സ്റ്റാർബക്സിനെതിരെ പാകിസ്താനിലെ ‘സത്താർ ബക്ഷ്’ എന്ന കോഫി ഹൗസ് നിയമയുദ്ധത്തിൽ വിജയിച്ചു. ലോഗോ സാമ്യത്തിന്‍റെ പേരിൽ സ്റ്റാർബക്സ് നൽകിയ പരാതി കോടതി തള്ളി.
വിദേശ കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബക്സിനെതിരെ പാകിസ്താനിലെ ‘സത്താർ ബക്ഷ്’ എന്ന കോഫി ഹൗസ് നിയമയുദ്ധത്തിൽ ജയിച്ചത് ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ്. പാകിസ്താനിൽ സ്വന്തമായി ഒരു കഫേ തുടങ്ങുകയെന്ന ഒരു ഇരട്ട സഹോദരന്മാരുടെ സ്വപ്നത്തിൽ നിന്നും പിറവിയെടുത്തതാണ് ‘സത്താർ ബക്ഷ്’. ഇന്ന് പാക്കിസ്ഥാനിലെ ഈ പ്രാദേശിക കോഫി ഹൗസ് മൾട്ടിനാഷണൽ കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബക്സിനെ കോടതിയിൽ നടന്ന നിയമപോരാട്ടത്തിലൂടെ തോൽപ്പിച്ച് തങ്ങളുടെ പേര് ആഗോളതലത്തിൽ എത്തിച്ചിരിക്കുകയാണ്.
സത്താർ ബക്ഷ്
2013-ൽ കറാച്ചിയിലാണ് സത്താർ ബക്ഷ് ആരംഭിച്ചത്. എന്നാൽ, സ്റ്റാർബക്സ് തങ്ങളുടെ ലോഗോയോട് സാമ്യമുള്ള ലോഗോയുള്ള സത്താർ ബക്‌ഷ് കഫേക്കെതിരെ പരാതി നൽകിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അക്കാലത്ത് പാകിസ്താനിൽ സ്റ്റാർ ബക്സിന് ഔട്ട്ലെറ്റുകൾ ഉണ്ടായിരുന്നില്ലെങ്കിലും അവർ ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചു. സത്താർ ബക്‌ഷിന്‍റെ ലോഗോ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അവരുടെ വ്യാപാരമുദ്രയെ ദുർബലമാക്കുമെന്നുമായിരുന്നു സ്റ്റാർ ബക്സിന്‍റെ വാദം. എന്നാൽ, സ്റ്റാർബക്സ് നിയമപരമായ പോരാട്ടം തുടങ്ങിയപ്പോൾ തങ്ങളുടെ കഫേ ഒരു ആക്ഷേപഹാസ്യം മനസ്സിൽ വെച്ചാണ് ഉണ്ടാക്കിയതെന്ന് സത്താർ ബക്‌ഷിന്‍റെ സ്ഥാപകർ കോടതിയെ അറിയിച്ചു. ലോഗോയിലെ ഘടകങ്ങളിലെ വ്യത്യാസങ്ങളാണെന്നും (ഫോണ്ടുകൾ, രൂപങ്ങൾ, നിറങ്ങൾ) അവർ ചൂണ്ടിക്കാട്ടി.
പാകിസ്താനിലെ സത്താർ ബക്ഷ് പരമ്പര്യം
'സത്താർ ബക്ഷ്' എന്ന പേരിന് പാകിസ്താനിൽ വലിയൊരു സാംസ്കാരിക പാരമ്പര്യമുണ്ടെന്നും 500 വർഷം പഴക്കമുള്ള ഒരു അറബി പുസ്തകത്തിൽ ഈ പേര് പരാമർശിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. കഫേ പ്രാദേശിക ഭക്ഷണവും വിവിധതരം പ്രകൃതി സൗന്ദര്യ അനുഭൂതിയുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് സത്താർ ബക്ഷ് വക്താക്കൾ അവകാശപ്പെട്ടു. സ്റ്റാർബക്സിന്‍റെ ഒരു പ്രതിബിംബമാകാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും അവർ അവകാശപ്പെട്ടു. കാലക്രമേണ, സാമ്യം കുറയ്ക്കുന്നതിനായി ബ്രാൻഡിംഗിൽ മാറ്റങ്ങൾ വരുത്തി. സ്റ്റാർബക്സുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പുകളും അവര്‍ തങ്ങളുടെ സ്ഥാപനത്തില്‍ ഉയർത്തി.
തങ്ങളുടെ മെനു സ്റ്റാർ ബക്സിൽ നിന്ന് വ്യത്യസ്തമാണെന്നും ബർഗറുകൾ, പിസ്സ, ഷീഷ എന്നിവയുൾപ്പെടെ പലതരം വിഭവങ്ങൾ ഉണ്ടെന്നും സത്താർ ബക്ഷ് വാദിച്ചു. സ്ഥാപനത്തിന്‍റെ ലോഗോയിൽ സ്റ്റാർ ബക്സിലെ മത്സ്യകന്യകയ്ക്ക് പകരം മീശയുള്ള ഒരാളുടെ ചിത്രമായിരുന്നു പാക്കിസ്ഥാനി കഫെ കൊടുത്തിരുന്നത്. കൂടാതെ, തിരമാല പോലുള്ള രൂപങ്ങളും പച്ച നിറങ്ങളും കോഫിക്ക് പകരം ചായക്കപ്പുകളും ലോഗോയിൽ ഉണ്ടായിരുന്നു. ആഗോള കുത്തകയ്ക്കെതിരെ ഒരു പ്രാദേശിക റെസ്റ്റോറന്‍റ് നേടിയ വിജയമായിട്ടാണ് സമൂഹ മാധ്യമങ്ങൾ ഈ വിജയം ആഘോഷിക്കുന്നത്.


