അറ്റ്ലാന്‍റിക് സമുദ്രത്തിന്റെ പേര് 'ട്രംപ് ഓഷ്യൻ' എന്നാക്കാൻ ഡൊണാൾഡ് ട്രംപ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. എന്നാൽ സമുദ്രങ്ങൾ പല രാജ്യങ്ങളുമായി പങ്കിടുന്നതിനാൽ ഈ നിർദേശം പിച്ചൈ നിരസിച്ചെന്നും ട്രംപ് വ്യക്തമാക്കി. മെക്സിക്കോ ഉൾക്കടലിനെ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന് പുനർനാമകരണം ചെയ്തതിന് പിന്നാലെയാണ് ഈ പുതിയ വിവാദം.

അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ പേര് മാറ്റി ‘ട്രംപ് ഓഷ്യൻ’ എന്നാക്കണമെന്ന ആശയവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെ സമീപിച്ചെന്നും എന്നാൽ അദ്ദേഹം ട്രംപിന്‍റെ നിർദേശം നിരസിച്ചെന്നും ട്രംപിന്‍റെതന്നെ വെളിപ്പെടുത്തൽ. സമുദ്രങ്ങൾ നിരവധി രാജ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ പേര് മാറ്റാനാവില്ലെന്നായിരുന്നു പിച്ചൈയുടെ മറുപടിയെന്ന് ട്രംപ് അവകാശപ്പെട്ടു.

ഗൂഗിൾ മേധാവിക്ക് അഭിനന്ദനം

ഒക്ടോബർ 21 -ന് സൗത്ത് കരോലിനയിലെ ക്ലെംസണിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഗൂഗിൾ മേധാവിയെ ‘മിടുക്കനായ വ്യക്തി’യെന്ന് വിശേഷിപ്പിച്ച ട്രംപ്, അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ പേര് മാറ്റാൻ കഴിയുമോയെന്ന് ചോദിച്ചപ്പോൾ പിച്ചൈ നൽകിയ മറുപടിയും സദസ്സിനോട് പങ്കുവയ്ക്കുകയായിരുന്നു.

'അമേരിക്കൻ ഓഷ്യൻ'

"ഗൂഗിളിന്റെ തലവനായ സുന്ദർ എന്ന അതിബുദ്ധിമാനായ ഒരാളോട് ഞാൻ സംസാരിച്ചു. അദ്ദേഹം വളരെ സമർത്ഥനാണ്. സെർഗെയും സുന്ദറും - ഇരുവരും അതീവ ബുദ്ധിശാലികളാണ്," ഗൂഗിൾ സഹസ്ഥാപകൻ സെർഗെ ബ്രിന്നിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "പിന്നെ, ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവർ ഇപ്പോഴും അസ്വസ്ഥരാണ്". തുടർന്ന് ട്രംപ്, "ഞാൻ സുന്ദർ പിച്ചെയോട് പറഞ്ഞു, ഞാൻ അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ പേര് മാറ്റാൻ ആലോചിക്കുന്നു. നിങ്ങൾക്ക് അത് കൈകാര്യം ചെയ്യാൻ കഴിയുമോ?" എന്ന് ചോദിച്ചതായും കൂട്ടിച്ചേർത്തു.

Scroll to load tweet…

“നോ, നോ, നോ. ഇത്തവണ അതിന് കഴിയില്ല. സമുദ്രങ്ങൾ വ്യത്യസ്തമാണ്. അവ നിരവധി രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇക്കാര്യം വീണ്ടും ആവശ്യപ്പെടരുത്,” എന്നായിരുന്നു പിച്ചൈ പറഞ്ഞതെന്ന് ട്രംപ് ഉദ്ധരിച്ചു. ഇതോടെ പേര് മാറ്റാനുള്ള ആശയം ഉപേക്ഷിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ പസഫിക് സമുദ്രത്തിന് ‘അമേരിക്കൻ ഓഷ്യൻ’ എന്ന് പേരിടുന്നതിനെക്കുറിച്ചും അദ്ദേഹം തമാശരൂപേണ സൂചിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.

ഗൾഫ് ഓഫ് അമേരിക്ക

മെക്സിക്കോ ഉൾക്കടലിനെ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പുതിയ വിവാദം. അമേരിക്കൻ ഉപയോക്താക്കൾക്കായി ഗൂഗിൾ മാപ്‌സിൽ ഈ പേര് ഉൾപ്പെടുത്തിയിരുന്നു. ഒന്‍റാറിയോ തടാകത്തെ ‘ലേക്ക് അമേരിക്ക’ എന്ന് വിളിക്കുന്നതുമായി ബന്ധപ്പെട്ട മാറ്റവും അമേരിക്കൻ മാപ്‌സിൽ നടപ്പാക്കിയതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, സുന്ദർ പിച്ചൈയുമായുള്ള സംഭാഷണം ട്രംപ് വിവരിച്ചതുപോലെ നടന്നിട്ടുണ്ടോയെന്ന് സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ പേര് മാറ്റിയതായി ഔദ്യോഗിക പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല. സമുദ്രങ്ങൾ പല രാജ്യങ്ങളുമായി പങ്കിടുന്നതിനാൽ ഇത്തരം മാറ്റങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിക്കുക സങ്കീർണമാണ്.