പുതിയ നയത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. ആയുസ്സ് കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നയത്തിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. പുതിയ നയം അനുസരിച്ച്, 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും, നഗരത്തിലെ ഒരു പെട്രോൾ പമ്പുകളിലും ഇന്ധനം നിറയ്ക്കാൻ ഇനി അനുവാദമില്ല. വാഹനങ്ങളുടെ രജിസ്ട്രേഷൻ നില പരിഗണിച്ചായിരിക്കും ഇനിമുതൽ പെട്രോൾ പമ്പുകളിൽ നിന്നും വാഹനങ്ങൾക്ക് ഇന്ധനം അനുവദിക്കുക. ജൂലൈ ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

സർക്കാരിന്‍റെ നീക്കം നിരവധി വാഹന ഉടമകളിൽ അസംതൃപ്തി ഉണ്ടാക്കി. പ്രത്യേകിച്ച് വാഹനങ്ങൾ നന്നായി പരിപാലിച്ച് ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉള്ള ഉടമകൾക്ക് . രജിസ്ട്രേഷൻ കാലാവധിയിലുള്ള ഈ നിയന്ത്രണം, തുച്ഛമായ വിലയ്ക്ക് വാഹനങ്ങൾ വിൽക്കേണ്ട അവസ്ഥയിലേക്ക് വാഹന ഉടമകളെ കൊണ്ടെത്തിച്ചു. സമൂഹ മാധ്യമങ്ങളിൽ നിന്ന് വലിയ വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. അന്യായവും അപ്രായോഗികവുമായ നിയമമാണ് ഇതെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.

Scroll to load tweet…

ഒരു ദില്ലി സ്വദേശി എക്‌സിൽ തന്‍റെ നിരാശ പ്രകടിപ്പിച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെയാണ്, "എന്‍റെ മാതാപിതാക്കളുടെ കാർ 15 വർഷം പഴക്കമുള്ളതാണ്, കഷ്ടിച്ച് 20,000 കിലോമീറ്റർ ഓടിച്ചെങ്കിലും ഇപ്പോഴും പുതിയത് പോലെ ഓടുന്നത്. എഞ്ചിൻ തകരാറുകളില്ല, പിയുസി മികച്ചതാണ്. എന്നിരുന്നാലും സർക്കാരിന്‍റെ പുതിയ നയത്തിന് കീഴിൽ അത് ഉപേക്ഷിക്കണം." എന്നാൽ സർക്കാർ നയത്തെ അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനങ്ങൾ ഉയർന്നു. ദില്ലിയിൽ മാത്രമേ നിയമം നിലനിൽക്കുന്നുള്ളൂവെന്നും ഇത്തരം കാലപ്പഴക്കം വന്ന വാഹനങ്ങൾ ദില്ലിക്ക് പുറത്ത് ഓടിക്കുകയോ വിൽക്കുകയോ ചെയ്യാമെന്നും ചിലർ കുറിച്ചു. നിയമത്തെ അനുകൂലിക്കാത്തവർ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങൾ നടത്തിയത് കൊണ്ട് കാര്യമില്ലല്ലോ, കോടതിയെ സമീപിക്കുകയാണ് വേണ്ടത് എന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.