രാജ്യസേവനത്തിനിടെ മകനെ നഷ്ടപ്പെട്ട ഷാങ് സിങ്‌ഹുയി എന്ന 70-കാരി, കഴിഞ്ഞ 20 വർഷമായി മറ്റ് സൈനികർക്ക് വേണ്ടി ഷൂ പാഡുകൾ തുന്നി നൽകുകയാണ്. 'ഷൂ പാഡ് മമ്മ' എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. 

മാതൃസ്നേഹത്തിന് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് ചൈനയിലെ ചോങ്‌കിംഗിൽ നിന്നുള്ള ഷാങ് സിങ്‌ഹുയി എന്ന എഴുപതുകാരി. രാജ്യസേവനത്തിനിടെ വീരമൃത്യു വരിച്ച തന്റെ മകന്റെ ഓർമ്മ നിലനിർത്താൻ കഴിഞ്ഞ 20 വർഷമായി സൈനികർക്ക് ഷൂ പാഡുകൾ തുന്നി നൽകുകയാണ് ഈ അമ്മ. ഇന്ന് ചൈനീസ് സൈനികർക്കിടയിൽ ഇവർ 'ഷൂ പാഡ് മമ്മ' (Shoe Pad Mom) എന്ന പേരിലാണ് അറിയപ്പെടുന്നത്. 2005 -ലാണ് ഷാങിന് തന്റെ മകനായ ഗു നുവിനെ നഷ്ടപ്പെട്ടത്. ടിബറ്റിലെ ദുർഘടമായ മലനിരകളിൽ പട്രോളിംഗിനിടെ സഹപ്രവർത്തകനെ ഉരുൾപൊട്ടലിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് 19 -കാരനായ ഗു നു മരിക്കുന്നത്. 2003 -ൽ അതിർത്തി രക്ഷാസേനയിൽ ചേർന്ന ഗു നു, ആ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ തന്റെ യൂണിറ്റിന്റെ ഡെപ്യൂട്ടി ലീഡറായി ഉയർന്നിരുന്നു. മകനെ കാണാൻ പോകാനായി 20 ജോഡി ഷൂ പാഡുകൾ തുന്നി കാത്തിരിക്കുമ്പോഴാണ് മരണവാർത്ത ഷാങിനെ തേടിയെത്തുന്നത്.

മകന്റെ കല്ലറ സന്ദർശിക്കാൻ ടിബറ്റിലെത്തിയ ഷാങിനെ അവന്റെ സഹപ്രവർത്തകർ 'അമ്മേ' എന്നാണ് വിളിച്ചത്. മരവിക്കുന്ന തണുപ്പിലും ദുഷ്കരമായ പാതകളിലൂടെയും പട്രോളിംഗ് നടത്തുന്ന സൈനികരുടെ കഷ്ടപ്പാടുകൾ നേരിൽ കണ്ടപ്പോൾ, അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആ അമ്മ ഉറപ്പിച്ചു. മകനായി കരുതിവെച്ച ഷൂ പാഡുകൾ അവർക്ക് നൽകിക്കൊണ്ട് ആ സൈനികരുടെ അമ്മയായി ജീവിക്കാൻ അവൾ തീരുമാനിച്ചു. ഷൂ പാഡ് തുന്നാൻ ഉപയോഗിക്കുന്ന നീളമുള്ള നൂൽ തന്റെ മകനോടുള്ള ആഴത്തിലുള്ള സ്നേഹത്തിന്റെയും ഓർമ്മകളുടെയും പ്രതീകമാണെന്ന് ഷാങ് പറയുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏഴ് തവണയാണ് ഷാങ് ടിബറ്റ് സന്ദർശിച്ചത്. ഓരോ തവണയും തന്റെ നാട്ടിലെ പ്രത്യേക വിഭവങ്ങളും പുതുതായി നിർമ്മിച്ച ഷൂ പാഡുകളും അവർ സൈനികർക്കായി എത്തിച്ചു. ഇതുവരെ ആയിരത്തിലധികം ജോഡി ഷൂ പാഡുകളാണ് അവർ സൈനികർക്ക് വിതരണം ചെയ്തത്.

ഇപ്പോൾ എഴുപതുകളിൽ എത്തിനിൽക്കുന്ന ഷാങിന്റെ ആരോഗ്യത്തിൽ കുടുംബത്തിന് ആശങ്കയുണ്ടെങ്കിലും അവർ തന്റെ ദൗത്യത്തിൽ നിന്ന് പിന്മാറാൻ തയ്യാറല്ല. 'സൂചി കയ്യിലെടുക്കാൻ കഴിയുന്നിടത്തോളം കാലം ഞാൻ ഇത് തുടരും' എന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഇന്ന് ഗു നുവിന്റെ യൂണിറ്റിലെ സൈനികർക്കെല്ലാം അവർ സ്വന്തം അമ്മയാണ്. മകന്റെ പഴയ സഹപ്രവർത്തകർ ഇന്നും ഷാങിനെ വിളിക്കുകയും അവരുടെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. 'എനിക്ക് ഒരു മകനെ നഷ്ടപ്പെട്ടു, പക്ഷേ പകരമായി എനിക്ക് ഒരുപാട് മക്കളെ തിരികെ ലഭിച്ചു' എന്നാണ് ഷാങ് പറയുന്നത്.