ചിലപ്പോൾ നമുക്ക് തോന്നും നമ്മുടെ പ്രശ്നങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളെന്ന്. എന്നാൽ, നസ്ത നഹീദയുടെ ഈ അനുഭവക്കുറിപ്പ് വായിക്കുമ്പോളൊരുപക്ഷേ നമ്മുടെ ചിന്താ​ഗതിയിൽ ചെറിയ ചില മാറ്റങ്ങളെങ്കിലും ഉണ്ടാകാനിടയുണ്ട്. ജനിച്ച ദിവസം മുതൽ ഇന്നേവരെയുള്ള മുടങ്ങാത്ത ആശുപത്രി സന്ദർശനങ്ങളും ശസ്ത്രക്രിയകളും ചികിത്സകളും. മുലപ്പാൽ കുടിച്ചിറക്കാൻ അണ്ണാക്ക് പോലുമില്ലാതിരുന്നിടത്തുനിന്നും തന്റെയും ചുറ്റുമുള്ളവരുടെയും മനക്കരുത്തും ജീവിതത്തോടുള്ള പ്രതീക്ഷയും സ്നേഹവും കൊണ്ട് ജീവിതം കളറാക്കിയ നസ്ത. ആരോടും പരിഭവമോ പരാതിയോ പറയാതെ തന്നെ എങ്ങനെ തന്റെ ജീവിതം സുന്ദരമാക്കാം എന്ന് അനുഭവം കൊണ്ട് കാണിച്ചു തന്ന പെൺകുട്ടി. വായിക്കാം നസ്തയെ.

ചിലപ്പോൾ നമുക്ക് തോന്നും നമ്മുടെ പ്രശ്നങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളെന്ന്. എന്നാൽ, നസ്ത നഹീദയുടെ ഈ അനുഭവക്കുറിപ്പ് വായിക്കുമ്പോളൊരുപക്ഷേ നമ്മുടെ ചിന്താ​ഗതിയിൽ ചെറിയ ചില മാറ്റങ്ങളെങ്കിലും ഉണ്ടാകാനിടയുണ്ട്. ജനിച്ച ദിവസം മുതൽ ഇന്നേവരെയുള്ള മുടങ്ങാത്ത ആശുപത്രി സന്ദർശനങ്ങളും ശസ്ത്രക്രിയകളും ചികിത്സകളും. മുലപ്പാൽ കുടിച്ചിറക്കാൻ അണ്ണാക്ക് പോലുമില്ലാതിരുന്നിടത്തുനിന്നും തന്റെയും ചുറ്റുമുള്ളവരുടെയും മനക്കരുത്തും ജീവിതത്തോടുള്ള പ്രതീക്ഷയും സ്നേഹവും കൊണ്ട് ജീവിതം കളറാക്കിയ നസ്ത. ആരോടും പരിഭവമോ പരാതിയോ പറയാതെ തന്നെ എങ്ങനെ തന്റെ ജീവിതം സുന്ദരമാക്കാം എന്ന് അനുഭവം കൊണ്ട് കാണിച്ചു തന്ന പെൺകുട്ടി. വായിക്കാം നസ്തയെ.

"You are the most 'patient' patient I have seen." (ഞാൻ കണ്ടതിൽ ഏറ്റവും ക്ഷമയുള്ള രോ​ഗി നിങ്ങളാണ്). ഒമ്പത് വർഷമായി കമ്പിയിട്ട് ബന്ധിപ്പിച്ച പല്ലുകൾ പരമാവധി വ്യാപ്തിയിൽ തുറന്നുവെച്ച് അവിടെ പ്രത്യേകം സംവിധാനം ചെയ്ത സിംഹാസനത്തിൽ ഇളിച്ചു കാണിച്ചിരിക്കുന്ന സമയത്താണ് ഡോക്ടറുടെ വക ഇങ്ങനെയൊരു കോംപ്ലിമെന്റ്. എപ്പോഴത്തെയും പോലെ മൂപ്പർ മോന്ത തിരിച്ചും മറിച്ചും കൊത്തുപണിയെടുത്തു മിനുക്കി എടുക്കുകയാണ്. എന്നിൽ ആത്മാഭിമാനം നിറഞ്ഞു തുളുമ്പി.

എവിടുന്ന് വന്നു എനിക്ക് ഇത്രയും ക്ഷമ? വേദനിക്കുന്നുണ്ടല്ലോ, എന്താ ഞാൻ കരയാത്തെ? സൂചിമുന മുന്നിൽ എത്തിയിട്ടും മെല്ലെ ഒന്ന് കൂകി വിളിക്കാത്തതെന്താ? ആലോചിച്ചിരുന്ന് ഉത്തരം കിട്ടിയപ്പോൾ എഴുതണമെന്ന് തോന്നി. സ്വയം പൊക്കിയടിച്ചു ആത്മനിർവൃതി അടയലാണ് ഉദ്ദേശം. അതുകൊണ്ട് തന്നെ Haters, please step back.

പണ്ട് 1999 -ൽ ആയിരുന്നു എന്റെ 'മാസ്' എൻട്രി. "നിങ്ങൾ കരയുമ്പോൾ നിങ്ങളുടെ അമ്മ ചിരിക്കുന്ന ഒരേയൊരു ദിവസം". പക്ഷേ, എന്റെ ഉമ്മ ചിരിച്ചില്ല, വാപ്പയും (ഒരു വെറൈറ്റി ഇരിക്കട്ടെ). മൂന്നാമതും പെൺകുട്ടി ആയതുകൊണ്ടാണെന്ന് കരുതി ചിലരൊക്കെ ആശ്വസിപ്പിക്കാൻ വന്നത്രെ. അവരെയും ഞാൻ കരയിപ്പിച്ചു. മാസ്സ് ഡാ!!

ശാസ്ത്രീയ നാമങ്ങൾ ചുറ്റും മുഴങ്ങി കേട്ടു. ശസ്ത്രക്രിയകൾ വിധിക്കപ്പെട്ടു. മുലപ്പാൽ നിഷേധിക്കപ്പെട്ടു. അത് അങ്ങ് കുടിച്ചു ഇറക്കാനുള്ള അണ്ണാക്ക്‌ തിരിച്ചും മറിച്ചും നോക്കിയിട്ടും കാണ്മാനില്ലത്രെ. അങ്ങനെ ജനിച്ചന്ന് മുതൽ പോരാട്ടം തുടങ്ങി. ഇല്ലാതിരുന്നതൊക്കെ ഉണ്ടാക്കിയെടുക്കാനുള്ള പോരാട്ടം. ഇന്നും ഈ കഥ ഓർത്തോർത്തു പറയുമ്പോൾ ഉമ്മാമാന്റെ കണ്ണ് നിറയണമെങ്കിൽ അന്നത്തെ എന്റെ റേഞ്ച് ഒന്ന് ആലോചിച്ചു നോക്ക്. വീണ്ടും മരണമാസ്സ്!

മെല്ലെ മെല്ലെ ഓരോന്നിനും വഴിയൊരുക്കി തുടങ്ങി. തിന്നതൊക്കെ ഉള്ളിലേക്ക് കൃത്യമായി എത്തിക്കാനൊരു അണ്ണാക്ക്. ശ്വാസകോശത്തിന്റെ അന്തർധാരയിലേക്ക് പ്രാണവായു ഇടിച്ചിറക്കാൻ 'രണ്ട് തുളയുള്ള' ഒരു മൂക്ക് (ഈച്ച് ആൻഡ് എവരി 'തുള' മാറ്റേഴ്സ്), വീണ്ടും വീണ്ടും ആവർത്തിച്ചു തളരാതിരിക്കാൻ ഉച്ചാരണം തെറ്റിക്കാത്ത, പകുതി വെച്ച് 'മുറിയാത്ത ചുണ്ടുകൾ.'

ഒരു പ്രായം വരെ ഞാൻ ഒന്നുമറിഞ്ഞില്ല. അല്ല, അറിഞ്ഞതും അനുഭവിച്ചതും ഓർമയിലില്ല. എന്നാലും, ഇന്ന് ഹോസ്പിറ്റലിൽ കാണുന്ന ഇത് പോലെയുള്ള മുഖങ്ങളിൽ ഞാൻ പലപ്പോഴും എന്നെ കാണും. ആ കുരുന്നുകളുടെ വിശപ്പും കരച്ചിലുമടക്കാൻ നിസ്സഹായരായി കഷ്ടപ്പെടുന്ന കൂടെയുള്ളവരെ കാണുമ്പോൾ കണ്ണ് നിറയും. വീട്ടുകാർ അന്നെനിക്ക് നൽകിയ സ്നേഹത്തിന്റെയും കരുതലിന്റെയും വിലയറിയും. വീണ്ടും വീണ്ടും ആ കാഴ്ച നോക്കി ഇരിക്കാൻ കഴിയാതെ തല താഴ്ത്തി ഇരിക്കും.

ആശുപത്രിയുടെ ഗന്ധവും ചുറ്റും സഹതാപം നിറഞ്ഞ നോട്ടങ്ങളുമൊക്കെയായി നിറം മങ്ങിയ ശൈശവം ആയിരുന്നിരിക്കണം എന്റേതും.
കണ്ടതൊക്കെ വലിച്ചു വാരിയിട്ട്, വഴിയിലുള്ളതൊക്കെ തോണ്ടി കൊളമാക്കി ചളമാക്കിയാലും "അച്ചോടാ, സോ ക്യൂട്ട്" എന്ന കോംപ്ലിമെന്റ് കിട്ടേണ്ടിയിരുന്ന പ്രായത്തിൽ കൈമുട്ട് വരെ അനക്കാൻ പറ്റാത്ത വിധം പലക വെച്ച് കെട്ടി സ്വന്തം മൂക്കിൽ തോണ്ടാനും പല്ലിൽ കുത്താനുമുള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ട ശൈശവം.

ബാല്യം യാത്രകളുടെയും പരിഗണനയുടെയും സ്വീകരണങ്ങളുടെയും ഓർമകളാണ്. അന്ന് എന്റെ ക്ലാസ്സിൽ ഏറ്റവും കൂടുതൽ ട്രെയിനിൽ കേറിയത് ഞാൻ ആവും. എന്റെ വീട്ടിൽ വാപ്പാന്റെ കൂടെ ഏറ്റവും ദൂരെ യാത്ര ചെയ്തതും ഐസ്ക്രീമും ജ്യൂസും കഴിച്ചതും ഞാനാവും. പോയത് ഡോക്ടർ മാമനെ കാണാൻ ആണെങ്കിലും അവരൊക്കെയും ഒരുപാട് വേദനിപ്പിച്ചെങ്കിലും തിരിച്ചു വന്നാൽ കിട്ടുന്ന സ്വീകരണം മുതലെടുക്കുന്നതിലും, തുടർന്നുള്ള തള്ളലുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാവണം അന്ന് മൊത്തത്തിൽ കളർ ആയിരുന്നു.

കൗമാരം വാസ് ടെറർ! ചുറ്റുമുള്ളവരെ കുറിച്ച് ബോധമുള്ളവളായി തുടങ്ങിയത് അപ്പോഴാണ്. ചില നോട്ടങ്ങളിലെ സഹതാപം ശ്രദ്ധിച്ചു തുടങ്ങി, എന്നെ കേട്ടിരിക്കുന്ന ചിലരിലെ കളിയാക്കലുകൾ വേദനിപ്പിച്ചു തുടങ്ങി, എന്റെ 'വൈകൃതം' ചില മൃഗങ്ങളുടേതുമായി താരതമ്യപ്പെടുത്തുന്നത് കേട്ടു തുടങ്ങി, എന്നേക്കാൾ ചെറിയ മക്കൾ കളിയാക്കുമ്പോൾ തിരിച്ച് ഒന്നും പറയാൻ ആവാതെ നിസ്സഹായയായി തുടങ്ങി, ശരീര വേദന കൊണ്ടല്ലാതെ മനസ്സ് വേദനിച്ചു കരയാൻ തുടങ്ങി.

താത്തമാരോടൊക്കെ പഠിത്തത്തിന്റെ കാര്യം അന്വേഷിച്ചിരുന്നവർ എന്നിലേക്ക് എത്തുമ്പോ "ഇപ്പൊ ഏത് ഡോക്ടറിനെയാ കാണിക്കുന്നെ? ഏതാ ഹോസ്പിറ്റൽ?" എന്ന ട്രാക്ക് ആവുന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു. മറുവശത്തു വെറും ഒരു മൂക്കൊലിപ്പ് 
ജലദോഷം പോലും കൊറോണയെക്കാൾ ഭീകരമായി ബാധിച്ചു എന്നെ തളർത്തി കൊണ്ടേയിരുന്നു. അസ്ഥാനത്ത് വന്ന പല്ലുകളും ശബ്ദത്തിലെയും ഉച്ചാരണത്തിലെയും പ്രശ്നങ്ങളും പലരിൽ നിന്നും ഞാൻ ബോധപൂർവം മിണ്ടാതിരുന്ന് മറച്ചു വെക്കാൻ ശ്രമിച്ചു. "എന്താ ഇവളെ നിന്റെ മൂക്ക് വളഞ്ഞിട്ട്" എന്ന് ചോദിച്ചു ചിരിച്ചവരെ പിന്നീടങ്ങോട്ട് കണ്ടപ്പോഴൊക്കെ ഓടി ഒളിച്ചു.

കൂടെയുള്ളവരുടെ പിന്നാലെ ആൺകുട്ടികൾ പ്രൊപ്പോസലുകളൊക്കെയായി വരുന്ന സമയമാണ്. മുഖക്കുരു വന്നാൽ അസ്വസ്ഥമാവുന്ന സമപ്രായക്കാർക്കിടയിൽ പൊതുവെ ഉണ്ടായിരുന്ന സൗന്ദര്യ സങ്കൽപ്പങ്ങളിൽ വിശ്വസിച്ചു പോയത് കൊണ്ടാവണം കൊള്ളാവുന്ന ഒരുവനോട് ക്രഷ് തോന്നാൻ പോലുമുള്ള യോഗ്യത എന്റെ കോലത്തിനില്ലെന്ന് എന്നെ ഞാൻ വീണ്ടും വീണ്ടും ഓർമപ്പെടുത്തിയത്. 

പക്ഷേ, എന്റെ ഉള്ളിലെ എനിക്ക് ഇതൊന്നും അധികകാലം കൊണ്ടുപോവാൻ ആയില്ല. 'മെയിൻ ആവൽ' ആയിരുന്നു എന്റെ മെയിൻ. ആമയെ പോലെ പതിയുന്നവർക്ക് മെയിൻ ആവാൻ കഴിയില്ലെന്ന് മനസിലാക്കിയ ഞാൻ ബോധത്തിനപ്പുറം 'ബോധ്യത്തിന്' വില കല്പിച്ചു തുടങ്ങി. ചിലപ്പോൾ ചിലർ കളിയാക്കും എന്ന 'ബോധ'മുണ്ടായിരിക്കെ കളിയാക്കപ്പെടാൻ മാത്രം എനിക്ക് ഒന്നുമില്ല എന്ന 'ബോധ്യവും' വളർത്തിയെടുത്തു. അപ്പോൾ ഈ പ്രയോഗം നിലവിൽ ഇല്ലെങ്കിലും, എനിക്ക് പ്രിയമുള്ളവരും എന്നെ പ്രിയമുള്ളവരും അന്ന് കൂടെ നിന്ന് ചേർത്തു പിടിച്ചു പറഞ്ഞതിലെ തന്തു ഇതായിരുന്നു "സെറ്റ് ആക്ക് സെറ്റ് ആക്ക്, പെവർ വരട്ടെ". അങ്ങനെ ഫുൾ ഓൺ പവർ ആയി ഗുയ്സ്.

എത്തിനിൽക്കുന്നത് യൗവനത്തിലാണ്. ഒരുപാട് തിരിച്ചറിവുകളുടെയും പ്രതീക്ഷകളുടെയും കടപ്പാടിന്റെയും യൗവനം. അനുഭവിച്ചതൊക്കെയും എന്നെ പഠിപ്പിച്ച ധാരാളം പാഠങ്ങളുണ്ട്, അറിവുകളും തിരിച്ചറിവുകളുമുണ്ട്. പടച്ചോന്റെ പരീക്ഷണങ്ങളിൽ ഇന്നെനിക്ക് പരാതിയില്ല. എനിക്കറിയാം, ഞാൻ ആദ്യം ചോദിച്ച ചോദ്യങ്ങളുടെയെല്ലാം ഉത്തരം ഇതൊക്കെയാണെന്ന്. ക്ഷമയും സഹനവും ഞാൻ പഠിച്ചതല്ല, അനുഭവങ്ങൾ എന്നെ പഠിപ്പിച്ചതാണ്. ദുനിയാവിലെ ഏറ്റവും ശക്തമായ 'വിശപ്പ്' എന്ന വികാരം ചിലപ്പോഴെങ്കിലും അനുഭവിക്കേണ്ടി വന്ന എനിക്ക് ക്ഷമിക്കാൻ കഴിയാതെ വരുവോ? എന്നും എപ്പോഴും എനിക്ക് ഉപകരിക്കുമെന്ന് ഉറപ്പുള്ള ബല്ലാത്ത കുറച്ച് തിരിച്ചറിവുകളും ചിരിക്കാനും ചിരിച്ചു കൊണ്ടേയിരിക്കാനും ഊർജ്ജം ആവുന്ന ഒരുപിടി ഓർമകളുമൊക്കെയായി ഇങ്ങനെയങ്ങനെ.

ഔദ്യോഗികമായി ഈ വർഷം 'cleft patient' സ്ഥാനം ഒഴിയാൻ പറ്റുമെന്നാണ് അറിയാൻ കഴിഞ്ഞത്. മാസങ്ങളായി ഡോക്ടർ പാക്കപ്പ് പറയുന്നതും കാത്തിരിപ്പാണ്. എല്ലാം കഴിഞ്ഞ് ഒന്ന് ഇരിക്കണം, മനസ്സ് നിറഞ്ഞൊന്ന് കഴിക്കണം, ദീർഘ ശ്വാസം വലിച്ചു വിടണം, കണ്ണാടിയിൽ നോക്കി ഒന്ന് ചിരിക്കണം. എന്റെ കണ്ണുകളിൽ ആ ചിരിക്ക്‌ വല്ലാത്തൊരു മൊഞ്ചുണ്ടാവും. അഹങ്കാരം കൊണ്ടല്ല, അഭിമാനം കൊണ്ട്!!
പടച്ചവന് സ്തുതി. വീട്ടുകാർക്കും, വീട് ആയവർക്കും നന്ദി.