Asianet News MalayalamAsianet News Malayalam

പുകഞ്ഞുകൊണ്ടേയിരിക്കുന്ന നാട്, എന്നാണിനിയൊരു സമാധാനം ശ്രീലങ്കയ്ക്ക്?

പിന്നീടാണ് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടിയത്. പേരിൽ രൂപ തന്നെയാണെങ്കിലും ശ്രീലങ്കൻ രൂപയ്ക്ക് നമ്മെക്കാളും മൂല്യം കുറവാണ്. ഇപ്പോഴത്തെ പോലെ തന്നെ അന്നും ശ്രീലങ്ക. ഇത്ര വിലയിടിഞ്ഞിട്ടില്ലെങ്കിലും സാമ്പത്തിക വിഷമത്തിലൂടെ കടന്നു പോകുകയായിരുന്നു. അവിടത്തെ ആഭ്യന്തര യുദ്ധം തന്നെ കാരണം. 

Sri Lankan travel by s biju
Author
Thiruvananthapuram, First Published Mar 25, 2022, 12:41 PM IST

വിവിധകാലം നേരിട്ടും അല്ലാതെയും ശ്രീലങ്കന്‍ മണ്ണിലേക്ക് നടത്തിയ യാത്ര. അവിടെ കണ്ടതും കേട്ടതും തൊട്ടതുമായ കാഴ്ചകള്‍. എസ്. ബിജു എഴുതുന്നു. 

Sri Lankan travel by s biju

'പയനികൾ ഗൗനത്തിക്ക്' എന്ന് അഭിസംബോധനയും കേട്ട് നമുക്ക് ഏറെ ഹൃദ്യമായ ഇലങ്കൈ തമിഴ്മൊഴിയോടെ ഒരു വിമാനയാത്ര. കയറിയിട്ട് അധികം നേരമായില്ല, വിമാനം അധികം ഉയരത്തിലുമെത്തിയിട്ടില്ല. കന്യാകുമാരിയിലേക്കുള്ള നമുക്ക് പരിചിതമായ വഴികൾ കാണും വിധമുള്ള ആ യാത്ര കര പിന്നിട്ട് കടലിനു മീതെ സഞ്ചരിക്കുമ്പോഴും ഉയരുന്നില്ല. എന്തിന് ഉയരണം, അത്രയ്ക്ക് അടുത്തല്ലേ തിരുവനന്തപുരത്ത് നിന്ന് ശ്രീലങ്ക. ഒരു ജ്യൂസും മാങ്ങാ മിഠായിയും കഴിച്ചപ്പോഴേക്ക് നമ്മൾ പയനികളെ വീണ്ടും ഗൗനത്തിലാക്കി (യാത്രക്കാർ ശ്രദ്ധിക്കുക)... വീണ്ടും മധുരമയമായ ശ്രീലങ്കൻ തമിഴിലെ കിളിപ്പേച്ച്. നാമിതാ കൊളംബോ ഭണ്ഡാര നായകെ വിമാനത്താവളത്തിലേക്ക് അടുക്കുകയാണ്, ബെൽറ്റ് മുറുക്കിക്കോ എന്ന്... 

അപ്പോഴേക്കും മരതകദ്വീപിന്റെ മാസ്മരികമായ ആകാശക്കാഴ്ച നമ്മെ കീഴടക്കിയിരുന്നു. എന്നാൽ, വിമാനം നിലംതൊടുമ്പോൾ തന്നെ ഹർഷോന്മാദം മങ്ങി ഹൃദയമിടിപ്പുയരും. വിമാനത്താവളത്തിന്റെ റൺവേ തൊട്ടങ്ങോട്ട് യന്ത്രത്തോക്കേന്തിയ ഇസ്രോയേലി സൈനികരെ കാണാം. അങ്ങനെ ഭീതി പടർത്തും അന്തരീക്ഷത്തിലേക്കാണ് പഴയ സിലോൺ നാട് നമ്മെ സ്വീകരിക്കുന്നത്. ഇരുപത് വർഷം മുമ്പത്തെ കാര്യമാണ് പറഞ്ഞത്. തമിഴ് പുലികളുടെ തീവ്രവാദം കത്തി നിന്ന കാലം. ആ കൊച്ചു ദ്വീപിലെ കനത്ത സുരക്ഷയുള്ള കൊളംബോ വിമാനത്താവളത്തിൽ പോലും അവിടത്തെ സൈനിക വിമാനങ്ങളെ വരെ ബോംബിട്ടു തകർത്ത പശ്ചാത്തലമുണ്ട് പുലികൾക്ക്. അക്കാലത്തെ പുലിപ്പേടി വാർത്തകൾ നിരീക്ഷിക്കാൻ ചുമതലപ്പെട്ടിരുന്ന എനിക്ക്  മണിക്കൂറുകൾക്കം ആ വിമാനത്താവള ആക്രമണ ചിത്രങ്ങൾ കിട്ടിയിരുന്നു, അതും ആക്രമണം നടത്തിയവർ തന്നെ പകർത്തിയ ചിത്രങ്ങൾ സഹിതം. 

2001 ജൂലൈയിൽ തമിഴ് പുലികൾ നടത്തിയ ആക്രമണം ലോകത്ത് തന്നെ അപൂർവമായതാണ്. ഇരുളിൻ മറപറ്റി ആദ്യം കടുനായകെ വായുസേനാ താവളം ആക്രമിച്ച പുലികൾ അവിടെ 26 സേനാ വിമാനങ്ങൾ ആക്രമിക്കുകയും അവ നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്തു. 14 ചാവേറുകൾ നടത്തിയ ആക്രണത്തിൽ ഇരുപക്ഷത്തിലും ആൾ നാശമുണ്ടായി. അവശേഷിച്ച ആറ് തമിഴ് പുലികൾ ഇതിനോടു ചേർന്നുള്ള സിവിൽ വിമാനത്താവളം ആക്രമിച്ച് ആകെയുള്ള ശ്രീലങ്കൻ എയർവേയ്സിന്റെ 12 വിമാനങ്ങളിൽ പകുതിയോളം വിമാനങ്ങളും നശിപ്പിക്കുകയോ കേടു വരുത്തുകയോ ചെയ്തു. 

കൊളംബോക്ക് വടക്ക് നെഗംബോയിലാണ് ഭണ്ഡാരനായകെ, കടുനായകെ വിമാനത്താവളങ്ങൾ. ഞാനന്ന് പഠനത്തിനായി ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു. ചുരുങ്ങിയ ചെലവിൽ യാത്ര തരപ്പെടുമെന്നതിനാലാണ് റിസ്കുണ്ടായിരുന്നിട്ടും കൊളംബോയും ശ്രീലങ്കൻ എയർവേയ്സും തെരഞ്ഞെടുത്തത്. നമുക്കുള്ള പേടി ദക്ഷിണേന്ത്യക്കാരനായ എന്നെയൊക്കെ അവർ സംശയദൃഷ്ടിയോടെ കാണുമെന്നതായിരുന്നു. എന്നാൽ, പ്രത്യക്ഷത്തിലെങ്കിലും അതുണ്ടായില്ല. ഒരു ദിവസത്തോളം ഇടവേളയുണ്ടായിരുന്നു ലണ്ടൻ വിമാനത്തിന്. വിമാനത്താവളത്തിൽ നിന്ന് എക്സിറ്റ് വിസയടിച്ച് അവരുടെ ഒരു ബസ്സിൽ സായുധരായ ഭടൻമാരുടെ സുരക്ഷാ അകമ്പടിയോടെയാണ് കുറച്ചകലെ സമുദ്രതീരത്തുള്ള ഹോട്ടലിലേക്ക് ഞങ്ങൾ പോയത്. 

വിമാനത്താവളത്തിൽ നിന്നകലും തോറും സുരക്ഷാ ക്രമീകരണ കാഴ്ചകളും കുറഞ്ഞു വന്നു. കടപ്പുറത്തുള്ള ഹോട്ടലിലെ അവസ്ഥയും കാഴ്ചയുമൊക്കെ നമുക്ക് കേരളത്തിലെ പോലെ തന്നെയായിരുന്നു. ഭക്ഷണം കഴിച്ച് അൽപ്പം വിശ്രമിച്ച ശേഷം കൂടെയുള്ള സഹയാത്രികർ പലരും ഹോട്ടലിലെ ബീച്ചിലേക്കാണ് പോയത്. ഞാനുമങ്ങോട്ടൊന്ന് പോയെങ്കിലും അവിടത്തെ നാട്ടുകാഴ്ചകൾ കാണാനാനൊരു കമ്പം. പരിചയപ്പെട്ട മലയാളികളടക്കമുള്ള സഹയാത്രിക‌ർക്ക് ആർക്കും ഹോട്ടലിന്റെ സുരക്ഷ വിട്ട് പുറത്തേക്കിറങ്ങാൻ ധൈര്യമില്ല... അതും ചുരുങ്ങിയ സമയത്തെ ട്രാൻസിറ്റ് പാസേജിനിടയിൽ എന്തിന് റിസ്കെടുക്കണം?  

Sri Lankan travel by s biju

ഞാനേതായാലും അവിടെ ഒന്നു ചുറ്റി കാണാമെന്ന് തീരുമാനിച്ചു. ശ്രീലങ്കയിലെ പ്രശ്നങ്ങൾ അവിടം സന്ദർശിക്കാതെ റിപ്പോർട്ട് ചെയ്യാൻ നിർബന്ധിതനായിരുന്നയാളാണ് ഞാൻ. പുലിമടയിൽ ചെന്ന് കയറി റിപ്പോട്ട് ചെയ്തിരുന്ന അനിതാ പ്രതാപിന്റെ റിപ്പോർട്ടുകളെല്ലാം എന്നെ ആകർഷിച്ചിരുന്നു. മുന്തിയ പാശ്ചാത്യ പ്രസിദ്ധീകരണമായ ടൈംസ് മാസികയിൽ പണിയെടുത്തിരുന്ന അവരെവിടെ ഞാനെവിടെ? ചുരുങ്ങിയ മണിക്കൂറേ ഉള്ളുവെങ്കിലും ശ്രീലങ്കയുടെ ജനജീവിതം കാണാൻ കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ ഒരുമ്പെട്ടു. ഹോട്ടലിനു പുറത്തേക്ക് ഇറങ്ങി കണ്ട വഴിയിലൂടെ നടന്ന് മറ്റൊരു ഇടവഴിയിലേക്ക് കയറി. തികച്ചും നമ്മുടെ നാട്ടിലൂടെ നടക്കുന്ന അവസ്ഥ. എന്നാൽ, തിരുവനന്തപുരത്തെ തീരദേശത്തെ ദാരിദ്ര്യമൊന്നും അവിടെ പ്രത്യക്ഷത്തിലില്ല. കോട്ടയത്തെ റബ്ബർ മേഖലയിലെ അക്കാലത്തെ സമ്പന്നമായ ഗ്രാമീണ മേഖലയിലെ ഫീൽ. വീടുകളിൽ പലതും ടെറസ് ആണെങ്കിലും മേൽക്കൂര ഓട് പാകി ചരിച്ചു വാർത്തിരിക്കുന്നു. മലയാളികൾ അക്കാലത്ത് മനസ്സിലാക്കാതിരുന്ന ടോപ്പിക്കൽ മഴ മേഖലാ കാലാവസ്ഥയുടെ ആവശ്യകത മനസ്സിലാക്കിയുള്ള കെട്ടിട നിർമ്മാണം. 

നമ്മൾ മലയാളികളുടേത് പോലുള്ള ജീവിതരീതി. ആൾക്കാരെ കാണുമ്പോഴും നമ്മളെ പോലെയൊക്കെ തന്നെ, ഇരുണ്ടിട്ട്... വേഷവിധാനം മാത്രം വ്യത്യസ്തം. അതൊരു സിംഹള മേഖലയാണെന്ന് അവിടത്തെ കടകളിലെയും മറ്റും എഴുത്തിൽ വ്യക്തം. അവരും എന്നിൽ അപരിചിത്വത്വം കാണുന്നില്ലെന്ന് തോന്നി. ഞാനവിടത്തെ ഒരു ഹോട്ടലിൽ കയറി  ലഘു ഭക്ഷണം കഴിച്ചപ്പോഴാണ് പണത്തിന്റെ വിനിമയ പ്രശ്നത്തെക്കുറിച്ച് ആലോചിച്ചത്. ഞാൻ അപ്പോഴത്തെ തമിഴ്- സിംഹള പ്രശ്നങ്ങൾ മനസ്സിലാക്കിയിരുന്നതിനാൽ ദക്ഷിണേന്ത്യക്കാരനെന്ന് വെളിപ്പെടുത്താതിരിക്കാനാണ് ശ്രമിച്ചത്. പക്ഷേ, അവർക്കെന്നെ നന്നായി മനസ്സിലായി. മാത്രമല്ല ഒരു  ചെറിയ രാമസേതുവിന്റെ അകലം മാത്രമുള്ളതിനാലാകാം കേരളമൊക്കെ അവർക്ക് നന്നായി അറിയാം. അവർ പണം ഇന്ത്യൻ രൂപയിൽ തന്നാൽ മതിയെന്ന് പറഞ്ഞു. എനിക്കുമത് ആശ്വാസമായി.

എന്നാൽ, പിന്നീടാണ് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടിയത്. പേരിൽ രൂപ തന്നെയാണെങ്കിലും ശ്രീലങ്കൻ രൂപയ്ക്ക് നമ്മെക്കാളും മൂല്യം കുറവാണ്. ഇപ്പോഴത്തെ പോലെ തന്നെ അന്നും ശ്രീലങ്ക. ഇത്ര വിലയിടിഞ്ഞിട്ടില്ലെങ്കിലും സാമ്പത്തിക വിഷമത്തിലൂടെ കടന്നു പോകുകയായിരുന്നു. അവിടത്തെ ആഭ്യന്തര യുദ്ധം തന്നെ കാരണം. ഇപ്പോൾ യുക്രൈനിൽ സംഭവിക്കുന്ന റഷ്യൻ അധിനിവേശം ഇതിനകം തന്നെ എന്തൊക്കെ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് നമുക്കറിയാം. അപ്പോൾ വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധം അവരുടെ നട്ടെല്ലൊടിച്ചിരിക്കാമല്ലോ. 2001 -ലെ വിമാനത്താവള ആക്രമണത്തിൽ സിവിലിയൻ വിമാനങ്ങളുടെ നഷ്ടം മാത്രം അന്നത്തെ കണക്കിൽ ഏതാണ്ട് 35 കോടി അമേരിക്കൻ ഡോളർ വരും. സൈനിക വിമാനങ്ങൾക്കുള്ള നഷ്ടം ചുരുങ്ങിയത് 45 കോടി ഡോളർ. ഇതിന്റെ അനുബന്ധ നഷ്ടം പതിന്മടങ്ങാകും.   

ആ ആക്രമണം മൂലം സമ്പദ് വ്യവസ്ഥയുടെ വളർച്ച 1.4 ശതമാനമാണ് പിന്നോട്ടായത്. വിനോദസഞ്ചാരികളുടെ വരവിൽ വർഷാവസാനത്തോടെ ഏതാണ്ട് 15.5 ശതമാനം കുറവുണ്ടായി. അവരെ ആശ്രയിച്ചു കഴിയുന്ന നെഗംബോയിലെ ഞാൻ നടക്കുന്ന ചെറുപട്ടണത്തിനും ഗ്രാമങ്ങൾക്കുമെല്ലാം എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുന്നതെന്ന് ഊഹിക്കാമല്ലോ. പക്ഷേ, എനിക്കന്ന് അവിടെ അതിന്റെ അലയൊലികൾ പ്രത്യക്ഷത്തിലെങ്കിലും പ്രകടമല്ലായിരുന്നു. അവർ ഉത്സാഹഭരിതരായിട്ടും സാധാരണ ജീവിതം നയിക്കുന്നവരായിട്ടും തന്നെയാണ് കാണപ്പെട്ടത്. സംഘർഷവും വെല്ലുവിളികളും മനുഷ്യന് ആദ്യം ഒരു പതർച്ച ഉണ്ടാക്കുമെങ്കിലും പിന്നീട് അതവരെ കരുത്തരാക്കും. അത് നിത്യസംഭവമാകുമ്പോൾ അവർ അതിജീവനത്തിന്റെ പുതിയ പന്ഥാവുകൾ തുറക്കും. 

കുറേക്കൂടി നടന്നപ്പോൾ നെഗംബോയുടെ ഗ്രാമീണ കാഴ്ചകൾക്ക് മാറ്റം വന്നു തുടങ്ങി. സൂര്യൻ പടിഞ്ഞാറോട്ട് പ്രയാണം തുടങ്ങിയതോടെ തെരുവുകളിൽ പാശ്ചാത്യരുടെ സാനിധ്യം കൂടി. പകൽ കാണാതിരുന്ന ഒരു വൈബ് ആ പാതയോരങ്ങളിൽ അലയടിച്ചു തുടങ്ങി. കൂടുതലും ചെറുപ്പക്കാരായ വെള്ളക്കാർ. സന്ധ്യ കനം വച്ചതോടെ അതൊരു മാസ്മരിക തലത്തിലേക്ക് ഉണരാൻ തുടങ്ങി. അവിടെമാകെ ലഹരി നുരഞ്ഞു പൊങ്ങുന്നതും, പുകച്ചുരുളുകൾ ഉയരുന്നതും സംഗീതം കനം വയ്ക്കുന്നതും പ്രകടമായി. അതിന് അനുസാരികളായ കാര്യങ്ങളും പ്രകടമായി. കുറഞ്ഞ ചെലവിൽ പാശ്ചാത്യരായ ബാക്ക് പാക്കേഴ്സിന് സമയം ചെലവിടാൻ പറ്റിയ അന്തരീക്ഷം. 

ശ്രീലങ്കൻ രൂപയ്ക്ക് വിലയിടയുകയും തങ്ങളുടെ നാണയങ്ങൾക്ക് മുല്യം കൂടുകയും ചെയ്യുമ്പോൾ അവർക്ക് നെഗംബോയിൽ എത്ര മദിച്ചു കഴിഞ്ഞാലും അവരുടെ നാട്ടിലെ ജീവിതച്ചെലവിന്റെ നാലിലൊന്നു പോലും വേണ്ട. ആ ആഘോഷങ്ങൾ ഒന്ന് മാറി നിന്ന് വീക്ഷിച്ച എനിക്കും അതിൽ പങ്കാളിയാകാനുള്ള ക്ഷണം വന്നു. പുലിമടകളെയാണ് ഞാൻ ഭയപ്പെട്ടിരുന്നത്. എന്നാൽ, അതിലും വലിയ ലഹരി മടകൾ അവിടെ ഉന്മാദകരാവുകളായി നിറം വച്ചു തുടങ്ങിയപ്പോൾ ഞാൻ തിരികെ നടന്നു. കുഴപ്പമൊന്നും ഇല്ലാതെ ഹോട്ടലിലേക്ക് മടങ്ങണം. കാരണം എനിക്ക് ആ രാത്രിയിൽ സഞ്ചരിക്കേണ്ടത് ഏറേ ദൂരേക്ക്, ഏറെ കാലത്തേക്കുള്ള യാത്രയാണ്. 

2001 ജൂലൈ 24 -ന് പുലർച്ചെ 3.30 -ന് കടുനായകൈ എയർഫോഴ്സ് താവളം ആക്രമിച്ചപ്പോൾ നഷ്ടപ്പെട്ടത് വിലമതിക്കാനാകാത്ത ജീവിതങ്ങൾ മാത്രമല്ല വിലപിടിപ്പുള്ള വിമാനങ്ങളുമായിരുന്നു. ചൈനീസ് നിർമ്മിതമായ കാരക്കോരം വിമാനങ്ങൾ, റഷ്യൻ നി‍ർമ്മിതമായ മി17, മി24 ഹെലികോപ്റ്ററുകൾ, മിഗ് വിമാനങ്ങൾ, ഇസ്രായേലി കെഫി‌ർ വിമാനങ്ങൾ തുടങ്ങിയവയെല്ലാം നശിപ്പിക്കപ്പെട്ടു. ഇതിന്റെ എത്രയോ ഇരട്ടിയാണ് അവ പകരം വയ്ക്കാനും, സംരക്ഷിക്കാനുമുള്ള ചെലവുകൾ. പല പുതിയ സംരക്ഷിത കവചങ്ങളും പുതിയ പടക്കോപ്പുകളെയും നിലവിലുള്ള ആയുധങ്ങളെയും, പോർവിമാനങ്ങളെയും സംരക്ഷിക്കാൻ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യണം. 

രക്ഷകനെ സംരക്ഷിക്കാൻ മറ്റ് രക്ഷിതാക്കൾ വേണം. ആയുധക്കച്ചവടക്കാരായ രാജ്യങ്ങൾക്കും അവയെ നിയന്ത്രിക്കുന്ന മെഗാ കോർപ്പറേറ്റുകൾക്കും ഇത് നല്ല സന്തോഷം തരുന്ന കാര്യമാണ്. ഇതിനൊക്കെ വൻ പണച്ചെലവാണ്. അതും വിദേശ നാണയത്തിൽ തന്നെ വേണം. വിലകുറച്ച് കിട്ടാനായി ബ്ലാക്ക് മാർക്കറ്റിലെ ഡോളർ ഉപയോഗിച്ച് ഇറാനിൽ നിന്നും  ഉത്തരകൊറിയയിൽ നിന്ന് പോലും അന്നൊക്കെ ആയുധങ്ങൾ വാങ്ങി രഹസ്യമായി കൊണ്ടു വന്നതായി ഭരണാധികാരികൾ പറഞ്ഞതായി പിന്നീട് വിക്കി ലീക്സിലൂടെ വെളിപ്പെട്ടിരുന്നു. 

അതിനിടയിൽ തമിഴ് പുലികൾ കൂടുതൽ കരുത്താർജിക്കുന്നു. തമിഴ് നാട്ടിൽ നിന്ന് കിട്ടിയിരുന്ന പിന്തുണയാലും ലോകമൊട്ടാകെ തമിഴ് പുലികൾ നടത്തിയ പ്രചരണത്താലും, ദക്ഷിണേഷ്യയിൽ സംഘർഷം കാംക്ഷിക്കുന്ന വൻശക്തികളുടെ ശ്രമഫലമായും അവർ പുതിയ യുദ്ധമാർ​ഗങ്ങളിലേക്ക് കടന്നു. അങ്ങനെയാണ് തമിഴ് ഈഴം എയർഫോഴ്സ് അഥവാ വാനപ്പുലികൾ പിറക്കുന്നത്. വിദേശ വിമാനങ്ങൾ ക്രമീകരിച്ചതടക്കം സ്വന്തമായി വ്യോമസേനയുള്ള ലോകത്തെ തന്നെ ഏക തീവ്രവാദ സംഘടന. മാർച്ച് 26, 2007- ശ്രീലങ്കൻ വായുസേനയുടെ മ‍ർമ്മ പ്രധാനമായ കൊളംബോയിലെ കടുനായക വിമാന ബേസിനെ തന്നെ വാനപ്പുലികൾ ആക്രമിച്ചു. അതും പുലിമടയായ ജാഫ്നയിൽ നിന്ന് ഏറെ ദൂരം പറന്നു വന്നാണ് ആക്രമണം നടത്തിയത്. വാനപ്പുലികളുടെ ആദ്യ ആക്രമണമല്ലായിരുന്നു അത്. പക്ഷേ, അത് അന്താരാഷ്ട്ര തലത്തിലുണ്ടാക്കിയ പ്രത്യാഘാതം ചെറുതായിരുന്നില്ല. 

അതിനു മുമ്പ് വാനപ്പുലികൾ പ്രധാനമായും തങ്ങളുടെ ശക്തി കേന്ദ്രമായ ജാഫ്നയിലും പരിസരത്തുമുള്ള ശ്രീലങ്കൻ സൈനിക സ്ഥാപനങ്ങളെയാണ് ലക്ഷ്യമിട്ട് ആക്രമിച്ചിരുന്നത്. സിംഹള കേന്ദ്രങ്ങളിലേക്ക് ആക്രമണം വർദ്ധിപ്പിച്ചത് രണ്ടും കൽപ്പിച്ചായിരുന്നു. ഇതൊക്കെ വെറുതേ നടത്തിയ ചാവേർ ആക്രമണങ്ങളല്ലായിരുന്നു. സിംഹമടയിലേക്കുള്ള വാനപ്പുലി ആക്രമണങ്ങൾ പലതും ദീ‌ഘകാല തയ്യാറെടുപ്പോടെയും കൃത്യമായ ആസൂത്രണ മികവോടെയുമായിരുന്നു. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം നിരീക്ഷിച്ച് റിപ്പോട്ട് ചെയ്യാൻ നിയുക്തനായിരുന്ന എനിക്ക്  വാനപ്പുലി ആക്രമണത്തിന് മണിക്കുറുകൾക്കകം അതിന്റെ ചിത്രങ്ങൾ സഹിതം വിവരങ്ങൾ കിട്ടി. പ്രധാനമായും ഞങ്ങൾ ആശ്രയിച്ചിരുന്നത് ജ‍ർമ്മനിയിൽ ഡോമൈൻ രജിസ്റ്റർ ചെയ്തിരുന്ന www.tamilnet.de വഴിയായിരുന്നു. വളരെ പ്രാഫഷണലായി ശ്രീലങ്കൻ സൈനിക വൃത്തങ്ങളിൽ നിന്നുപോലും വിവരങ്ങൾ ആരാഞ്ഞുവെന്ന് സൂചിപ്പിക്കും വിധമായിരുന്നു അവർ വിവരങ്ങൾ നൽകിയിരുന്നത്. 

പറഞ്ഞു വന്നത് വെറും ഗറില്ലാ ആക്രമണമല്ല മറിച്ച് ഇൻഫർമേഷൻ വാർഫെയറിലും അവർ മികവുറ്റതായിരുന്നു എന്നാണ്. മാത്രമല്ല ഈഴം വിമാനങ്ങളെ നേരിടാൻ  വിമാനതാപ ബഹിർ‍ഗമനം മനസ്സിലാക്കി അവയെ തകർക്കാനുള്ള  തെർമൽ ഇമേജിങ്ങ് മിസൈലുകൾ ഇസ്രായേൽ ശ്രീലങ്കൻ സേനയ്ക്ക് നൽകിയപ്പോൾ അവയെ പറ്റിക്കാൻ തങ്ങളുടെ വിമാനങ്ങളുടെ പുകക്കുഴലുകളുടെ ദിശ മാറ്റിയവരാണ് വാനപ്പുലികൾ. സാധാരണ റെഡാറുകളെ പറ്റിക്കാൻ താഴ്ന്ന് പറന്നാണ്  ഈഴം വിമാനങ്ങൾ ആക്രമണം നടത്തിയിരുന്നത്. മികച്ച ഇന്ത്യൻ റെഡാറിനെ ആക്രമിച്ച് ഇന്ത്യൻ സേനാംഗങ്ങളെ തന്നെ പരിക്കേൽപ്പിച്ചു പുലികൾ. അതോടെയാണ് പുലികളോടുള്ള നമ്മുടെ ശത്രുത കൂടിയത്. അതുവരെ അതിദയനീയമായ സാഹചര്യങ്ങളിൽ ജീവിക്കാൻ നിർബന്ധിതരായ സാധാരണ ശ്രീലങ്കൻ തമിഴരോട് നമുക്ക് പ്രത്യേകിച്ച് തമിഴ്നാട്ടുകാർക്ക് വലിയ സഹതാപമായിരുന്നു. രാമേശ്വേരത്തേക്ക് ബോട്ടിൽ നിത്യേന വന്നിറങ്ങിയിരുന്ന അവർക്കായി വലിയ ക്യാമ്പുകൾ വരെ സജ്ജമാക്കിയിരുന്നു. 

2003 -ലെ ആ രാത്രിയിൽ ഞാൻ മടങ്ങിയെത്തിയപ്പോൾ ഹോട്ടലിന്റെ സുരക്ഷാവലയം പകലത്തേതിനെക്കാൾ വിപുലമായിരുന്നു. അന്ന് എനിക്കൊപ്പം ലണ്ടനിലേക്ക് തുടർയാത്ര നടത്തേണ്ടിയിരുന്ന സഹയാത്രികരിൽ പരിചയപ്പെട്ട മലയാളികൾ ഞാൻ വൈകുന്നതിൽ ആശങ്കയിലായിരുന്നതായി തോന്നി. പുറത്ത് ചുറ്റാൻ പോയ ഏകയാളായ എന്നോട് വിവരങ്ങൾ ആരാഞ്ഞവർ നെടുവീ‍ർപ്പിട്ടു. അടുത്ത ദിവസം നന്നേ പുലർച്ചക്ക് തന്നെ ഞങ്ങൾ കനത്ത സുരക്ഷയിൽ വിമാനത്താവളത്തിലേക്ക് പോയി. മാസങ്ങൾക്ക് ശേഷം പഠനം പൂർത്തിയാക്കി ഞാൻ മടങ്ങി വന്നതും ശ്രീലങ്കൻ എയർവേയ്സിലായിരുന്നു. എന്നാൽ, ആ വേളയിൽ ഞങ്ങളെ കൊളംബോ വിമാനത്താവളത്തിന് പുറത്തിറക്കിയില്ല. അവിടെ തന്നെ അത്യാവശം വിശ്രമിച്ച് തിരുവനന്തപുരത്തേക്കുള്ള വിമാനം പിടിക്കുകയായിരുന്നു. 

ഞാൻ തുടർന്നും ശ്രീലങ്കൻ വിശേഷങ്ങൾ ആരാഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴേക്കും മാധ്യമപ്രവർത്തകരെയും നിരീക്ഷണ വലയത്തിലാക്കിയിരുന്നു. ഞാൻ അത്യാവശത്തിന് ബന്ധപ്പെട്ടു കൊണ്ടിരുന്ന ചിലരെ, പ്രത്യേകിച്ച് തമിഴ് മേഖലയിലുള്ളവരെ പിന്നീട് ആശയവിനിമത്തിന് ലഭ്യമല്ലാതായി തുടങ്ങി. അവരൊക്കെ ജീവിച്ചിരിക്കുന്നുവോയെന്ന് പോലും അറിയാതായി. തമിഴ്നെറ്റിൽ നിന്നും വിവരങ്ങൾ മുറി‌ഞ്ഞു തുടങ്ങി. ചില ശ്രീലങ്കൻ മാധ്യമ പ്രവർത്തക‌ർ മാത്രമായി ആശ്രയം. ഇതിനിടെ ആഭ്യന്തര യുദ്ധം കനത്തു. പുലിമടകൾ ഒന്നൊന്നായി വീണു തുടങ്ങി. യുദ്ധം കനക്കുമ്പോൾ ആദ്യം കുഴിച്ചു മൂടപ്പെടുന്നത് സത്യമാണ്. ശ്രീലങ്കൻ സേന നൽകുന്ന വിവരങ്ങൾ അവയിൽ പലതും ശരിയാണോയെന്ന് ഉറപ്പില്ലെങ്കിൽ പോലും ആശ്രയിക്കേണ്ടി വന്നു. തമിഴ് ഈഴം പ്രതിനിധികളിൽ നിന്നോ എന്തിന് ശ്രീലങ്കയിലെ വടക്ക് കിഴക്കൻ മേഖലയിലെ സാധാരണക്കാരിൽ നിന്നോ പോലും യാതൊരു വിവരവും കിട്ടാതായി. മാധ്യമ പ്രവർത്തക‍ർക്ക് കൊളംബോയിൽ നിന്ന് സംഘർഷ മേഖലയിലേക്ക് കടക്കാൻ പോലും ആയില്ല. 

എന്നാൽ, ആഭ്യന്തര യുദ്ധം അവസാനിച്ചിട്ടും ശ്രീലങ്കൻ ഭരണാധികാരികൾ മാധ്യമ സ്വാതന്ത്ര്യം വേണ്ടത്ര അനുവദിച്ചില്ല. ഇതിലും വലിയ പ്രശ്നം അവിടത്തെ എല്ലാ ബഹുസ്വരതയും അടിച്ചമർത്തപ്പെട്ടു എന്നതാണ്. പ്രതിപക്ഷ പാർട്ടികളുടെ സ്വാതന്ത്ര്യം ഏതാണ്ട് ഇല്ലാതാക്കി. ഇതിന്റെ പരിണിതഫലം യുദ്ധം തമിഴർക്ക് മാത്രമല്ല സിംഹളർക്ക് അടക്കം എല്ലാ വിഭാഗങ്ങൾക്കും കൊടിയ ദുരന്തം ഉണ്ടാക്കിയെന്നതാണ്.  ശ്രീലങ്കൻ ഭരണനേതൃത്വം സമസ്ത മേഖലകളിലും രജ്പക്സേയിലേക്ക് ചുരുങ്ങി. നേരത്ത അവ‍ർ നേരിട്ട പ്രശ്നങ്ങൾക്ക് നേരയുള്ള വാശി തീർക്കൽ പോലെയായി അവർക്ക് അധികാരം കിട്ടിയപ്പോൾ.

Sri Lankan travel by s biju

ഇപ്പോൾ എല്ലാത്തിനും ക്ഷാമം നേരിട്ട് വല്ലാതെ നട്ടം തിരിയുകയാണ് ശ്രീലങ്ക. 2003 -ൽ ഞാനന്ന് നെഗംബോയിൽ കുടിച്ച ചായക്ക് കൊടുത്തത് പരമാവധി 5 രൂപയായിരുന്നു. ഇന്നതിന് 100 രൂപയെങ്കിലും ഈടാക്കുന്നു. ഒരു കിലോ പാൽപ്പൊടിക്ക് 1,945 രൂപയാകുമ്പോൾ എങ്ങനെ ചായയ്ക്ക് വില കൂടാതിരിക്കും. കഴിഞ്ഞ 2 മാസത്തിനിടയിൽ മാത്രം കിലോയൊന്നിന് കൂടിയത് 600 രൂപയാണ്. കടുത്ത ഇന്ധനക്ഷാമം മൂലം സിലോൺ പെട്രോളിയം കോർപ്പേറഷന്റെ ആയിരത്തിലേറെ പെട്രോൾ പമ്പുകളുടെ നിയന്ത്രണം സൈന്യത്തെ ഏൽപ്പിച്ചിരിക്കുകയാണ്. വിലയിടിവിൽ വലയുകയാണ് ശ്രീലങ്കൻ രൂപ. ഒരു ഡോളറിന് 275 ശ്രീലങ്കൻ രൂപ നൽകണം. തമിഴ് പുലികളുമായുള്ള ആഭ്യന്തര യുദ്ധത്തിന് ശേഷം തകർന്ന ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തിയിരുന്നത് വിദേശ ഗ്രാന്റും കടവുമാണ്. വല്ലാതെ കടമെടുത്താണ് കാര്യങ്ങൾ നടത്തിയിരുന്നത്. ഈ വർഷമാദ്യം വിദേശ കടം 750 കോടിയായി ഉയ‍ർന്നു. 

പരീക്ഷയ്ക്കുള്ള കടലാസും അത് അച്ചടിക്കാനുള്ള മഷിയും പോലും ഇല്ലാത്തതിനാൽ സ്കൂൾ വാർഷിക പരീക്ഷകൾ പോലും മാറ്റി വച്ചിരിക്കുന്നതിൽ എത്തി നിൽക്കുന്നു കാര്യങ്ങൾ. വിദേശനാണ്യം കരുതൽ ശേഖരം ഇപ്പോൾ 100 കോടി അമേരിക്കൻ ഡോളർ മാത്രമാണ്. പരമാവധി ഒരു മാസത്തെ ഇറക്കുമതി ആവശ്യത്തിനേ ഇത് തികയൂ. ഇന്ധനം ഉൾപ്പടെ അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കാൻ ശ്രീലങ്കൻ സർക്കാർ ഇന്ത്യയുടെ സഹായം തേടിയതിനെ തുട‍ർന്ന് ഇന്ത്യ കഴിഞ്ഞ ആഴ്ചയും 100 കോടി അമേരിക്കൻ ഡോള‌ർ നൽകി. ഫെബ്രുവരിയിലും 50 കോടി അമേരിക്കൻ ഡോള‌ർ നൽകിയിരുന്നു.

ശ്രീലങ്കയെ ജൈവ രാജ്യമാക്കാൻ പ്രസിഡന്റ് ഗോടബായ രജപാക്സെയുടെ സ്വപ്ന പദ്ധതിയായ സമ്പൂർണ ഹരിത കൃഷിയും അസമയത്തായിപ്പോയി. ജൈവകൃഷിക്കുപരി, വിദേശത്ത് നിന്ന് രാസവളവും, ഭക്ഷണ വസ്തുക്കളും ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കി രാജ്യത്തെ ശോഷിച്ചു വരുന്ന വിദേശനാണയ ശേഖരം പിടിച്ചു നിർത്തലായിരുന്നു  രജപക്സയുടെ യഥാ‍ർത്ഥ ലക്ഷ്യം. പക്ഷേ, പെട്ടെന്ന് രാസവളം കിട്ടാതായതോടെ വിളവിൽ മൂന്നിൽ രണ്ട് കുറഞ്ഞു. നിവ‍ർത്തിയില്ലാതെ ശ്രീലങ്കൻ സർക്കാർ ഈ നിയന്ത്രണം നീക്കി. ഫലമോ രാസവളത്തിന്റെയും, ഭക്ഷണത്തിന്റെയും ഇറക്കുമതി വീണ്ടും കൂടിയതോടെ ഉള്ള വിദേശനാണ്യവും തീരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. 

ചില കണക്കുകൾ നോക്കാം. 3 ദശകത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവിൽ 2009 -ൽ തമിഴ് പുലികളെ തകർത്ത ശേഷം ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയ്ക്ക് നല്ല  കുതിപ്പാണുണ്ടായത്. 2010 -ൽ സമ്പദ് വ്യവസ്ഥ 8 ശതമാനവും അതിനടുത്ത വർഷം 9.1 ശതമാനവും ഉയർന്നു. 

എന്നാൽ 2013 ഓടെ വളർച്ച ദുർബലമായി. 2019 -ൽ അത് കേവലം 2.3 ശതമാനമായി. നമ്മുടെ കിഫ്ബി നടപ്പാക്കിയ പോലെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ശ്രീലങ്കയും ഊന്നൽ നൽകിയത്. ഒപ്പം ചില്ലറ വ്യാപാരത്തിലും ശ്രദ്ധിച്ചു. ശരിക്കും ഒരു നവകേരള മോഡൽ വികസനം. ധാരാളം എകസ്പ്രസ്സ് വേകളും ശ്രീലങ്കയിൽ ഉണ്ടായി. കിഫ്ബിക്കാർ പറയും പോലെ അടിസ്ഥാന സൗകര്യം ഉണ്ടായാൽ വികസനം പിന്നാലെ വരുമെന്നായിരുന്നു അവിടത്തെ ഐസക്കുമാരും എബ്രഹാമുമാരും പറഞ്ഞത്. ചൈനീസ് ഉത്പന്നങ്ങളും സേവനങ്ങളും വികസ്വര രാജ്യങ്ങളിൽ വിനിമയം ചെയ്യാൻ നിയുക്തരായ എക്സിം ബാങ്ക് ഓഫ് ചൈനയായിരുന്നു ഈ പദ്ധതികൾക്കുള്ള വായ്പ പ്രധാനമായും നൽകിയിരുന്നത്. 2003 -ൽ ഞാൻ പോയപ്പോഴുള്ള കൊളംബോയും നെഗംബോയുമൊക്കെ കാര്യമായി മാറിപ്പോയെന്നാണ് പിന്നീട് അവിടെ പോയ സുഹൃത്തുക്കളിൽ നിന്നറിയാൻ കഴിഞ്ഞത്. അംബരചുംബികളായ വാണിജ്യ സ്ഥാപനങ്ങളും പാർപ്പിട സമുച്ചയങ്ങളുമെല്ലാം അവിടെയുയർന്നു. എന്നാൽ, അടിസ്ഥാന സൗകര്യ വികസനം മാനം മുട്ടിയപ്പോഴും അതിന് അനുസരിച്ച് മൂലധനാധിഷ്ഠിത വികസനം ശ്രീലങ്കയിൽ സംഭവിച്ചില്ല. 

പ്രധാന കയറ്റുമതിയായിരുന്ന റബ്ബറിനും തേയിലയ്ക്കും, തുണിത്തരങ്ങൾക്കും വെല്ലുവിളിയുണ്ടായി. കാരണം ബം​ഗ്ലാദേശും കെനിയയുമടക്കം പല രാജ്യങ്ങളിൽ നിന്നും ഈ ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലോകവിപണികളിൽ എത്തിയതാണ് കാരണം. കേരളത്തിനും ഇത് പാഠം നൽകുന്നു. ഇന്ന് നമ്മുടെ റബ്ബറിനും തേയിലയ്ക്കും, സുഗന്ധവ്യജ്ഞനങ്ങൾക്കും, തുണി ഉത്പന്നങ്ങൾക്കും നമ്മെക്കാൾ കുറഞ്ഞ നി‍ർമ്മാണ ചെലവിൽ ഉത്പാദിപ്പിക്കുന്ന നിരവധി സംസ്ഥാനങ്ങളും രാജ്യങ്ങളുമുണ്ട്. സ്വാഭാവിക പരിണിത ഫലമായി  നികുതി വരവും കാര്യമായി കുറഞ്ഞു. 1990 -ൽ മൊത്തംവരവിന്റെ  20.4 ശതമാനമുണ്ടായിരുന്ന നികുതി വരവ് 2014 ൽ 10. 1 ശതമാനമായി കുറഞ്ഞു. രജപക്സെ കുടുംബ പാർട്ടിയായ ശ്രീലങ്കൻ പൊതുജന പെരുമ പാർശ്വവർത്തികൾക്ക് അനൂകൂലമായി വീണ്ടും നികുതി ഘടന പരിഷ്കരിച്ചപ്പോൾ കാര്യങ്ങൾ വീണ്ടും കീഴ്പോട്ടായി. 2015 -ൽ നികുതി അനുപാതം 8.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി.  

2019 -ലെ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ പള്ളിയിലുണ്ടായ ആക്രമണം കാര്യങ്ങളെ വീണ്ടും തകിടം മറിച്ചു. അന്ന് തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട 250 പേരിൽ 42 വിദേശികളുമുണ്ടായിരുന്നു. ഏറ്റവും മികച്ച രാജ്യമായി ശ്രീലങ്കയെ ലോൺലി പ്ലാനറ്റ് മാസിക തെരഞ്ഞടുത്തിരിക്കവേയുണ്ടായ ഈ ആക്രമണം മൂലം അടുത്ത ആഴ്ചകളിൽ 70 ശതമാനത്തോളം വിദേശ വിനോദസഞ്ചാരികൾ സന്ദർശനം റദ്ദാക്കി. ഇത് വിനോദ സഞ്ചാര മേഖലയെ മത്രമല്ല ബാധിച്ചത് ഞാനന്ന് നെഗംബോയിലെ തീരദേശത്ത് കണ്ട പല കച്ചവടക്കാരും, പ്രത്യേകിച്ച് ചെറുകിട വിൽപ്പനക്കാരായ സ്ത്രീകളും മറ്റും അവിടത്തെ മത്സ്യതൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. മീൻപിടിത്തവും കൃഷിയുമൊന്നും ആദായം തരുന്നില്ലെന്നും വിനോദസഞ്ചാരത്തെ ആശ്രയിക്കുകയേ നിർവാഹമുള്ളുവെന്നും   പറഞ്ഞവരായിരുന്നു അവരിൽ പലരും. 

22 ലക്ഷം വിനോദ സഞ്ചാരികളിൽ നിന്നായി 440 കോടി അമേരിക്കൻ ഡോളറായിരുന്നു അതിന് തൊട്ടു മുമ്പത്തെ വർഷത്തെ വരുമാനം. അന്ന് കൂപ്പ് കുത്തിയ വിനോദസഞ്ചാരമേഖല ഒന്ന് വീണ്ടും പച്ച പിടിക്കാൻ തുടങ്ങിയപ്പോഴാണ് 2020 -ൽ കൊവിഡ് കാര്യങ്ങളെ കശക്കിയെറി‌ഞ്ഞത്. കേരളത്തിനെക്കാൾ കുറഞ്ഞ ജനസംഖ്യയുള്ള ( 2.2 കോടി) ശ്രീലങ്ക കടം വാങ്ങി അടിസ്ഥാന സൗകര്യം കൂട്ടുകയും അതിന് അനുസരിച്ച് മൂലധനാധിഷ്ഠിതമായ കാർഷിക വ്യവസായ പുരേഗതി നേടാതിരിക്കുകയും, വിനോദ സഞ്ചാരത്തെയും പ്രവാസ പണമയക്കലിനെയും വല്ലാതെ ആശ്രയിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്നനുഭവിക്കുന്നത്. 

2019 -ൽ ശ്രീലങ്കയ്ക്ക് കിട്ടിയ വിലപ്പെട്ട വിദേശനാണയത്തിന്റെ 14 ശതമാനം വിനോദസഞ്ചാരികളിൽ നിന്നായിരുന്നു. ശ്രീലങ്കൻ വിമാനത്തിൽ കൊളംബൊയിൽ നിന്ന് പറക്കവേ എന്റെ അടുത്തിരുന്ന നല്ല വിദ്യാസമ്പന്നനായ യുവാവ്  ലണ്ടനിലേക്ക് പുതിയ ജോലിക്കായാണ് പറന്നിരുന്നത്. നാടിനോട് നല്ല കൂറുണ്ടായിട്ടും അവസരം ഇല്ലാത്തതിനാലാണ് ആ ചെറുപ്പക്കാരന്റെ പ്രവാസമെന്ന് സംസാരത്തിൽ നിന്നെനിക്ക് ബോധ്യപ്പെട്ടിരുന്നു. അയാളെ പോലുള്ള പ്രവാസികൾ നാട്ടിലേക്കയച്ച പണമായിരുന്നു 2019 -ലെ ശ്രീലങ്കയുടെ 26 ശതമാനം വിദേശനാണ്യവും. അതൊക്കെ ഇന്ന് വല്ലാതെ കുറഞ്ഞിരിക്കുന്നു. ഭൂപ്രകൃതി പോലെ തന്നെ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥയാണ് നമ്മുടെ കേരളത്തിലും. വീണ്ടും  ലക്ഷം കോടി കടമെടുത്ത് റെയിലും റോഡുമൊരുക്കാൻ ഒരുമ്പെടുന്ന നമ്മൾ ശ്രീലങ്കൻ അനുഭവം മനസ്സിലാക്കുന്നുണ്ടോ? 

ശ്രീലങ്കയിലെ തുറമുഖ വികസനം തന്നെയാണ് സാമ്പത്തിക പ്രതിസന്ധിയും അതുണ്ടാക്കുന്ന സാമ്പത്തിക വിധേയത്വത്തിന്റെയും മികച്ച ഉദാഹരണം. ലോകത്തെ ഏറ്റവും തിരക്കേറിയ സമുദ്രപാതയായ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന തുറമഖങ്ങളായ ദുബായ്ക്കും സിംഗപ്പൂരിനും ഇടയ്ക്കുള്ള തന്ത്രപ്രധാന ഭാഗത്താണ് ശ്രീലങ്ക. ഇവിടത്തെ തെക്കൻ മുനമ്പിലുള്ള ഹബൻടോട്ട തുറമുഖം വികസിപ്പിക്കാനുള്ള കരാർ ചൈന നേടിയത് തന്നെ വലിയ വിവാദമായിരുന്നു. ഇതിനായി ചൈനയിൽ നിന്ന്  വാങ്ങിയ കടം തിരിച്ചടക്കാൻ കഴിയാതെ 2017 -ൽ 99 വർഷത്തെ പാട്ടത്തിന് തുറമുഖം അവർക്ക് തീറെഴുതി കൊടുക്കേണ്ടി വന്നു. കൊളംബോ തുറമുഖത്തിന്റെ ഒരു ഭാഗം പണി പൂർത്തിയാക്കാനുള്ള കരാർ ഇന്ത്യക്ക് നൽകിയത് ഭരണകക്ഷിയിലെ തൊഴിലാളി സംഘടനയുടെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ ഫ്രെബ്രുവരിയിൽ റദ്ദാക്കിയിരുന്നു. പകരം കിട്ടിയതാകട്ടെ ചൈനീസ് കമ്പനിക്കും. 

എന്നാൽ താമസിയാതെ തന്നെ അവിടെ ചൈന നിർമ്മിക്കുന്ന കണ്ടെയിനർ തുറമുഖത്തിന് അടുത്തായി ഒരു ടെർമിനൽ പണിക്കുള്ള കരാ‍ർ ഇന്ത്യക്ക് ലഭിച്ചു. പക്ഷേ, ഈ കരാർ നേടിയത് നമ്മുടെ പ്രധാനമന്ത്രിയുടെ അടുപ്പക്കാരായ അദാനി ഗ്രൂപ്പിനാണ്. ചുരുക്കത്തിൽ അവിടെയും ഇവിടെയും മറ്റിടത്തുമൊക്കെ ലാഭം കൊയ്യുന്നത് അടുപ്പക്കാർ, അനുഭവിക്കുന്നത് നമ്മൾ സാധാരണക്കാരും. ഇതിനെതിരെ ശ്രീലങ്കയിൽ പലരും വിമർശനമുന്നയിക്കുന്നുണ്ടെങ്കിലും അതെല്ലാം പതിക്കുന്നത് ബധിര ക‍ർണങ്ങളിൽ. കരാർ കിട്ടാത്തതിന്റെ പരിൽ ജപ്പാനും അമേരിക്കയും ഇതര വികസിത രാജ്യങ്ങളും മുറുമുറുപ്പിലുമാണ്. 

കുറച്ചു  വർഷങ്ങൾക്ക് മുമ്പ് കുടുംബത്തോടൊപ്പം രാമേശ്വരത്തക്ക് പോയിരുന്നു. അന്ന് ഞങ്ങൾ ടയറിൽ ചങ്ങലയിട്ട പ്രത്യേക ജീപ്പിലാണ് കടലിന് നടുവിലെ മണൽ തുരുത്തായ ധനുഷ്കോടിയിലേക്ക് പോയത്. ചക്രം മണലിൽ പുതയാതിരിക്കാനായിരുന്നു ആ സൂത്രപ്പണി. അന്ന് അവിടെ തീരത്തെ ഔട്ട് പോസ്റ്റിലിരുന്ന നാവികൻ ഗിത്താർ വായിച്ചു കൊണ്ടിരുന്ന പടമെടുക്കാൻ ശ്രമിച്ച എന്നെ അയാൾ വിലക്കി. നിരവധി മൺതിട്ടകൾ തടയിടുന്നത് കൊണ്ടാകും തിരയടങ്ങിയ ആ മനോഹര കടൽ തുരുത്തിൽ ആരിലും സംഗീതം വന്നു നിറയ്ക്കും. ഒരു ഭാഗത്ത് 1964 ഡിസംബർ 23 രാത്രിയുണ്ടായ ചുഴലിക്കാറ്റിലെ വൻ കടൽകയറ്റത്തിൽ തകർന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം ഒരു പ്രേത ഭവനമായി അവശേഷിക്കുന്നു. എന്നാലും അവിടെ കരകാണാത്ത നീലക്കടൽ പ്രശാന്തമാണ്. ഞങ്ങളിൽ പലരും കടലിനു നടുവിലെ ആ ശാന്തതയിൽ നീന്തിത്തുടിച്ചു.

തമിഴ് പുലിപ്പേടി ഒഴിഞ്ഞതിന്റെ ആലസ്യം അവിടത്തെ കടൽക്കാവലാളുകളിൽ പ്രകടമായിരുന്നു. പക്ഷേ ഇപ്പോഴിതാ കഴിഞ്ഞ ദിവസം ധനുഷ്കോടിയിലെ നാലാം മണൽതിട്ടയിലേക്ക് ശ്രീലങ്കൻ തമിഴ് അഭയാർത്ഥികൾ വന്നിറങ്ങിയതോടെ കഥ മാറുകയാണ്. ഇതിഹാസങ്ങളിൽ രാമൻ വാനരസേനയെക്കൊണ്ട് നടത്തിയ സേതുബന്ധനം ഇവിടെയാണെന്നാണ് വിശ്വാസം. ആ മിത്തിനോടു ചേർന്നു നിൽക്കുന്ന പോലെ ഇന്ത്യക്കും  ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള ചെറിയ കടലിടുക്കായ  രാമ‌ർ സേതു അഥവാ പാക് സ്ട്രയിറ്റസിൽ 21 ചെറു തുരുത്തുകളും 13 മണൽതിട്ടകളുമുണ്ട്. ഇതിൽ ആറെണ്ണം ഇന്ത്യക്കും ഏഴെണ്ണം ശ്രീലങ്കയ്ക്കുമാണ്. ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് നമ്മുടെ ധനുഷ്കോടിയിലേക്ക് വെറും 23 കിലോമീറ്റർ ദൂരം. ചുരുങ്ങിയ സമയം കൊണ്ട് അവിടന്നിങ്ങോട്ടു വരാം. ഇന്ത്യൻ തീരത്തണഞ്ഞാൽ കാവലാളുകളുടെ പിടിയിലാകാമെന്നതിനാൽ ഈ പട്ടിണിപ്പാവങ്ങളെ അപകടരമായ മണൽതിട്ടകളിലാണ് ബോട്ടുകാർ ഇറക്കി വിടുന്നത്. അതും തലയൊന്നിന് പതിനായിരം രൂപ കൊടുത്തിട്ട്. എപ്പോൾ വേണമെങ്കിലും വേലിയേറ്റത്തിൽ കടൽ വിഴുങ്ങാവുന്നയിടങ്ങളിലാണ് കഴിഞ്ഞ ദിവസം കൈക്കുഞ്ഞുങ്ങളടക്കമുള്ള അഭയാർത്ഥികൾ വന്നിറങ്ങിയത്. 

ശ്രീലങ്കയിൽ തൊഴിലെടുക്കാനുള്ള അവസരമോ, പാചകത്തിനുള്ള ഇന്ധനമോ പോലും ഇല്ലാത്തതിനാലാണ് നിവൃത്തിയില്ലാത്ത ഈ പലായനമെന്നാണ് വന്നവർ പറയുന്നത്. ആഭ്യന്തര യുദ്ധക്കാലത്ത് ലക്ഷങ്ങളാണ് ഈ വിധം നമ്മുടെ അഭയാ‍ർത്ഥികളായത്. അന്ന് ഇന്ത്യയിലെത്തിയ 60,000 അഭയാർത്ഥികൾ ഇപ്പോഴും 107 ക്യാമ്പുകളിലായി കഴിയുന്നുണ്ട്. അതിന് പുറത്ത് താമസിക്കുന്നവർ ഒരു മുപ്പതിനായിരമെങ്കിലും വരും. പ്രഭാകരൻ മരിച്ച് വർഷം 13 ആയെങ്കിലും ശ്രീലങ്കയിലെ ഈഴ സ്വപ്നം കെട്ടടങ്ങിയിട്ടില്ല. ഒന്നാമതായി ശ്രീലങ്കൻ തമിഴരുടെ സ്വത്വബോധം. ഇതിന് ആക്കം കൂട്ടുന്ന വിധം സിംഹള സർക്കാറിന്റെ പ്രവർത്തനങ്ങൾ. ഇപ്പോഴും സിംഹളരും സൈനികരും തങ്ങളോട് വിവേചനവും, അവഗണനയും, നിയന്ത്രണവും തുടരുന്നുവെന്നാണ് അവരുടെ പരാതി. ജാഫ്ന ഉൾപ്പടെ വടക്കു കിഴക്കൻ തമിഴ് പ്രദേശങ്ങളിൽ ഇപ്പോഴും റോഡിലെ ഗതാഗത നിയന്ത്രണത്തിന് വരെ ശ്രീലങ്കൻ പട്ടാളത്തെ കാണാമെന്ന് അവിടുള്ളവർ പറയുന്നു. 

ജൈവ കൃഷി ഉറപ്പാക്കാനും പട്ടാളത്തെ ഇറക്കിയിരുന്നു. 11 ശതമാനത്തോളം വരുന്ന തമിഴരുടെ പട്ടാള പ്രാതിനിധ്യം ഇപ്പോഴും കുറവാണ്. ആഭ്യന്തരയുദ്ധക്കാലത്ത് പ്രതിരോധ സേനയെ നിയന്ത്രിച്ചിരുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഗോദബായ രജപക്സെ അന്ന് തങ്ങളെ നിഷ്ഠൂരമായി വേട്ടയാടുന്നയാളാണെന്ന് തമിഴ‌രിൽ ഒരു വിഭാഗം ഇപ്പോഴും പരാതി പറയുന്നുണ്ട്. അന്ന് ആഭ്യന്തര യുദ്ധത്തിൽ 40,000 -ത്തോളം സാധാരണക്കാരായ തമിഴർ കൊല്ലപ്പെട്ടിരുന്നു. ആ വികാരങ്ങളെ മുതലെടുക്കുന്ന തമിഴ് തീവ്രനിലപാടുകാർ ഇപ്പോഴും ഒളിഞ്ഞും മറഞ്ഞും പ്രവർത്തിക്കുന്നു. അവരുടെ ജിഹ്വയായിരുന്ന tamilnet -ൽ ഇപ്പോഴും അത് പ്രകടമാകുന്നുണ്ട്. അഭയാർത്ഥികളുടെ കൂട്ടത്തിൽ ഇത്തരക്കാരും ഇന്ത്യയിലേക്ക് വരാമെന്ന സാധ്യതയും നിലനിൽക്കുന്നു. അതിനാൽ തമിഴ്നാടിന് പുറമേ കേരളവും ജാഗ്രതയിലാണ്. 

ശ്രീലങ്കയിലും ഇന്ത്യയിലുമായി തങ്ങൾക്ക് ഇരട്ട പൗരത്വം  വേണമെന്ന ആവശ്യം ശ്രീലങ്കൻ തമിഴരിൽ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. അയൽരാജ്യങ്ങളിൽ പീഡനം നേരിട്ട ന്യൂനപക്ഷക്കാർക്ക് ഇന്ത്യയിൽ പൗരത്വം അനുവദിക്കുന്ന കേന്ദ്രനയവും നിയമങ്ങളും തങ്ങളെ പരിഗണിക്കുന്നില്ലെന്ന പരാതിയും ശ്രീലങ്കൻ തമിഴർക്കുണ്ട്. പ്രത്യേകിച്ച് തമിഴരിൽ ഭൂരിപക്ഷവും ഹിന്ദുക്കളായിട്ടും തങ്ങളോട് വിവേചനം കാട്ടുന്നതായും അവ‌ർ പറയുന്നുണ്ട്. ഈസ്റ്റർ പള്ളി ആക്രമണ ശേഷം അവിടത്തെ മുസ്ലീംകളും വിവേചനം നേരിടുന്നു. ശ്രീലങ്കയിലെ സിംഹളരും സ‍ർക്കാറിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നു. ഈ സ്ഥിതി വിശേഷത്തിൽ കാര്യങ്ങൾ നിയന്ത്രിക്കാനായി രജപക്സെ കുടുംബം പുതിയ വിഭാഗീയ തന്ത്രങ്ങൾ ഇറക്കുമെന്ന് നിരീക്ഷകർ പറയുന്നത്. പ്രധാനമന്ത്രിയും, പ്രസിഡന്റും, ധനകാര്യ മന്ത്രിയും രജപക്സെ കുടുംബക്കാരായതിനാൽ കാര്യങ്ങൾ അവരുടെ വരുതിയിലുമാണ്.     

'ഇൻട്ര് പിറന്ത നാൾ, നാം പിള്ളെകൾ പോലെ വളർന്ത നാൾ...' ശ്രീലങ്കയുടെ റേഡിയോ സിലോണിന്റെ തമിഴ് പതിപ്പായ ഇലങ്കൈ വാനൊലി റോഡിയോവിലെ പിറന്നാൾ ആശംസാപാട്ടുകൾ കേട്ടാണ് ഞങ്ങളൊക്കെ കുട്ടിക്കാലം ചെലവിട്ടത് ബി.ബി.സിക്ക് പുറകിലായി 1925 -ൽ ലോകത്തെ തന്നെ രണ്ടാമത്തെ റേഡിയോ നിലയമാണെന്ന ഖ്യാതിയുണ്ടിതിന്. ഹിന്ദി -മലയാളം സർവ്വീസടക്കം ഇന്ത്യൻ ഗായകരും അവതാരകരുമെല്ലാം ഇതിലൂടെ പ്രക്ഷേപിതരാകാൻ വരി നിന്ന കാലം. പരസ്യത്തിനായി ഇന്ത്യൻ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ വരവായിരുന്നു അവർക്ക്. കടൽ കടന്ന് ഇന്ത്യയുടെ പല ഭാഗത്തും എത്താൻ ശേഷിയുള്ള നല്ല പ്രസരണി. അന്ന് സിലോൺ വലിയ സംഭവമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ വലിയ പണക്കാരി സിലോൺ ഭവാനിയെന്നറിയപ്പെട്ട ഒരു മുതി‍ർന്ന സ്ത്രീയായിരുന്നു. 

പേ‍ർഷ്യയിലേക്ക് മലയാളിയുടെ പ്രവാസം തുടങ്ങും മുൻപ് സിലോണായിരുന്നല്ലോ അഭയം. സ്കൂളിൽ പഠിക്കുന്ന കാലത്ത് കരമനയിലെ റേഡിയോ റിപ്പയറിങ്ങ് കടയിൽ ഏതോ പേ‍ർഷ്യക്കാരൻ കൊണ്ടുവന്ന ടിവിയിൽ ആദ്യം കണ്ട ചാനലിന്റെ പേര് രൂപവാഹിനി. ദൂരദർശൻ ലഭ്യമല്ലാതിരുന്ന 1982 -ൽ ഞങ്ങൾ കണ്ടിരുന്ന ഏക ചാനലാണ് ശ്രീലങ്കയുടെ ഔദ്യോഗിക ജിഹ്വ. അതിലെ ചിത്രങ്ങൾക്ക് വ്യക്തതക്കുറവുണ്ടായിരുന്നുവെങ്കിലും തെളിഞ്ഞ് കണ്ടത് അതിലേ ലോഗോയായ സമാധാനത്തിന്റെ സന്ദേശക വാഹിനി പക്ഷിയെയായിരുന്നു. പ്രശാന്തതയുടെയും, സൗന്ദര്യത്തിന്റെയും സമാധാനത്തിന്റയും പര്യായമായ സെറൻ ദ്വീപെന്നാണ് അറബി സഞ്ചാരികൾ പണ്ട് ഈ വിസ്മയ നാടിനെ വിളിച്ചിരുന്നത്. ശ്രീലങ്കയിൽ ഇന്നില്ലാതെ വന്നിരിക്കുന്നതും അതൊക്കെ തന്നെയാണ്.

Follow Us:
Download App:
  • android
  • ios