സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ, പാമ്പുകളുടെ വായ ടേപ്പ് വെച്ച് ഒട്ടിച്ച ശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയും ഫോട്ടോകൾക്കും വീഡിയോകൾക്കുമായി പോസ് ചെയ്യുകയും ചെയ്യുന്നത് കാണാം.

സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യാനായി റീൽസുണ്ടാക്കാൻ പെരുമ്പാമ്പുകളെയും മൂർഖൻ പാമ്പുകളെയും ഉപദ്രവിച്ചവർക്കെതിരെ നടപടിയെടുത്തു വനം വകുപ്പ്. കർണാടകയിലാണ് സംഭവം. വീഡിയോ ചിത്രീകരിക്കുന്നതിനായി പാമ്പുകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കുറ്റക്കാരായവർക്കെതിരെ കർണാടക വനം വകുപ്പ് നടപടി എടുത്തത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ, പാമ്പുകളുടെ വായ ടേപ്പ് വെച്ച് ഒട്ടിച്ച ശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയും ഫോട്ടോകൾക്കും വീഡിയോകൾക്കുമായി പോസ് ചെയ്യുകയും ചെയ്യുന്നത് കാണാം. ശിവമോഗയിലെ സ്നേക്ക് റെസ്ക്യൂവറാണ് എന്ന് സ്വയം പറയുന്ന മുഹമ്മദ് ഇർഫാനാണ് വീഡിയോക്ക് പിന്നിലെന്ന് വനം വകുപ്പ് പറയുന്നു. ഇയാൾ ഇപ്പോൾ ഒളിവിലാണ്.

ഇർഫാൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ അഞ്ച് പാമ്പുകളെ (ഒരു ആൺ പെരുമ്പാമ്പ്, രണ്ട് പെൺ പെരുമ്പാമ്പുകൾ, രണ്ട് മൂർഖൻ പാമ്പുകൾ) വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഈ പാമ്പുകളെല്ലാം 1972 -ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ-I പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളവയാണ്. അതിനാൽ, ഇത്തരം ഉപദ്രവങ്ങൾ ഗുരുതരമായ കുറ്റകൃത്യമാണ്. പ്രതിക്കെതിരെ കർശന നടപടിക്ക് വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ ഉത്തരവിട്ടു. അഗുംബെയിലെ ഏതെങ്കിലും ഗവേഷണ കേന്ദ്രങ്ങൾ വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിക്കുകയോ ഉരഗങ്ങളോട് ക്രൂരമായി പെരുമാറുകയോ ചെയ്തിട്ടുണ്ടോ എന്നും വകുപ്പ് അന്വേഷിക്കുന്നുണ്ട്.

രക്ഷപ്പെടുത്തിയ പാമ്പുകളെ സുരക്ഷിതമായ സംരക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാനായി മൃഗങ്ങളെ ഉപദ്രവിക്കുന്നത് വർദ്ധിച്ചുവരികയാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിക്കണമെന്നാണ് വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ നെറ്റിസൻസ് അഭിപ്രായപ്പെട്ടത്. സാമൂഹിക മാധ്യമങ്ങളിൽ റീലുകൾ പോസ്റ്റ് ചെയ്യാൻ എന്തു ക്രൂരതയും കാട്ടാൻ മടിയില്ലാത്ത അവസ്ഥയിലേക്ക് ചില ആളുകൾ എത്തി എന്നത് ആശങ്ക ജനിപ്പിക്കുന്നതാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.