ഷെരീഫ് ഒരു നായയാണ്. ലൂജിന്‍ ഒരു വീട്ടമ്മയും. അപ്പോള്‍ നിങ്ങള്‍ കരുതും ലൂജിന്റെ വീട്ടിലെ നായയാണ് ഷെരീഫ് എന്ന്. എന്നാല്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റി. ലൂജിന്റെ അയല്‍വാസിയുടെ വീട്ടിലെ നായയാണ് ഷെരീഫ്. 

നായ്ക്കള്‍ക്ക് മനുഷ്യരേപ്പോലെ സ്‌നേഹിക്കാന്‍ കഴിയുമോ? കഴിയും. ഇനി നിങ്ങളുടെ ഉത്തരം മറിച്ചാണെങ്കില്‍ ഷെരീഫിനേയും ലൂജിനേയും പരിചയപ്പെടു. അപ്പോള്‍ ഉറപ്പാകും നായ അത്ര നിസാരക്കാരനല്ലെന്ന്.

ഷെരീഫ് ഒരു നായയാണ്. ലൂജിന്‍ ഒരു വീട്ടമ്മയും. അപ്പോള്‍ നിങ്ങള്‍ കരുതും ലൂജിന്റെ വീട്ടിലെ നായയാണ് ഷെരീഫ് എന്ന്. എന്നാല്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റി. ലൂജിന്റെ അയല്‍വാസിയുടെ വീട്ടിലെ നായയാണ് ഷെരീഫ്. പക്ഷെ അവന് സ്വന്തം വീട്ടിലുള്ളവരെക്കാള്‍ പ്രിയം ലൂജിനോടാണ്. അതുകൊണ്ട് തന്നെ നേരം പുലര്‍ന്നാലുടന്‍ ഷെരീഫ് ലൂജിനെകാണാന്‍ എത്തും. അവള്‍ പതിവായി നടക്കാന്‍ ഇറങ്ങുന്ന സമയവും വഴികളും ഷെരീഫിന് അവളെക്കാള്‍ നിശ്ചയമാണ്. എന്നും ലൂജിന് എത്തുന്നതിന് മുന്‍പ് തന്നെ പ്രഭാത സവാരിയ്ക്ക് തയാറായി അവന്‍ വഴിയോരത്ത് കാത്തു നില്‍ക്കും. പിന്നെ ഇരുവരും ഒരുമിച്ച് താഴ്‌വരയിലൂടെ നടക്കും. ഇടയ്ക്ക് ലൂജിന്‍ വിശ്രമിക്കുമ്പോള്‍ അവള്‍ക്കരികില്‍ സ്‌നേഹ സമ്പന്നനായ കാവല്‍ക്കാരനായി കാത്തുനില്‍ക്കും. 

യുഎസിലെ പെന്‍സില്‍വാനിയയിലുള്ള യീഹോ(yeehaw) ഫാമിലാണ് ഷെരീഫും ലൂജിനും താമസിയ്ക്കുന്നത്. ഇവരുടെ ഈ സ്‌നേഹബന്ധം ഫാം നിവാസികളെല്ലാം ഏറെ സന്തോഷത്തോടെയാണ് കാണുന്നത്. 

ഷെരീഫിന് ലൂജിനെ ഭയങ്കര ഇഷ്ടമാണ്. ഒരു പക്ഷെ ഈ ലോകത്ത് മറ്റാരെക്കാളും അവന്‍ സ്‌നേഹിക്കുന്നത് അവളെയാണ്. ഷെരീഫ് താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത വീട്ടിലാണ് ലൂജിന്‍ താമസിക്കുന്നത്. എന്നും നേരം പുലര്‍ന്നാലുടന്‍ ഷെരീഫ് ആദ്യം പോകുന്ന ലൂജിനടുത്തേയ്ക്കാണ്. പക്ഷെ അവളുടെ വീട്ടില്‍ കയറില്ല. പകരം വീടനു പുറത്ത് വഴിയില്‍ കാത്തു നില്‍ക്കും അവള്‍ പുറത്തേക്ക് വരുന്നത് വരെ. പിന്നെ ഇരുവരും ചേര്‍ന്നുള്ള പ്രഭാത സവാരിയാണ്. പരസ്പരം കളിപറഞ്ഞും സ്‌നേഹപ്രകടനങ്ങള്‍ നടത്തിയുമൊക്കെ അവരങ്ങനെ നടക്കും. പിന്നെ ചുറ്റും നടക്കുന്നതൊന്നും അവര്‍ക്കൊരു പ്രശ്‌നമേ അല്ല. അത് അവരുടെ മാത്രം ലോകമായി മാറും. കണ്ടു നില്‍ക്കുന്നവരില്‍ കൗതുകവും ആശ്ചര്യവുമൊക്കെ ജനിപ്പിക്കുന്നൊരു സ്‌നേഹബന്ധം. അതാണ് ഷെരീഫും ലൂജിനും തമ്മിലുള്ളത്. 

ഇരുവരും തമ്മിലുള്ള ഈ അപൂര്‍വ സൗഹൃദം ലോകത്തിന് കാണിച്ചുകൊടുത്തത് ഒരയല്‍ക്കാരനാണ്. യെഹോ ഫാം എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഇരുവരുടെയും പ്രഭാത സവാരിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വിശദമായ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. അങ്ങനെ ഷെരിഫും ലൂജിനും ലോകം മുഴുവനുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പ്രിയപ്പെട്ടവരായി മാറി. 

View post on Instagram

വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഇങ്ങനെ പറയുന്നു:

ഞാന്‍ താമസിക്കുന്നിടം എനിക്ക് ഇഷ്ടമാണെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാന്‍ വീട് എന്ന് വിളിക്കുന്ന ചെറിയ ഗ്രാമീണ സമൂഹത്തെ ഞാന്‍ സ്നേഹിക്കുന്നു. ഈ വീഡിയോ പോലുള്ള സന്ദര്‍ഭങ്ങളാണ് ഞാന്‍ താമസിക്കുന്നിടത്ത് എന്നെ ശരിക്കും ആകര്‍ഷിക്കുന്നത്. ഞങ്ങളുടെ ഉടമസ്ഥതയിലുള്ള രണ്ട് ഫാമുകള്‍ക്കിടയിലുള്ള ഒരു ഫാമിലാണ് ഷെരീഫ് എന്ന നായ താമസിക്കുന്നത്. അടുത്ത് താമസിക്കുന്ന മറ്റൊരു അയല്‍വാസിയാണ് ലുജീന്‍ എന്ന സ്ത്രീ. ഷെരീഫ് അവളുടെ നായയല്ല, മിക്കവാറും എല്ലാ ദിവസവും രാവിലെ, ലുജിനൊപ്പം നടക്കാന്‍ ഷെരീഫുമുണ്ടാകും, അവര്‍ തമ്മിലുള്ള വലിയ ബന്ധത്തെക്കുറിച്ച് ലുജിനാണ് എന്നോട് പറഞ്ഞത്. അവര്‍ ഞങ്ങളുടെ ചെറിയ താഴ്വരയിലൂടെ വിശ്രമിച്ചു നടക്കുന്നു! ഇതാണ് ഞാന്‍ താമസിക്കുന്നിടത്ത് ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നത്,'

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മൂന്ന് ദശലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ പ്രിയപ്പെട്ട നായകളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുന്നത്. ഏതായാലും ഒരുകാര്യം വ്യക്തം, സ്‌നേഹിക്കാനും കൂറുകാണിക്കാനും മനുഷ്യരേക്കാള്‍ ഒരുപടി മുന്‍പില്‍ തന്നെയാണ് നായ്ക്കള്‍