Asianet News MalayalamAsianet News Malayalam

റഷ്യയിൽ തിരുത്തൽവാദികൾക്കും വിമർശകർക്കുമെതിരെ പ്രയോഗിക്കപ്പെടുന്ന കാളകൂടവിഷങ്ങൾ

1978 -ൽ ലണ്ടനിൽ വെച്ച് ബൾഗേറിയക്കാരനായ കമ്യൂണിസ്റ്റ് വിരുദ്ധ പത്രപ്രവർത്തകൻ ജോർഗി മാർക്കോവിനെ കൊന്നത് ഒരു കാലൻകുടയുടെ അറ്റത്ത് പിടിപ്പിച്ച സിറിഞ്ചുകൊണ്ട് കുത്തിയാണ്. 

the exotic lethal poisons that are used against renegades and dissenters in Russia
Author
Russia, First Published Aug 28, 2020, 12:40 PM IST

ഭരണപക്ഷ വിമർശകരും തിരുത്തൽവാദികളും മറ്റും വിഷബാധയേറ്റ് ആശുപത്രിയിലാവുകയും മരണപ്പെടുകയും ചെയ്യുന്നത് റഷ്യൻ ജനാധിപത്യചരിത്രത്തിൽ ഒരു പുതുമയല്ല. 2018 -ൽ റഷ്യൻ പട്ടാളത്തിലെ ഒരു മുതിർന്ന ഇന്റലിജൻസ് ഓഫീസർ ആയിരുന്ന സെർജി സ്ക്രിപാൽ, കൊടുംവിഷവാതകമായ നോവിച്ചോക്ക് നെർവ് ഗ്യാസിന്റെ ആക്രമണത്തിന് ഇരയായി. വിഷബാധയേറ്റ് അന്ന് ആഴ്ചകളോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയേണ്ടി വന്നത്, സർക്കാർ യുകെയുടെ ഡബിൾ ഏജന്റ് ആണെന്ന് മുദ്രകുത്തിയിരുന്ന സെർജിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ മകൾ യൂലിയക്കും, അന്ന് അവരെ ആശുപത്രിയിലെത്തിക്കാൻ വന്നെത്തിയ പൊലീസ് ഓഫീസർക്കും കൂടിയാണ്. അതുപോലെ 2006 -ൽ, റഷ്യയുടെ മുൻ കെജിബി ചാരനായിരുന്ന അലക്‌സാണ്ടർ ലിറ്റ്‌വിനെങ്കോക്ക് നേരെ പൊളോണിയം-210 എന്ന റേഡിയോ ആക്റ്റീവ് വിഷം പ്രയോഗിക്കപ്പെട്ടു. അത് അയാളെ രോഗഗ്രസ്തനാക്കി. ആഴ്ചകളോളം ആശുപത്രിക്കിടക്കയിൽ കിടന്നു നരകിച്ച ശേഷം ലിറ്റ്‌വിനെങ്കോ മരണത്തിനു കീഴടങ്ങി. 

 

the exotic lethal poisons that are used against renegades and dissenters in Russia

'സെർജി സ്ക്രിപാൽ, മകൾ യൂലിയ'

ഇതാ ഇപ്പോൾ പുടിൻ വിരുദ്ധരുടെ മുൻനിരപ്പോരാളിയായിരുന്ന അലക്സി നെവൽനി  എന്ന പ്രതിപക്ഷനേതാവിന്റെ നേർക്കാണ് ഏറ്റവും ഒടുവിലായി വിഷം നൽകി അപായപ്പെടുത്താനുള്ള ശ്രമം ഉണ്ടായിട്ടുള്ളത്. ജർമനിയിലെ ഒരു ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചിട്ടുള്ള നെവൽനി ഇപ്പോഴും കോമയിൽ തുടരുകയാണ്. റഷ്യയിലെ അഴിമതി വിരുദ്ധ പ്രവർത്തകരിൽ പ്രധാനിയായിരുന്നു അലക്സി നെവൽനി. രാജ്യത്ത് നടമാടുന്ന പലവിധം അഴിമതികളെയും തുറന്നുകാട്ടിക്കൊണ്ട് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന വീഡിയോകൾക്ക് മില്യൺ കണക്കിന് കാഴ്ചക്കാരുണ്ടായി. ഇതിനു മുമ്പും നെവൽനിക്കുനേരെ വിഷം നൽകാനും കായികമായി കൈകാര്യം ചെയ്യാനുമുള്ള ശ്രമങ്ങൾ പലതവണ നടന്നിട്ടുണ്ട്. നെവൽനിക്കു നേരെ ഇതുവരെയുണ്ടായ ആക്രമണങ്ങളിൽ എന്നപോലെ ഇതിലും തങ്ങൾക്ക് യാതൊരു പങ്കുമില്ല എന്ന ക്രെംലിൻറെ വിശദീകരണവും പതിവുപോലെ വന്നിട്ടുണ്ട്. 

എന്തുകൊണ്ടാണ് റഷ്യയിലെ അധികാര കേന്ദ്രങ്ങളിൽ ഉള്ളവർ തങ്ങൾക്ക് അനിഷ്ടമുണ്ടാക്കുന്ന ശല്യക്കാരെ ഒഴിവാക്കാൻ മാരകവിഷങ്ങളുടെ സഹായം തേടുന്നത്? ഉത്തരം വളരെ ലളിതമാണ്. ഒരാളെ തോക്കെടുത്ത് വെടിവെച്ചുകൊന്നാൽ അത് കൊലപാതകം ആണെന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടാവില്ല. ചെയ്തത് ആരെന്നുള്ളതിനും അത് തെളിവുകൾ അവശേഷിപ്പിക്കും. അതേ സമയം, ഇരകൾ അറിയാതെ അവർ കഴിക്കുന്ന ഭക്ഷണത്തിലും മറ്റും കലർത്തി ഏതെങ്കിലും കൊടിയ വിഷം അവരുടെ ശരീരത്തിൽ എത്തിച്ചാലോ, മരിക്കുന്നത് പലപ്പോഴും ഹൃദയസ്തംഭനം വന്നോ ഒക്കെ ആയിരിക്കും. അത്ര എളുപ്പത്തിൽ അത് വിഷബാധയാണ് എന്ന് സ്ഥിരീകരിക്കാൻ പോലും പലപ്പോഴും ആയെന്നു വരില്ല. ഏത് വിഷമാണ് പ്രയോഗിക്കപ്പെട്ടത് എന്നറിയാൻ പോലും പലപ്പോഴും പോസ്റ്റ് മോർട്ടത്തിൽ ഏറെ പണിപ്പെടേണ്ടി വരും. അതുകൊണ്ടുതന്നെ അത് പ്രയോഗിച്ച ആളിലേക്ക് എത്തിപ്പെടാൻ വേണ്ട തെളിവുകൾ വളരെ കുറച്ചുമാത്രമേ ബാക്കിയുണ്ടാകൂ. 

ഇതുപോലെ ഒരു സംഭവം 2004 - ലും നടന്നിട്ടുണ്ട്. അന്ന് ഒരു വിമാനത്തിലേറുന്നതിനു തൊട്ടുമുമ്പായി വിഷബാധയേറ്റത് അന്ന പോളിറ്റ്കോവ്സ്കായ എന്ന പുടിൻ വിമർശകയായ അന്വേഷണാത്മക പത്രപ്രവർത്തകയ്ക്കായിരുന്നു. അന്ന് അവർ വിമാനത്തിൽ വെച്ച് ആകെ അവശയാകുകയും, അവർക്ക് ബോധക്ഷയമുണ്ടാവുകയും ചെയ്‌തെങ്കിലും, ആശുപത്രിയിൽ ഏതാനും ആഴ്ച ചെലവിട്ട ശേഷം അവർ മരിക്കാതെ രക്ഷപ്പെട്ടു. പക്ഷേ, പുടിനെ തുറന്നു വിമർശിച്ചുകൊണ്ട് പിന്നീടും തന്റെ പത്രപ്രവർത്തനം നിർഭയം തുടർന്ന അവരെ രണ്ടു വർഷത്തിനുള്ളിൽ അജ്ഞാതനായ ഒരു അക്രമി തന്റെ തോക്കിനിരയാക്കി. 

 

the exotic lethal poisons that are used against renegades and dissenters in Russia

 

2006 -ൽ റഷ്യയിൽ അഭയം തേടിയിരുന്ന അലക്‌സാണ്ടർ ലിറ്റ്‌വിനെങ്കോയെ അവിടെ ചെന്നാണ് രണ്ടു എഫ്‌എസ്‌ബി ഏജന്റുമാർ ചേർന്ന് വിഷബാധ ഏൽപ്പിച്ചത്. അതിന്റെ ദോഷഫലങ്ങൾ ലിറ്റ്‌വിനെങ്കോയെ ബാധിച്ചു തുടങ്ങിയപ്പോഴേക്കും ഈ രണ്ടു ഏജന്റുമാരും തിരികെ റഷ്യയിലേക്ക് പറന്നുകഴിഞ്ഞിരുന്നു. ആ റേഡിയോ ആക്റ്റീവ് വിഷബാധയേറ്റ് ആഴ്ചകളോളം കടുത്ത വേദന അനുഭവിച്ച് നരകിച്ചു നരകിച്ചാണ് ഒടുവിൽ ലിറ്റ്‌വിനെങ്കോ മരിച്ചതും. 

 

the exotic lethal poisons that are used against renegades and dissenters in Russia

 

നെവൽനിക്കു നേരെ നടന്ന ആക്രമണത്തിൽ, കൊലപാതകത്തിനുള്ള ആയുധമെന്ന നിലയിൽ വിഷത്തിന്റെ ഗുണം വളരെ വ്യക്തമാണ്. അദ്ദേഹത്തെ കൊലചെയ്യാൻ ശ്രമിച്ച ആൾ ചായയിൽ വിഷം കലർത്തി ആക്രമിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ആ വിഷം അദ്ദേഹത്തിൽ അതിന്റെ മാരകഫലങ്ങൾ കാണിച്ചു തുടങ്ങുന്നത്. അന്നേരം നെവൽനി ആകാശത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു വിമാനത്തിലായിരുന്നു എന്നതിനാൽ അടിയന്തര ചികിത്സ പോലും അദ്ദേഹത്തിന് നൽകാൻ ആയില്ല. അതേസമയം, അദ്ദേഹത്തെ ആക്രമിച്ച ആൾക്ക് രക്ഷപെടാൻ ഇഷ്ടം പോലെ സമയവും കിട്ടി. 

ബെർലിനിലെ ഷാറൈറ്റ്സ് ഹോസ്പിറ്റലിൽ ഇൻഡ്യൂസ്ഡ് കോമയിലാണ് നെവൽനി ഉള്ളത്. അദ്ദേഹത്തെ അപായപ്പെടുത്താൻ ഉപയോഗിച്ച വിഷം ഏതെന്നു സംബന്ധിച്ചുപോലും കൃത്യമായ ഒരു നിഗമനത്തിൽ എത്താൻ ഡോക്ടർമാർക്ക് സാധിച്ചിട്ടില്ല. കോളിൻസ്റ്റേറൈസ് എൻസൈമിനെ ഇൻഹിബിറ്റ്  ചെയ്യുക എന്നതാണ് ഈ വിഷത്തിന്റെ പ്രകടമായ ലക്ഷണം. ഇങ്ങനെയുള്ള ലക്ഷണങ്ങൾ സാധാരണ കാണിച്ചുവരാറുള്ളത് മിലിട്ടറി ഗ്രിഡിൽ പെട്ട  സരിൻ, വിഎക്സ്, കുറേക്കൂടി മാരകമായ നോവിച്ചോക്ക് എന്നിങ്ങനെയുള്ള നെർവ് ഏജന്റുകളാണ്. തലച്ചോറിൽ നിന്ന് പേശികളിലേക്ക് പുറപ്പെടുന്ന കെമിക്കൽ സിഗ്നലുകളെ അവ തടസ്സപ്പെടുത്തും. അത് വിഷബാധയേൽക്കുന്നവരിൽ കോച്ചിപ്പിടിത്തം, വീർപ്പുമുട്ടൽ, കിതപ്പ്, കുഴഞ്ഞുവീഴൽ തുടങ്ങിയ പല ലക്ഷണങ്ങളും ഉണ്ടാക്കും. 

ആക്രമിക്കപ്പെട്ട ദിവസം നെവൽനി എയർപോർട്ടിൽ നിന്ന് കുടിച്ച ആ ഒരു കാലിച്ചായ അല്ലാതെ, മറ്റൊരു ഭക്ഷണവും കഴിച്ചിട്ടില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വക്താവായ കിരാ യാർമിഷ്‌ പറഞ്ഞത്. അതുകൊണ്ട്, എയർപോർട്ടിൽ വെച്ച് ആരോ അദ്ദേഹത്തിന്റെ ചായയിലേക്ക് ഈ വിഷം കലർത്തിയതാണ് എന്ന് അവർ സംശയിക്കുന്നു. ലിറ്റ്‌വിനെങ്കോയുടെ ചായയിലും ഇതുപോലെ ലണ്ടനിലെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് വിഷം കലർത്തപ്പെട്ടത്. 

അമേരിക്കയിലുള്ള ഒരു പുടിൻ വിരുദ്ധ റഷ്യൻ നേതാവായ വ്ലാദിമിർ കാര മുർസക്കു  നേരെയും 2015 ലും 2017-ലും ഇതുപോലുള്ള വിഷാക്രമണങ്ങൾ ഉണ്ടായി എന്നും അതിനെ അദ്ദേഹം അതിജീവിച്ചു എന്നും പറയപ്പെടുന്നു. റഷ്യൻ രഹസ്യപൊലീസ് സേനയുടെ ഇഷ്ട ആയുധമായി, വളരെ സാഡിസ്റ്റിക് ആയ ഒരു ടൂൾ ആയി ഈ വിഷങ്ങൾ മാറുന്നു എന്നാണ് ആക്രമണത്തെ അതിജീവിച്ച ശേഷം വ്ലാദിമിർ കാര മുർസ പറഞ്ഞത്. ആദ്യത്തെ വിഷബാധയേറ്റ് ദീർഘകാലം കോമയിൽ കിടന്ന ശേഷം കണ്ണുതുറന്ന തനിക്ക് കുഞ്ഞുന്നാളിലെപ്പോലെ വീണ്ടും പിച്ചവെച്ചു നടക്കാൻ പഠിക്കേണ്ട ഗതികേടുണ്ടായി എന്നും അദ്ദേഹം പറയുന്നു. 

എന്നാൽ പുടിൻ അഡ്മിനിസ്‌ട്രേഷന്റെ വക്താവായ ദിമിത്രി പെസ്‌കോവ് പറയുന്നത് നെവൽനിക്ക് വിഷബാധ ഏറ്റതാണ് എന്നൊക്കെ ഉറപ്പിക്കാറായിട്ടില്ല എന്നാണ്. അലക്സി നെവൽനിക്ക്  ആരെങ്കിലും വിഷം നൽകിയതാണ് എന്ന് തെളിഞ്ഞിട്ടില്ലാത്തതുകൊണ്ട് തല്ക്കാലം പൊലീസ് ഇപ്പോൾ ആ ദിശയിലേക്ക് ഒരു അന്വേഷണം തുടങ്ങിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നെവൽനിയെ പരിശോധിച്ച സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത് അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം പെട്ടെന്ന് കുറഞ്ഞതാണ് എന്നുമാത്രമാണ്. ശരീരത്തിൽ വിഷബാധയൊന്നും അവർ നോക്കിയിട്ട് കണ്ടെത്താനായിരുന്നില്ല. അതിനു ശേഷമാണ് റഷ്യയിൽ കൃത്യമായ ചികിത്സ കിട്ടിയേക്കില്ല എന്ന ആശങ്കയിൽ നെവൽനിയെ അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവർ ചേർന്ന് വിദഗ്ധ ചികിത്സക്കുവേണ്ടി ബെർലിനിലേക്ക് മാറ്റിയത്. 

 

the exotic lethal poisons that are used against renegades and dissenters in Russia

 

കൊലപാതകങ്ങൾക്ക്, വിശേഷിച്ച് രാഷ്ട്രീയ കൊലപാതകങ്ങൾക്ക്, ഇത്തരം നെർവ് ഏജന്റുകൾ ഉപയോഗിക്കുന്നത് റഷ്യയിൽ ശീതയുദ്ധം തൊട്ടുള്ള പതിവാണ്. 1978 -ൽ ലണ്ടനിൽ വെച്ച് ബൾഗേറിയക്കാരനായ കമ്യൂണിസ്റ്റ് വിരുദ്ധ പത്രപ്രവർത്തകൻ ജോർഗി മാർക്കോവിനെ കൊന്നത് ഒരു കാലൻകുടയുടെ അറ്റത്ത് പിടിപ്പിച്ച സിറിഞ്ചുകൊണ്ട് കുത്തിയാണ്. അന്ന് ബൾഗേറിയ റഷ്യക്കൊപ്പമായിരുന്നു. റഷ്യൻ ഭരണകൂടത്തെ നിരന്തരം വിമർശിച്ചുകൊണ്ടിരുന്ന മാർക്കോവിനെ ഇല്ലാതാക്കാൻ റഷ്യൻ ഭരണകൂടം പ്രയോഗിച്ചത് അന്നത്തെ അറിയപ്പെടുന്ന വിഷമായിരുന്ന 'റൈസിൻ' ആയിരുന്നു. അന്ന് കുടകൊണ്ട് പുറത്ത് കിട്ടിയ കുത്തിലൂടെ ആ മാരകവിഷം നേരെ പ്രവേശിച്ചത് മാർക്കോവിന്റെ രക്തത്തിലേക്കായിരുന്നു. അങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന ആഘാതമാവട്ടെ, അതേ വിഷം ഭക്ഷണത്തിൽ കലർത്തി നൽകുന്നതിന്റെ പത്തിരട്ടി മാരകവും..! 

Follow Us:
Download App:
  • android
  • ios