Asianet News MalayalamAsianet News Malayalam

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ബിക്കിനി സെല്‍ഫികള്‍, സര്‍വകലാശാല അധ്യാപികയ്ക്ക് ജോലി പോയി!

അധ്യാപിക 'അശ്ലീല ചിത്രങ്ങള്‍' ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും നടപടി വേണമെന്നുമായിരുന്നു പരാതിയില്‍ പറയുന്നതെന്നാണ് യോഗത്തില്‍ വിസി അധ്യാപികയെ അറിയിച്ചത്. 

St Xaviers University forces teacher to resign for instagram bikini selfies
Author
Kolkata, First Published Aug 9, 2022, 6:43 PM IST

ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി ധരിച്ച ചിത്രങ്ങളിട്ടതിന്റെ പേരില്‍ അധ്യാപികയെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ച് സര്‍വകലാശാല. കൊല്‍ക്കത്തയിലെ പ്രശസ്തമായ സെന്റ് സേവിയേഴ്‌സ് സര്‍വകലാശാല അധികൃതരാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായിട്ട ഫോട്ടോകള്‍ സ്ഥാപനത്തിന്റെ അന്തസ്സിനും സല്‍പ്പേരിനും കളങ്കം ചാര്‍ത്തി എന്നാരോപിച്ച് അസി. പ്രൊഫസറായ യുവതിയെ നിര്‍ബന്ധിച്ചു രാജിവെപ്പിച്ചത്. അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സിനു പഠിക്കുന്ന ഒരാണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ മറവിലാണ് നടപടി. തന്റെ മകന്‍ അധ്യാപികയുടെ നീന്തല്‍ വേഷത്തിലുള്ള ഫോട്ടോകള്‍ നോക്കിയിരുന്നു എന്നു പറഞ്ഞാണ് രക്ഷിതാവ് സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയത്.  തുടര്‍ന്ന്, അധികൃതര്‍ അധ്യാപികയെ വിളിച്ചു വരുത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധമുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും രാജി ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് അധ്യാപിക നല്‍കിയ പരാതിയില്‍ പൊലീസ് അധികൃതര്‍ നടപടി എടുക്കാതെ വൈകിപ്പിക്കുകയാണ്. വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷമാണ് മാസങ്ങള്‍ക്കു ശേഷം പൊലീസ്  നടപടി എടുക്കാന്‍ തയ്യാറായതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്തു. 

രണ്ട് വിദേശ സര്‍വകലാശാലകളില്‍നിന്നായി പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും എടുത്തതിനു ശേഷം കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മന്റില്‍ 2021 ഓഗസ്ത് ഒമ്പതിന് അസി. പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച യുവതിയെയാണ് സദാചാര വിരുദ്ധ ആരോപണം ഉയര്‍ത്തി സര്‍വകലാശാലാ വിസിയും കൂട്ടരും ജോലിയില്‍നിന്നും രാജിവെക്കാന്‍ നിര്‍ബന്ധിച്ചത്. ഇതേ സര്‍വകലാശാലയില്‍നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ഇവര്‍ വിദേശ സര്‍വകലാശാലകളില്‍ ഗവേഷണ പഠനത്തിനായി പോയത്. ജോലിയില്‍ പ്രവേശിച്ച് രണ്ടു മാസത്തിനു ശേഷം ഈ അധ്യാപികയെ ഒരു സുപ്രഭാതത്തില്‍ സര്‍വകലാശാലാ വി സി വിളിപ്പിച്ച് സദാചാര വിചാരണ നടത്തുകയായിരുന്നു എന്നാണ് അവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

വിസിയും രജിസ്ട്രാറും വനിതാ അധ്യാപകരും അടങ്ങുന്ന സമിതിക്കു മുമ്പാകെ വിളിപ്പിച്ചാണ് അധ്യാപികയെ വിചാരണ ചെയ്തത്് അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സിനു പഠിക്കുന്ന ഒരു ആണ്‍കുട്ടിയുടെ പരാതി മുന്‍നിര്‍ത്തിയാണ് സര്‍വകലാശാല അടിയന്തിര യോഗം ചേര്‍ന്നത്. തന്റെ മകന്‍ അധ്യാപികയുടെ അര്‍ദ്ധ നഗ്‌ന ഫോട്ടോകള്‍ നോക്കിനില്‍ക്കുന്നത് കണ്ടുവെന്നു പറഞ്ഞാണ് ബി കെ മുഖര്‍ജി എന്ന രക്ഷിതാവ് സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയത്. അധ്യാപിക അടിവസ്ത്രം മാത്രം ധരിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കണ്ടാല്‍ ആണ്‍കുട്ടികളുടെ ധാര്‍മിക നിലവാരം അധ:പതിക്കുമെന്നും അധ്യാപിക 'അശ്ലീല ചിത്രങ്ങള്‍' ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും നടപടി വേണമെന്നുമായിരുന്നു പരാതിയില്‍ പറയുന്നതെന്നാണ് യോഗത്തില്‍ വിസി അധ്യാപികയെ അറിയിച്ചത്. ഇതോടൊപ്പം, അധ്യാപികയുടെ ചില ഇന്‍സ്റ്റഗ്രാം ചിത്രങ്ങളുടെ പ്രിന്റ് യോഗത്തിലുണ്ടായിരുന്നവര്‍ക്കിടയില്‍ വിസി വിതരണം ചെയ്യുകയും ചെയ്തു. 

''ഈ ചിത്രങ്ങള്‍ നിങ്ങളുടേതാണോ എന്നായിരുന്നു വിസിയുടെ ചോദ്യം. അതെ എന്നു പറഞ്ഞപ്പോള്‍, ഇത് ക്രിമിനല്‍ കുറ്റത്തിന് കാരണമാവുന്നതാണെന്നും സര്‍വകലാശാലയുടെ അന്തസ്സിനു നിരക്കുന്നതല്ല എന്നും ഇവ അശ്ലീല ചിത്രങ്ങളാണെന്നും വിസിയും രജിസ്ട്രാറും അടക്കമുള്ളവര്‍ പറഞ്ഞു. എന്നാല്‍ ആ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആയി പോസ്റ്റ് ചെയ്തതാണെന്ന് ഞാന്‍ പറഞ്ഞു. 24 മണിക്കൂര്‍ മാത്രം നില്‍ക്കുന്നതാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍. അതാര്‍ക്കും സേവ് ചെയ്യാന്‍ കഴിയില്ല. അധിക നേരം കണ്ടു നില്‍ക്കാനും കഴിയില്ല. മാത്രമല്ല, എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രൈവറ്റ് ആയിരുന്നു. ഞാന്‍ ആഡ് ചെയ്യുന്ന ഫ്രന്റ്‌സിനു മാത്രമേ അതു കാണാന്‍ കഴിയൂ. പരാതി നല്‍കിയയാളുടെ മകനടക്കം ഒരു വിദ്യാര്‍ത്ഥിയും എന്റെ ഫ്രന്റ് ലിസ്റ്റിലില്ല. മാത്രമല്ല, സര്‍വകലാശാലയില്‍ അധ്യാപികയായി ചേരുന്നതിനു രണ്ടു മാസം മുമ്പുള്ള ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസായിരുന്നു സ്വന്തം മുറിയില്‍ വെച്ച് എടുത്ത നീന്തല്‍വേഷത്തിലുള്ള ആ സെല്‍ഫികള്‍. എന്റെ ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ക്കെതിരെ പരാതി നല്‍കിയ ആളുടെ മകന്‍ ഇവ കാണാന്‍ ഒരു നിര്‍വാഹവുമില്ല. അത് കോപ്പി ചെയ്യാനോ പ്രിന്റ് െചയ്യാനോ കഴിയുകയുമില്ല. ഇക്കാര്യങ്ങള്‍ ഞാന്‍ പറഞ്ഞപ്പോള്‍ വിസിയോ അവിടെ കൂടിയിരിക്കുന്ന അധ്യാപികമാര്‍ അടക്കമുള്ളവരോ അത് അംഗീകരിക്കാന്‍ പോലും തയ്യാറായില്ല. അതിനു പകരം ലൈംഗിക ചുവയോടെ ആ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയും എന്റെ ശരീരത്തെ അപമാനിക്കുന്ന വിധം സംസാരിക്കുകയും െചയ്തു.''-പൊലീസില്‍ നല്‍കിയ പരാതിയില്‍ അധ്യാപിക പറയുന്നു. 

 

 

യോഗം കഴിഞ്ഞതിനു പിന്നാലെ കൊവിഡ് പോസിറ്റീവ് ആയ അധ്യാപികയോട് സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കാനും മാപ്പു പറയാനും വിസിയും മറ്റും ആവശ്യപ്പെട്ടു. തുടര്‍ന്ന്, ക്ഷമാപണം നടത്തി കത്തു നല്‍കിയ അധ്യാപികയോട് വിസി രാജി വെക്കാന്‍ ആവശ്യപ്പെട്ടു. പുറത്താക്കാതിരിക്കണമെങ്കില്‍ രാജി വെക്കണം എന്നായിരുന്നു വിസി അധ്യാപികയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് അവര്‍ കൊവിഡ് രോഗബാധിതയായിരിക്കെ, രാജിക്കത്ത് നല്‍കി. 

അതിനു ശേഷം തനിക്കെതിരായ പരാതിയുടെ കോപ്പിയും അന്നു നടന്ന യോഗത്തിന്റെ മിനിറ്റ്‌സും ആവശ്യപ്പെട്ട് അധ്യാപിക സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കി. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന്, അവര്‍ സര്‍വകാലാശാലയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. അതിനു സര്‍വകലാശാലാ നല്‍കിയ മറുപടിയില്‍, അധ്യാപിക രേഖകള്‍ ആവശ്യപ്പെട്ട നടപടി തെറ്റാണെന്നും അവര്‍ക്കെതിരെ കോടികളുടെ നഷ്ടപരിഹാരത്തിന് സര്‍വകലാശാല ആവശ്യപ്പെടുമെന്നുമാണ് വ്യക്തമാക്കിയത്. 

തുടര്‍ന്ന് തന്റെ ഫോട്ടോകള്‍ എങ്ങെനയാണ് വിസിക്കും മറ്റും ലഭിച്ചതെന്നും അനുമതിയില്ലാതെ  തന്റെ സ്വകാര്യ ഫോട്ടോകള്‍ എന്തടിസ്ഥാനത്തിലാണ് അധ്യാപകരുടെ യോഗത്തില്‍ വിതരണം ചെയ്തതെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ വീണ്ടും വക്കീല്‍ നോട്ടീസ് അയച്ചു. 

അതിനിടെ തനിക്കുണ്ടായ അവളേഹനത്തെക്കുറിച്ചും തന്റെ സ്വകാര്യ ഫോട്ടോകള്‍ അനുമതിയില്ലാതെ വിസിയും മറ്റും ഉപയോഗിച്ചതിനെ കുറിച്ചും വ്യക്തമാക്കി അധ്യാപിക പൊലീസിനെ സമീപിച്ചിരുന്നുു. എന്നാല്‍ തുടര്‍ച്ചയായി പരാതികള്‍ നല്‍കിയിട്ടും പൊലീസ് ഒരു നടപടിയും എടുത്തില്ല. ഇതിനു ശേഷം അവര്‍ മറ്റൊരു പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഫോട്ടോകള്‍ ഓണ്‍ലൈനില്‍  ദുരുപയോഗം ചെയ്തു എന്ന രീതിയിലാണ് പൊലീസ് എന്നാല്‍ എഫ് ഐ ആര്‍ തയ്യാറാക്കിയത്. 

അതിനിടെ, സര്‍വകാലാശാല അധ്യാപികയ്ക്ക് എതിരെ 99 കോടി രൂപയ്ക്ക് നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു. സര്‍വകലാശാലയുടെ യശസ്സിനു കളങ്കം വരുത്തി എന്നു തുടങ്ങുന്ന പരാതിയില്‍, അധ്യാപികയ്ക്ക് എതിരെ ഗുരുതരമായ കുറ്റങ്ങളാണ് സര്‍വകലാശാല ചുമത്തിയത്. ഇതിനെ തുടര്‍ന്ന്, തന്റെ അഭിഭാഷക വഴി അധ്യാപിക ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. 
 

Follow Us:
Download App:
  • android
  • ios