ഏത് സിനിമയെയും വെല്ലുന്നത്ര സംഭവബഹുലമായിരുന്നു, ഏതു നിമിഷവും കൊല്ലപ്പെടാമെന്ന ഭീഷണിക്കിടെ ടൈഫസ് വാക്‌സിന്‍ നിര്‍മിച്ച ഈ ശാസ്ത്രജ്ഞന്റെ ജീവിതം. എങ്കിലും, ജീവിച്ചിരിക്കുന്ന കാലത്ത് കാര്യമായ അംഗീകാരങ്ങള്‍ ലഭിക്കുകയോ അറിയപ്പെടുകയോ ചെയ്യാത്ത ഈ ശാസ്ത്രജ്ഞന്‍ മരണാനന്തരം പക്ഷേ ലോകപ്രശസ്തനായി. 

സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് ഒരാഴ്ചക്കിടെ രണ്ടു പേരാണ് മരണപ്പെട്ടത്. 2015 -ലും ഇതുപോലെ ഈ രോഗം മൂലം ആളുകള്‍ മരണപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ടൈഫസിന്റെ ഒരു വകഭേദമായ ഈ രോഗത്തെ ഇംഗ്ലീഷില്‍ സ്‌ക്രബ് ടൈഫസ് എന്നാണ് വിളിക്കുന്നത്. ഈ സാഹചര്യത്തിലാണ്, നാസി ജര്‍മനിയില്‍ കൊടുംപീഡനത്തിന് ഇരയാവുകയും മരണമുനമ്പിലിരുന്ന് ശവശരീരങ്ങള്‍ക്കൊപ്പം ജോലി ചെയ്ത് ടൈഫസ് രോഗത്തിന് വാക്‌സിന്‍ കണ്ടെത്തിയ അതുല്യനായ ഒരു ജൂത ശാസ്ത്രജ്ഞന്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

അദ്ദേഹത്തിന്റെ പേര് ഡോ. ലുഡ്വിക്ക് ഫ്‌ലെക്ക്. ഏത് സിനിമയെയും വെല്ലുന്നത്ര സംഭവബഹുലമായിരുന്നു, ഏതു നിമിഷവും കൊല്ലപ്പെടാമെന്ന ഭീഷണിക്കിടെ ടൈഫസ് വാക്‌സിന്‍ നിര്‍മിച്ച ഈ ശാസ്ത്രജ്ഞന്റെ ജീവിതം. എങ്കിലും, ജീവിച്ചിരിക്കുന്ന കാലത്ത് കാര്യമായ അംഗീകാരങ്ങള്‍ ലഭിക്കുകയോ അറിയപ്പെടുകയോ ചെയ്യാത്ത ഈ ശാസ്ത്രജ്ഞന്‍ മരണാനന്തരം പക്ഷേ ലോകപ്രശസ്തനായി. ശാസ്ത്രത്തിന്റെ ഫിലോസഫിയുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ പുസ്തകം ഇന്ന് ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ പഠനവിഷയമാണ്. അതോടൊപ്പം, ശാസ്ത്രത്തിനു വേണ്ടി സ്വന്തം ജീവന്‍ പണയംവെച്ചു പൊരുതിയ ഐതിഹാസികമായ ആ ജീവിതവും ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. 

അദ്ദേഹത്തെ കൂടുതല്‍ അറിയണമെങ്കില്‍, അക്കാലത്ത് അദ്ദേഹം ഉള്‍പ്പെട്ട ജൂതവിഭാഗക്കാരുടെ ജീവിതം എന്താണ് എന്നറിയണം. അത് ഹിറ്റ്‌ലറുടെ കാലമായിരുന്നു. ജൂതന്‍മാര്‍ അതിഭീകരമായി വേട്ടയാടപ്പെടുന്ന കാലം. ഉറ്റവരും ബന്ധുക്കളുമെല്ലാം നാസി തടങ്കല്‍പാളയങ്ങളില്‍ അതിഭീകരമായ പീഡനങ്ങള്‍ക്കിരയാവുകയും കൊല്ലപ്പെടുകയും ചെയ്തപ്പോഴാണ് അദ്ദേഹം വാക്‌സിന്‍ കണ്ടെത്തിയത്. അത് തടവിലായ ജൂതരെ രക്ഷിക്കാന്‍ ഉപയോഗിക്കുകയും, വ്യാജ വാക്സിന്‍ ഉണ്ടാക്കി നല്‍കി നാസിയെ കബളിപ്പിക്കുകയും ചെയ്തു അദ്ദേഹം. ഒരു കാലത്തും അദ്ദേഹത്തിന്റെ ഈ പദ്ധതി പിടിക്കപ്പെട്ടില്ല എന്നതാണ് രസകരമായ കാര്യം. തന്റെ ഒപ്പമുള്ളവരെ ദ്രോഹിക്കാന്‍ ശ്രമിച്ച നാസികള്‍ക്ക് തിരിച്ച് അതിലും വലിയ പണിയാണ് അദ്ദേഹം കൊടുത്തത്. വ്യാജനാണെന്ന് തിരിച്ചറിയാതെ വാക്സിന്‍ എടുത്ത നാസികള്‍, അസുഖം ബാധിച്ച മരിച്ചുകൊണ്ടിരുന്നു.

......................................

Read Also: വീണ്ടും ചെള്ള് പനി മരണം,തിരുവനന്തപുരത്ത് മാത്രം മരണം രണ്ടായി
........................................

ടൈഫസ് രോഗത്തിന്റെ കാലത്ത് ജൂതജീവിതം

തീര്‍ത്തും ഭയാനകമായ രീതിയില്‍ ടൈഫസ് ലോകത്തില്‍ പടര്‍ന്ന് പിടിച്ച കാലമായിരുന്നു അത്. ജൂത വിഭാഗക്കാര്‍ക്കെതിരെ ഹിറ്റ്‌ലറിന്റെ നേതൃത്വത്തില്‍ നാസികള്‍ വംശഹത്യ നടത്തിക്കൊണ്ടിരുന്ന കാലഘട്ടത്തിലായിരുന്നു അത്. ജൂതന്മാരെ കൊന്നൊടുക്കാന്‍ ഒരു കാരണമായി നാസികള്‍ ഈ രോഗത്തെ കണ്ടു. ഈ രോഗം പരത്തുന്നത് ജൂതന്മാരാണെന്ന് ആരോപിച്ച് അവരെ കൊന്നൊടുക്കാന്‍ നാസികള്‍ പദ്ധതിയിട്ടു. 

ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് തന്നെ ടൈഫസ് ബാധയുണ്ടായിരുന്നുവെങ്കിലും, യുദ്ധസമയത്താണ് രോഗം അനിയന്ത്രിതമായി പടര്‍ന്ന് പിടിച്ചത്. ആയിരകണക്കിന് ആളുകള്‍ ഈ പകര്‍ച്ച വ്യാധി മൂലം മരണപ്പെട്ടു. പോളണ്ടില്‍ ഏകദേശം 40 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ടൈഫസ് 30 ലക്ഷം ആളുകളെ കൊന്നൊടുക്കി. അവരില്‍ പലരും സാധാരണക്കാരായിരുന്നു. ടൈഫസ് പൊട്ടിപ്പുറപ്പെട്ടത്തോടെ ജൂതന്മാരോടുള്ള നാസികളുടെ വിദ്വേഷം വര്‍ധിച്ചു. പേനുകള്‍ പരത്തിയിരുന്നു ഈ രോഗത്തിന് കാരണക്കാര്‍ ജൂതന്മാരാണെന്ന് നാസികള്‍ വാദിച്ചു. ജൂതന്മാര്‍ തങ്ങിയിരുന്ന പട്ടണങ്ങള്‍ മതില്‍കെട്ടി തിരിക്കുകയോ, അടയ്ക്കുകയോ ചെയ്തു. ഇതോടെ ഈ രോഗം ജൂതന്മാര്‍ക്കിടയില്‍ വ്യാപകമായി പടരാന്‍ തുടങ്ങി. 


നാസി തടവറയിലെ ജൂത ശാസ്ത്രജ്ഞന്‍

1896-ല്‍ ആസ്‌ട്രോ ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലെംബര്‍ഗ് നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. ഒന്നാം ലോക യുദ്ധത്തിനുശേഷം ഈ പ്രദേശം പോളണ്ടിന്റെ അധീനതയിലാവുകയും പേര് വോവ് എന്നായി മാറ്റപ്പെടുകയും ചെയ്തു. രണ്ടാം ലോക യുദ്ധത്തിനുശേഷം ഈ പ്രദേശം സോവിയറ്റ് യൂനിയന്‍ അധീനതയിലായി. റഷ്യന്‍ സൈന്യം അധിനിവേശം നടത്തുന്ന യുക്രൈനിലാണ് ഇപ്പോള്‍ ഈ പ്രദേശം. 

ജൂതവിഭാഗക്കാരുടെ കേന്ദ്രമായി അക്കാലത്ത് ഈ പട്ടണം. അവിടെ വാണിജ്യരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ഫ്‌ലെക്ക് ജനിച്ചത്. പോളണ്ടിലെ ആദ്യകാല അക്കാദമിക് സ്ഥാപനങ്ങളില്‍ ഒന്നായ വോവ് സര്‍വകലാശാലയില്‍നിന്ന് മെഡിസിനില്‍ ബിരുദംനേടിയ അദ്ദേഹം പിന്നീട് ടൈഫസ് രോഗവിദഗ്ധനായ പ്രൊഫ. റുഡോള്‍ഫ് വെയിലിന്റെ കീഴില്‍ ടൈഫസ് രോഗത്തെക്കുറിച്ച് പഠിക്കാനാരംഭിച്ചു. എന്നാല്‍, അന്ന് പോളണ്ടില്‍ നിലനിന്നിരുന്ന കടുത്ത ജൂതവിരുദ്ധത കാരണം ഫ്‌ലെക്കിന് അക്കാദമിക് പഠനസാധ്യതകള്‍ നിഷേധിക്കപ്പെട്ടു. ശാസ്ത്രജ്ഞനാവാന്‍ ആഗ്രഹിച്ചിരുന്ന ഫ്‌ലെക്ക് ഇതിനെ തുടര്‍ന്ന് നഗരസഭാ ലാബോറട്ടറിയില്‍ ജോലിക്ക് കയറി. എന്നാല്‍, അധികം വൈകാതെ ജൂതനാണെന്ന കാരണത്താല്‍ അദ്ദേഹത്തിന് ജോലി പോയി. നിരാശനാവാതെ സ്വയം സ്ഥാപിച്ച ഒരു സ്വകാര്യ ലാബില്‍ അദ്ദേഹം പ്രവര്‍ത്തനം തുടര്‍ന്നു. വെറുമൊരു ലാബ് ടെക്‌നീഷ്യനാവാനല്ല, ശാസ്ത്രജ്ഞനാവാനായിരുന്നു എന്നും അദ്ദേഹത്തിന് ആഗ്രഹം. അങ്ങനെ ഫ്‌ലെക്ക് തന്റെ ലാബ് പരീക്ഷണ നിരീക്ഷണങ്ങളുടെ താവളമാക്കി. ഇവിടെവെച്ച്, അദ്ദേഹം ശാസ്ത്രത്തെക്കുറിച്ച് സൈദ്ധാന്തികമായി പ്രതിപാദിക്കുന്ന പേപ്പറുകളും പുസ്തകവും എഴുതി. അതിന്റെ പ്രസിദ്ധീകരണം പക്ഷേ എളുപ്പമായിരുന്നില്ല. 

.............................

Read Also: ചെള്ള് പനി ബാധിച്ച് രണ്ട് മരണം; അറിയാം ഇതിന്‍റെ ലക്ഷണങ്ങള്‍...

.......................


ടൈഫസ് ഗവേഷണത്തിലേക്ക് തിരിയുന്നു

1941 -ല്‍ നാസി സൈന്യം ജൂതന്മാര്‍ പാര്‍ക്കുന്ന എല്‍വോവിലേക്ക് ഇടിച്ചു കയറി അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഫ്‌ലെക്കും അവിടെ താമസിച്ചിരുന്ന ഒരു ലക്ഷത്തിലധികം ജൂതന്മാരും നാസികള്‍ സ്ഥാപിച്ച ചേരികളിലേക്ക് മാറ്റപ്പെട്ടു. ഇവിടത്തെ അവസ്ഥ ഭയാനകമായിരുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഡസന്‍ കണക്കിന് ആളുകള്‍ അടുത്തടുത്ത് താമസിക്കുകയും വസ്ത്രം മാറാനോ പതിവായി കുളിക്കാനോ സാധിക്കാതെ ദുരിതത്തിലാവുകയും ചെയ്തു. 110,000-ലധികം ജൂതന്മാര്‍ തടവിലാക്കപ്പെട്ടപ്പോള്‍, ഏകദേശം 5,000 ജൂതന്മാരെ നാസികള്‍ വെടിവച്ചു കൊന്നു. പട്ടിണിയും രോഗവും കാട്ടുതീ പോലെ പടര്‍ന്ന് പിടിച്ചു.

ഒടുവില്‍ യുദ്ധസമയത്ത് ഇത് ജര്‍മന്‍ സൈനികരിലേക്കും പടര്‍ന്ന് പിടിച്ചു. ഇത് നാസികളെ ഭയപ്പെടുത്തി. എന്നിട്ടും വാക്‌സിന്‍ ഉല്‍പ്പാദനം വൈകി കൊണ്ടിരുന്നു. എന്നാല്‍ ആ സമയം ടൈഫസിനെതിരെ വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ തീവ്ര ശ്രമം നടത്തുകയായിരുന്നു ശാസ്ത്രജ്ഞനായ ഡോ. ലുഡ്വിക്ക് ഫ്‌ലെക്ക്.

ബുച്ചന്‍വാള്‍ഡ് ക്യാമ്പിലുള്ള ഒരു താല്‍ക്കാലിക ഹോസ്പിറ്റലിലെ ലബോറട്ടറിയില്‍ ഫ്‌ലെക്ക് പിന്നീട് നിയമിതനായി. അവിടെ മൂത്രത്തിന്റെ സാമ്പിളുകള്‍ ഉപയോഗിച്ച് ടൈഫസ് നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള ഒരു രീതി അദ്ദേഹം വികസിപ്പിച്ചെടുത്തു. ഈ രീതി വിജയിച്ചപ്പോള്‍, ടൈഫസിനെതിരായ വാക്‌സിന്‍ ഉണ്ടാക്കാന്‍ ശ്രമം തുടങ്ങി. അത് രോഗികളുടെ മൂത്രത്തില്‍ നിന്നും ഉണ്ടാക്കാന്‍ സാധിക്കുമോ എന്നദ്ദേഹം പരിശോധിച്ചു. പന്നികളില്‍ അദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി. ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍, ഇതിനായി ഒരു ദിവസം 50 മുതല്‍ 100 ലിറ്റര്‍ വരെ മൂത്രം പ്രോസസ് ചെയ്യേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ലബോറട്ടറിയില്‍ ഒരു ലിറ്ററില്‍ കൂടുതല്‍ പ്രോസസ് ചെയ്യാന്‍ കഴിഞ്ഞില്ല. 


പരീക്ഷണം തുടരുന്നു

അപ്പോള്‍ അദ്ദേഹത്തിന് ഒരു ആശയം തോന്നി. പരീക്ഷണം നടത്താന്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍സ് ഫാക്ടറിയെ സമീപിക്കാന്‍ ഫ്‌ലെക്ക് തീരുമാനിച്ചു. അവിടെ വച്ച് വാക്‌സിന്‍ കണ്ടെത്താന്‍ സാധിച്ചാല്‍ അവര്‍ക്ക് അതിന്റെ പേറ്റന്റ് നല്‍കുമെന്ന കരാറിലായിരുന്നു അത്. ജര്‍മന്‍കാരനായ ഫാക്ടറിയുടെ മാനേജര്‍ക്ക് സമ്മതം. ബുച്ചന്‍വാള്‍ഡ് എന്ന സങ്കല്‍പ്പിക്കാന്‍ കഴിയാത്ത നരകത്തില്‍ ജൂത അടിമകളോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. പ്രയാസപ്പെട്ടിട്ടാണെങ്കിലും, ഫ്‌ലെക്കിന് ഒടുവില്‍ ടൈഫസ് വാക്‌സിന്‍ കണ്ടെത്താന്‍ സാധിച്ചു. എന്നാല്‍ ഈ കണ്ടുപിടുത്തം അദ്ദേഹം ഒരു രഹസ്യമാക്കി വച്ചു.

ഫ്‌ലെക്കിന്റെ മാര്‍ഗനിര്‍ദേശപ്രകാരം, രണ്ട് തരം വാക്‌സിനായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. ഒന്ന് ജര്‍മ്മന്‍ പട്ടാളക്കാര്‍ക്കായി തീര്‍ത്തും നിരുപദ്രവകരവും വ്യാജവുമായ ഒന്ന്, രണ്ടാമത്തെത് വളരെ ഫലപ്രദമായ ശരിക്കുമുള്ള വാക്സിന്‍. ഇത് ലേബര്‍ ക്യാമ്പുകളിലെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ജൂതര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ ഈ ഏര്‍പ്പാട് ആരും കണ്ടെത്തിയില്ല. 

1945-ല്‍ അമേരിക്കക്കാര്‍ ക്യാമ്പ് മോചിപ്പിക്കുന്നതുവരെ ഈ പരിപാടി അവര്‍ തുടര്‍ന്നു. ക്യാമ്പില്‍ നിന്ന് മോചിതനായ ഫ്‌ലെക്ക് തന്റെ ഭാര്യക്കൊപ്പം പോളണ്ടില്‍ തങ്ങി. മകന്‍ ഇസ്രയേലിലേക്ക് മാറി. പിന്നീട് പോളണ്ടില്‍ വീണ്ടും ജൂത വിരുദ്ധത പൊട്ടി മുളച്ചപ്പോള്‍ അദ്ദേഹം ഇസ്രായേലില്‍ മകനോടൊപ്പം താമസമാക്കി. ഇസ്രായേലിലും ആദ്യകാലത്ത് അദ്ദേഹം സ്വീകരിക്കപ്പെട്ടില്ല. പിന്നീട് അദ്ദേഹം പ്രമുഖമായ ഒരു ലാബിന്റെ ഉന്നതപദവിയിലെത്തി. അവിടെ ജോലി ചെയ്യുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. മരണാനന്തരമാണ് ഫ്‌ലെക്കിന്റെ സാഹസികമായ ജീവിതകഥ പുറത്തറിഞ്ഞത്. അതിനുശേഷം അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വാഴ്ത്തപ്പെട്ടു. ഇസ്രായേലിന്റെ ചരിത്രത്തിന്റെ ഏറ്റവും വലിയ ശാസ്ത്രജ്ഞരില്‍ ഒരാളായി ഇന്നദ്ദേഹം ആദരിക്കപ്പെടുന്നു.