ഫ്ലാറ്റില്‍ വെള്ളം കിട്ടാനില്ലെന്ന് പരാതി പറയാനെത്തിയ ഫ്ലാറ്റ് ഉടമയും മെന്‍റനന്‍സ് ജീവനക്കാരുനും തമ്മില്‍ പൊരിഞ്ഞ അടി. സിസിടിവി ദൃശ്യങ്ങൾ വൈറൽ.
ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള സമ്പന്നർ താമിസിക്കുന്ന ഫ്ലാറ്റില്‍, മെയിന്‍റനൻസ് ജീവനക്കാരുമായി അടികൂടുന്ന ഫ്ലാറ്റ് ഉടമയുടെ വീഡിയോ വൈറൽ. ഫ്ലാറ്റില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി പറയാനെത്തിയതായിരുന്നു ഫ്ലാറ്റ് ഉടമ. പരാതി പറയുന്നതിനിടെ ഇരുവരും വാക്കിറ്റത്തിലാവുകയും പിന്നാലെ അത് അടിയിലെത്തുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. സുനില്‍ ഗൗതം ജേർണലിസ്റ്റ് എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള സായ ഗോൾഡ് അവന്യൂ റെസിഡൻഷ്യൽ സൊസൈറ്റിയിൽ ജൂലൈ 10 ഞായറാഴ്ചയാണ് സംഭവം നടന്നത്. ജലക്ഷാമം സംബന്ധിച്ച താമസക്കാരന്‍റെ പരാതിയെത്തുടർന്ന് സൊസൈറ്റിയിലെ ഒരു താമസക്കാരനും മെയിന്‍റനൻസ് സ്റ്റാഫ് അംഗവും തമ്മിലായിരുന്നു തർക്കമുണ്ടായത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
വീഡിയോയില്‍ ഇരുന്ന് സംസാരിക്കുന്ന രണ്ട് പേരെ കാണാം. മുറിയിലെ മറ്റുള്ളവര്‍ ഇടയ്ക്ക് ഇരുവരെയും ശ്രദ്ധിക്കുന്നു. പെട്ടെന്ന് ഇരുന്ന് സംസാരിക്കുന്നവര്‍ ചാടി എഴുന്നേല്‍ക്കുകയും പിടിച്ച് തള്ളുകയും ചെയ്യുന്നു. ഇതിനിടെ താഴെ വീണ് പോയ ജീവനക്കാരന്‍ എഴുന്നേറ്റ് ഫ്ലാറ്റ് ഉടമയെ അടിക്കുന്നു. പിന്നാലെ ഇരുവരും തമ്മില്‍ പരസ്പരം ശാരീരികമായി അക്രമിക്കുന്നതിനിടെ മറ്റുള്ളവര്‍ ഫ്ലാറ്റ് ഉടമയെ പിടിച്ച് വെയ്ക്കുന്നതും ഈ സമയം ജീവനക്കാരന്‍ അദ്ദേഹത്തെ തല്ലുന്നതും കാണാം. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെയാണ് പോലീസ് കേസെടുത്ത് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.


