25 വർഷം മുമ്പ് വാച്ച്മാനായി ജോലി നോക്കിയ ഹോട്ടലിലേക്ക് അച്ഛനെയും കൊണ്ട് വിരുന്നിന് പോയി മകന്‍; കുറിപ്പ് വൈറൽ
25 വര്‍ഷം മുമ്പ് കാവല്‍ക്കാരനായി നിന്ന അതേ പഞ്ചനക്ഷത്ര ഹോട്ടിലില്‍ മകനോടൊപ്പം ഭക്ഷണം കഴിക്കാന്‍ അവസരം ലഭിച്ച അച്ഛനെയും അച്ഛന് വിരുന്നൊരുക്കിയ മകനെയും സോഷ്യല്‍ മീഡിയ അഭിനന്ദിച്ചു.

കുടുംബം പുലര്‍ത്താനായി ജോലി ചെയ്ത സ്ഥാപനത്തിലേക്ക് അതിഥിയായി അച്ഛനെയും കൊണ്ട് മകനെത്തിയപ്പോൾ ആ കാഴ്ചകൾ തങ്ങളുടെ ഹൃദയത്തെ സ്പർശിച്ചെന്ന് സോഷ്യല്‍ മീഡിയ. ജ്യോതിശ്ശാസ്ത്രജ്ഞനായ ആര്യന്‍ മിശ്ര തന്‍റെ അച്ഛനോടും അമ്മയോടുമൊപ്പം ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി ന്യൂഡൽഹിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ചതോടെയാണ് മകന്‍, അച്ഛന് സമ്മാനിച്ച ആ വിലയേറിയ സമ്മാനത്തെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കളും അറിഞ്ഞത്.
'എന്‍റെ അച്ഛൻ 1995-2000 കാലഘട്ടത്തിൽ ന്യൂഡൽഹിയിലെ ഐടിസിയിൽ വാച്ച്മാനായിരുന്നു; ഇന്ന്, എനിക്ക് അദ്ദേഹത്തെ അതേ സ്ഥലത്തേക്ക് അത്താഴത്തിന് കൊണ്ടുപോകാൻ കഴിഞ്ഞു', അച്ഛനും അമ്മയ്ക്കും ഒപ്പം ഐടിസി ന്യൂഡൽഹിയിൽ ഇരുന്ന് അത്താഴം കഴിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് ആര്യന്‍ മിശ്ര എഴുതി. അഞ്ച് വർഷത്തോളം കാവല്‍ നിന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക്, അച്ഛനെയും കൊണ്ട് അത്താഴത്തിന് മകനെത്തിയപ്പോൾ ഇരുവരെയും സമൂഹ മാധ്യമ ഉപയോക്താക്കളും അഭിനന്ദിച്ചു.
അച്ഛനോട് മകന്‍ കാണിച്ച സ്നേഹവും കരുതലും നന്ദിയും അഭിന്ദിക്കപ്പെട്ടപ്പോൾ, കുടുംബത്തിന് വേണ്ടി അർപ്പണബോധത്തോടെ കഠിനാധ്വാനം ചെയ്ത അച്ഛനെയും സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു. പഞ്ചനക്ഷത്ര ഹോട്ടലിലെ വിലയേറിയ വിഭവങ്ങള്‍ ഇവരുടെ മേശപ്പുറത്ത് നിരന്നിരിക്കുന്നതും ചിത്രത്തില്‍ കാണാം. ആര്യന്‍റെ ചിത്രവും കുറിപ്പും അതിനകം 19 ലക്ഷത്തോളം ആളുകളാണ് കണ്ടത്. നിരവധി പേര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാന്‍ കുറിപ്പിന് താഴെ എത്തി. നാലായിരത്തിലേറെ പേര്‍ ട്വീറ്റ്, റീട്വീറ്റ് ചെയ്തപ്പോൾ രണ്ടായിരത്തിലേറെ പേരാണ് കുറിപ്പുകളെഴുതാനെത്തിയത്. എനിക്ക് നിങ്ങളെ അറിയില്ല. പക്ഷേ നിങ്ങള്‍ എന്‍റെ ദിവസമാണ് സൃഷ്ടിച്ചത് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.