Asianet News MalayalamAsianet News Malayalam

ഒന്നുകിൽ പീഡകനായ ഭർത്താവോ കുടുംബമോ, അല്ലെങ്കിൽ താലിബാൻ, പോവാനിടമില്ലാതെ അഭയകേന്ദ്രത്തിലെ സ്ത്രീകൾ

താലിബാന്‍ അധികാരത്തിലേറിയ ശേഷം നഗരങ്ങളിലെ പ്രധാനപ്പെട്ട പല വനിതാ അഭയകേന്ദ്രങ്ങളും അടച്ചുപൂട്ടിയെന്ന് സുരയ പാക്സാദ് എന്ന സ്ത്രീ പറയുന്നു. അധികാരത്തിലേറിയ ശേഷം താലിബാന്റെ ഭാഗത്ത് നിന്നും നേരത്തെ സംരക്ഷിച്ചിരുന്ന സ്ത്രീകളുടെ കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്നും വലിയ ഭീഷണിക്കോളുകളാണ് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

Taliban arrived at women shelter homes
Author
Afghanistan, First Published Sep 28, 2021, 5:36 PM IST

താലിബാന്‍ (Taliban) അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാന്‍ നഗരത്തിലെ വനിതാ അഭയകേന്ദ്രത്തിന്‍റെ (women’s shelter) നടത്തിപ്പുകാരി ഭയന്ന് ഓടിപ്പോയിരിക്കുകയാണ്. ഗാര്‍ഹികപീഡനം (Domestic violence) സഹിക്കവയ്യാതെ വീട്ടില്‍ നിന്നും ഓടിപ്പോന്നവരാണ് ഇവിടെയെത്തിച്ചേർന്ന സ്ത്രീകളിൽ അധികം പേരും. കുറേപ്പേര്‍ ഭര്‍ത്താവിന്‍റെ പീഡനത്തെ തുടര്‍ന്നാണ് എത്തിയതെങ്കില്‍ മറ്റ് ചിലര്‍ കുടുംബത്തിന്‍റെ പീഡനം സഹിക്കാനാവാതെ ഓടിപ്പോന്നവരാണ്. ചിലരാവട്ടെ വളരെ ചെറുപ്രായത്തില്‍ തന്നെ വയസന്മാരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതിന്‍റെ പേരില്‍ ഓടിപ്പോന്നവരാണ്. 

അധികാരം പിടിച്ചെടുത്ത് അധികം താമസിയാതെ തന്നെ, താലിബാൻ പുൽ-ഇ-കുമ്രി (Pul-e-Kumri) നഗരത്തിലെ അഭയകേന്ദ്രത്തിൽ എത്തി. 'അവർ സ്ത്രീകൾക്ക് രണ്ട് ഓപ്ഷനുകളാണ് നൽകിയത്. അവരെ പീഡിപ്പിച്ച അവരുടെ തന്നെ കുടുംബങ്ങളിലേക്ക് മടങ്ങുക. അല്ലെങ്കില്‍ താലിബാനൊപ്പം പോവുക' -സലീമ എന്ന ആദ്യപേര് മാത്രമേ ഉപയോഗിക്കാവൂ എന്ന് അഭ്യര്‍ത്ഥിച്ച ഒരു സ്ത്രീ പറഞ്ഞതായി എ പി വാര്‍ത്താ ഏജന്‍സി എഴുതുന്നു. 

Taliban arrived at women shelter homes

ഭൂരിഭാഗം സ്ത്രീകളും വീട്ടിലേക്ക് തന്നെ മടങ്ങാനാണ് തീരുമാനിച്ചത്. താലിബാന്‍ അവരുടെ കുടുംബാംഗങ്ങളേക്കാള്‍ ക്രൂരത ചെയ്യുന്നവരാണ് എന്ന് കരുതിത്തന്നെയായിരുന്നു ഇത്. അങ്ങനെ തിരികെ പോയശേഷം കോപാകുലരായ കുടുംബാംഗങ്ങളാല്‍ കൊല്ലപ്പെട്ടവരില്‍ ഒരാളെയെങ്കിലും തനിക്കറിയാമെന്ന് സലീമ പറയുന്നു. 

എന്നാൽ, സലീമ താലിബാനൊപ്പം പോകാനാണ് തീരുമാനിച്ചത്. അവർ എന്തുചെയ്യുമെന്ന് അവൾക്ക് അറിയില്ല. പക്ഷേ, മാസങ്ങൾക്കുമുമ്പ്, അവളുടെ ഉപദ്രവകാരിയും മയക്കുമരുന്നിന് അടിമയുമായ ഭർത്താവിനെ ഉപേക്ഷിച്ച് പോകാൻ മറ്റൊരിടമില്ലാതെ ഓടിപ്പോന്നവളാണ് അവള്‍. ഇപ്പോൾ അവൾ ഒരു ജയിലിലാണ് താമസിക്കുന്നത്. പക്ഷേ സുരക്ഷിതയായിരിക്കാമല്ലോ എന്നാണ് അവള്‍ പറയുന്നത്. 

നേരത്തെയും സ്ത്രീകള്‍ വീടിനകത്തും സമൂഹത്തിലും അഫ്ഗാനിസ്ഥാനില്‍ അടിച്ചമര്‍ത്തലുകള്‍ നേരിട്ടവര്‍ തന്നെയായിരുന്നു. പലപ്പോഴും ദുരഭിമാനത്തിന്‍റെ പേരിലുള്ള അതിക്രമങ്ങളും അവര്‍ക്ക് നേരെയുണ്ടായി. ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിക്കേണ്ടി വന്നവരും ഉണ്ട്. വീട്ടില്‍ നിന്നിറങ്ങിപ്പോന്നതിന്‍റെയും മറ്റും പേരില്‍ ജയിലില്‍ കിടക്കുന്നവരും ഉണ്ട്. 

Taliban arrived at women shelter homes

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ആക്ടിവിസ്റ്റുകൾ അഫ്ഗാനിസ്ഥാനിൽ നിരവധി വനിതാ അഭയകേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. എന്നാൽ, താലിബാൻ ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാഥാസ്ഥിതിക അഫ്ഗാനികൾ അവരെ സംശയത്തോടെയാണ് വീക്ഷിച്ചത്. സ്ത്രീകളെയും പെൺകുട്ടികളെയും അവരുടെ കുടുംബത്തെ ധിക്കരിക്കാനോ അധാര്‍മ്മികപ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കാനോ സഹായിക്കുന്ന സ്ഥലങ്ങളായിട്ടാണ് അവയെ കണ്ടുപോന്നത് എന്ന് എ പി എഴുതുന്നു. എന്നാൽ, സ്ത്രീകളുടെ അഭയകേന്ദ്രങ്ങൾ അഫ്ഗാനിലെ എണ്ണമറ്റ സാമൂഹിക മാറ്റങ്ങളിൽ ഒന്നായി മാറുകയായിരുന്നു. 

സഹോദരീഭര്‍ത്താവിനെ ഭയന്ന് വീടുവിട്ട് അഭയകേന്ദ്രത്തിലേക്ക് പോന്ന റസിയ എന്ന സ്ത്രീയെയും സലീമയ്ക്കൊപ്പം കാബൂളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. താലിബാൻ അവരെ അഫ്ഗാനിസ്ഥാനിലെ പ്രധാന ജയിലിലെ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന സ്ത്രീകളുടെ വിഭാഗത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഈ തടവറ ശൂന്യമായിരുന്നു. കാരണം താലിബാൻ കാബൂൾ പിടിച്ചടക്കിയപ്പോൾ, ആയിരക്കണക്കിന് പുരുഷന്മാരും 760 സ്ത്രീകളും, നൂറിലധികം കുട്ടികളും ഉൾപ്പടെ എല്ലാ തടവുകാരെയും മോചിപ്പിച്ചിരുന്നു എന്ന് ജയിലിന്റെ പുതിയ താലിബാൻ അഡ്മിനിസ്ട്രേറ്റർ മുല്ല അബ്ദുള്ള അഖുണ്ട് പറഞ്ഞിരുന്നു. 

Taliban arrived at women shelter homes

എ പി,മാധ്യമങ്ങള്‍ക്ക് അങ്ങോട്ട് പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് എഴുതുന്നു. സലീമയും റസിയയും അടക്കം ആറ് സ്ത്രീകളാണ് ഇപ്പോള്‍ അവിടെയുള്ളത്. വലിയ മതിലുകളടക്കമുള്ള സംവിധാനങ്ങള്‍ ജയിലിനുണ്ട്. സലീമയ്ക്കൊപ്പം അഞ്ച് വയസുള്ള മകളും ആറ് വയസുള്ള മകനുമുണ്ട്. ദിവസത്തില്‍ ഭൂരിഭാഗം തവണയും അവര്‍ അതിനകത്ത് വെറുതെ നടക്കുന്നു. അവര്‍ക്ക് സ്കൂളില്‍ പോകാനാകുന്നില്ല. ഒരു ടെഡ്ഡി ബിയറും കുറച്ച് കളിപ്പാട്ടങ്ങളും മാത്രമാണ് അവിടെ വിനോദത്തിനായി അവര്‍ക്കുള്ളത്. ഭാവിയില്‍ താലിബാന്‍ തങ്ങളെ എന്ത് ചെയ്യും എന്ന് തനിക്കറിയില്ല. പക്ഷേ, കയ്യില്‍ കാശില്ല, വീട്ടുകാരില്ല സഹായത്തിന്. ഇപ്പോള്‍ ഇതല്ലാതെ വേറെ വഴിയില്ല എന്നും സുരക്ഷിതയായി തോന്നുന്നു എന്നും സലീമ പറയുന്നു. 

അതേസമയം, ജയിലിലുള്ള മുജ്ഥാ എന്ന മറ്റൊരു സ്ത്രീയേയും അവളുടെ ബോയ്ഫ്രണ്ടിനെയും വീട്ടുകാരുടെ അറിയിപ്പിനെ തുടര്‍ന്ന് താലിബാന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ആ സമയത്ത് അവള്‍ ഗര്‍ഭിണിയായിരുന്നു. ഇപ്പോള്‍ അവള്‍ക്ക് ഒരു കുഞ്ഞുണ്ട്. എന്നാല്‍, ബോയ്ഫ്രണ്ടിനെ പിന്നീടവള്‍ കണ്ടിട്ടേയില്ല. തനിക്കും തന്‍റെ കുഞ്ഞിനും സ്വാതന്ത്ര്യം വേണം. താന്‍ നല്ലൊരു ജീവിതം ആഗ്രഹിക്കുന്നു എന്നും അവള്‍ പറയുന്നു. എന്നാല്‍, താലിബാന്‍ അവളെ അവിടെ നിന്നും പോകാൻ അനുവദിക്കുന്നില്ല.  

Taliban arrived at women shelter homes

താലിബാന്‍ അധികാരത്തിലേറിയ ശേഷം നഗരങ്ങളിലെ പ്രധാനപ്പെട്ട പല വനിതാ അഭയകേന്ദ്രങ്ങളും അടച്ചുപൂട്ടിയെന്ന് സുരയ പാക്സാദ് എന്ന സ്ത്രീ പറയുന്നു. അധികാരത്തിലേറിയ ശേഷം താലിബാന്റെ ഭാഗത്ത് നിന്നും നേരത്തെ സംരക്ഷിച്ചിരുന്ന സ്ത്രീകളുടെ കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്നും വലിയ ഭീഷണിക്കോളുകളാണ് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. അവര്‍ക്കൊപ്പം ഏഴ് ആക്ടിവിസ്റ്റുകള്‍ക്കും ജേണലിസ്റ്റുകള്‍ക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു. 

എന്നാല്‍, മറ്റൊരു അഭയകേന്ദ്രം നടത്തിയിരുന്ന മഹ്ബൂബ സുരാജ് പറയുന്നത് താലിബാന്‍ തന്‍റെ അഭയകേന്ദ്രം സന്ദര്‍ശിച്ചു. ആരെയും ഉപദ്രവിച്ചില്ല. ഉന്നതേകന്ദ്രങ്ങളിൽ നിന്നുമുള്ളവർ, അവര്‍ക്കവിടെ സുരക്ഷിതമായി തുടരാം എന്ന് ഉറപ്പ് നല്‍കി എന്നാണ്. എന്നാല്‍, താലിബാനിലെ തന്നെ ചിലര്‍ ഇതിനോട് എതിര്‍പ്പുള്ളവരായിരിക്കാം എന്നും അവര്‍ പറയുന്നു. 

ഏതായാലും താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ ഏറ്റവും കൂടുതല്‍ കഷ്ടതയനുഭവിക്കുന്ന ഒരു വിഭാഗമായി മാറും സ്ത്രീകള്‍ എന്നതില്‍ സംശയമില്ല. 

(ചിത്രങ്ങളിൽ അഫ്​ഗാനിസ്ഥാനിലെ വിവിധ അഭയകേന്ദ്രങ്ങളിൽ നിന്നുള്ള സ്ത്രീകൾ/ ​ഗെറ്റി ഇമേജസ്)

Follow Us:
Download App:
  • android
  • ios