ചൈന പൊതുവെ വിമർശനസ്വരങ്ങളെ എന്നും അടിച്ചമർത്തിയ ചരിത്രമാണുള്ളത്. രാജ്യത്തു പടർന്നുപിടിച്ച ന്യൂമോണിയ അപകടകാരിയായ ഒരു പകർച്ചവ്യാധിയാണ് എന്ന് വിളിച്ചു പറഞ്ഞതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ട ഡോ. ലീ വെൻ ലിയാങ്, കൊവിഡ് 19 ചൈനയിൽ നിത്യേന നൂറുകണക്കിനുപേരുടെ ജീവനെടുത്തുകൊണ്ടിരുന്നപ്പോൾ, ആശുപത്രികളിലെ കെടുകാര്യസ്ഥതയും ദയനീയാവസ്ഥയും അന്താരാഷ്ട്രസമൂഹത്തിനു മുമ്പിലേക്ക് വീഡിയോയിലൂടെ എത്തിച്ച  യൂട്യൂബർ ചെൻ ക്വിഷിയ്ക്കും ശേഷം ഇപ്പോൾ മൂന്നാമതൊരു ചൈനീസ് പൗരൻ കൂടി വളരെ അസ്വാഭാവികമായ രീതിയിൽ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. 

കൊറോണാ വൈറസിനെതിരെ പടവാളുമായിറങ്ങിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ 'കോമാളി' എന്നുവിളിച്ചതിന്റെ പേരിൽ വിമർശനങ്ങൾക്ക് ഇരയായിരുന്ന പ്രസിദ്ധനായ റിയൽ എസ്റ്റേറ്റ് കമ്പനി മേധാവി റെൻ സിക്വിയാങ്ങ് ആണത്. മുൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗം കൂടിയായ അദ്ദേഹത്തെ മാർച്ച് 12 മുതൽ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ സ്നേഹിതർ അന്താരാഷ്ട്ര ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. സുഹൃത്തുക്കളിൽ പലരും അന്നുമുതൽ അദ്ദേഹത്തെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്നും ഇപ്പോൾ എവിടെയാണുള്ളതെന്ന് യാതൊരു നിശ്ചയവുമില്ല എന്നും അവർ പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള ഹ്വായുവാൻ റിയൽ എസ്റ്റേറ്റ് ഏജൻസിയുടെ തലവനായിരുന്നു അദ്ദേഹം.
 

" റെൻ സിക്വിയാങ്ങ് അറിയപ്പടുന്ന ഒരു പൊതുപ്രവർത്തകൻ കൂടിയാണ്. അദ്ദേഹത്തെ കാണാതായതിൽ ഞങ്ങൾക്കെല്ലാം വല്ലാത്ത ആശങ്കയുണ്ട്. അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നിൽ പ്രവർത്തിച്ച സർക്കാർ ഏജൻസി ഏതായാലും അദ്ദേഹം ഇന്നെവിടെയാണ് എന്ന വിവരം പൊതുജനങ്ങളോട് വെളിപ്പെടുത്താൻ ബാധ്യസ്ഥരാണ്. " റാങ് യിങ് എന്ന അദ്ദേഹത്തിന്റെ അടുത്ത സ്നേഹിത റോയിട്ടേഴ്സിനോട് പറഞ്ഞു.

ഷീ ജിൻപിങ് കഴിഞ്ഞ ഫെബ്രുവരി 23 -ന്, രാജ്യത്തെ രണ്ടുലക്ഷത്തോളം വരുന്ന കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങൾക്കുവേണ്ടി ടെലി കോൺഫറൻസിങ് വഴി നടത്തിയ പ്രസംഗത്തെ വിമർശിച്ചുകൊണ്ടെഴുതിയ ഒരു ലേഖനം റെൻ തന്റെ സുഹൃത്തുക്കൾക്കിടയിൽ മാത്രമാണ് പങ്കുവെച്ചത്. ഈ ലേഖനം പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും തദ്വാരാ വിവാദത്തിന് തിരികൊളുത്തുകയുമാണുണ്ടായത്. ഷിയുടെ പ്രസംഗത്തെ ഇഴകീറി പരിശോധിച്ച റെൻ തന്റെ ലേഖനത്തിൽ എഴുതിയതിങ്ങനെ, " ഞാൻ ആ പോഡിയത്തിൽ കണ്ടത് തന്റെ പുത്തനുടുപ്പുകൾ പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നൊരു ചക്രവർത്തിയെ അല്ല..!  മറിച്ച് പൂർണ്ണ നഗ്നനായി നിൽക്കുന്ന, ചക്രവർത്തിപടത്തിൽ കടിച്ചുതൂങ്ങി നിൽക്കാൻ പെടാപ്പാടു പെടുന്നൊരു 'കോമാളി'യെയാണ്..." പാർട്ടിയിൽ ഭരണ സ്തംഭനവും, രാജ്യത്ത് മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരമില്ലാത്തതുമാണ് കൊവിഡ് 19 പോലൊരു മഹാമാരിയെ നിയന്ത്രണാധീനമാക്കാൻ ഇത്രയും താമസിച്ചത് എന്നും റെൻ പറഞ്ഞിരുന്നു.

ചെൻ ക്വിഷി എന്ന യൂട്യൂബറുടെ തിരോധാനം 

ചെൻ ക്വിഷി എന്നുപേരായ ഒരു യൂട്യൂബറും കഴിഞ്ഞ മാസം മുതൽ കാണാതായിരുന്നു. തന്റെ മകനെ ഗവൺമെന്റ് ഉന്മൂലനം ചെയ്യാൻ സാധ്യതയുണ്ട് എന്നുമൊക്കെ പരാതിപ്പെട്ടുകൊണ്ട് ചെന്നിന്റെ അമ്മ രംഗത്തെത്തിയിട്ടുണ്ട്. ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതയെപ്പറ്റിയുള്ള യാഥാർഥ്യങ്ങൾ പുറംലോകത്തെ അറിയിച്ചതിന്റെ പേരിൽ സർക്കാർ ചെൻ ക്വിഷിയെ നിശ്ശബ്ദനാക്കിയോ എന്നുള്ള ആശങ്കകൾ ഇപ്പോൾ ചൈനീസ് മാധ്യമലോകത്ത് പരക്കുകയാണ്. ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകൻ എന്നതിലുപരി അറിയപ്പെടുന്ന ഒരു മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനുമാണ് ചെൻ ക്വിഷി. 

ചൈനയിലെ ആശുപത്രികൾ നേരിട്ട് സന്ദർശിച്ചപ്പോൾ താൻ കണ്ട ദുരിതം നിറഞ്ഞ കാഴ്ചകളെപ്പറ്റി ക്വിഷി തന്റെ വീഡിയോകളിലൂടെ വിവരിച്ചു. രോഗികൾ നിറഞ്ഞുകവിഞ്ഞ ആശുപത്രികൾ. കിടക്കാനിടമില്ലാതെ ഇടനാഴികളിലും മറ്റും നിലത്ത് വിരിപ്പുവിരിച്ച്, ഓക്സിജൻ സിലിണ്ടറും ഘടിപ്പിച്ച് കിടത്തിയിരിക്കുന്നു അവരിൽ പലരെയും. വീൽ ചെയറിൽ മരിച്ചു കിടക്കുന്ന ഒരാളെ കയ്യിൽ ചേർത്ത് പിടിച്ചുനിൽക്കുന്ന ഒരു സ്ത്രീയെയും ക്വിഷി തന്റെ ക്യാമെറയിൽ പകർത്തി യൂട്യൂബിലൂടെ ലോകത്തെ കാണിച്ചിരുന്നു.
 


 

ലോകത്തിനു മുന്നിൽ വാർത്തകളെത്തിക്കാൻ വേണ്ടി ചൈനീസ് ഗവണ്മെന്റ് അംഗീകൃത റിപ്പോർട്ടർമാർ ഹാസ്മാത്ത് സ്യൂട്ടുകളും മറ്റും ധരിച്ച് മാസ്കും സേഫ്റ്റി ഗോഗിളുകളും ഒക്കെ ഇട്ടുകൊണ്ട് ആശുപത്രികൾ സന്ദർശിച്ചപ്പോൾ, അതിൽ നിന്ന് വ്യത്യസ്തനായി ക്വിഷി ധരിച്ചിരുന്നത് വെറുമൊരു സാധാരണ മാസ്കും, കണ്ണ് സംരക്ഷിക്കാന്‍ വേണ്ടി ഒരു സേഫ്റ്റി ഗോഗിളും മാത്രമാണ്. എന്നാൽ സ്റ്റേറ്റ് സ്‌പോൺസേർഡ് റിപ്പോർട്ടർമാരുടെ പ്രക്ഷേപണങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെന്നിന്റെ വീഡിയോകളിൽ കുറച്ചുകൂടി ദൃശ്യങ്ങള്‍ സത്യസന്ധമായിരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ഏതോ ഡിറ്റെൻഷൻ സെന്ററിൽ അടച്ചിരിക്കുകയാണ് ചെൻ ക്വിഷിയെ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവരുടെ ഊഹം. അദ്ദേഹത്തെ ഇന്നുവരെ കണ്ടുകിട്ടിയിരുന്നില്ല. 

കൊറോണയെ ആദ്യമായി തിരിച്ചറിഞ്ഞ ഡോക്ടറുടെ മരണം  

കൊറോണാവൈറസ് ബാധയെപ്പറ്റി ആദ്യം ലോകത്തെ അറിയിച്ച ഡോ. ലീ വെൻ ലിയാങ്ങിന്റെ അവസ്ഥയും വളരെ കഷ്ടമായിരുന്നു. കാട്ടുതീ പോലെ രാജ്യത്ത് പടർന്നുപിടിക്കുന്ന ആ പനി, വെറുമൊരു ന്യൂമോണിയ അല്ല, അപകടകാരിയാണ്. നോവൽ കൊറോണവൈറസ് ന്യുമോണിയ എന്ന അസുഖമാണത്. ഉടനടി നിയന്ത്രിച്ചില്ലെങ്കിൽ രോഗബാധ നിയന്ത്രിക്കാൻ കഴിയാതെ വരുമെന്നും ലി വെൻലിയാങ് മുന്നറിയിപ്പ് നൽകിയിരുന്നു.
 


 

എന്നാൽ അഭിനന്ദനങ്ങൾക്കുപകരം, ഡോ. ലീയുടെ ഇടപെടലുകൾ ഭരണകൂടത്തിന്റെ അപ്രീതിക്ക് കാരണമാവുകയും, അദ്ദേഹം അറസ്റ്റുചെയ്യപ്പെടുകയുമാണുണ്ടായത്. പിന്നീട് അദ്ദേഹത്തിന് കൊറോണാ വൈറസ് ബാധയുണ്ടാവുകയും അസുഖം മൂർച്ഛിച്ച് അദ്ദേഹം മരണപ്പെടുകയുമാണ് ഉണ്ടായത്. രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട വുഹാനിലായിരുന്നു ലി വെൻലിയാങ് ജോലി ചെയ്തിരുന്നത്. 

രാജ്യത്ത് സ്വതവേ കർശനമായ പ്രസ് സെൻസർഷിപ്പ്, കൊറോണയുടെ പേരും പറഞ്ഞ് ഒന്നുകൂടി കടുപ്പിക്കുകയാണ് ഷീ ജിൻ പിങ് ചെയ്തത്. അതിന്റെ പേരിൽ തന്നെ വിമർശിക്കുന്നവരുടെ നാവരിഞ്ഞുകൊണ്ടിരിക്കുകയാണ് ഷീ ചെയ്യുന്നത് എന്ന പരാതി വ്യാപകമാവുന്നതിനിടെ നടന്ന റെൻ സിക്വിയാങ്ങിന്റെ തിരോധാനം ജനങ്ങളിൽ വീണ്ടും കടുത്ത അമർഷത്തിന് ഇടയാക്കിയിരിക്കുകയാണ്.