ശൈത്യകാലം തുടങ്ങുമ്പോൾ പാമ്പുകളും മറ്റ് ഇഴജന്തുക്കളും ചൂട് തേടി പലപ്പോഴും ഗോഡൗണുകളിലോ സ്റ്റോറേജ് സ്ഥലങ്ങളിലോ ഒളിച്ചിരിക്കാം.
സോഷ്യൽ മീഡിയയിൽ 'സ്നേക്ക് ഗേൾ' എന്ന് അറിയപ്പെടുന്ന യുവതിയാണ് അജിത പാണ്ഡെ. പാമ്പുകളെ പിടികൂടുന്നതിലുള്ള അജിതയുടെ കഴിവ് നെറ്റിസൺസിനിടയിൽൽ വലിയ പ്രശംസകൾ ഏറ്റുവാങ്ങാൻ കാരണമാകാറുണ്ട്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നിന്നുള്ള അജിത അടുത്തിടെ ഒരു ഫാക്ടറിയിൽ നിന്നും പാമ്പിനെ പിടികൂടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പാമ്പിനെ കണ്ടുവെന്നും പിടികൂടണമെന്നും പറഞ്ഞ് ഫോൺ വന്നതിന് പിന്നാലെയാണ് അജിത ഫാക്ടറിയിൽ എത്തിയത്. ഒരു കൂട്ടം ചാക്കുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ഒരു മൂർഖനെയാണ് അവൾ ഇവിടെ കണ്ടത്.
ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ അജിത പാമ്പിനെ പിടിക്കാനായി പോകുന്നതും പാമ്പിനെ പിടികൂടുന്നതും കാണാം. ഇതിന്റെ മുഴുവനായിട്ടുള്ള വീഡിയോ അവൾ യൂട്യൂബിലും ഷെയർ ചെയ്തിട്ടുണ്ട്. അതേസമയം, പാമ്പിനെ കുറിച്ചുള്ള ചില മുൻകരുതലുകളും അവൾ നൽകുന്നുണ്ട്. അതാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കോൾ വന്നതിന്റെ അടിസ്ഥാനത്തിൽ അജിത ഫാക്ടറിയിലേക്ക് പോകുന്നതാണ് കാണുന്നത്. അവിടെ ആളുകൾ കൂടിനിൽക്കുന്നതായിട്ടും കാണാം. എന്നാൽ, പാമ്പിനെ അവിടെയൊന്നും കാണുന്നില്ല. പക്ഷേ, അവിടെ വച്ചിരിക്കുന്ന ചാക്കുകൾ മാറ്റുമ്പോൾ അതിനടിയിൽ പതുങ്ങിയിരിക്കുന്ന മൂർഖനെ കാണാം. അജിത അതിനെ പിടിച്ച് ചാക്കിലാക്കുന്നതും കാണാം.
തുടർന്ന് പാമ്പുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും അജിത പറയുന്നത് കേൾക്കാം. ശൈത്യകാലം തുടങ്ങുമ്പോൾ പാമ്പുകളും മറ്റ് ഇഴജന്തുക്കളും ചൂട് തേടി പലപ്പോഴും ഗോഡൗണുകളിലോ സ്റ്റോറേജ് സ്ഥലങ്ങളിലോ ഒളിച്ചിരിക്കാം. അത്തരം സ്ഥലങ്ങളിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനുമുമ്പ് ജാഗ്രത പാലിക്കണമെന്നും ചുറ്റും ശ്രദ്ധയോടെ പരിശോധിക്കണമെന്നും അജിത പറഞ്ഞു. ഇനി അഥവാ പാമ്പിനെയോ മറ്റോ കണ്ടാൽ അവയെ പ്രകോപിപ്പിക്കുന്നതിന് പകരം പരിശീലനം ലഭിച്ച ഒരു സ്നേക്ക് റെസ്ക്യൂവറെ വിളിക്കണമെന്നും അവർ പറഞ്ഞു.


