വിദേശത്തുള്ള ഒരു കമ്പനിയിലേക്ക് ജോലിക്കുള്ള ഇന്റർവ്യൂവിനായിരുന്നു യുവാവ് പങ്കെടുത്തത്. അതിൽ യുവാവിനോട് ചോദിച്ച ഒരു ചോദ്യം, 'ടെക്നിക്കൽ അല്ലാത്ത എന്തെങ്കിലും ഒരു കാര്യം തങ്ങളെ പഠിപ്പിക്കൂ' എന്നതായിരുന്നു.

ജോലിക്കായുള്ള ഇന്റർവ്യൂ പലപ്പോഴും പലർക്കും വലിയ ടെൻഷനുള്ള സം​ഗതിയാണ്. അവസാനവട്ട ഇന്റർവ്യൂ എത്തിക്കഴിഞ്ഞാൽ പറയുകയേ വേണ്ട. എന്താവും ചോദിക്കുക, എങ്ങനെയാണ് പെരുമാറേണ്ടത് എന്നൊക്കെയുള്ള ടെൻഷൻ പലർക്കും കാണും. പഴയ കാലമല്ല, നമ്മളെ അളക്കാൻ വേണ്ടി എന്തു ചോദ്യവും ചോദിക്കും എന്നതാണ് ഇന്നത്തെ അവസ്ഥ. 

ഒരാളുടെ ക്രിയേറ്റിവിറ്റി, അയാൾ സമ്മർദ്ദത്തിൽ എങ്ങനെ പ്രതികരിക്കും എന്നതൊക്കെ അറിയാനുള്ള വഴികൾ കൂടിയാണ് ഇന്ന് അഭിമുഖങ്ങൾ. ജോലിയിലുള്ള നമ്മുടെ കഴിവ് മാത്രമല്ല, മൊത്തത്തിൽ നമ്മളെ അളക്കാനുള്ള ചോദ്യങ്ങളാണ് ഇന്ന് പലരും ചോദിക്കുന്നത്. എന്തായാലും, തനിക്കുണ്ടായ അതുപോലെ ഒരു അനുഭവമാണ് ടെക്കിയായ ഒരു യുവാവ് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിൽ‌ പങ്കുവച്ചിരിക്കുന്നത്. 

എന്തായാലും, വിദേശത്തുള്ള ഒരു കമ്പനിയിലേക്ക് ജോലിക്കുള്ള ഇന്റർവ്യൂവിനായിരുന്നു യുവാവ് പങ്കെടുത്തത്. അതിൽ യുവാവിനോട് ചോദിച്ച ഒരു ചോദ്യം, 'ടെക്നിക്കൽ അല്ലാത്ത എന്തെങ്കിലും ഒരു കാര്യം തങ്ങളെ പഠിപ്പിക്കൂ' എന്നതായിരുന്നു. എന്തായാലും, ടെക്കിയായ യുവാവ് പകച്ചുനിന്നില്ല. അപ്പോൾ തന്നെ മറുപടി നൽകി. 'എങ്ങനെയാണ് കുക്കുമ്പർ ജ്യൂസ് ഉണ്ടാക്കുക' എന്നാണത്രെ യുവാവ് അവരെ പഠിപ്പിച്ചത്. 

'ചോദ്യം ഇതായിരുന്നു; ഞങ്ങളെ എന്തെങ്കിലും പഠിപ്പിക്കൂ. ഒരേയൊരു കാര്യം അത് ടെക്നിക്കൽ ആയ ഒന്നും ആയിരിക്കരുത്. ഞാനാദ്യം പകച്ചുപോയി. പിന്നീട്, അവരെ കുക്കുമ്പർ ജ്യൂസ് എങ്ങനെ ഉണ്ടാക്കാം എന്ന് പഠിപ്പിച്ചു. പിന്നീട്, അവരോട് അതിന്റെ ആരോ​ഗ്യപരമായ ​ഗുണങ്ങൾ എന്തെല്ലാം ആണ് എന്നും പറഞ്ഞു. നിങ്ങളാണെങ്കിൽ ഈ അവസ്ഥയിൽ എന്ത് ചെയ്യും' എന്നായിരുന്നു യുവാവിന്റെ പോസ്റ്റ്. 

ഒപ്പം ഇന്റർവ്യൂ നല്ലതായിരുന്നു. അവർ തന്നെ വിളിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് എന്നും യുവാവ് കുറിച്ചിരുന്നു. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരു ഇന്ത്യക്കാരനായിരുന്നു എങ്കിൽ ആ ചോദ്യം ചോദിക്കില്ലായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ, യുവാവ് മറുപടി പറഞ്ഞത് ഇന്ത്യൻ പൗരനല്ലാത്ത ഒരു ഇന്ത്യൻ വംശജനാണ് ആ ചോദ്യം ചോദിച്ചത് എന്നായിരുന്നു. 

മറ്റ് പലരും ശരിയായ കാര്യമാണ് യുവാവ് ചെയ്തത്. ആത്മവിശ്വാസത്തോടെ യുവാവ് ആ ചോദ്യത്തെ നേരിട്ടു എന്നെല്ലാം പറഞ്ഞുകൊണ്ട് അയാളെ അഭിനന്ദിച്ചിട്ടുണ്ട്. 

ഇതാടാ തനി ഇന്ത്യൻ 'തലമസ്സാജ്'; വീഡിയോയുമായി വിദേശി ഇൻഫ്ലുവൻസർ, തല്ല് വാങ്ങാനാണോ പണം കൊടുത്തതെന്ന് കമന്‍റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം