Asianet News MalayalamAsianet News Malayalam

അധ്യാപികയെ തലയ്ക്കടിച്ച് കൊന്നു; രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കൊലപാതകത്തിനു മുമ്പു തന്നെ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയാ ചാറ്റിലൂടെ സംസാരിച്ചതായി പൊലീസ് രേഖകള്‍ ഉദ്ധരിച്ച് സിബിഎസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 

students arrested for killing teacher in Iowa
Author
Iowa City, First Published Nov 8, 2021, 6:09 PM IST


ഹൈസ്‌കൂള്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. അമേരിക്കയിലെ അയോവയിലാണ് സംഭവം. അധ്യാപികയെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 16 വയസ്സുകാരായ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായത്.  വിലാര്‍ഡ് നോബിള്‍ മില്ലര്‍, ജെറമി എവററ്റ് ഗൂഡെയില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഗൂഢാലോചന, നരഹത്യ, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു. 

അയോവയിലെ ഫെയര്‍ഫീല്‍ഡ് ഹൈ സ്‌കൂളിലെ സ്പാനിഷ് ഭാഷാധ്യാപികയായിരുന്ന നൊഹേമ ഗ്രാബര്‍ എന്ന 66-കാരിയാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. 2012 മുതല്‍ ഇവിടത്തെ അധ്യാപികയായിരുന്നു ഇവര്‍. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു അറസ്റ്റിലായ രണ്ടു പേരും. 

 

students arrested for killing teacher in Iowa

നൊഹേമ ഗ്രാബര്‍, വിലാര്‍ഡ് നോബിള്‍ മില്ലര്‍, ജെറമി എവററ്റ് ഗൂഡെയില്‍

 

അധ്യാപികയെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് ഇവിടെയുള്ള പാര്‍ക്കിലെ ഉന്തുവണ്ടിയില്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.  

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. ഇവരുടെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ ചോര പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവം നടന്ന സമയത്ത് പാര്‍ക്കിലുണ്ടായിരുന്നതായും മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചതായും വിദ്യാര്‍ത്ഥികളിലൊരാള്‍ സമ്മതിച്ചതായി പൊലീസിനെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

കൊലപാതകത്തിനു മുമ്പു തന്നെ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയാ ചാറ്റിലൂടെ സംസാരിച്ചതായി പൊലീസ് രേഖകള്‍ ഉദ്ധരിച്ച് സിബിഎസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തിന്റെ ഉദ്ദേശ്യം, കൊലപാതകത്തിനുള്ള ഒരുക്കങ്ങള്‍, ഒളിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 

Follow Us:
Download App:
  • android
  • ios