സഹോദരിയുടെ വിവാഹത്തിന്റെ സമയത്ത് താൻ കർണാടകയിൽ പഠിക്കുകയായിരുന്നു. ബിഹാറിൽ ആയിരുന്നു വിവാഹം. കാശില്ലാത്തതു കൊണ്ട് വിവാഹത്തിൽ പങ്കെടുക്കാൻ പോലും തനിക്ക് സാധിച്ചിരുന്നില്ല.
നിരവധി വ്യത്യസ്തമായ വിഷയങ്ങളുമായി ബന്ധപ്പെട്ട അനേകം പോസ്റ്റുകൾ ആളുകൾ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതിൽ ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. സഹോദരിയുടെ വിവാഹവുമായും സ്ത്രീധനം കൊടുത്തതുമായും ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് യുവാവ് പോസ്റ്റിട്ടിരിക്കുന്നത്.
താൻ ഗ്രാമീണപശ്ചാത്തലത്തിൽ നിന്നും വരുന്ന യുവാവാണ്. സഹോദരിയുടെ വിവാഹം നടക്കുന്ന സമയത്ത് 2024 -ൽ എടുത്ത വായ്പകൾ തങ്ങളെ ആകെ ബുദ്ധിമുട്ടിൽ ആക്കിയിരിക്കുകയാണ് എന്നാണ് യുവാവ് പറയുന്നത്. തങ്ങൾക്ക് സ്വത്തോ എന്തെങ്കിലും സേവിംഗുകളോ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ബിരുദം കഴിഞ്ഞ് ജോലിക്ക് കയറിയ യുവാവിലായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ മുഴുവനും. ആ ജോലി കൊണ്ട് വായ്‍പ തിരികെ അടക്കാനാവുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
താൻ ഒരു ടയർ 3 കോളേജിലാണ് പഠിച്ചത്. അവിടെ പ്ലേസ്‌മെൻ്റ് അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ക്യാംപസിന് പുറത്തും ജോലി അന്വേഷിച്ചു. തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തു. പക്ഷേ ജോലിയൊന്നും ലഭിച്ചില്ല എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു.
ഈ അവസ്ഥ കുടുംബത്തിലുള്ളവരുടെ ആരോഗ്യത്തെയും ബാധിച്ചു. അച്ഛൻ ഇപ്പോൾ ലോണുകൾ കൊണ്ട് വലഞ്ഞിരിക്കയാണ്. അമ്മയാവട്ടെ 20 വർഷമായി സുഖമില്ലാത്ത ആളാണ്. ഇപ്പോൾ AIIMS -ൽ ഓപ്പറേഷന് തയ്യാറാവുകയാണ്. അമ്മയെ ഫോണിൽ പോലും താനിപ്പോൾ വിളിക്കാറില്ല. കാരണം വേദനയോടെയുള്ള അവരുടെ കരച്ചിൽ തനിക്ക് കേൾക്കാൻ വയ്യ എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു.
സഹോദരിയുടെ വിവാഹത്തിന്റെ സമയത്ത് താൻ കർണാടകയിൽ പഠിക്കുകയായിരുന്നു. ബിഹാറിൽ ആയിരുന്നു വിവാഹം. കാശില്ലാത്തതു കൊണ്ട് വിവാഹത്തിൽ പങ്കെടുക്കാൻ പോലും തനിക്ക് സാധിച്ചിരുന്നില്ല. അതാണ് തന്നെ ഏറ്റവും വേദനിപ്പിച്ചത് എന്നും യുവാവ് എഴുതുന്നു. മാത്രമല്ല, വീട്ടിൽ മറ്റ് സഹോദരങ്ങളടക്കം എല്ലാവരും പട്ടിണിയിലാണ് എന്നും യുവാവിന്റെ പോസ്റ്റിലുണ്ട്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഒരിക്കലും വായ്പ മേടിച്ചും, കടബാധ്യതകളും ഉണ്ടാക്കി വിവാഹം നടത്തരുത് എന്നാണ് പലരും ഉപദേശിച്ചത്. എങ്ങനെയാണ് വിവാഹങ്ങളിൽ വേണ്ടുന്ന ഈ നിർബന്ധിത ചെലവുകൾ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നത് എന്നാണ് പോസ്റ്റിൽ നിന്നും മനസിലാകുന്നത്. സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും പലരും സ്ത്രീധനം കൊടുക്കാൻ നിർബന്ധിതരാവുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്.
