സ്കൂൾ ഇതുവരെ ഔദ്യോഗികമായി ഇതേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ, മനശാസ്ത്രപരമായി പിന്തുണ വേണ്ടവർക്ക് അത് നൽകുന്നുണ്ട് എന്ന് സ്കൂൾ പറയുന്നുണ്ട്.
മെൽബോണിലെ ഒരു പ്രൈവറ്റ് സ്കൂൾ വിദ്യാർത്ഥിനി പെരുമാറുന്നത് പൂച്ചയെ പോലെ. താൻ ഒരു പൂച്ചയാണ് എന്നാണ് അവൾ വിശ്വസിക്കുന്നത്. അവളുടെ സ്കൂളിലെ അധ്യാപകരും അവൾക്ക് പൂച്ചയെ പോലെ പെരുമാറാൻ അനുവാദം നൽകിയിരിക്കയാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി സ്കൂളിൽ ആരോടും ഒന്നും സംസാരിക്കാറില്ല. എന്നാൽ, അവൾ പഠനത്തിൽ മിടുക്കിയും ബുദ്ധിമതിയും ആണെന്ന് പറയുന്നു.
മറ്റ് വിദ്യാർത്ഥികൾക്കോ ആ വിദ്യാർത്ഥിക്ക് തന്നെയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളില്ല എന്നതിനാൽ തന്നെ കുട്ടിയോട് അങ്ങനെ പെരുമാറിക്കോളൂ എന്ന് അധ്യാപകർ അനുവാദം നൽകിയിരിക്കയാണത്രെ. 'കുട്ടികളെ മൃഗങ്ങളെ പോലെ കണക്കാക്കാൻ ഏതെങ്കിലും സ്കൂളിന് ഒരു പ്രോട്ടോക്കോൾ ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ അത് സ്കൂളിനെയോ പഠനത്തെയോ തടസപ്പെടുത്തുന്നില്ല എങ്കിൽ അതിൽ കുഴപ്പമില്ല. അതുകൊണ്ട് പിന്തുണയ്ക്കാം എന്നതാവാം സമീപനം' എന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ ഒരു പത്രത്തോട് പറഞ്ഞു.
സ്കൂൾ ഇതുവരെ ഔദ്യോഗികമായി ഇതേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ, മനശാസ്ത്രപരമായി പിന്തുണ വേണ്ടവർക്ക് അത് നൽകുന്നുണ്ട് എന്ന് സ്കൂൾ പറയുന്നുണ്ട്. ഒരുപാട് വിദ്യാർത്ഥികൾക്ക്, ഉത്കണ്ഠയും സമ്മർദ്ദവും സ്വത്വപ്രതിസന്ധികളും ഉണ്ടാവുന്നുണ്ട് എന്നും സ്കൂൾ പറയുന്നു. ആവശ്യമാണ് എങ്കിൽ സ്കൂളിലെ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നും വിദഗ്ദ്ധരുടെ സഹായം തേടുമെന്നും സ്കൂൾ വ്യക്തമാക്കുന്നു. നേരത്തെ സ്കൂളിൽ താനൊരു നായയാണ് എന്ന് പറഞ്ഞ ഒരു വിദ്യാർത്ഥി ഉണ്ടായിരുന്നു എന്നും ഹെരാൾഡ് സൺ റിപ്പോർട്ട് ചെയ്യുന്നു. മെൽബോണിലെ സൈക്കോളജിസ്റ്റുകൾ വിദ്യാർത്ഥിയെ സഹായിക്കാൻ എത്തുകയുണ്ടായി.
മാർച്ചിൽ, ബ്രിസ്‌ബേനിലെ ഒരു പ്രൈവറ്റ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ പൂച്ചകളോ കുറുക്കന്മാരോ ആണെന്ന് സ്വയം കരുതി നാല് കാലിൽ നടക്കുന്നുവെന്നും, അവരുടെ യൂണിഫോമിൽ വാലിനു വേണ്ടി ദ്വാരങ്ങൾ ഉണ്ടാക്കുന്നു എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
എന്നാൽ, ഇതെല്ലാം ചെറിയ കാലത്തേക്ക് സംഭവിക്കുന്നതാണ് എന്നും കുറച്ച് കഴിയുമ്പോൾ ഇത് മാറിക്കോളും എന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
