ഒറ്റ പോസ്റ്റ്, 24 മില്ല്യൺ വ്യൂ; 48 -കാരി വിക്കിയുടെ പുസ്തകം ഹിറ്റായി, ആമസോണിൽ ബെസ്റ്റ് സെല്ലറും
നിറയെ ട്വിസ്റ്റുകൾ നിറഞ്ഞ നോവലായിരുന്നു വിക്കി എഴുതിയത്. കാണാതായ ഒരു പെൺകുട്ടി തിരികെ വരുന്നതാണ് നോവലിന്റെ പ്രമേയം.
ബ്രിട്ടീഷ് എഴുത്തുകാരിയായ വിക്കി ബെൽ ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ഒറ്റ പോസ്റ്റിന് പിന്നാലെ ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയിരിക്കയാണ് വിക്കി. അത്ര പെട്ടെന്നാണ് അവരുടെ പുസ്തകങ്ങൾ വിറ്റഴിഞ്ഞത്.
എസെക്‌സിലെ ചെംസ്‌ഫോർഡിൽ നടന്ന എഴുത്തുകാരുടെ ഒരു പരിപാടിയിൽ തന്റെ പുസ്തകങ്ങളുമായി എത്തിയതാണ് 48 -കാരിയായ വിക്കി. 'പവർലെസ്സ്', 'അബാൻഡൻഡ്' എന്ന തന്റെ രണ്ട് നോവലുകളുമായിട്ടാണ് വിക്കി അവിടെയെത്തിയത്. അതിൽ നിന്നും രണ്ട് പുസ്തകങ്ങൾ വിറ്റുപോയി എന്ന് പറഞ്ഞുകൊണ്ടുള്ള ചിത്രമാണ് വിക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
"രണ്ട് പുസ്തകങ്ങൾ വിറ്റു. ഒരു പുസ്തകം പോലും വിറ്റുപോകാത്ത പരിപാടിയിലും താൻ പങ്കെടുത്തിട്ടുണ്ടായിരുന്നു" എന്നാണ് അവർ ആവേശത്തോടെ കുറിച്ചത്.
എന്നാൽ, തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ് പോസ്റ്റിന് പിന്നാലെ സംഭവിച്ചത്. പോസ്റ്റ് കേറിയങ്ങ് വൈറലായി. 24 മില്ല്യൺ പേരാണ് പോസ്റ്റ് കണ്ടത്. പോസ്റ്റിട്ട് രണ്ട് ദിവസത്തിനുള്ളിൽ വിക്കിയുടെ പുസ്തകങ്ങൾ ചറപറാ വിറ്റുപോയി. നിറയെ ട്വിസ്റ്റുകൾ നിറഞ്ഞ നോവലായിരുന്നു വിക്കി എഴുതിയത്. കാണാതായ ഒരു പെൺകുട്ടി തിരികെ വരുന്നതാണ് നോവലിന്റെ പ്രമേയം.
ആമസോണിൻ്റെ 'ടീൻ ആൻഡ് യംഗ് അഡൽറ്റ് ഫിക്ഷൻ ഓൺ സെക്ഷ്വൽ അബ്യൂസ്' (Teen and Young Adult Fiction on Sexual Abuse) വിഭാഗത്തിൽ മൂന്നാം സ്ഥാനത്തെത്തി ഇത്. 'ഞാൻ ആശ്ചര്യപ്പെട്ടുപോയി. ശരിക്കും എനിക്കിത് വിശ്വസിക്കാൻ പോലും കഴിയുന്നില്ല' എന്നാണ് വിക്കി ബിബിസിയോട് പറഞ്ഞത്.
കൊളംബിയ, ബെൽജിയം, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള അനേകം വായനക്കാർ തങ്ങൾ വാങ്ങിയ പുസ്തകത്തിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചിട്ടുണ്ട്. 'എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദി പറയുന്നു. ഞാൻ വളരെ അധികം സന്തോഷവതിയാണ്. എന്റെ പുസ്തകം 'പവർലെസ്' ഇപ്പോൾ ആമസോൺ ചാർട്ടിൽ നം വൺ ആണ്' എന്നും വിക്കി പറഞ്ഞു.
'എന്റെ ജീവിതത്തിലെ പ്രണയം അവളായിരുന്നു'; വിവാഹമോചനം കഴിഞ്ഞ് 50 വർഷം, വീണ്ടും വിവാഹിതരാവാന്‍ ദമ്പതികൾ