“ക്രോഗറിന്റെ കടയിലുണ്ടായിരുന്നത് ഒരു ടൈം ബോംബ് ആയിരുന്നു... നിർഭാഗ്യവശാൽ, അത് ബ്രയാന്റെ മേലാണ് പൊട്ടിത്തെറിച്ചത്. മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് കൈകൾ നഷ്ടപ്പെട്ടു“ എന്നാണ് ബ്രയാന്റെ അഭിഭാഷകനായ മാർക്കോ പ്രസ്താവനയിൽ പറഞ്ഞത്.
ക്രോഗർ റെഫ്രിജറന്റ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ടെക്നിഷ്യന് നഷ്ടപരിഹാരമായി 75 മില്ല്യൺ ഡോളർ (64,96,91,25,000) നൽകാൻ വിധിച്ച് കോടതി. 2022 -ലാണ് ക്രോഗർ സ്റ്റോറിൽ ജോലി ചെയ്യവേ ടെക്നീഷ്യൻ ബ്രയാൻ മിയെറെൻഡോർഫിന് സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്.
ബ്ലൂംഫീൽഡ് ഹിൽസിലെ സ്റ്റോറിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. ഇതിൽ ബ്രയാന്റെ വിരലുകളിൽ ഏറെയും നഷ്ടപ്പെട്ടു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇരുപത്തിയഞ്ചോളം ശസ്ത്രക്രിയകളും വേണ്ടി വന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോൺ മാർക്കോ പറഞ്ഞു.
2022 ഫെബ്രുവരി 1 -നാണ് ഡെട്രോയിറ്റിലുള്ള ബ്ലൂംഫീൽഡ് ഹിൽസിലെ ക്രോഗർ സ്റ്റോറിലെ ഒരു റഫ്രിജറേഷൻ സംവിധാനത്തിന്റെ അറ്റകുറ്റപ്പണി നടത്താൻ വേണ്ടി അവിടെ നിന്നും ബ്രയാന് വിളി വന്നത്. ജോലിക്കിടെ റെഫ്രിജറേഷനിൽ നിന്നും ഇപ്പോൾ നിരോധിച്ചിരിക്കുന്നതും വളരെയധികം അപകടകാരിയുമായ R-22 പുറത്തേക്ക് ചീറ്റാൻ തുടങ്ങി. ഈ ലീക്കുണ്ടായത് സ്റ്റോറിലെ മീറ്റ് ഡിപാർട്മെന്റിന് സമീപത്ത് നിന്നാണ് എന്നും ജോലി നടക്കുന്ന സമയങ്ങളിലാണ് എന്നും പറയുന്നു.
സമീപത്ത് ഷട്ട്ഓഫ് വാൽവ് ഇല്ലാത്തതിനാൽ തന്നെ, അവിടെ നിൽക്കുകയായിരുന്ന കസ്റ്റമേഴ്സ് അടക്കമുള്ളവരെ സംരക്ഷിക്കുന്നതിനായി ബ്രയാൻ ചോർച്ച തടയാൻ ശ്രമിച്ചു. ആ സമയത്താണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്.
“ക്രോഗറിന്റെ കടയിലുണ്ടായിരുന്നത് ഒരു ടൈം ബോംബ് ആയിരുന്നു... നിർഭാഗ്യവശാൽ, അത് ബ്രയാന്റെ മേലാണ് പൊട്ടിത്തെറിച്ചത്. മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് കൈകൾ നഷ്ടപ്പെട്ടു“ എന്നാണ് ബ്രയാന്റെ അഭിഭാഷകനായ മാർക്കോ പ്രസ്താവനയിൽ പറഞ്ഞത്. ബ്രയാൻ ചെയ്തത് വീരോചിതമായ കാര്യമാണ് എന്നും വിചാരണയ്ക്കിടെ ക്രോഗർ ടെക്നീഷ്യനായ ബ്രയാന്റെ മേൽ കുറ്റം ചുമത്താൻ ശ്രമിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.


