ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന ദില്ലി - സഹരൻപൂർ - ഡെറാഡൂൺ എക്സ്പ്രസ് വേയിൽ വ്യാപകമായ നശീകരണം. പ്രദേശവാസികൾ മനഃപൂർവം സ്ട്രീറ്റ് ലൈറ്റുകളും ക്യാമറകളും തകർക്കുന്നതായി ഒരു വീഡിയോ വെളിപ്പെടുത്തുന്നു. 

ദില്ലി - സഹരൻപൂർ എക്സ്പ്രസ് വേ ഔദ്യോഗികമായി പൊതുജനങ്ങൾക്ക് തുറക്കുന്നതിന് മുമ്പുതന്നെ നശിപ്പിക്കാന്‍ ആളുകൾ റെഡിയാണെന്ന് വെളിപ്പെടുത്തല്‍. പണി പൂര്‍ത്തിയായി ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ് 210 കിലോമീറ്റർ നീളമുള്ള, ദില്ലി - ഡെറാഡൂൺ സാമ്പത്തിക ഇടനാഴി (NH-709B) എന്ന് അറിയപ്പെടുന്ന ദില്ലി - സഹരൻപൂർ - ഡെറാഡൂൺ എക്സ്പ്രസ് വേ. ഓക്ടോബറില്‍ തുറക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് അത് ഡിസംബറിലേക്ക് മാറ്റി. എന്നാല്‍, ഉദ്ഘാടനത്തിന് മുമ്പ് തന്നെ പാലത്തിൽ കേടുപാടുകൾ വരുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന ഒരു കണ്ടന്‍റ് ക്രീയേറ്ററുടെ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ബോധപൂര്‍വ്വമുള്ള ശ്രമം

പ്രദേശവാസികൾ മനഃപൂർവ്വം റോഡ് തക‍ർക്കാനായി ചെയ്യുന്നതാണിതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ പ്രവർത്തി തുടർന്നാൽ, ഉദ്ഘാടനത്തിന് മുമ്പ് തന്നെ റോഡിലെ മുഴുവന്‍ സ്ട്രീറ്റ് ലൈറ്റുകളും സുരക്ഷാ ക്യാമറകളും ഇല്ലാതാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രദേശവാസികളുടെ ഇത്തരം പെരുമാറ്റം എല്ലാവരെയും ഒരു പോലെ ദുരിതത്തിലാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം ഉദ്ഘാടനം കഴിയും വരെ പുതിയ റോഡിലേക്ക് ആരെയും കയറ്റരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി ആളുകളാണ് പുതിയ ഹൈവേ സന്ദർശിക്കാൻ എത്തുന്നത്. എന്നാല്‍ അവര്‍ യാത്ര ചെയ്യാനല്ല, മറിച്ച് കേടുപാടുകൾ വരുത്താനാണ് എത്തുന്നത്. എക്സ്പ്രസ് വേയുടെ ചില ഭാഗങ്ങൾ എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് അദ്ദേഹം തന്‍റെ വീഡിയോയില്‍ കാണിക്കുന്നു. റോഡിൽ സ്ഥാപിക്കപ്പെട്ട തെരുവുവിളക്കുകൾ തകർന്നു, ക്യാമറകൾ തകർന്നു, മിക്ക തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വീഡിയോയില്‍ ചിലര്‍ റോഡില്‍ യോഗാഭ്യാസം ചെയ്യുന്നതും എക്സര്‍സൈസ് ചെയ്യുന്നതും കാണാം. ഗുണമേന്മയില്ലാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതിനാല്‍ തകർന്നതല്ലെന്നും മറിച്ച് പ്രദേശവാസികൾ ബോധപൂര്‍വ്വം തക‍ർത്തതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Scroll to load tweet…

പ്രതികരണം

13 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ പ്രതികരിച്ച് കൊണ്ട് രംഗത്തെത്തി. സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയല്ല വേണ്ടത്, മറിച്ച് നൽകുന്ന സൗകര്യങ്ങൾ നശിപ്പിക്കുന്നത് തടയുന്നതിനായി ഒരു സംവിധാനം കൂടി സൃഷ്ടിക്കണമെന്ന് ഒരാൾ എഴുതി. ഇന്ത്യൻ മാനസികാവസ്ഥ എന്താണെന്ന് അറിയാമെങ്കിലും, ജനങ്ങളുടെ ഈ പൗരബോധമില്ലായ്മയ്ക്ക് പരിഹാരമില്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ആശങ്കപ്പെട്ടു. വരും തലമുറകളിലും ഒരു മൂന്നാം ലോക രാജ്യമായി മുദ്രകുത്തപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇന്ത്യയിൽ, അടിസ്ഥാന പൗരബോധ ക്ലാസുകൾ പ്രൈമറി ഘട്ടം മുതൽ പഠിപ്പിച്ച് തുടങ്ങണമെന്ന് മറ്റ് ചിലര്‍ ആവശ്യപ്പെട്ടു.

ദില്ലി - ഡെറാഡൂൺ എക്സ്പ്രസ് വേ

ദില്ലി - ഡെറാഡൂൺ സാമ്പത്തിക ഇടനാഴി (NH-709B) എന്ന് അറിയപ്പെടുന്ന ദില്ലി - സഹരൻപൂർ - ഡെറാഡൂൺ എക്സ്പ്രസ് വേ 210 കിലോമീറ്റർ നീളമുള്ള, 12/6 ലെയ്ൻ എക്സ്പ്രസ് വേയാണ്. ദില്ലിയെയും ഡെറാഡൂണിനെയും ബന്ധിപ്പിക്കുന്ന ഈ റോഡ് യാത്രാ സമയം ഏകദേശം 5-6 മണിക്കൂറിൽ നിന്ന് 2.5 മണിക്കൂറായി കുറയ്ക്കാൻ ലക്ഷ്യമിടുന്നു. ഒപ്പം മറ്റ് പ്രധാന ഹൈവേകളുമായി ബന്ധിപ്പിക്കുന്ന സബ് റോഡുകളുമുണ്ട്. പണി പൂർത്തിയായ ഈ റോഡ് 2025 ഡിസംബറോടെ തുറന്ന് കൊടുക്കുമെന്നാണ് കരുതുന്നത്. ഏകദേശം ₹13,000 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയ ചെലവ്. ഈ റോഡ് ഉപയോഗിക്കാന്‍ ട്രോൾ നല്‍കണം.