മൂന്ന് മാസത്തെ ശമ്പള കുടിശ്ശിക ചോദിച്ചപ്പോഴാണ് കോഴിക്കടയുടെ ഉടമ തന്‍റെ തൊഴിലാളികളെ ബെല്‍റ്റ് വച്ച് അടിച്ചത്. 

തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷങ്ങൾ അടുത്ത കാലത്തായി കൂടുകയാണെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവിലായി ശമ്പളം ആവശ്യപ്പെട്ട തൊഴിലാളികളെ തൊഴിലുടമ ബെല്‍റ്റിന് അടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നരേന്ദ്ര പ്രതാപ് എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളിൽ വലിയ ഞെട്ടലുണ്ടാക്കി. മൂന്ന് മാസത്തെ ശമ്പളം ആവശ്യപ്പെട്ടതിനാണ് മീററ്റിലെ ഒരു കോഴി വ്യാപാരി തന്‍റെ രണ്ട് ജീവനക്കാരെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് അതിക്രൂരമായി ബെല്‍റ്റിന് അടിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി.

ഷാൻ ഖുറേഷി എന്ന കോഴി വ്യാപാരിയാണ് തന്‍റെ രണ്ട് ജീവനക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്നതെന്ന് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു. നല്‍കാനുള്ള മൂന്ന് മാസത്തെ ശമ്പളം ചോദിച്ചപ്പോൾ കോഴികളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഷാൻ ഖുറേഷി തൊഴിലാളികളെ ബന്ദികളാക്കുകയും ബെൽറ്റിന് അടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പല ഭാഗത്തായി അഞ്ചാറ് പേരിരിക്കുന്ന ഒരു മുറിയിലാണ് സംഭവം നടക്കുന്നത്. ഷാന്‍ ഖുറേഷി, ഒരു തൊഴിലാളിയെ അടിക്കുമ്പോൾ മറ്റുള്ളവര്‍ അത് നോക്കി നില്‍ക്കുന്നതും കാണാം. തൊഴിലാളിയുടെ മുഖത്തും പുറത്തും ബെല്‍റ്റ് വച്ച് ഇയാൾ ആഞ്ഞടിക്കുന്നു. ആദ്യത്തെ തൊഴിലാളിയെ അടിച്ച ശേഷം ഇയാൾ അടുത്തയാളെ അടിക്കുന്നു. രണ്ടാമത്തെ തൊഴിലാളി അടി കൊണ്ട് ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കുമ്പോൾ വീണ്ടും അടിക്കുകയും അടി കൊണ്ട് ഇയാൾ താഴെ വീഴുകയും ചെയ്യുന്നു. ഈ സമയം ഖാന്‍ ആദ്യ തൊഴിലാളിക്ക് നേരെ വീണ്ടും തിരിയുന്നതും വീഡിയോയില്‍ കാണാം.

Scroll to load tweet…

ജീവനക്കാരെ ശാരീരികമായി ക്രൂരമായി ആക്രമിച്ച തൊഴിലുടമയ്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. മൂന്ന് മാസത്തെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഈ ക്രൂരമായ ആക്രമണം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാല്‍ കോഴിക്കടയില്‍ നിന്നും തൊഴിലാളികൾ കോഴികളെ മോഷ്ടിച്ച് കടത്തിയതായി ഖാന്‍ ഖുറേഷി ആരോപിച്ചു. അടിക്കുന്നത് കണ്ട് നിന്നവരാരും അതില്‍ ഇടപെടാത്തതെന്തെന്ന് നിരവധി പേരാണ് ചോദിച്ചത്. നിരവധി പേര്‍ വീഡിയോ യുപി പോലീസിന്‍റെയും മീററ്റ് പോലീസിന്‍റെയും സമൂഹ മാധ്യമ അക്കൗണ്ടിളിലേക്ക് ടാഗ് ചെയ്യുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു.