ക്ലാസില്‍ പത്ത്പതിനഞ്ച് കുട്ടികൾ ഇരിപ്പുണ്ടായിരുന്നു. ഈ സമയത്താണ് മേശമേല്‍ കാല്‍കയറ്റിവച്ച് സുഖമായി ടീച്ചര്‍ ഉറങ്ങിയത്.വീഡിയോ വൈറലായതിന് പിന്നാലെ നടപടിയും വന്നു.

വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നു. ഏറെ നാളത്തെ അവധിക്ക് ശേഷം വിദ്യാര്‍ത്ഥികളെല്ലാവരും ആവേശത്തോടെ സ്കൂകളിലെത്തി. എന്നാല്‍ കുട്ടുകളുടെ ആവേശം അധ്യാപകര്‍ക്കില്ല. അവര്‍ ഇപ്പോഴും മേശമേല്‍ കാല്‍കയറ്റിവച്ച് കസേരയില്‍ ചാരിക്കിടന്ന് ഉറങ്ങുകയാണ്. അതും ക്ലാസ് പിരിഡിനിടെ. മഹാരാഷ്ട്രയിലെ ജൽന സെഡ്പി സ്കൂളില്‍ നിന്നാണ് ഇത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവയ്ക്കപ്പെട്ടതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ അധ്യാപകനെതിരെ രൂക്ഷ വിമ‍ർശനവുമായി രംഗത്തെത്തി.

മഹാരാഷ്ട്രയിലെ ജൽന ജില്ലയുടെ ജാഫ്രാബദ് തഹസിലില്‍ ഗദഗവാന്‍ ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒന്ന് മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള മറാത്തി മീഡിയം സ്കൂളിലാണ് സംഭവം നടന്നത്. പത്ത്പതിനഞ്ച് കുട്ടികൾ മാത്രമേ ക്ലാസിലൊള്ളൂവെന്ന് വീഡിയോയില്‍ നിന്നും വ്യക്തം. ഒപ്പം കാലുകൾ മേശമേലേക്ക് കയറ്റിവച്ച് തന്‍റെ കസേരയില്‍ ചാരിയിരുന്ന് കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന അധ്യാപകനെയും വീഡിയോയില്‍ കാണാം.

Scroll to load tweet…

വീഡിയോ ചിത്രീകരിക്കുന്നയാൾ ക്ലാസില്‍ കയറി കുട്ടികളോട് സംസാരിക്കുമ്പോൾ മാത്രമാണ് അധ്യാപകന്‍ ഉറക്കമുണരുന്നത്. പെട്ടെന്ന് കണ്ണുതുറന്ന അദ്ദേഹത്തിന് സ്ഥലകാലബോധത്തിലേക്കെത്താന്‍ അല്പസമയം വേണ്ടിവന്നു. വീഡിയോ ചിത്രീകരിക്കുന്നയാൾ കുട്ടികളോട് അധ്യാപകന്‍ എത്രനേരമായി ഉറങ്ങാന്‍ തുടങ്ങിയിട്ട് എന്ന് ചോദിക്കുമ്പോൾ അരമണിക്കൂറെന്നാണ് കുട്ടികൾ നല്‍കുന്ന മറുപടി.

Scroll to load tweet…

അധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെ അദ്ദേഹത്തെ നിര്‍ബന്ധിത അവധിയില്‍ വിട്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ബീഹാറിലെ സഹര്‍ഷ സ്കൂളില്‍ നിന്നുള്ള മറ്റൊരു വീഡിയോയില്‍ മൂന്ന് അധ്യാപികമാര്‍ കുട്ടികളുടെ ബെഞ്ചില്‍ കിടന്ന് ഉറങ്ങുന്നതായിരുന്നു ഉണ്ടായിരുന്നത്. ഈ വീഡിയോയും നേരത്തെ ഏറെ വിവാദമായിരുന്നു.