Asianet News MalayalamAsianet News Malayalam

മുസ്ലീങ്ങളെ എനിക്കത്ര പഥ്യമായിരുന്നില്ല, താടി നീട്ടി വളര്‍ത്തിയ, തൊപ്പിവച്ചവരെ പ്രത്യേകിച്ച്; പക്ഷെ, ആ യാത്ര എല്ലാം തിരുത്തി..

പിറ്റേന്ന് രാവിലെ കപ്പലിന്‍റെ അലിവേയിൽ താടി നീട്ടി വളർത്തിയ നിസ്കാര തൊപ്പിവച്ച പാക്കിസ്ഥാനി കുക്ക് രജബ് അലിയെ കണ്ടു സംസാരത്തിനിടയിൽ അയാൾ പറഞ്ഞു, "അടുത്ത ആഴ്ച നോയമ്പ് തുടങ്ങുകയാണ് ഞങ്ങൾ. പകൽ ഭക്ഷണം കഴിക്കില്ല, സാർ കഴിക്കോ?" ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും അയാളുടെ സംസാരം എനിക്കത്ര രസിച്ചില്ല!

shobin kammattam writes his experience in Karachi Pakistan
Author
Thiruvananthapuram, First Published May 16, 2019, 12:38 PM IST

മുസ്ലിംങ്ങളെ എനിക്ക് അത്ര പഥ്യമല്ല! നീട്ടിവളർത്തിയ താടിയും തൊപ്പിയും കൂടെ ഉള്ള ടിപ്പിക്കൽ വേഷധാരികൾ ആണേൽ പിന്നെ പറയുകയും വേണ്ട! അപ്പോൾ അതൊരു പാക്കിസ്ഥാനി കൂടെ ആയാലോ?

shobin kammattam writes his experience in Karachi Pakistan

ആദ്യമായിട്ടാണ് കറാച്ചിയിൽ പോകുന്നത്, പാക്കിസ്ഥാനിലെ കറാച്ചിയിൽ! പലതവണ പാകിസ്ഥാനിൽ നിന്നും ഷിപ്പിൽ ജോയിൻ ചെയ്യാൻ അവസരം ലഭിച്ചിട്ടും അത് വേണ്ടെന്ന് വച്ചു. കാരണം ഭയം തന്നെ!

നേരിട്ട് ഫ്ലൈറ്റ് ഇല്ല, ദുബായ് വഴി കറാച്ചിയിലെ ജിന്ന എയർപോർട്ടിൽ എത്തി. ഫ്ലൈറ്റ് ഇറങ്ങിയപ്പോൾ എന്നെ വീണ്ടും ഭയം പിടികൂടി. ശത്രുപാളയത്തിൽ അകപ്പെട്ട പ്രതീതി! ഇമിഗ്രേഷനിൽ എത്തി പാസ്പോർട്ട് കൊടുത്തു. ഓഫീസർ എന്റെ മുഖത്തു നോക്കി ചോദിച്ചു "ആപ് ഹിന്ദുസ്ഥാനി ഹേ?" അയാളുടെ ബെൽറ്റിൽ തൂങ്ങി കിടക്കുന്ന പിസ്റ്റൾ നോക്കി ഞാൻ ഭയത്തോടെ പറഞ്ഞു
"ഹാ"
"ഹാൻജി" എന്ന് മനസ്സിൽ പറയാൻ വന്നതിന്റെ "ഹാ.." മാത്രം പുറത്തേക്കു വന്നു!

അജാനുബാഹുവായ അയാൾ വേഗം ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു "ആവോ മേരാ ഭായ്.." എന്റെ തോളിൽ അയാളുടെ ഉരുക്കു പോലത്തെ കൈകൾ കൊണ്ട് തട്ടി സ്വാഗതം ചെയ്തു. കൊല്ലാൻ കൊണ്ട് പോകുന്നതിനു മുൻപുള്ള വല്ല ആചാരവും ആയിരിക്കും ഇതെന്ന് ഞാൻ സ്വയം മനസ്സിൽ പറഞ്ഞു! വേറെ രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർ കൂടെ വന്നു. അവരുടെ കൂടെ നേരെ എയർപോർട്ടിന് വെളിയിലേക്ക്! പുറംലോകം കണ്ട ആശ്വാസത്തിൽ ഞാൻ ചോദിച്ചു, "ബാഗ് ചെക്കിംഗ്?"

"ആപ് ഹിന്ദുസ്ഥാനി, ഹിന്ദു! ഹമാരാ മെഹ്മാൻ മേരാ ഭായി.." (താങ്കൾ ഇന്ത്യക്കാരൻ, ഹിന്ദു! ഞങ്ങളുടെ അതിഥി, എന്‍റെ സഹോദരൻ..)

അടുത്ത ആഴ്ച നോയമ്പ് തുടങ്ങുകയാണ് ഞങ്ങൾ. പകൽ ഭക്ഷണം കഴിക്കില്ല, സാർ കഴിക്കോ?

അങ്ങനെ ബാഗ് ചെക്കിങ്ങും സെക്യൂരിറ്റി ചെക്കിങ്ങും ഒന്നും ഇല്ലാതെ നേരെ ഏജന്‍റ് കൊണ്ടുവന്ന വണ്ടിയിൽ കയറി പോർട്ട്‌ മുഹമ്മദ്‌ ബിൻ ഖസിമിലേക്ക് യാത്ര തുടങ്ങി. കൂടെ രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകളും.. മനസ്സിലുള്ള ഭയം പതിയെ കുറഞ്ഞു തുടങ്ങി. 

വണ്ടിയുടെ വിൻഡോ ഗ്ലാസിലൂടെ ഞാൻ ആ പൊടിപിടിച്ച നഗരത്തെ കണ്ടു. മുഖം മറയ്ക്കാത്ത സ്ത്രീകൾ! ജീൻസും ടോപ്പും ഇട്ട സ്ത്രീകൾ! പർദ്ദയിട്ട സ്ത്രീകൾ! താടി നീട്ടി വളർത്തിയ ആണുങ്ങൾ, ജീൻസും ഷർട്ടും ധരിച്ച ക്ലീൻ ഷേവ് ചെയ്ത ചെറുപ്പക്കാർ എല്ലാവരും ഉണ്ട്.. നമ്മുടെ മുംബൈ പോലെ, അല്ലെങ്കിൽ കൊൽക്കത്ത പോലെ ഒക്കെ തന്നെ. ഒരിക്കൽ ഈ നാടും നമ്മുടെ ആയിരുന്നല്ലോ അല്ലേ?

കസ്റ്റംസിൽ എത്തി കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. ഉച്ച ആയപ്പോൾ എനിക്കും കൂടെ ഉണ്ടായിരുന്നവർക്കും ഓഫീസർ ബിരിയാണി വാങ്ങി കൊണ്ട് വന്നു.. എല്ലാവരും ഒരുമിച്ച് ഇരുന്ന് കഴിച്ചു! അവിടുന്ന് ചെറിയൊരു ബോട്ടിൽ കയറ്റി നേരെ ഷിപ്പിലേക്ക്! "ഈ ബോട്ട് ഇന്ത്യൻ മീൻപിടുത്തക്കാരുടെയാ അതിർത്തി കടന്നപ്പോൾ നേവി പിടിച്ചെടുത്തതാ.." ബോട്ട് ഓടിക്കുന്ന ആൾ പറഞ്ഞത് ശരിയാണ്! അതിന്റെ വീലിൽ 'GUJRAT' എന്ന് എഴുതിയിരിക്കുന്നു! അയാൾ എന്നെ തോൽപ്പിച്ച ഭാവത്തിൽ, പാനിന്‍റെ കറപുരണ്ട കറുത്ത പല്ല് കാട്ടി ചിരിച്ചു. ബോട്ട് ഷിപ്പിനോട്‌ അടുപ്പിച്ചു, ഞങ്ങൾ ഷിപ്പിൽ കയറി മനസ്സിൽ അല്പം ആശ്വാസം തോന്നി.

പിറ്റേന്ന് രാവിലെ കപ്പലിന്‍റെ അലിവേയിൽ താടി നീട്ടി വളർത്തിയ നിസ്കാര തൊപ്പിവച്ച പാക്കിസ്ഥാനി കുക്ക് രജബ് അലിയെ കണ്ടു സംസാരത്തിനിടയിൽ അയാൾ പറഞ്ഞു, "അടുത്ത ആഴ്ച നോയമ്പ് തുടങ്ങുകയാണ് ഞങ്ങൾ. പകൽ ഭക്ഷണം കഴിക്കില്ല, സാർ കഴിക്കോ?" ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും അയാളുടെ സംസാരം എനിക്കത്ര രസിച്ചില്ല!

നോയമ്പ് തുടങ്ങി, ഭക്ഷണം കഴിക്കാതെ കുക്ക് രജബ് അലി ഞങ്ങൾക്ക് വേണ്ടി പാചകം ചെയ്തു കൊണ്ടിരുന്നു.. വ്രതം എടുക്കുന്ന മറ്റു പാകിസ്ഥാനികളെ കൊണ്ട് പതിവിൽ അധികം ജോലികൾ വെയിലത്തു ചെയ്യിപ്പിച്ചു! ഒരു മടിയും തടസവും പറയാതെ അനുസരണയോടെയും ശാന്തതയോടെയും അവർ ജോലികൾ ചെയ്തുകൊണ്ടിരുന്നു! ജലപാനം പോലും ചെയ്യാതെ! ആ കൊടും ചൂടിൽ കഠിന ജോലികൾ ചെയ്ത് ആരെങ്കിലും തളർന്നു വീണു എന്ന വാർത്തക്കായി ഞാൻ കാത്തിരുന്നു! എന്റെ നിരീശ്വരവാദം അവതരിപ്പിക്കുവാൻ അവസരം വരുമെന്ന് കരുതി! പക്ഷെ നിരാശ ആയിരുന്നു ഫലം..

തീവ്രവാദം എന്നത് നമ്മെ പോലെ അവരെയും ഭയപ്പെടുത്തുന്നു!

ഇവർക്ക് ഇതിനുള്ള ശക്തി എങ്ങിനെ കിട്ടുന്നു എന്ന് എനിക്ക് പലപ്പോഴും അത്ഭുതം തോന്നി. വൈകുന്നേരങ്ങളിൽ നോയമ്പ് മുറിക്കാൻ നേരം അവർ എന്നെയും ക്ഷണിച്ചു. ചിലപ്പോൾ എല്ലാം ഞാൻ പോയി അവരുടെ കൂട്ടത്തിൽ ഇരുന്നു. എന്നിരുന്നാലും അവർക്ക് കൊടുക്കുന്ന ജോലികളിൽ ഞാൻ ഒരു ഇളവും വരുത്തിയില്ല. കുശലം പറയുന്ന കൂട്ടത്തിൽ അവരിൽ ചിലർ മനസ്സ് തുറന്നു.. സ്വന്തം മകളെ സ്കൂളിൽ അയക്കുന്നതിന് തടസ്സം ഉള്ള, സ്വന്തം കുഞ്ഞിന് ഇഷ്ടമുള്ള പേരിടാൻ സ്വാതന്ത്ര്യം ഇല്ലാത്ത താലിബാൻ നിയന്ത്രണത്തിലുള്ള സ്ഥലത്തു താമസിക്കുന്ന മുസ്ലിം വിശ്വാസികൾ! തീവ്രവാദം എന്നത് നമ്മെ പോലെ അവരെയും ഭയപ്പെടുത്തുന്നു! അതെന്റെ ആദ്യ അറിവായിരുന്നു. അവരുടെ നാട്ടിൽ കുറച്ചു കാലങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം അവരിൽ ഒരാൾ എന്നോട് പറഞ്ഞു.

"ഒരു ഹിന്ദു പെൺകുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ച ഒരു മുസൽമാന്റെ കഥ!" ആ പെൺകുട്ടി അയാളോട് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ, അവളുടെ ആവശ്യം എന്നെ അത്ഭുതപ്പെടുത്തി! അതെന്നെ ഇരുത്തി ചിന്തിപ്പിച്ചു, അങ്ങനെ ഒരു പെൺകുട്ടി പറയുമോ? പറഞ്ഞാൽ തന്നെ അത് അംഗീകരിക്കപ്പെടുമോ? കറാച്ചിയിൽ ആങ്കർ ചെയ്തു ശാന്തമായിക്കിടന്നിരുന്ന കപ്പലിൽ, ആ കഥാപാത്രങ്ങൾ എന്റെ സ്വസ്ഥത നശിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങനെ അവരെ ഞാൻ എനിക്ക് അറിയാവുന്ന ഒരിടത്തേക്ക് പറിച്ചു നട്ടു! മലബാർ! അങ്ങനെ ഉണ്ണിഹാജിയും കുട്ടിമാളുവുമായി അവർ പുനർജനിച്ചു! 'അലൈപായുതേ' എന്ന പുസ്തകം കറാച്ചി കടലിൽ പിറന്നു! മാപ്പിള ലഹളയേയും പ്രളയത്തേയും അവരുടെ പ്രണയം കൊണ്ടവർ അതിജീവിച്ചു! അന്ന് ആ പാക്കിസ്ഥാനി ഹിന്ദു പെൺകുട്ടി പറഞ്ഞ അതേ കാര്യം ഞാൻ കുട്ടിമാളു എന്ന നായർപെൺകുട്ടിയെ കൊണ്ട് ഉണ്ണിഹാജിയോട് പറയിപ്പിച്ചു!

അവരുടെ നോയമ്പ് മുറുകിക്കൊണ്ടിരുന്നു! അതിനിടയിൽ എനിക്ക് പനിപിടിച്ചു ഭക്ഷണം കഴിക്കാൻ പറ്റാതെ കിടപ്പിലായി. സ്വന്തം മതത്തിലെ ദൈവങ്ങൾക്ക് വേണ്ടി ഒരിക്കൽ പോലും പട്ടിണി കിടന്നിട്ടില്ലാത്ത ഞാൻ നോയമ്പ് എടുത്താൽ അതൊരു പ്രഹസനം ആകും! എന്റെ നിരീശ്വരവാദി മനസ്സ് പറഞ്ഞു. മുംബൈയിലും കൊൽക്കത്തയിലും ജോലി അന്വേഷിച്ചു നടക്കുമ്പോൾ ആവശ്യം പോലെ പട്ടിണി നോയമ്പ് നിർബന്ധം ആയി എടുത്തിട്ടുണ്ട് അത് മതി! എന്നിലെ യുക്തിവാദ ചിന്തകളും നിരീശ്വരവാദവും ശക്തമായിത്തന്നെ നിലകൊണ്ടു!

ഒരു ദിവസം ഷിപ്പിൽ ബീഫ് വച്ചു! ഞാൻ അത് കഴിക്കാൻ ചോദിച്ചു, അന്ന് ആദ്യം ആയി രജബ് അലി എന്നോട് കയർത്തു സംസാരിച്ചു! "നിങ്ങൾ ഹിന്ദുസ്ഥാനികൾ ആണ്, ബീഫ് കഴിക്കാൻ പാടില്ല, തരില്ല!" ഹിന്ദുസ്ഥാനികൾ ആരും ബീഫ് കഴിക്കില്ല എന്നാണ് അവന്റെ വിശ്വാസമെന്ന് തോന്നുന്നു. എന്തായാലും അത് അങ്ങനെ തന്നെ ഇരിക്കട്ടെ! അവന്റെ മനസ്സിലെ വിശ്വാസം എന്നിൽ കൗതുകവും ഒപ്പം അനാവശ്യ അഭിമാന ചിന്തകളും വളർത്തി.

ഞാൻ അവരുടെ അടുക്കൽ പോകാതിരുന്ന വൈകുന്നേരങ്ങളിൽ നോയമ്പ് പലഹാരങ്ങളുമായി അവർ എന്നെ കാണാൻ വന്നു. കുശലം പറഞ്ഞു.  എനിക്ക് അവരോടുള്ള മനോഭാവം ആകെ മാറി മറിഞ്ഞു, താടിയും തൊപ്പിയും വെച്ചവരെല്ലാം തീവ്രവാദികൾ അല്ലെന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയണമെന്നെനിക്ക് ആഗ്രഹം തോന്നി.

യാത്രപറഞ്ഞ് ഇറങ്ങാൻ നേരവും നോയമ്പ് പിടിച്ചവൻ എനിക്കായി മേശ നിറയെ ഭക്ഷണം ഉണ്ടാക്കിവച്ചിരുന്നു

ഒടുവിൽ അവിടുന്ന് നാട്ടിലേക്ക് പോരുന്നതിന് മുമ്പ്, പ്രസവിച്ചു വെറും മുപ്പതുനാൾ മാത്രം ആയ ഒരു പാക്കിസ്ഥാനി സുഹൃത്തിന്റെ ഭാര്യ എനിക്കായി നാടൻ പലഹാരങ്ങൾ ഉണ്ടാക്കി കൊടുത്തു വിട്ടു. കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിൽഖുഷ്, കറാച്ചിയിലെ ഏറ്റവും പ്രസിദ്ധമായ ബേക്കറിയിൽ നിന്നും!

ഞാൻ യാത്രപറഞ്ഞ് ഇറങ്ങാൻ നേരവും നോയമ്പ് പിടിച്ചവൻ എനിക്കായി മേശ നിറയെ ഭക്ഷണം ഉണ്ടാക്കിവച്ചിരുന്നു.. അന്നെന്തോ അത് കഴിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല!

വിശുദ്ധ റമദാനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന എല്ലാ മുസ്ലിം സഹോദരങ്ങൾക്കും സ്നേഹം നിറഞ്ഞ റമദാൻ ആശംസകൾ... മറ്റെന്ത് പറയാനാണ് ആ സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍..

(കൂടെയുള്ളത്, രജബ് അലിയുമൊത്ത് കറാച്ചി anchorage ൽ നിന്നെടുത്ത ചിത്രം.)

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios